വല്ലപ്പോഴും വീണു കിട്ടുന്ന അവധി ദിനങ്ങളിൽ ഒരു സിനിമയ്ക്ക് പോയാലോ പുറത്ത് നിന്ന് ആഹാരം കഴിച്ചാലോ തിരികെ വരുമ്പോൾ വീർത്ത മുഖവുമായി അവരെന്നെ ഓർമ്മിപ്പിക്കും…..

അവരെന്നെ ഓർമ്മിപ്പിക്കാറുണ്ട്……

Story written by Bindhya Balan

പുട്ടിന് വേണ്ടി ചുരണ്ടിയ തേങ്ങാപ്പീരയിലേക്ക് തവിട്ട്‍ നിറത്തിലുള്ള ചവര് കൂടി വീണപ്പോഴാണ് ഇനി മേലാൽ ഇങ്ങനെ തേങ്ങ ചുരുണ്ടിയേക്കരുത് എന്ന് അമ്മായിയമ്മ ഒച്ചയുയർത്തിയത്. അതും വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ആഴ്ച.

ശാസന കേട്ടൊരു ഞെട്ടലോടെ വലിയ അപരാധമെന്തോ ചെയ്തപോലെ തരിച്ചു നിൽക്കുമ്പോൾ അമ്മയെന്നെ വീണ്ടും ഓർമ്മിപ്പിച്ചു

“ഇവിടെയാർക്കുമത് ഇഷ്ടമല്ല “

ആ ശാസനയായിരുന്നു വിവാഹജീവിതത്തിലേക്ക് കാലെടുത്തു വച്ചയെനിക്ക് കിട്ടിയ ആദ്യത്തെ അടി..

പിന്നെയങ്ങോട്ട് ശാസനകളുടെയും ഓർമ്മിപ്പിക്കലുകളുടെയും നാളുകൾ ആയിരുന്നു.

കാലത്തുണ്ടാക്കിയ ഇഡ്ഡലിക്ക് വേണ്ടിയുള്ള സാമ്പാർ, ഉച്ചയ്ക്ക് കൂടി കണക്കാക്കി അല്പം കൂടുതൽ ഉണ്ടാക്കിയപ്പോൾ

“രാവിലെ ഉണ്ടാക്കുന്ന കറി ഇവിടാരും ഉച്ചയ്ക്ക് കഴിക്കാറില്ല.. ഇനിയിങ്ങനെ ഉണ്ടാക്കിയേക്കരുത് “

എന്ന് ധാർഷ്ട്യത്തോടെയുള്ള ഓർമ്മിപ്പിക്കൽ..

അടുക്കളയിൽ എന്തെങ്കിലുമൊക്കെ അധികമായാൽ, ഉണ്ടാക്കുന്നതൽപ്പം കൂടിപ്പോയാൽ അപ്പോ വരും അടുത്ത ശാസന,

“സാധനങൾ മേലാൽ പാഴാക്കരുത്.. സ്വന്തം വീട്ടിൽ ഇങ്ങനെ ആയിരിക്കും.. ഇവിടെ വേണ്ട “

പിന്നെയൊരു നെഞ്ചിടിപ്പോടെയല്ലാതെ അടുക്കളയിൽ നിന്നിട്ടില്ല..

അടുക്കളയിൽ എടുക്കേണ്ട പയറിനും പരിപ്പിനും കടലക്കും വരെ കണക്കുകൾ ഉണ്ടായിരുന്നു.. എണ്ണി തിട്ടപ്പെടുത്തുംപോലെ..

അറിയാതെങ്ങാൻ പറഞ്ഞു തന്നിട്ടുള്ളതിൽ നിന്ന് അല്പം കൂടിപ്പോയാൽ പിന്നെ അന്ന് മുഴുവൻ അതിന്റെ പഴി…

പണിയെടുക്കുന്നതിനിടയ്ക്ക് പലഹാരപ്പാട്ടയിൽ നിന്നൊരു പൊട്ട് പലഹാര മെടുക്കുന്നത് കണ്ടയന്ന്അ വരെന്നെ വീണ്ടും ഓർമ്മിപ്പിച്ചു

“ഇവിടെയാരും ഒറ്റയ്ക്ക് കഴിക്കാറില്ല… സ്വന്തം വീട്ടിൽ ശീലിച്ചതൊന്നും ഇവിടെ വേണ്ട “

അത് കേട്ടതും, സ്വന്തം വീട്ടിൽ എനിക്ക് മാത്രമായുണ്ടായിരുന്ന പലഹാരട്ടിന്നിനെ ഓർത്തൊരു വിങ്ങലോടെ കഴിക്കാനെടുത്ത പലഹാരം തിരികെ ടിന്നിലേക്ക് തന്നെ വച്ചു..

എല്ലാവരുമൊന്നിച്ചു കഴിക്കാനിരുന്നപ്പോ ഒരു കുഞ്ഞ് പാത്രത്തിലേക്ക് കറി പകർത്തി വച്ച് ചോറിൽ കൈ വയ്ക്കുമ്പോഴാണ് ശാസനയുടെ രൂപത്തിൽ അവരെന്നെ ഓർമ്മിപ്പിച്ചത്

“കറിയെടുക്കാൻ വേറെ പാത്രമെടുക്കരുത്.. ഇവിടെങ്ങാനാണോ അങ്ങനെ മതി. ബാക്കി ശീലമൊക്കെ സ്വന്തം വീട്ടിൽ “

അന്ന് തൊട്ട് ഉള്ള കറികളെല്ലാം ചോറിന് മുകളിൽ വിളമ്പി വച്ച് കഴിക്കുമ്പോൾ,

നാല് തരം കറിയുണ്ടാക്കി നാല് പാത്രങ്ങളിൽ വിളമ്പി തരുന്ന അമ്മയെ ഓർമ്മ വരാറുണ്ട്.

വിശേഷ ദിവസങ്ങളിൽ പ്രത്യേകമായുണ്ടാക്കുന്ന വിഭവങ്ങളെല്ലാം മൂടി വച്ച് പിന്നെയും ഓർമ്മിപ്പിക്കും

“ആണുങ്ങൾ കഴിച്ചിട്ട് കഴിച്ചാൽ മതി “

അപ്പോഴും ഓർമ്മ വരും എന്തുണ്ടാക്കിയാലും ആദ്യം ഞാൻ കഴിച്ചിട്ട് ബാക്കിയുള്ളൊരു കഴിച്ചാൽ മതിയെന്ന് കൊഞ്ഞനം കുത്തി കാണിക്കുന്നൊരു തെറിച്ച പെണ്ണിനെ… അവളിപ്പോ എവിടെയാ.. വെറുതെ ആലോചിക്കും… വേദനിക്കും..

പിന്നെ പിന്നെ പറയുന്നതെല്ലാം ഉണ്ടാക്കി വച്ച് മാറി നിൽക്കും

‘വന്നെടുത്തു കഴിച്ചോ ‘ എന്നൊരു ഉത്തരവിനായി.

വല്ലപ്പോഴും വീണു കിട്ടുന്ന അവധി ദിനങ്ങളിൽ ഒരു സിനിമയ്ക്ക് പോയാലോ പുറത്ത് നിന്ന് ആഹാരം കഴിച്ചാലോ തിരികെ വരുമ്പോൾ വീർത്ത മുഖവുമായി അവരെന്നെ ഓർമ്മിപ്പിക്കും

“ഭർത്താവിന്റെ വരുമാനം അറിഞ്ഞു പെരുമാറുന്നവളാണ് നല്ല ഭാര്യ “

അതോടെ അവധി ദിനങ്ങൾ ഇല്ലാതായി.. അവർക്കല്ല…. എനിക്ക്…

ജീവിതം മടുപ്പുണ്ടാക്കാൻ തുടങ്ങിയപ്പോഴാണ്ഒ രു ജോലിക്ക് പോകാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞത്.

അന്ന് അവരെന്നെ ഓർമ്മിപ്പിച്ചത്അ വരുടെ പ്രഷറിനെക്കുറിച്ചും ഷുഗറിനെക്കുറിച്ചും കൈകാലുകളിലെ നീർക്കെട്ടിനെക്കുറിച്ചും ആണ്..

അത് കേട്ടതും താലി കെട്ടിയവൻ കാലു മാറി.

പ്രത്യേകിച്ച്‌ ഒന്നും തോന്നിയില്ല.. എത്രയോ നാളുകളായുള്ള പതിവാണ് ആഗ്രഹങ്ങൾക്ക് എതിരെയുള്ള പുറം തിരിഞ്ഞു നിൽക്കൽ.

കല്യാണ ദിവസം വൈകിട്ട് തന്നെ ഊരി വാങ്ങിയ പൊന്ന് സ്വന്തം വീട്ടിലെ ആവശ്യത്തിന് വേണ്ടി ചോദിച്ചപ്പോഴാണ് കടുത്ത ശബ്ദത്തിൽ അവരോർമ്മിപ്പിച്ചത്

“ഈ സ്വർണം വീട്ടിലേക്ക് കൊണ്ട് പോകാനുള്ളതല്ല.. ഇവിടുത്തെ ആവശ്യങ്ങൾ ക്കുള്ളതാണ് “

അത്രയും നാൾ അടക്കിപ്പിടിച്ചതെല്ലാം ഒരു പൊട്ടിത്തെറിയോടെ പുറത്തേക്ക് വന്നപ്പോ

“എന്റെ സ്വർണം എന്റെയാണ്.. ആരും അവകാശം പറയണ്ട ” എന്ന് അറിയാതെ പറഞ്ഞു പോയ്..

അമ്മയോട് ധിക്കാരം പറയുന്നോ എന്ന് ചോദിച്ച്‌ ചെവികൂട്ടി അ ടിച്ച് താലി കെട്ടിയവൻ പല്ലിറുമ്മിയപ്പോ കരഞ്ഞില്ല..

ഇതെപ്പോഴെങ്കിലും സംഭവിക്കുമെന്ന് കരുതി ജീവിക്കുമ്പോൾ കരയാൻ പാടില്ലല്ലോ…

അന്ന് തൊട്ട് പിന്നെയാരും ഗൗനിക്കാതെയായി.

എല്ലാവർക്കും മുന്നിൽ ഇത്തിരി പൊന്നിന് വേണ്ടി സ്വാർത്ഥയായവളായി.. കയറി വന്ന കുടുംബത്തോട് കൂറില്ലാത്തവളായി.. നിഷേധിയായി.. അഹങ്കാരിയായി.. കുലം നിലനിർത്താനൊരു ബീ ജം അടിവയറ്റിൽ പേ റാൻ കഴിവില്ലാത്ത മ ച്ചിയായി…

കുറ്റമെന്തായിരുന്നു..

അറിയാതൊന്നു ഉറക്കെ പറഞ്ഞു പോയത്..

പിന്നെയവിടെ നിൽക്കാൻ തോന്നിയില്ല.. എല്ലാവർക്കും മുന്നിൽ വച്ച് താലിയഴിച്ചു ഭർത്താവിന്റെ കയ്യിലേക്ക് ഏല്പിച്ചു ആവശ്യപ്പെട്ടു “എനിക്ക് മോചനം വേണം “

അതൊരു പൊട്ടിത്തെറിയുടെ തുടക്കമായിരുന്നു..

വഴക്കുകൾ.. പിണക്കങ്ങൾ.. സന്ധി സംഭാഷണങ്ങൾ.. പെൺകുട്ടികളുടെ അടക്കത്തെയും ഒതുക്കത്തെയും കുറിച്ചുള്ള പ്രസംഗങ്ങൾ.. കു ലസ്ത്രീ പരിവേഷത്തിന്റെ പവിത്രതയെക്കുറിച്ചുള്ള ചീ ഞ്ഞ ഗവേഷണ ക്‌ളാസുകൾ.. താലി കഴുത്തിൽ വീണ് കഴിഞ്ഞാലൊരു പെണ്ണ് എങ്ങനെയൊക്കെ ആയിരിക്കണം എന്തൊക്കെ സഹിക്കണം ക്ഷമിക്കണം എന്നുള്ള ഒരായിരം കാര്യങ്ങളെ ക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളുമൊക്കെയായി വെറുപ്പിന്റെ തീവ്രത കൂട്ടിയ ദിവസങ്ങൾ..

എല്ലാവർക്കും മുന്നിൽ തല ഉയർത്തിപ്പിടിച്ച് അന്നോളം അനുഭവിച്ച നോവുകൾ അക്കമിട്ട് പറഞ്ഞപ്പോൾ “ഇതൊക്കെ എല്ലാ കുടുംബത്തിലും ഉള്ളതാണ്.. പെണ്ണുങ്ങൾ വേണം ക്ഷമിക്കാൻ ” എന്ന് പറഞ്ഞ് അവരെന്റെ നോവുകളെ നിസ്സാരവൽക്കരിച്ചു.

കയറി വന്ന കുടുംബം സ്വന്തമാണെന്നും കൂടെയുള്ളവർ തന്റെയാണെന്നും കരുതി എല്ലാം സഹിച്ചവൾക്ക്.. പൊറുത്തവൾക്ക് വൃ ത്തികെട്ട മനസാണെന്നു വിധിയെഴുതി….

അതിലൊട്ടും അത്ഭുതം തോന്നിയില്ലെനിക്ക്.. അവർക്ക് അങ്ങനെയല്ലേ അറിയൂ.

എല്ലാവർക്കും മുന്നിൽ തല ഉയർത്തിപിടിച്ച് തോറ്റു കൊടുക്കാൻ മനസ്സില്ലാതെ നിൽക്കുമ്പോൾ ഉള്ളിലൊരു ചിത്രമുണ്ടായിരുന്നു..

എനിക്കിഷ്ടമുള്ള പാട്ട് കേട്ട്എ നിക്കിഷ്ടമുള്ള ആഹാരം കഴിച്ച്എ നിക്കിഷ്ടമുള്ള നേരത്തുറങ്ങി എനിക്കിഷ്ടമുള്ള നേരത്തുണർന്നുഎല്ലാവരുടെയും കരുതലായി സർവ്വ സ്വാതന്ത്ര്യവും ആസ്വദിച്ച് ഞാൻ ജീവിച്ച, എന്റെ മാത്രം ഇഷ്ട്ടങ്ങളിൽ കുരുങ്ങിക്കിടക്കുന്നൊരു വീട്.. വാശികൾക്കും പിണക്കങ്ങൾക്കും മുന്നിൽ എന്നും തോറ്റ് തരാറുള്ള പ്രിയപ്പെട്ടവരുള്ള സ്വർഗം..

എന്റെ മടങ്ങി വരവിനായി കാത്തിരിക്കുന്ന എന്റെ ചേക്കിടം…

ഒടുവിലത്തെ തീരുമാനമറിയാനായി കാത്ത് നിന്നവരോട് ഒന്നേ ചോദിച്ചുള്ളൂ അവസാനമായി

വലത് കാൽ വച്ച് കയറി വന്ന അന്ന് തൊട്ട്ഓ രോ ഓർമ്മപ്പെടുത്തലുകളുടെയും ശാസനകളുടെയും അറ്റത്ത് ‘അതൊക്കെ സ്വന്തം വീട്ടിൽ. ഇവിടെ വേണ്ട ‘ എന്ന് കൂടി ഓർമ്മിപ്പിച്ച്‌ ഈ വീടും ഇവിടെയുള്ള ആരും ഒന്നും എന്റെയല്ല എന്ന തിരിച്ചറിവുണ്ടാക്കിത്തരുമ്പോൾ എന്റെയല്ലാത്ത വീട്ടിൽ ഞാനെന്തിന് ഞാനല്ലതായി ജീവിക്കണം…?

ചോദ്യത്തിനൊടുവിൽ, ആരുടേയും ന്യായീകരണങ്ങൾക്കോ കുറ്റപ്പെടുത്ത ലുകൾക്കോ കാത്ത് നിൽക്കാതെ എനിക്കായ് കാത്തിരിക്കുന്ന വർക്കരികിലേക്ക് പോകാൻ ആ വീടിന്റെ പടികൾ ഇറങ്ങുമ്പോൾ ഉള്ളിൽ ഒരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ,

ഇനിയും തേങ്ങയിൽ ചവര് ചുരണ്ടിയിടാൻ, പ്രാതലിന്റെ കറിയൽപ്പം കൂടുതൽ വയ്ക്കാൻ, സ്വന്തം ഇഷ്ട്ടത്തിനനുസരിച്ചു കൂടി എന്തെങ്കിലുമൊക്കെ ചെയ്യാൻ, പലഹാരടിന്നിൽ നിന്നൊരു പൊട്ട് മധുരമെടുത്തു വായിലിടാൻ,ജോലിക്ക് പോകണമെന്ന് പറയാൻ, അവധി ദിനങ്ങളിൽ പുറത്ത് പോകണമെന്ന് ആഗ്രഹിക്കാൻ, ഊരിക്കൊടുത്ത സ്വർണം തിരികെ ചോദിച്ച്‌ അ ടി വാങ്ങാൻ, നിഷേധിയാകാൻ.. അഹങ്കാരിയാകാൻ.. സ്വാർത്ഥയാവാൻ.. മ ച്ചിയാവാൻ…സ്വന്തമല്ലാത്തതിനെയൊക്കെ സ്വന്തമെന്ന് കരുതി ചേർത്ത് പിടിക്കാൻ ശ്രമിച്ച് തോറ്റു പോകാൻ, ഒടുക്കം താലിയൂരി വച്ച് എന്നെന്നേക്കുമായി പടിയിറങ്ങിപ്പോകാനോ പ്രാണനൊടുക്കാനോ ഇനിയൊരു പെണ്ണും വധുവായി ആ വീടിന്റെ പടി കയറി ചെല്ലാതിരിക്കട്ടെ…….

ബിന്ധ്യ ബാലൻ

Related Posts

Leave a Reply

Your email address will not be published. Required fields are marked *