വേറെ ഒരാളെ നീ കല്യാണം കഴിച്ചോ എന്ന് പറയാനുള്ള വിശാലമനസ്കത എനിക്കില്ല. നീ എന്റെയാ എന്നും. എന്റെ മാത്രം… അത് ഞാൻ ജീവിച്ചിരുന്നാലും മരിച്ചാലും……..

കടലോളം

Story written by Ammu Santhosh

“കാണാതിരിക്കുമ്പോ ഇഷ്ടം കൂടുമെന്നൊക്കെ പറയുന്നത് വെറുതെയാ എനിക്കിഷ്ടം കുറച്ചു കുറവുണ്ടിപ്പോ “

അവളുടെ ശബ്ദത്തിലെ കുസൃതിയിൽ അയാൾക്ക് ചിരി വന്നു

“അതൊക്കെ നമുക്ക് മാറ്റിയെടുക്കാമെന്നെ.. ഈ പ്രശ്നങ്ങൾ ഒക്കെ ഒന്ന് തീർന്നോട്ടെ “

“അതൊക്കെ തീർന്നിട്ട് എന്നാണാവോ സമാധാനത്തോടെ ജീവിക്കുക? എനിക്ക് കല്യാണ ആലോചനകൾ ഒക്കെ വരുന്നുണ്ട് കേട്ടോ.. വീട്ടിൽ തർക്കിച്ച് ഞാൻ മടുത്തു. ഒരു അഞ്ചു ദിവസത്തെ ലീവ് കിട്ടില്ലേ?ഒരു താലി കെട്ടിയിട്ട് പൊയ്ക്കോളൂ “

അയാൾ ദീർഘമായ് ഒന്ന് ശ്വസിച്ചു..

“ആഗ്രഹം ഇല്ലാഞ്ഞല്ല. അപേക്ഷിക്കാഞ്ഞതുമില്ല. അതിർത്തിയിലേക്ക് ട്രാൻസ്ഫർ ആയി.. നിന്നേ വിഷമിക്കണ്ട എന്ന് കരുതി പറയാഞ്ഞത.
അറിയാല്ലോ അവിടെ ഉള്ള പ്രശ്നങ്ങൾ.. ന്യൂസ്‌ കാണുന്നില്ലേ?”

അവൾ സ്ത്ബ്ധയായി.. ഉള്ളിൽ നിന്നു ഒരു കരച്ചിൽ ആർത്ത് വരുന്നുണ്ട്.

“പേടിക്കണ്ട നിന്റെ പ്രാർത്ഥന ഇല്ലേ എന്റെ ചുറ്റും. അത് മതി. ഇനി ഉടനെ വിളിക്കില്ല…. പിന്നെ… അനു..?”

“ഉം “

“വേറെ ഒരാളെ നീ കല്യാണം കഴിച്ചോ എന്ന് പറയാനുള്ള വിശാലമനസ്കത എനിക്കില്ല. നീ എന്റെയാ എന്നും. എന്റെ മാത്രം… അത് ഞാൻ ജീവിച്ചിരുന്നാലും മരിച്ചാലും.. നീ മാത്രമായിരിക്കും അർജുന്റെ പെണ്ണ്.”

അവൾ കണ്ണീർ അമർത്തി തുടച്ചു ശബ്ദം ഒന്ന് ചുമച്ചു ശരിയാക്കി

“അങ്ങനെ വേറെ ഒരാളെ കല്യാണം കഴിച്ചു നിങ്ങളെ രക്ഷപ്പെടുത്താൻ എനിക്ക് മനസ്സുമില്ല.. ഫോൺ വെച്ചേരെ. എനിക്ക് ഓഫീസിൽ പോകാൻ നേരമായി “

അവൻ ചിരിച്ചു കൊണ്ട് ഫോൺ കട്ട്‌ ചെയ്തു

ഒരു ട്രെയിൻ യാത്രയിൽ കണ്ടതാണ് കാന്താരിയെ.. കലപിലാന്ന് വർത്താനം പറഞ്ഞു കൊണ്ട് ചിരിച്ചും കളിച്ചും കൂട്ടുകാർക്കൊപ്പം ഒരു ടൂർ കഴിഞ്ഞു വരികയായിരുന്നു അവൾ. താൻ അവധിക്ക് നാട്ടിലേക്ക് വരുന്ന വഴിയും. യൂണിഫോം കണ്ടാകും വന്നു പരിചയപ്പെട്ടു

“എനിക്ക് പട്ടാളക്കാരെ വലിയ ഇഷ്ടാ… ശരിക്കും എത്ര ധൈര്യം വേണം ഈ ബോംബിന്റെ ഒക്കെ അടുത്ത് കൂടി നടക്കാൻ “

താൻ പൊട്ടിച്ചിരിച്ചു പോയി. അന്ന് താൻ കാശ്മീരിലായിരുന്നു. അത് പറഞ്ഞപ്പോൾ വന്ന ഡയലോഗ് ആണ്

“എല്ലാവരുടെ ഉള്ളിലും ധൈര്യം ഉണ്ട്ഒ രു പട്ടി കടിക്കാൻ വന്ന മരം കേറ്റം അറിയാത്തവൻ പോലും ചിലപ്പോൾ മരം കയറി പോകും അത് പോലെയുള്ളു “

അപ്പൊ ചിരിച്ചത് അവളാണ്

പോകാൻ നേരം തന്റെ മൊബൈൽ നമ്പർ വാങ്ങിച്ചു.വിളിക്കും ട്ടൊ എന്ന് പറയുകയും ചെയ്തു

വർഷം എത്ര കഴിഞ്ഞു..

അതേ വിളിയൊച്ച

അതേ കുസൃതി

അതേ സ്നേഹം

അവൾ മാറിയിട്ടില്ല

പഠിച്ചു നല്ല ജോലി കിട്ടി.. വേണേൽ മാറാം.. കണ്ടിട്ടുള്ളത് രണ്ടു തവണ ആണ്.. വെറും രണ്ടു തവണ.. പക്ഷെ കാണാതെ കാണുന്ന കാഴ്ചകൾ ഉണ്ട്..

ഞാൻ ഇന്നലെ ക്ഷേത്രത്തിൽ പോയി അർച്ചന നടത്തി ട്ടൊ എന്ന് പറയുമ്പോൾ

ഉലഞ്ഞ കോട്ടൺ സാരിയുടെ തുമ്പ് ഒന്ന് ചുറ്റി നെറ്റിയിലെ ചന്ദനവരയുടെ മുകളിൽ വിരൽ കൊണ്ട് തൊടുന്ന അവളെ കാണാം.

ഇന്ന് തൊടിയിലെ മുല്ല പൂത്തു എന്ന് പറയുമ്പോൾ മുല്ലപ്പൂവിന്റ മണം നിറയും

ഇന്ന് പുഴമീൻ കിട്ടി. വറുത്തു.നല്ല രുചി ഉണ്ടായിരുന്നു.. അപ്പൊ പുഴമീന്റെ രുചി നാവിൽ നിറയും

“അർജുൻ ഡ്യൂട്ടി ടൈം കം “

വിവേക് മൽഹോത്രവിളിക്കുന്നത് കേട്ട് അവൻ എഴുന്നേറ്റു. വിവേക് ആണ് ബെസ്റ്റ് ഫ്രണ്ട്.. അവൻ അയാളെ നോക്കി ചിരിച്ചു. പിന്നെ ഒപ്പം നടന്നു

അനു ന്യൂസ്‌ കാണുകയായിരുന്നു

ഇൻഡോ ചൈന അതിർത്തിയിൽ സംഘർഷം അയയുന്നില്ല. ഒരു മലയാളി ജവാനെ കൂടി കാണാതായി.. അവൾ ആ പേര് ഒന്ന് കൂടി നോക്കി. പേര് പറയുന്നില്ല. കാണാതായ ആൾ ചൈനീസ് പട്ടാളക്കാരുടെ പിടിയിൽ അകപ്പെട്ടെന്ന് സംശയിക്കുന്നു എന്ന് പറയുമ്പോഴും പേരില്ല. അവളുടെ ഉടൽ വിറച്ചു കൊണ്ടിരുന്നു. അതവനാണ് എന്നവളുടെ ഉള്ള് പറഞ്ഞു കൊണ്ടേയിരുന്നു..

ദിവസങ്ങൾ

മാസങ്ങൾ

വർഷങ്ങൾ

“മോളെ എന്ത് പ്രതീക്ഷിച്ചാണ് നിയിപ്പോഴുമിങ്ങനെ? വർഷം എത്ര കഴിഞ്ഞു? ഗവണ്മെന്റ് പോലും ഇത് മറന്നു കഴിഞ്ഞു.. ചൈനീസ് പട്ടാളത്തിന്റെ വശമില്ലെന്ന് അവരും അറിയിച്ചിട്ടുണ്ട് അവരുടെ പക്കലുള്ളവരെ അവരും വിട്ടല്ലോ. ആക്കൂട്ടത്തിൽ ഇല്ല. ഒരു പക്ഷെ മഞ്ഞിനടിയിൽ എവിടെ എങ്കിലും.”അവൾ നിറകണ്ണുകളോടെ അച്ഛനെ നോക്കി

“ജീവിച്ചിരിപ്പുണ്ട്.. ഉറപ്പാ.. എന്റെ അടുത്ത് വരും.. വരും “

അവൾ ഇടർച്ചയോടെ പറഞ്ഞു കൊണ്ടിരുന്നു.. വരും..

ദൂരെ ദൂരെ ഒരു നാട്ടിൽ, ഒരു വീട്ടിൽ.. ഓർമ്മകളുടെ പുകമഞ്ഞു മാറി അവൻ മെല്ലെ കണ്ണ് തുറന്നു

“അനു… അനു…”ഇടറിയ ഒച്ചയിൽ അവനങ്ങനെ വിളിച്ചു കൊണ്ടേയിരുന്നു..

കാതങ്ങൾ താണ്ടി അവനെത്തുമ്പോൾ റെയിൽ വെ സ്റ്റേഷനിൽ അവൾ കാത്തു നിന്നു

അവൻ മിടുക്കനായി കാണപ്പെട്ടു. അവൾ അരികിൽ ചെന്ന് ബാഗ് വാങ്ങി തോളിലിട്ടു

‘വിശക്കുന്നുണ്ടോ?”
അവൻ പൊട്ടിയോഴുകുന്ന കണ്ണുകളോടെ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു..

“കാത്തിരുന്നു മടുത്തില്ലേ?”

അവൻ ഇടറി ചോദിച്ചു

അവൾ ആ മുഖത്തേക്ക് നോക്കി പിന്നെ അകന്ന് മാറി

“ഇത് കേരളമാണ്.. റെയിൽവെ സ്റ്റേഷൻ റൊമാൻസ് ഒക്കെ ഷാരുഖിന്റെ സിനിമ യിൽ മാത്രേ നടക്കുവുള്ളു..വേഗം നടന്നോളു..”

“നീ ഒട്ടും മാറിയിട്ടില്ല “അവൻ കണ്ണീരോടെ ചിരിച്ചു

“മാറാൻ പറ്റുമോ? “

“ഞാൻ കരുതി.. വേറെ ജീവിതം.. വേറെ..”അവൻ പാതിയിൽ നിർത്തി

“നീ എന്റെയാണ് എന്നല്ലേ പറഞ്ഞിട്ടുള്ളത്? പിന്നേ എങ്ങനെ വേറെ ആൾ വരും?”

അവൾ ചിരിച്ചു
പിന്നെ കയ്യിൽ കൈ ചേർത്ത് പിടിച്ചു നടന്നു തുടങ്ങി

“ഞാൻ ഒരിക്കലും വന്നില്ലായിരുന്നെങ്കിൽ?”

“കാത്തിരിക്കാൻ എന്ത് സുഖമാണെന്നോ? ഞാൻ കാത്തിരിക്കും. ആയുസ്സിന്റെ അറ്റത്തോളം “

ആ വഴിയരുകിൽ വെച്ച് അർജുൻ വീണ്ടും അവളെ നെഞ്ചിൽ ചേർത്ത് പിടിച്ചു.. സങ്കടം വന്നു നെഞ്ചു പൊട്ടും പോലെ തോന്നിയപ്പോൾ ആ നിറുകയിൽ മുഖം അമർത്തി വെച്ചു..

പ്രണയകാലങ്ങൾക്ക് ജീവന്റെ വിലയുണ്ടെന്ന് അവനറിയുകയായിരുന്നു

Related Posts

Leave a Reply

Your email address will not be published. Required fields are marked *