വളർന്നു വരുന്ന പുത്തൻ തലമുറക്ക്, ചരിത്രത്തിന്റെ ആവശ്യകതയെ കുറിച്ച്, പ്രിൻസിപ്പലിന് മുൻപിൽ ഘോരഘോരമായി പ്രസംഗിച്ചത് തൊമ്മിക്കുഞ്ഞിന്റെ……..

Story written by Saran Prakash

സ്ഥലം മാറ്റം കിട്ടി സരസ്വതി ടീച്ചർ പോയതോടെ ചരിത്രം പഠിപ്പിക്കേണ്ട സമയങ്ങളിലെല്ലാം ക്ലാസ്സിൽ നിറഞ്ഞത് അക്കങ്ങളായിരുന്നു…

എത്ര കേട്ടാലും തലയിൽ കേറാത്ത കൂട്ടലുകളും കിഴിക്കലുകളും,, എത്ര പഠിപ്പിച്ചാലും മതിവരാത്ത കണക്ക് ടീച്ചറും…!!

അതൊന്നുകൊണ്ട് മാത്രമായിരുന്നു, അച്ഛനമ്മമാരെ മുൻനിർത്തി ഞങ്ങൾ കുട്ടികൾ ആ പരാതിയുന്നയിച്ചത്…!!

ചരിത്രം പഠിപ്പിക്കാൻ എത്രയും പെട്ടന്നൊരു ടീച്ചറെ നിയമിക്കുക…

വളർന്നു വരുന്ന പുത്തൻ തലമുറക്ക്, ചരിത്രത്തിന്റെ ആവശ്യകതയെ കുറിച്ച്, പ്രിൻസിപ്പലിന് മുൻപിൽ ഘോരഘോരമായി പ്രസംഗിച്ചത് തൊമ്മിക്കുഞ്ഞിന്റെ അപ്പച്ചനായിരുന്നു… തനി രാഷ്ട്രീയക്കാരൻ…!!

അതുകൊണ്ടുതന്നെ പ്രിൻസിപ്പലിന്റെ ശ്രമങ്ങൾക്കൊപ്പം, അപ്പച്ചന്റെ രാഷ്ട്രീയത്തിലെ പിടിപാടിന്റെയും പരിണിതഫലമെന്നോണം ദിവസങ്ങൾക്കുള്ളിൽ പുതിയൊരദ്ധ്യാപിക പള്ളിക്കൂടത്തിന്റെ പടികയറിയെത്തി….

മാതംഗി…!!

സാവിത്രിയും കനകയും അമ്മിണിയെന്നുമെല്ലാം കേട്ടുതഴമ്പിച്ച കാതുകൾക്ക് ഇമ്പമേകികൊണ്ട്… മുത്തശ്ശിക്കഥകളിൽ കേട്ടറിഞ്ഞ മാതംഗി ദേവിയുടെ വ ശ്യ തയോടെ, ഒരു സുന്ദരി ടീച്ചർ..!!

ടീച്ചറുടെ നെറ്റിയിലെ വലിയ ചുവന്ന വട്ടപ്പൊട്ടിലേക്കായിരുന്നു ഞങ്ങളേവരും മിഴിച്ചു നോക്കിയതെങ്കിൽ, അവിവാഹിതരായ മാഷുമാർ ഉറ്റുനോക്കിയത് ആ നെറുകയിലേക്കായിരുന്നു… അവിടെ ഇളംകാറ്റിൽ പാറിക്കളിക്കുന്ന നേർത്ത മുടിയിഴകൾ മാത്രം…!! കഴുത്തിൽ വെറുമൊരു കരിമണിമാലയും…!! അവർക്ക് വേണ്ടിയിരുന്നതും അതുതന്നെയായിരുന്നിരിക്കണം…!!

ചുറ്റുംകൂടിയ കുട്ടികളെ ഒരു നേർത്തപുഞ്ചിരിയോടെ മാതംഗി ടീച്ചർ തഴുകിത്തലോടുന്നത് മറ്റു ടീച്ചർമാർ അവജ്ഞയോടെ നോക്കിനിന്നു…!!

പ്രായത്തിന്റേയും പരിജ്ഞാനത്തിന്റേയും അന്തരം..!!

പള്ളിക്കൂടത്തിലെ ഓരോ മുറികളിലേറുമ്പോഴും, സ്വയം പരിചയപ്പെടുത്താൻ ടീച്ചർക്ക് തന്റെ പേരുമാത്രമേയുണ്ടായിരുന്നുള്ളൂ..!! ബാക്കിയൊന്നിനും പ്രസക്തിയില്ലത്രേ…!!

പക്ഷേ പെൺകുട്ടികൾക്ക് ചോദിച്ചറിയാൻ ഒരുപാടുണ്ടായിരുന്നു…. മാലയുടേയും വളയുടേയും കമ്മലിന്റേയുമെല്ലാം ഉറവിടങ്ങളും വിലവിവരങ്ങളും…!!

ചരിത്ര പുസ്തകം കയ്യിലെടുക്കുമ്പോൾ, ആ കണ്ണുകൾക്ക് മാറ്റേകുംവിധം ഒരു വട്ടക്കണ്ണട ടീച്ചറുടെ മൂക്കിൻത്തുമ്പിൽ ഇടംപിടിച്ചിരുന്നു… കനക ടീച്ചറുടെ കണ്ണടയെക്കാൾ ഭംഗിയേറിയത്…!!

പക്ഷേ ആ കണ്ണടയിലാണ് ഞങ്ങളുടെ ഭാവിയെന്നറിഞ്ഞത് നാലാം നാൾ ടീച്ചർ പടികയറിയെത്തിയപ്പോഴാണ്..!!

ക്ലാസ്സ്മുറിയിലേറിയ അന്ന്, ടീച്ചറുടെ കൈകളിലെ ആ കണ്ണട മൂക്കിൻത്തുമ്പിനു പകരം ഇടംപിടിച്ചത് മേശപ്പുറത്തായിരുന്നു… കയ്യിലെ പുസ്തകങ്ങൾക്കൊപ്പം…!!

ക്ലാസ്സൊന്നടങ്കം മിഴിച്ചിരുന്നു… എന്തെന്നറിയാതെ…!!

അവർക്കുമുന്പിലേക്കായി കഴിഞ്ഞുപോയ പാഠഭാഗങ്ങളിൽനിന്നും മുനയമ്പുകൾ പോലെ ടീച്ചറുടെ ചോദ്യശരങ്ങൾ…!!

ക്ലാസ്സ്മുറിയാകെ പതറിയ നിമിഷം…!!

ഉത്തരമില്ലാത്തവരുടെ ഉള്ളം കൈകളിൽ ചൂരൽ പ്രഹരമേറി… ദയാദാക്ഷിണ്യ മില്ലാതെ…

പൊന്നീച്ചകൾ പാറിയകന്നതിന്റെയാകാം, ചിലരുടെ കണ്ണിൽനിന്നും ധാരധാരയായി കണ്ണീരൊഴുകി നിലം പതിച്ചു…

ജനലഴികൾക്കപ്പുറത്ത്, കണക്ക് ടീച്ചർ പരിഹസിച്ചു.. പൊന്നീച്ചകളെക്കാൾ ബേധമായിരുന്നില്ലേ അക്കങ്ങളെന്ന്…!!

താരാട്ടായിരുന്ന ചരിത്ര ക്ലാസുകൾ, അവിടം മുതൽ ശവപ്പറമ്പുപോലെ ഭയാനകമായൊന്നായി മാറിയിരുന്നു…

പോകെ പോകെ ക്ലാസ്സ്മുറിയിലേറുന്ന മാതംഗി ടീച്ചറേയല്ല.. പകരം ആ കൈകളിലെ കണ്ണടയിലേക്കാണ് ക്ലാസ്സ്‌മുറിക്കകത്തുള്ളവർ ഉറ്റുനോക്കിയിരുന്നത്…

മൂക്കിൻത്തുമ്പിലേറുന്ന കണ്ണടയിൽ, അവിടമാകെ ആശ്വാസത്തിന്റെ നെടുവീർപ്പുകളുയരും…

പകരം മേശപ്പുറത്താകുമ്പോൾ, പരിഭ്രാന്തിയും…

മുൻബഞ്ചുകാർ പുസ്തകത്താളുകൾ അതിവേഗമൊന്നു മറിച്ചുനോക്കും…
പിൻബഞ്ചുകാർ മുഖത്തോടു മുഖവും…!!

പതിയെ പതിയെ ഏറെ ഇഷ്ടം തോന്നിയ ആ പേരിനെ പള്ളിക്കൂടത്തിലെ പുൽനാമ്പുകൾ പോലും വെറുപ്പിനാൽ ഭയന്നുതുടങ്ങി…

ആ ഭയം പങ്കുവെച്ചപ്പോഴെല്ലാം സാവിത്രി ടീച്ചറും, കനക ടീച്ചറും, അമ്മിണി ടീച്ചറും ഒരുപോലെ ഞങ്ങളെ പരിഹസിച്ചുകൊണ്ടേയിരുന്നു…!!

അവരുടേതിനേക്കാൾ നല്ലപേരായിരുന്നല്ലോ മാതംഗിയെന്നത്…!!

മലയാളം ടീച്ചർ പരിഹസിച്ചത് ഉൽപ്രേക്ഷ പഠിപ്പിച്ചുകൊണ്ടായിരുന്നു…

‘മറ്റൊന്നിൽ ധർമയോഗത്താ ലതുതാനല്ലയോ ഇത്എ ന്നു വർണ്യത്തിലാശങ്ക
ഉൽപ്രേക്ഷാഖ്യയലംകൃതി ‘

കവിതകളിലെ മറ്റു അലങ്കാരങ്ങളെക്കാൾ എളുപ്പത്തിൽ ടീച്ചർ ഞങ്ങളെയിത് പഠിപ്പിച്ചു…

ഉൽപ്രേക്ഷയെന്നാൽ ഊഹിക്കുകയാണെന്നർത്ഥമത്രേ… കേട്ടറിവുള്ളൊരു ദേവിരൂപത്തിന് ഞങ്ങൾ മുഖം നല്കിയതുപോലെ…!!

ചൂരൽ പ്രഹരവും, പരിഹാസങ്ങളുമായി ദിനങ്ങൾ കടന്നുപോകെ, ഒരുനാൾ മാതംഗി ടീച്ചറുടെ കയ്യാങ്കളികൾ പി.ടി മാഷിലേക്കുമെത്തി..

മാഷിന്റെ മുഖത്ത് കൈനീട്ടിയടിച്ചത്രേ…!!

പാഠഭാഗങ്ങൾ പൂർത്തിയാക്കാനായി മാഷിന്റെ ഒരു പിരീഡ് ചോദിച്ചാണ് തുടക്കമെന്ന്… പിന്നെ വാക്കുതർക്കത്തിലേക്ക്… ശേഷം കയ്യാങ്കളിയിലേക്കും…!! സ്റ്റാഫ്‌റൂമിനകത്ത് പി.ടി മാഷ് കലിതുള്ളി പറഞ്ഞതാണ്…!!

പരാതി പ്രിൻസിപ്പലിന് മുൻപിലെത്തിയെങ്കിലും, പുതിയൊരദ്ധ്യാപികയെ കണ്ടെത്താനുള്ള ബുദ്ധിമുട്ടുകൊണ്ടാകാം പ്രിൻസിപ്പൽ പി.ടി മാഷിനെ സമന്വൊയിപ്പിച്ചെന്ന്..

മാഷിന്റെ വേദനയിൽ പരിതപിച്ചുകൊണ്ടെന്നപോലെയായിരുന്നു മറ്റു ടീച്ചർമാരുടെ മുഖഭാവമെങ്കിലും, അവർ പരസ്പരം പങ്കുവെച്ചത് ആ രംഗങ്ങൾ നേരിട്ട് കാണാനാകാത്തതിന്റെ നിരാശയായിരുന്നു…!!

അന്നായിരുന്നു മലയാളം ടീച്ചർ മറ്റൊന്നുകൂടി പഠിപ്പിച്ചത്… മാതംഗിയെന്നത് പിടിയാനയുടെ പര്യായങ്ങളിലൊന്നാണെന്ന്..!!

കാടിളക്കിമറിക്കുന്ന പിടിയാനയും, ചവിട്ടേറ്റുവാങ്ങുന്ന പുൽനാമ്പുകളും…!!

കവിതയിലൂടെന്നപോൽ മലയാളം ടീച്ചറുടെ പരിഹാസം…!!

ദിനംപ്രതി പ്രഹരമേറിയ കൈകളിൽ ചിലർ വീട്ടുകാരെ മുൻനിർത്തി പ്രിൻസിപ്പലിന് മുൻപിൽ പരാതിയുന്നയിച്ചെങ്കിലും, ചൂരൽ പ്രഹരങ്ങൾ മാത്രം കണക്കിലെടുത്ത് തീരുമാനമെടുക്കാനാവില്ലത്രേ…!! ആവശ്യമെങ്കിൽ ചൂരൽ പ്രഹരമാകാമെന്ന അലിഖിത നിയമം നിലവിലുണ്ടെന്ന്…!!

കൂട്ടത്തിൽ, ക്ലാസ് പരീക്ഷകളിൽ അവർ നേടിയ മാർക്കുകൾകൂടി വിസ്തരിച്ചപ്പോൾ, അച്ഛനമ്മമാർ മലക്കം മറിഞ്ഞു… വേദനിക്കുന്നെങ്കിൽ കണക്കായിപ്പോയത്രേ…!!

പ്രതീക്ഷകൾ അപ്പാടെ അവസാനിച്ച നിമിഷം…!!

അങ്ങനെയിരിക്കെ, അരക്കൊല്ലപരീക്ഷയുടെ അവധിയും കഴിഞ്ഞെത്തിയനാൾ, കെട്ടണഞ്ഞ പ്രതീക്ഷകൾക്കുണർവേകുംവിധം പി.ടി മാഷൊരു വിളംബരം നടത്തി…

മാതംഗി ടീച്ചർ ഫെമിനിസ്റ്റാണെന്ന്…!!

പണ്ടൊരിക്കൽ ഇംഗ്ലീഷ് ടീച്ചറോട് ഫെമിനിസ്റ്റിന്റെ അർത്ഥം ചോദിച്ചപ്പോൾ ഒറ്റവാക്കിൽ പറഞ്ഞത് ഓർത്തെടുത്തു.. അഹങ്കാരികളെന്ന്..!!

പക തീർക്കാനായി പി.ടി മാഷ്, ടീച്ചറുടെ ചരിത്രം തേടിയിറങ്ങിയപ്പോൾ അറിഞ്ഞതാണ്.. കയ്യാങ്കളികൾ പള്ളിക്കൂടത്തിൽ മാത്രമല്ല… പുറത്തുമുണ്ടെന്ന്… കൂട്ടത്തിൽ ഒന്നുകൂടിയറിഞ്ഞു.. വിവാഹമോചിതയാണത്രേ…!!

ചീട്ടുകൊട്ടാരം തകർന്നുവീണ കുഞ്ഞുമനസ്സുകൾപോലെ, ചില മാഷുമാർ വിലപിച്ചു… അല്ലേലും ഇതുപോലൊന്നിനെ കൂടെകൂട്ടുന്നത് ആത്മഹ ത്യക്ക് തുല്യമാണെന്ന് മറ്റുടീച്ചർമാർ അവരെ ആശ്വസിപ്പിച്ചു…!!

ചൂരൽ പ്രഹരങ്ങളുടെ പരാതിയിൽ കാതോർക്കാതിരുന്ന അച്ഛനമ്മമാർപോലും ഫെമിനിസ്റ്റെന്ന വാക്ക് മുഴുവനാക്കും മുൻപേ പള്ളിക്കൂടത്തിലേക്ക് കൊടിപിടിച്ചെത്തി…

ചരിത്രത്തെക്കാൾ വലുതാണത്രേ സംസ്കാരമെന്നത്…!! അതുകൊണ്ടുതന്നെ സംസ്കാരത്തെ ചോദ്യം ചെയ്യുന്നവരെ നിലനിർത്തരുതെന്ന്…

തൊമ്മിക്കുഞ്ഞിന്റെ അപ്പച്ചൻ തന്നെയാണത്…!! സംസ്കാരത്തെ ചേർത്തുപിടിക്കുന്ന തന്റെ രാഷ്ട്രീയജീവിതത്തിന് വെല്ലുവിളിയുയർത്തിയ ഫെമിനിസ്റ്റുകളെ ഓർത്തെടുത്ത് പറഞ്ഞതാണത്രേ..!!

അപ്പച്ചന് ഐകദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മറ്റു അച്ഛനമ്മമാരും ശബ്ദമുയർത്തി… കൂടെ മാഷുമാരും ടീച്ചർമാരും… അവർക്കും വലുത് സംസ്കാരമാണത്രേ…!!

അവർ മാതംഗി ടീച്ചറോട് ന്യായികരണമാവശ്യപ്പെട്ടു…

അന്ന് കൂടിയിരുന്നവരെ നോക്കി മാതംഗി ടീച്ചർ ചോദിച്ചത് ഒന്നുമാത്രം..

ആരാണ് ഫെമിനിസ്റ്റുകൾ..??

ഉത്തരങ്ങൾ പലവിധമായിരുന്നു… അഹങ്കാരികളെന്ന്… ഭയഭക്തി യില്ലാത്തവരെന്ന്… ആണിനുമേൽ ആധിപത്യം സ്ഥാപിക്കുന്നവരെന്ന്… അങ്ങനെയങ്ങനെ…

പക്ഷേ മാതംഗി ടീച്ചർക്ക് പറയാൻ ഒരുത്തരമേയുണ്ടായിരുന്നുള്ളൂ…

പെണ്ണന്ന പേരിൽ തോറ്റുകൊടുക്കാനൊരുങ്ങാത്തവൾ… അവരത്രേ യഥാർത്ഥ ഫെമിനിസ്റ്റ്…!!

മറ്റൊന്നും പറയാതെ മാതംഗി ടീച്ചർ മുറിയിറങ്ങിപ്പോയി.. ബാക്കി പറഞ്ഞത് പ്രിൻസിപ്പലായിരുന്നു…

വലയിലകപ്പെട്ടപ്പോൾ, വേടനെ മറികടന്ന് ഉയരങ്ങളിലേക്ക് പറന്നുയർന്ന പെൺകിളിയോടുപമിച്ചാണ് പ്രിൻസിപ്പൽ തുടക്കമിട്ടത്…

കൂടിയിരിക്കുന്നവർക്കിടയിൽ ഇന്നും വേടന്റെ വലയിൽകിടന്നു പിടയുന്ന അമ്മ മനസുകൾ ആ നിമിഷം തല കുനിച്ചിരുന്നു…

ഒറ്റപ്പെട്ട പിടിയനാക്കരികിലെത്തിയ കൊമ്പന്മാരുടെ കൊമ്പൊടിച്ചവളുടെ കഥയായത് മാറുമ്പോൾ, തൊമ്മിക്കുഞ്ഞിന്റെ അപ്പച്ചന്റെ മുഖത്തൊരു പരിഭ്രമേറിയിരുന്നു… സംസ്കാര സംരക്ഷണത്തിന്റെ മറവിൽ കൂ ട്ടിക്കൊടുത്ത് വളർന്ന രാഷ്ട്രീയക്കാരനെപോലെ…!!

ഒടുവിൽ ഉടലിലേക്ക് ആഴ്ന്നിറങ്ങിയ കഴുകൻ കണ്ണുകൾക്ക് നേരെ കയ്യുയർത്തിയവളുടെ കഥ പറഞ്ഞവസാനിപ്പിക്കുമ്പോൾ, പുറകിൽ പി.ടി മാഷിന്റെ കവിൾത്തടം ഒരിക്കൽക്കൂടി ചുവന്നു തുടിച്ചിരുന്നു… മുഖം രക്ഷിക്കാൻ എത്ര മനോഹരമായാണ് മാഷന്നൊരു കഥ മെനഞ്ഞത്…!!

അവിടമാകെ നിശബ്ദത തളംകെട്ടി.. തിരിച്ചറിവുകളുടെ നിശബ്ദത…!!

ശേഷം വന്നുകയറിയ ആരവമില്ലാതെ അച്ഛനമ്മമാർ പടിയിറങ്ങിപ്പോയി… പരാതികളും പരിഭവങ്ങളുമില്ലാതെ അദ്ധ്യാപകർ ക്ലാസ്സുകളിലേക്കും…

സ്റ്റാഫ് മുറിക്കകത്ത് മാതംഗി ടീച്ചറപ്പോഴും പുസ്തകളിലേക്കാഴ്ന്നിറങ്ങി ക്കൊണ്ടേയിരുന്നു…!! കഴിഞ്ഞുപോയ ജന്മങ്ങളിൽ വീരഗാഥ രചിച്ച പെൺപടകളുടെ….!!

അപ്പോഴും ഒന്ന് മാത്രമവശേഷിച്ചു…. ദിനംപ്രതിയുള്ള ചൂരൽ പ്രഹരങ്ങൾ…??

അതിനു മറുപടി നൽകിയത് ഉത്തരക്കടലാസ്സുകളായിരുന്നു…

പല വിഷയങ്ങളിലുമായി പലരും തോൽവിയടഞ്ഞപ്പോൾ,, ആ പള്ളിക്കൂടം ഒന്നടങ്കം വിജയം കൈവരിച്ച ഒരേയൊരു വിഷയം… ചരിത്രം..!!

അല്ലേലും ചൊല്ലി തരുന്നതിനേക്കാൾ,, തല്ലിയാൽ മാത്രം പഠിക്കുന്നവരായിരുന്നല്ലോ ഞങ്ങളിൽ പലരും…!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *