വിഷ്ണു, എനിക്ക് ഇപ്പോൾ മോശം സമയമാടാ. നമ്മുടെ കല്യാണം നടക്കണമെങ്കിൽ 35000 രൂപയുടെ പൂജ വേണമെന്നാ ജ്യോതിഷ കുലപതി സതീശൻ തിരുമേനി പറഞ്ഞത്……

ഇടവകൂറിലെ കാർത്തിക നക്ഷത്രം.

Story written by Darsaraj R Surya

സമയം അത്ര നന്നല്ലല്ലോ………

മോളുടെ കൂടെ ആരെങ്കിലും വന്നിട്ടുണ്ടോ?

ഇല്ല.

അപ്പോൾ, ആതിരക്ക് സ്നേഹബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന പയ്യനെ തന്നെ കല്യാണം കഴിക്കാൻ പറ്റുമോ എന്നറിയണം. അല്ലേ?

അതേ, തിരുമേനി.

എന്തായാലും ദക്ഷിണ വെച്ചിട്ട് കാര്യം നടക്കണം എന്ന ആഗ്രഹത്തിൽ കുടുംബ ദേവതയെ കണ്ണടച്ച് പ്രാർത്ഥിച്ചോളൂ.

“ഓം ശുക്ലാംബരധരം വിഷ്ണും ശശിവർണ്ണം ചതുർഭുജം പ്രസന്നവദനം ധ്യായേത് സർവ്വ വിഘ്നോപശാന്തയെ”

കഴിഞ്ഞ ജനുവരി 27 മുതൽ മോൾക്ക് രാഹുർ ദശയിൽ കേതു തുടങ്ങി കഴിഞ്ഞിരിക്കുന്നു. കേതു എന്ന് പറഞ്ഞാൽ സർവ്വ കാര്യങ്ങൾക്കും തടസ്സം എന്നർത്ഥം. രാഹുർ ദശയിൽ ഏറ്റവും മാരകമാണ് കേതു. ഈ കേതുവോടുകൂടിയാണ് രാഹുർദശയിൽ മാറ്റങ്ങൾ വരുന്നത്.

എന്ന് വെച്ചാൽ എനിക്ക് വിഷ്ണുവിനെ കിട്ടില്ല എന്നാണോ?

അങ്ങനെ തീർത്ത് പറയാനൊക്കില്ല. രാഹുർ ദശയിൽ ചൊവ്വയുടെ അപഹാരം ആണ് ഇപ്പോൾ നടന്നോണ്ടിരിക്കുന്നത്. മോളുടെ ലൈഫിലെ ഏറ്റവും മോശമുള്ള സമയം എന്ന് ചുരുക്കം. ഇതൊന്നും പോരാഞ്ഞിട്ട് കേതു നിൽക്കുന്നത് കൃത്യം ഏഴാം ഭാവത്തിലും. ഏഴ് എന്ന് പറഞ്ഞാൽ പങ്കാളിയുടെ സ്ഥാനം.

പക്ഷെ വഴിയുണ്ട്. ഇതേ പോലത്തെ ഒത്തിരി പ്രേമ ബന്ധങ്ങൾ വിവാഹത്തിലെത്തിച്ചു കൊടുത്ത അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞാൽ ഏകദേശം 35000 രൂപയുടെ ഒരു പൂജയുണ്ട്. മോളെ സംബന്ധിച്ച് ഈ തുക കുറച്ചു വലുതാണെന്ന് അറിയാം, പക്ഷെ പയ്യൻ മരിക്കും വരെ മോളുടെ കൂടെ കാണും. പോരാഞ്ഞിട്ട് ഇപ്പോൾ ഇടഞ്ഞു നിൽക്കുന്ന ഇതേ അച്ഛനും അമ്മയുമൊക്കെ ഈ പൂജ കഴിയുന്നതിന്റെ നാലാം ദിവസം വിഷ്ണുമായുള്ള കല്യാണത്തിന് സമ്മതിക്കും. നന്നായി മനസ്സിരുത്തി ചിന്തിച്ച് ഒരു തീരുമാനത്തിലെത്തിയ ശേഷം വിളിക്കൂ. കേതു എന്ന ദുഷ്ടൻ നിൽക്കുന്നത് പങ്കാളിയുടെ സ്ഥാനത്ത് ആണെന്നത് മറക്കേണ്ട.

എന്തായാലും തിരുമേനിയെ കണ്ട ശേഷം വീട്ടിൽ എത്തിയ ആതിര സമയം കളയാതെ തന്റെ കാമുകൻ വിഷ്ണുവിനെ വിളിച്ചു.

വിഷ്ണു, എനിക്ക് ഇപ്പോൾ മോശം സമയമാടാ. നമ്മുടെ കല്യാണം നടക്കണമെങ്കിൽ 35000 രൂപയുടെ പൂജ വേണമെന്നാ ജ്യോതിഷ കുലപതി സതീശൻ തിരുമേനി പറഞ്ഞത്.

നിനക്ക് വട്ടാണോ പെണ്ണേ? 35000 രൂപ പോലും. വെറും 2000 രൂപയും ഒരു മഞ്ഞ ചരടും കൊണ്ട് ഞാൻ കാര്യങ്ങൾ ശരിയാക്കി തരാം.

അതെങ്ങനെ?

ഞാനും ഒരു ജ്യോത്സനെ കണ്ടായിരുന്നു. ഈ വരുന്ന ശനിയാഴ്ച്ച നമുക്ക് പാറമേൽ കാവ് അമ്പലത്തിൽ പോണം. എന്നിട്ട് അവിടത്തെ മതിലിന്റെ ഏതെങ്കിലും സൈഡിൽ പോയി നിന്നിട്ട് ആരും കാണാതെ ദോഷം തീരാൻ ഞാൻ ഒരു മഞ്ഞ ചരട് നിന്റെ കഴുത്തിൽ കെട്ടും.

അയ്യോ, എന്നിട്ട്?

രാത്രിയോട് അടുക്കുമ്പോൾ ശാന്തി മുഹൂർത്തം എന്നൊരു പരിപാടിയുണ്ട്. അന്ന് എന്ത് മറിമായം കാണിച്ചായാലും നീ രാത്രി വീട്ടിൽ നിന്നും ഇറങ്ങിയേ പറ്റൂ. ഞാൻ കുറച്ച് ദൂരെയുള്ള ഒരു ഹോട്ടലിൽ മുറി ബുക്ക്‌ ചെയ്യുന്നുണ്ട്. ആ രാത്രി നമ്മൾ രണ്ടാളും ഒരുമിച്ച് കി ടക്കണം.

അയ്യേ

എന്ത് അയ്യേ? നിനക്ക് എന്നെ കല്യാണം കഴിക്കണ്ടേ? നിന്റെ ജാതക ദോഷം കൊണ്ടാണ് ഈ കുരുക്കുകളൊക്കെ വന്ന് നിൽക്കുന്നത്. അല്ലാണ്ട് എന്റെ കുഴപ്പം കൊണ്ടല്ല. പിന്നെ കൂടെ കിടക്കുമ്പോൾ ഞാൻ കെട്ടിയ മഞ്ഞ ചരട് മാത്രമേ നിന്റെ ദേഹത്ത് കാണാവൂ എന്ന് ജ്യോൽസ്യൻ എടുത്ത് പറഞ്ഞിട്ടുണ്ട് കേട്ടോ.

അയ്യടാ പോടാ……..

എന്തായാലും ആകെ മൊത്തത്തിൽ കൺഫ്യൂസ്ഡ് ആയ ആതിര, രണ്ടും കൽപ്പിച്ചോണ്ട് തന്റെ വീടിന് ഏറ്റവും അടുത്തുള്ള ഒരു ജ്യോത്സനെ കൂടെ കാണാൻ തീരുമാനിച്ചു.

അല്ലേലും മുറ്റത്തെ മുല്ലയേക്കാൾ മണം നമ്മൾ മലയാളികൾക്ക്, അപ്പുറത്തെ വീട്ടിലെ പ്ലാസ്റ്റിക് പൂക്കളോട് ആണല്ലോ.

എന്തായാലും ആതിര ഒടുവിൽ പുള്ളിക്കാരന്റെ അടുത്തെത്തി.

പുള്ളിയെ ആതിരക്ക് നന്നായി അറിയാമെങ്കിലും നോക്കിക്കാൻ പോകുന്നത് ഇതാദ്യമായാണ്.

ജ്യോതിഷ കുലപതി സതീശന്റെ ഓഫീസിൽ കണ്ട കൈലാസത്തിൽ ഇരിക്കുന്ന ശിവനെ പോലത്തെ സ്വന്തം ഫ്ലക്സും, പ്രവചന സിംഹത്തിന്റെ മാഹാത്മ്യം വിളിച്ചോതുന്ന ഡയലോഗൊന്നും ഭിത്തിയിൽ ഇല്ല. ആകെ ഉള്ളത് കുറേ പുസ്തകങ്ങളും നേരിയ ശബ്ദത്തിൽ അയ്യപ്പഭക്തി ഗാനങ്ങളും. അല്ലേലും ആള് വെറും സിമ്പിൾ ആണ്. ഒരു കറുത്ത കുറി, ജ്യോത്സ്യമാർ ഇന്നതേ ധരിക്കാവൂ എന്ന സാങ്കേതികയുടെ ഭാരമില്ലാത്ത നൈസർഗികമായ വേഷവിധാനം.

അകത്ത് ആരോ നോക്കിക്കാൻ ഇരിക്കുന്നുണ്ട്.

അപ്പോൾ അമ്മ ഒന്ന് കൊണ്ടും വിഷമിക്കേണ്ട. മരുന്നൊക്കെ കൃത്യസമയത്ത് കഴിക്കാ, നന്നായിട്ട് ഉറങ്ങുക. മോന് ഒരാപത്തും വരില്ല. ബാക്കിയൊക്കെ നമുക്ക് വരുന്നിടത്ത് വെച്ച് കാണാം. ധൈര്യമായിട്ടിരിക്ക്.

ഒത്തിരി സന്തോഷം മോനെ, നിന്നെ കാണാൻ സാധിച്ചതിൽ. ദാ ഇത് മോൻ വെച്ചേക്ക്.

അടിപൊളി. ഇത് നല്ല കഥ. അമ്മ വന്നേ ഒരു കാര്യം പറയട്ടെ.

അല്ല ഇതാര് ആതിരയോ? ഈ വഴിയൊക്കെ അറിയോടെ? മോളെ ഞാൻ ഇപ്പോൾ വരാമേ.

ഒരു ഓട്ടോറിക്ഷ കൈ കാണിച്ച് നിർത്തിച്ച ശേഷം തന്നെ കാണാൻ കിലോമീറ്ററുകൾ താണ്ടി വന്ന ആ അമ്മയെ അതിൽ കേറ്റിയിട്ട് അദ്ദേഹം തന്റെ പോക്കറ്റിൽ നിന്ന് കുറച്ച് പൈസ എടുത്ത് ആ അമ്മക്ക് നൽകി. വാങ്ങാൻ കൂട്ടാക്കിയില്ലെങ്കിലും അദ്ദേഹത്തിന്റെ നിർബന്ധത്തിന് വഴങ്ങി നിറകണ്ണുകളോടുകൂടി അമ്മ ആ പൈസ വാങ്ങി തൊഴുത് കൊണ്ട് യാത്ര പറഞ്ഞു.

ആ ഇനി ആതിര പറയൂ, എന്താണ് പ്രശ്നം? കല്യാണമൊക്കെ നോക്കി തുടങ്ങിയെന്ന് ഈയിടെ ചിറ്റാലയിലെ ഉത്സവത്തിന് കണ്ടപ്പോൾ അച്ഛൻ പറഞ്ഞായിരുന്നു.

ബിജു ചേട്ടാ………..

എന്താ മോളെ പറയൂ.

ഞാൻ ഇവിടെ വന്ന കാര്യം അച്ഛനോട് പറയരുത്.

ഇല്ല, മോള് കാര്യം പറയൂ.

നടന്ന കാര്യങ്ങളെല്ലാം ആതിര ജ്യോതിഷൻ ബിജുവിനോട് പറഞ്ഞു.

എല്ലാം കേട്ട ശേഷം ബിജു തന്റെ കറുത്ത കൈലി മടക്കി കുത്തി രണ്ട് പേരെയും കോൺഫറൻസ് കോളിൽ ഇടാൻ പറഞ്ഞു.

കാമുകൻ വിഷ്ണുവും പ്രവചന കുലപതി സതീശനും കോൺഫറൻസ് കോളിലെത്തി.

മോനെ വിഷ്ണു, ഞാൻ ബിജു ഏലാപ്പുറം.

മോനോട് ഏത് ജ്യോത്സനാ ഹോട്ടലിൽ മുറി എടുത്ത് ശാന്തി മുഹൂർത്തം നടത്താൻ പറഞ്ഞത്?

സതീശൻ തിരുമേനി, ഏതാ ആ 35000 രൂപയുടെ പൂജ?

ബിജുവിന്റെ സൗണ്ട് കേട്ടതും നിന്നോട് ആരാടി ഇവന്റെ ചെവിയിൽ പോയി ഇതൊക്കെ ഓതികൊടുക്കാൻ പറഞ്ഞതെന്നും ചോദിച്ച് ഇരുവരും കാൾ കട്ട്‌ ആക്കി സ്ഥലമൂരി.

എന്റെ മോളെ ഇത്രേ ഉള്ളൂ നിന്റെ രാഹുർ ദശയിലെ കേതുവിന്റെ അപഹാരം. ഏഴിൽ നിന്ന പങ്കാളി ഓടിയ ഓട്ടം കണ്ടോ?

ശേഷം ചുറ്റും നോക്കി ഭാര്യ അടുത്തെങ്ങും ഇല്ലാന്ന് ഉറപ്പിച്ച ശേഷം ബിജു ആതിരയോട് അടക്കം പറഞ്ഞു.

എന്റെ മോളെ പൂജ ചെയ്ത് ഇഷ്ടപ്പെട്ട ആളെ കെട്ടാൻ പറ്റുമെങ്കിൽ ഞാൻ എന്നേ എന്റെ കെട്ടിയോളെ കളഞ്ഞിട്ട് ഐശ്വര്യ റായിയെ കെട്ടിയേനെ

Related Posts

Leave a Reply

Your email address will not be published. Required fields are marked *