രേവമ്മയുടെ മനസ്സിൽ ചെറിയൊരു ഭയം ഇരച്ചുകയറി. തനിച്ച് താമസിക്കുന്ന തന്നെ ആരാണ് ഈ രാത്രിയിൽ പേടിപ്പെടുത്താൻ വന്നിരിക്കുന്നത്…

ആ രാത്രിയിൽ..

എഴുത്ത് :- ഭാഗ്യലക്ഷ്മി കെ. സി

രാത്രിയിൽ ഊണും കഴിഞ്ഞ് പാത്രം കഴുകുകയായിരുന്നു രേവമ്മ. പിറകിലെ വാതിലിൽ ആരോ മുട്ടി വിളിച്ചതുപോലെ. ഒന്ന് ചെവിയോ൪ത്തുനോക്കി. മഴപെയ്തുതോ൪ന്നിട്ട് അധികനേരമായില്ല. തണുത്ത കാറ്റ് വീശുന്നുണ്ട് പുറത്ത്. എന്തൊക്കെയോ പൊട്ടിവീണിട്ടുണ്ട്. ശബ്ദം കേട്ടത് കാര്യമാക്കാതെ രേവമ്മ പാത്രം കഴുകുന്നത് തുട൪ന്നു.

ഇടയ്ക്കിടെ കരന്റ് പോകുന്നു, വരുന്നു.. മഴക്കാലം തുടങ്ങിയാൽ പിന്നെ ഇത് പതിവാ…

അവ൪ ആരോടെന്നില്ലാതെ പിറുപിറുത്തു. രണ്ട് മിനുറ്റ് കഴിഞ്ഞപ്പോൾ ആരോ ഓടിപ്പോകുന്ന ശബ്ദം കേട്ടു. തുട൪ന്ന് മുൻവശത്തുനിന്നും ആരൊക്കെയോ വാതിലിൽ മുട്ടി വിളിച്ചു.

രേവമ്മയുടെ മനസ്സിൽ ചെറിയൊരു ഭയം ഇരച്ചുകയറി. തനിച്ച് താമസിക്കുന്ന തന്നെ ആരാണ് ഈ രാത്രിയിൽ പേടിപ്പെടുത്താൻ വന്നിരിക്കുന്നത്…

ആരാണ് പുറത്ത്..?

രേവമ്മ വിളിച്ചുചോദിച്ചു.

നിങ്ങൾ വാതിൽ തുറക്ക്.. പോലീസ് സ്റ്റേഷനിൽ നിന്നാ.. ഒരു കാര്യം ചോദിക്കാനാ..

രണ്ടുപേരുടെ ശബ്ദം കേട്ടപ്പോൾ രേവമ്മ വേഗം വാതിൽ തുറന്നു. രണ്ട് പോലീസുകാർ മഴ നനഞ്ഞ് ഓടിക്കിതച്ച് വന്നിരിക്കയാണ്.

ഇതുവഴി ആരെങ്കിലും വന്നുവോ..?

അവരുടെ ചോദ്യം കേട്ടപ്പോൾ രേവമ്മ ആദ്യമൊന്ന് പരിഭ്രമിച്ചു.

ഇല്ല..

അങ്ങനെ പറയാനാണ് അവ൪ക്ക് തോന്നിയത്..

പോലീസുകാർ വടക്കോട്ടുള്ള റോഡിലൂടെ ഓടിപ്പോയി. പിറകിലെ കതകിൽ മുട്ടിയത് ക ള്ളനാണോ, കൊ ലപാ തകിയാണോ, അതോ തീ വ്രവാ ദിയാണോ.. അവ൪ ചിന്താവിഷ്ടയായി. കരന്റ് പോയാൽ കത്തിക്കുന്ന മെഴുകുതിരിയും തീപ്പെട്ടിയുമെടുത്ത് അവർ കിടക്കുന്ന കട്ടിലിനരികിലെ സ്റ്റൂളിൽ വെച്ചു. വാതിലെല്ലാം അടച്ചു എന്നുറപ്പുവരുത്തി അവ൪ പോയിക്കിടന്നു.

അഞ്ച് മിനുറ്റ് കഴിഞ്ഞില്ല, ആരോ മുറ്റത്ത് നടക്കുന്ന ശബ്ദം കേട്ടു. രേവമ്മ എഴുന്നേറ്റിരുന്നു. പിറകിലെ കതകിൽ വീണ്ടും അതേ ശബ്ദം..അവ൪ കുറച്ചുനേരം നിശ്ശബ്ദമായിരുന്നു. പിന്നെ വാതിലിനുപിന്നിൽ ചെന്നുനിന്ന് ധൈര്യം സംഭരിച്ച് ചോദിച്ചു:

ആരാ..? ഈ രാത്രിയിൽ നിങ്ങൾക്കെന്ത് വേണം..? ഇവിടെ സ്വർണ്ണവും പണവുമൊന്നും കൊണ്ടുപോകാനില്ല..

അല്പം വെള്ളം തരാമോ..

ഒരു പരുക്കൻ ശബ്ദം ദയനീയമായി ‌ചോദിച്ചു. അവ൪ക്ക് വാതിൽ തുറക്കാതിരിക്കാനായില്ല. മഴ നനഞ്ഞാണ് അയാൾ വന്നിരിക്കുന്നത്. മുടിയിൽനിന്നും വെള്ളം ഇറ്റുവീഴുന്നുണ്ട്.

രേവമ്മ ഒരു വലിയ കപ്പിൽ വെള്ളം പക൪ന്നുകൊടുത്തു. അയാൾ ആ൪ത്തിയോടെ കുടിക്കുന്നത് കണ്ടപ്പോൾ രേവമ്മ ചോദിച്ചു:

വിശക്കുന്നുണ്ടോ..? രാത്രിയിലെ ഊണ് ഞാൻ കഴിച്ചുപോയല്ലോ.. വിൽക്കാനായി ഉണ്ടാക്കിയ കുറച്ച് പലഹാരങ്ങളുണ്ട്.. എടുക്കട്ടെ..?

അയാളുടെ മുഖത്തെ അവശത കണ്ടപ്പോൾ മറുപടിക്ക് കാക്കാതെ രേവമ്മ കുറച്ച് നെയ്യപ്പവും മുറുക്കും അച്ചപ്പവും എടുത്ത് പ്ലേറ്റിൽ വെച്ചു. അത് അയാളുടെ മുന്നിലുള്ള മേശയിലേക്ക് നീക്കിവെച്ച് അവ൪ പറഞ്ഞു:

പഴമുണ്ടാവും ചായ്പിൽ, നോക്കട്ടെ..

അയാളുടെ മുഖം പൊടുന്നനെ മാറി. അവ൪ അകത്തേക്ക് പോയത് ആർക്കെങ്കിലും ഫോൺ‌ ചെയ്യാനാണോ.. അയാൾ കാത് കൂ൪പ്പിച്ചു. അരയിലെ ബെൽറ്റിൽ തിരുകിയ‌ ക ത്തി ഊരി കൈയിൽപ്പിടിച്ചു. പുറത്തിറങ്ങി പരിസരം വീക്ഷിച്ച് വീണ്ടും അകത്തേക്ക് കയറി. മറുകൈ കൊണ്ട് ഒരു നെയ്യപ്പം എടുത്തു. വായിലേക്ക് വെക്കാൻ തുടങ്ങുമ്പോൾ രേവമ്മ പഴവുമായി വന്നു.

ഇതെല്ലാം കഴിച്ചാൽ തത്കാലം വിശപ്പ് മാറും..

അവ൪ പഴവും മേശമേൽ വെച്ചുകൊണ്ട് പറഞ്ഞു. നെയ്യപ്പം തിന്നാനായി വായിലിട്ടതും അയാൾ എന്നോ രുചിച്ച അതിവിശിഷ്ടമായ ആഹാരം വീണ്ടും കഴിക്കാനിടയായതുപോലെ അത്യാദരപൂ൪വ്വം അവരെ നോക്കി. ഉടൻതന്നെ ക

ത്തി അരയിൽ തിരുകി നിന്നനിൽപ്പിൽ നാലഞ്ച് നെയ്യപ്പം എടുത്ത് കഴിച്ചു. മുറുക്കും പഴവും അച്ചപ്പവുമെല്ലാം നന്നായി വിശന്ന ഒരാളെപ്പോലെ വഴിക്കുവഴിയെ കഴിച്ചുതീ൪ത്തു.

രേവമ്മ എല്ലാം സാകൂതം നോക്കിനിൽക്കുകയായിരുന്നു.

എന്താ…? ഇഷ്ടായോ എന്റെ പലഹാരങ്ങൾ..?

അവ൪ ഒരു പുഞ്ചിരിയോടെ ചോദിച്ചു.

ഞാൻ മുമ്പ് ഇതേ രുചിയിൽ ഇതെല്ലാം കഴിച്ചിട്ടുണ്ട്.. പക്ഷേ ഓ൪മ്മ കിട്ടുന്നില്ല…

ഞാനിതൊക്കെ ഉണ്ടാക്കി വിൽക്കുന്നതല്ലേ.. അങ്ങനെ ആരെങ്കിലും വാങ്ങി കഴിക്കാനിടയായതാകും..

അല്ല.. ഞാനീ നാട്ടിലാദ്യമായിട്ടാ…

മോന്റെ വീടെവിടാ..?

അവ൪ ചോദിച്ചപ്പോൾ മിഴികൾ നനഞ്ഞതുപോലെ തോന്നി..

അതിനുത്തരം പറയാതെ അയാൾ ചോദിച്ചു:

അമ്മയിവിടെ തനിച്ചാണോ..?

ഒരു മകനുണ്ടായിരുന്നതാ.. കഴിഞ്ഞ ഇലക്ഷൻ ദിവസം അവനൊരു അക്രമത്തിൽ കൊ ല്ലപ്പെട്ടു. കൊന്നത് മറുപാ൪ട്ടിക്കാരാണെന്നും, അല്ല അവന്റെ ഒരു സുഹൃത്ത് ജോലിസ്ഥലത്തുനിന്നും വന്ന് അവനെ കൊ ന്നിട്ടു പോയതാണെന്നും കേൾക്കുന്നുണ്ട്.. ഇടയ്ക്കിടെ പോലീസുകാർ വന്ന് ഓരോന്ന് ചോദിച്ചിട്ടുപോകും.. കേസിന് മാത്രം ഇതുവരെ ഒരു തുമ്പുമുണ്ടായിട്ടില്ല..

വിളറിവെളുത്ത മുഖത്തോടെ അയാൾ അമ്മയുടെ കാലിലേക്ക് വീണു.

അമ്മേ.. ഞാനല്ല.. ഞാനല്ല..

അയാൾ കേണു. അതേസമയം പുറത്തുനിന്നും വാതിലിൽ ആരോ ശക്തിയായി മുട്ടുന്നത് കേട്ടു. രേവമ്മ വാതിൽ തുറക്കാനായി ചെന്നു.

ആരാ അകത്ത്..?

പുറത്തുനിന്നും ചോദ്യവും ആരുമില്ല എന്ന് രേവമ്മ ഉത്തരം പറയുന്നതും അയാൾ കേൾക്കുന്നുണ്ടായിരുന്നു. ക ത്തിയിൽ വീണ്ടും പിടിമുറുക്കി ഒളിക്കാനൊരു സ്ഥലത്തിനായി ചുറ്റും തിരഞ്ഞു അയാൾ.

രേവമ്മയെ തള്ളിമാറ്റി പോലീസുകാർ അകത്ത് കയറിനോക്കി. എവിടെയും ആരെയും കാണാഞ്ഞ് മടങ്ങിപ്പോയി.

എന്തിനാ എന്നെ രക്ഷിച്ചത്..?

വാതിൽ തഴുതിട്ട് തിരിച്ചുവരുന്ന രേവമ്മയോട് ദൈന്യതയോടെയും നന്ദിയോടെയും അയാൾ അലമാരയുടെ പിറകിൽനിന്നും നീങ്ങിവന്ന് ചോദിച്ചു.

നീ ഫത്താഹുദ്ദീനല്ലേ.. ഗിരീശൻ എപ്പോഴും പറയാറുണ്ട് നിന്റെ കാര്യം.. നീ പോയാൽ നിന്റെ ഉമ്മായ്ക്കാരുണ്ട്.. നീ എന്റെ മോനെ എന്തിന് കൊ ല്ലണം.. നീയല്ല.. നീയല്ല..

രേവമ്മ പിറുപിറുത്തുകൊണ്ട് കട്ടിലിൽ പോയിരുന്നു. കമ്പിളിയെടുത്ത് ദേഹത്തേക്കിട്ട് കിടക്കയിലേക്ക് പതിയെ ചാഞ്ഞു..

സുഹറാബീവിക്ക് ആകെയുള്ളൊരു മോനാ.. ബാപ്പ പൂഴിവാരാൻ രാത്രിയിൽ പോയപ്പോൾ പോലീസിനെക്കണ്ട് ഭയന്നോടി പുഴയിൽവീണ് മരിച്ചതാ.. അവരെന്തോരം കഷ്ടപ്പെട്ട് വള൪ത്തിയതാ നിന്നെ.. അങ്ങനെ വള൪ന്ന നിനക്ക് എന്റെ ഗിരീശനെ കൊ ല്ലാൻ പറ്റ്വോ..? പറ്റില്ല.. നീയല്ല.. നീയല്ല..

ഫത്താഹുദ്ദീൻ രേവമ്മയുടെ കാൽക്കലിരുന്ന് കണ്ണീ൪ വാ൪ത്തു.

അവരെന്നെ കുടുക്കും.. അവ൪ക്കാരെയോ രക്ഷിക്കാനുണ്ട്.. അവരുടെ കൈയിൽ കിട്ടുയാൽ എന്റെ നിരപരാധിത്തം ആരും ഒരിക്കലുമറിയാനിടയാവില്ല.. പക്ഷേ അതിനുമുമ്പ് എനിക്ക് അമ്മയെ വന്നുകണ്ട് കാര്യങ്ങൾ ബോധ്യ പ്പെടുത്തണ മായിരുന്നു.

നീയിത്രയും നാൾ എവിടെയായിരുന്നു..?

ഒളിവിലായിരുന്നു.. ഇനിയെനിക്ക് വയ്യ.. ഞാൻ പിടികൊടുക്കാൻ പോവുകയാ..

വേണ്ട.. നീ ദൂരെനിന്നായാലും നിന്റെ ഉമ്മാനെ പോറ്റണം.. പോയി രക്ഷപ്പെട്.. നീ ജയിലിൽ പോയാൽ നിന്റെ ഉമ്മ പിന്നെ അധികം ജീവിച്ചെന്ന് വരില്ല.. പോ.. വേഗം പോ..

രേവമ്മ ഒരു ബാധ ആവേശിച്ചതുപോലെ അയാളെ പിടിച്ചുതള്ളി. വാതിൽതുറന്ന് ‌പുറത്താക്കി വാതിലടച്ചു.

കിടക്കാനായി തിരിഞ്ഞതും വാതിലിൽ വീണ്ടും മുട്ട് കേട്ടു..

എന്താ വേണ്ടത്..?

രേവമ്മ കലിപൂണ്ട് ചോദിച്ചു.

ഒരുപാക്കറ്റ് നെയ്യപ്പം തര്വോ.. ? ഉമ്മാക്ക് കൊടുക്കാനാ..

അയാളുടെ ചോദ്യത്തിന് മുന്നിൽ രേവമ്മയുടെ പരിഭവം മാറി പുഞ്ചിരി വിരിഞ്ഞു. അവ൪ വാതിൽ തുറന്ന് കുറച്ചു പലഹാരപ്പൊതികൾ എടുത്ത് വേഗം പൊതിഞ്ഞ് അയാളുടെ കൈയിൽ കൊടുത്തു. ഒപ്പം ഒരു കുടയും. അയാൾ ഇരുളിലേക്ക് ഓടിമറഞ്ഞപ്പോൾ മഴ വീണ്ടും കനക്കുകയായിരുന്നു..

Related Posts

Leave a Reply

Your email address will not be published. Required fields are marked *