വിനുവിന്റെ കല്യാണമാണ്.എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ. കാറിൽ കയറുമ്പോളും കൂടി അവൻ എന്നെ നോക്കി കൈ കാണിച്ചു. വരില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാവും ഇങ്ങോട്ടുവരാഞ്ഞത്……..

Story written by Sowmya Sahadevan

കല്യാണ വീട്ടിലെ ബഹളങ്ങളിലേക്ക് നോക്കി നിൽകുമ്പോളാണ് രണ്ടാനമ്മയുടെ ബഹളം അടുക്കളയിൽ ഉയർന്നുകൊണ്ടിരുന്നത്. ” തൊട്ട വീട്ടിലെ കല്യാണത്തിനും ഇവിടെ സദ്യ ഒരുക്കണം, കൊല്ലമെത്രയായി എന്നാലും ” അടുക്കളയിൽ എന്റെ നിഴൽ കണ്ടതും അവർ വായടച്ചു. പുകയുന്ന അടുപ്പിലേക്ക് ഒരു കപ്പു വെള്ളം കോരി ഒഴിച്ചുകൊണ്ട് ഞാൻ വീണ്ടും റൂമിലെ ജനലിൽ കൈ വച്ചു നിന്നു., “എന്തെങ്കിലും ചെയ്തോ എനിക്ക് ഇപ്പോൾ എന്താ!!” പിറുപിറുത്തുകൊണ്ട് അവർ കല്യാണ വീട്ടിലേക്കു പോയി.

വിനുവിന്റെ കല്യാണമാണ്.എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ. കാറിൽ കയറുമ്പോളും കൂടി അവൻ എന്നെ നോക്കി കൈ കാണിച്ചു. വരില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാവും ഇങ്ങോട്ടുവരാഞ്ഞത്. കട്ടിലിലും നിലത്തും അവിടെ ഇവിടെയായി കല്യാണവീട്ടിൽ വന്ന ഞങ്ങളുട കൂട്ടുകാരന്മാരുടെ തുണികൾ ഉണ്ടായിരുന്നു. അതെല്ലാം കസേരയിലേക്ക് ഒതുക്കി വച് വീണ്ടും കട്ടിലിൽ ചുരുണ്ടു കൂടി.

വെന്തുവന്ന ബിരിയാണിയുടെ മണം സഹിക്കാൻ പറ്റുന്നില്ലായിരുന്നു. ഓർമയുടെ ദം പൊട്ടിച്ചു അത് വീണ്ടും അതിരുകടന്നു വന്നുകൊണ്ടിരിക്കുന്നു. ഓർമയിൽ ഒരു 9 വയസുകാരൻ അമ്മയോട് കരഞ്ഞു വാശിപിടിക്കുക യായിരുന്നു. കല്യാണവീട്ടിലെ ബിരിയാണി കൊതിച്ചിട്ട് കല്യാണത്തിന് പോവാൻ. പുറപ്പെട്ടു നിൽക്കുന്ന കൂട്ടുകാരനെയും അവന്റെ അമ്മയെയും ചൂണ്ടികാണിച്ചു കൊണ്ട് അവൻ കരഞ്ഞു കൊണ്ടിരുന്നു.അയല്പക്കത്തെ അമ്മായിടെ കൂടെ കൂട്ടുകാരനൊപ്പം കല്യാണത്തിനു പോയി അവൻ, കു ടിച്ചു ബോധമില്ലാതെ വരുന്ന അച്ഛനെ ഇടവഴിയിൽ കണ്ടപ്പോൾ മെല്ലെയൊന്നു പതുങ്ങിക്കൊണ്ട് അവൻ കല്യാണ വീട്ടിലെത്തി പനിനീരിന്റെയും മുല്ലപ്പൂവിന്റെയും അതറിന്റെയും ബിരിയാണിയുടെയും മണം നിറഞ്ഞു വന്നപ്പോൾ എന്തോ തനിച്ചു വിട്ടിട്ടു വന്ന അമ്മയെ കാണാൻ തോന്നിക്കൊണ്ടേയിരുന്നു.എന്തുകൊണ്ടോ ഒന്നും കഴിക്കാനും പറ്റിയില്ല.

രാത്രി മുഴുവൻ ക ള്ളുകുടിച്ചുള്ള ചീട്ടുകളി, രാവിലെതന്നെ വീണ്ടും ആടി ആടി വന്നു കയറിയപ്പോൾ മകനെ വിട്ടിട്ട് തനിച് വീട്ടിലിരുന്നതായിരുന്നു അമ്മക്ക് അന്നുണ്ടായിരുന്ന കുറ്റം. കല്യാണ വീട്ടിലെ പന്തൽ അഴിച്ച ടാർപ്പായ നേരെ കൊണ്ടുവന്നു കെട്ടിയതെന്റെ വീട്ടിലായിരുന്നു. പതിനൊന്നാം നാൾ അതു അഴിച്ചുകൊണ്ട് പോവുകയും ചെയ്തു.

വാതിൽ മുട്ടുന്നത് കേട്ടിട്ടാണ് കണ്ണുതുറന്നത്, വിനുവിന്റെ അമ്മയാണ്.തലയിണ നനഞ്ഞിരുന്നു. നനഞ്ഞ തലയിണക്കു അമ്മയുടെ നനവായിരുന്നു. കല്യാണ വീട്ടിൽ നിന്നും അമ്മായി ഒരു പ്ലേറ്റ് ഉപുമാവും കൊണ്ട് വന്നിരിക്കുന്നു
നാട്ടിലു കല്യാണമുള്ള ദിവസങ്ങളിൽ പണ്ടുതൊട്ടെ അമ്മായി രാവിലെ ഓടി വരും അമ്മയെ കൊണ്ട് സാരീ ഉടുപ്പിക്കാൻ. അമ്മ പോയപ്പോൾ തൊട്ട് ഒരുപിടി ഉപുമാവും കൊണ്ട്. നിർബന്ധിച്ചു വാരിത്തരും, ഓരോ ഉരുള തരുമ്പോളും അമ്മായിടെ കൈകളും എന്റെ ചുണ്ടുകളും ഒരുപോലെ വിറക്കും. പോവാൻ നേരം കൈയിൽ ഒന്നു ഇറുക്കി പിടിക്കും, നെറ്റിയിലൊന്ന് അമർത്തി ചുംബിക്കും അപ്പോളും കണ്ണ് നിറഞ്ഞുതന്നെയിരിക്കും എന്റെ…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *