എനിക്കെന്റെ അമ്മയുടെയതേ സ്വഭാവമാണെന്ന് ഇടക്കെന്റെ ഭാര്യയും മകളുമൊക്കെ പറയുന്നത് വളരേ ശരിയാണ്. അതുകൊണ്ട് തന്നെയാണ് അമ്മ വെറുക്കാത്ത അച്ഛനോടെനിക്ക്…

എഴുത്ത് :- ശ്രീജിത്ത് ഇരവിൽ

എപ്പോൾ വേണമെങ്കിലും തട്ടിപ്പോകാൻ പാകം അച്ഛൻ ആശുപത്രിയിലാണ്. വേണെമെങ്കിൽ കിടത്താം, വേണ്ടായെങ്കിൽ കൊണ്ടുപോകാം. ഞാനച്ഛനെ വീട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു.

സാധാരണയെല്ലാ വൃദ്ധരുടേയും സ്വഭാവിക മരണ കാരണമായ ഹൃദയധമനികളുടെ പരിക്കാണ് അച്ഛനും. സ്വന്തം പിതാവിന്റെ വിഷയത്തിലെനിക്ക് വളരെയേറെ വിഷമമൊന്നും തോന്നിയില്ല.

എപ്പോഴും മരണവേർപാടിന്റെ സൂചിമുന ഹൃദയത്തിൽ വന്ന് മുട്ടുന്നത് പ്രിയപ്പെട്ടവരെ ഭൗതിക ജീവിതത്തിൽ നിന്ന് നഷ്ട്ടപ്പെടുമ്പോഴാണല്ലോ…!

പത്ത് വർഷങ്ങൾക്ക് മുമ്പ് എന്റെ അമ്മ മരിച്ചപ്പോൾ ഞാനെന്റെ നാൽപ്പതുകളിലാണെന്ന് പോലും നോക്കാതെ പൊട്ടി കരഞ്ഞിട്ടുണ്ട്.

എനിക്കെന്റെ അമ്മയുടെയതേ സ്വഭാവമാണെന്ന് ഇടക്കെന്റെ ഭാര്യയും മകളുമൊക്കെ പറയുന്നത് വളരേ ശരിയാണ്. അതുകൊണ്ട് തന്നെയാണ് അമ്മ വെറുക്കാത്ത അച്ഛനോടെനിക്ക് ഇപ്പോൾ മുഖം തിരിക്കാൻ സാധിക്കാത്തത്.

അങ്ങനെ എന്റെയൊക്കെ പൊടിപ്രായത്തിലേ അമ്മയെ ഉപേക്ഷിച്ച് പോയ അച്ഛനേയും കൊണ്ട് ഞാൻ വീട്ടിലേക്ക് യാത്രയായി.

മൂന്നാഴ്ച്ചകളോളം അച്ഛനെ കിടത്തി സകല പരിശോധനയും നടത്തിയൊരു വമ്പൻ തുകയെന്നോട് ഈടാക്കിയ ആശുപത്രിയുടെ ആംബുലൻസിൽ തന്നെയാണ് ഞാൻ വീട്ടിലെത്തിയത്.

മുറ്റത്തേക്ക് ആംബുലൻസ് കേറിവരുന്നത് കണ്ട് പരിഭ്രാന്തിയായ ഭാര്യ അലക്ക് കല്ലിനടുത്ത് നിന്നോടി വന്നു. വാഹനത്തിൽ നിന്ന് ഞാൻ ഇറങ്ങിയപ്പോഴാണ് അവൾക്ക് സമാധാനമായത്.

അവളോട് കെട്ടിച്ച് വിട്ട ഒറ്റ മകളുടെ മുറിയൊരുക്കാൻ പറഞ്ഞിട്ട് അച്ഛനെയൊരു വീൽച്ചെയറിലിരുത്തി ഞാൻ അകത്തേക്ക് കൊണ്ടുപോയി.

ഒരു സഹായമുണ്ടായാൽ അത്യാവശ്യം നടക്കാനും പതുക്കെ സംസാരിക്കാനും പറ്റുന്ന അച്ഛൻ എന്നോടൊന്നും പറയാൻ ശ്രമിച്ചില്ല. ഞാൻ തൊടുമ്പോഴെല്ലാം പരീക്ഷയിൽ തോറ്റയൊരു കുട്ടിയെപ്പോലെ അച്ഛന്റെ തലയെന്നും കുനിഞ്ഞിരിക്കും.

മിക്കപ്പോഴും അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരിക്കാറുണ്ടെന്ന് ഒരു നാൾ ഭാര്യയെന്നോട് പറഞ്ഞു. കുറ്റബോധ മായിരിക്കുമെന്ന് ഞാനതിന് മറുപടിയും കൊടുത്തു.

അന്ന് രാത്രിയിൽ ഞാനച്ഛന്റെ മുറിയിലേക്ക് പോയി കഴിഞ്ഞതൊക്കെ മറന്ന് സന്തോഷമായിരിക്കൂവെന്നും ഞങ്ങളൊക്കെയുണ്ടെന്നും പറഞ്ഞു. അച്ഛന്റെ കുഴഞ്ഞ കൈകളൊരു പിടച്ചലോടെ എന്റെ നേരേക്ക് നീണ്ടു. ഞാനതിൽ മുറുക്കെ പിടിച്ചപ്പോൾ അച്ഛന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. വിറയലോടെയുള്ള ചുണ്ടുകൾക്കിടയിൽ നിന്നാ നാവിന്റെ തുമ്പിളകിയെന്നെ മോനേയെന്ന് വിളിച്ചപ്പോൾ…. പുറത്തേക്ക് ഒഴുകിയില്ലെങ്കിലും എന്റെ കണ്ണുകളും അന്ന് നിറഞ്ഞുപോയി.

തുണയാകേണ്ട വേണ്ടപ്പെട്ടവരെ പരിഗണിക്കാതെ നടന്ന്, അവസാനം ജീവിതത്തിൽ ആരുമില്ലാതെ അവസാനിച്ച് പോകുമായിരുന്ന അച്ഛന്റെ സകല കുറ്റബോധവുമാ കണ്ണിൽ നിന്നൊലിച്ചിറങ്ങി. എങ്ങനെയൊക്കെ ഒരാൾ ജീവിക്കാൻ പാടില്ലായെന്ന കുമ്പസാര കണ്ണീരായിരുന്നുവത്..!

പശ്ചാത്താപമാ കണ്ണുനീർ തുള്ളികളെ മുത്തുകളായി രൂപാന്തരപ്പെടുത്തി. അതിന്റെ തിളക്കം അച്ഛന്റെ മുഖമാകെ പടരുന്നത് പോലെയെനിക്ക് തോന്നി. മോക്ഷം കിട്ടിയവന്റെ ആഹ്ലാദമായിരുന്നുവാ തുറന്ന കണ്ണുകളിലപ്പോൾ..!

നോക്കിയിരിക്കെ അച്ഛന്റെ കൈകളെന്റെ പിടുത്തം വിട്ട് കിടക്കയിലേക്കൂർന്ന് വീണു…..! ഞാൻ പരിഭ്രാന്തനായില്ല. വിറച്ചില്ല. പെരുമഴയത്ത് നിന്ന കുളിരുമായി ഞാനെഴുന്നേറ്റ് പുറത്തേക്ക് പോയി.

ആംബുലൻസ് വരുന്നതുവരെ അച്ഛന്റെ കണ്ണുകളാ തിളക്കത്തോടെ തന്നെയങ്ങനെ തുറന്ന് കിടന്നിരുന്നു…!

Related Posts

Leave a Reply

Your email address will not be published. Required fields are marked *