ശരിയായ സമയത്ത് ആ ചെറുപ്പക്കാരനെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിൽ പാവം രക്ഷ പെടുമായിരുന്നു .. മാനവികത നമ്മളിൽ നിന്ന് ചോർന്നുപോയിക്കൊണ്ടിരിക്കയാണ്……..

അറിഞ്ഞതും അറിയാഞ്ഞതും……

Story written by Suresh Menon

സമയം നോക്കി. ആഡിറ്റേഴ്സ് ആവിശ്യപെട്ട റിപ്പോർട്ട്സ് എല്ലാം നാളെ രാവിലെ പത്ത് മണിക്കു മുൻപെ മേശപ്പുറത്ത് കണ്ടിരിക്കണമെന്നാണ് ഓർഡർ. അതും പറഞ്ഞ് പുള്ളിയങ്ങ് പോയി. ബാക്കിയുള്ളവർക്കാ തലവേദന. വീണ്ടും വാച്ചിൽ നോക്കി .നല്ല മഴക്കോളുമുണ്ട്. ദൈവമെ മോള് സ്കൂളിന് പുറത്ത് കാത്ത് നിൽപ്പായിരിക്കും. മഴ വന്നാൽ കുഞ്ഞ് പേടിക്കും. എന്തായാലും ഇന്ന് ഇത് മുഴുവൻ തീരില്ല. നാളെ നേരത്തെ വരാൻ നോക്കാം. അവിടവിടെയായി മിന്നലുണ്ട്. അവൾ സ്കൂളിൽ നിന്ന് ഒറ്റക്കെങ്ങാനും ഇറങ്ങി നടക്കുമൊ ‘ആകെ ടെൻഷൻ. ഓഫീസ് വാതിൽ പൂട്ടി ബിന്ദു പുറത്തേക്കിറങ്ങി. സ്ഥിരമായി പോകുന്ന ബസ്സ് പോയിക്കാണും. അത് വഴി വന്ന ഓട്ടോക്ക് കൈ കാണിച്ചു .

“ഒന്ന് വേഗം . നല്ല മഴ വരുന്നുണ്ട് . കുഞ്ഞ് സ്കൂളിന് പുറത്ത് കാത്ത് നിൽക്കയാ…..please “

ആട്ടോയിൽ കയറുന്നതിന്നിടെ ബിന്ദു പറഞ്ഞൊപ്പിച്ചു. പ്രത്യേകിച്ച് ഒരു ഭാവവ്യത്യാസവുമില്ലാതെ ആട്ടോ ഡ്രൈവർ വണ്ടി മുന്നോട്ടെടുത്തു…….. കുറച്ച് കഴിഞ്ഞപ്പോൾ ആട്ടോ ഡ്രൈവർ വണ്ടി സ്പീഡ് കുറച്ച് പറഞ്ഞു തുടങ്ങി.

” അതേയ് ഇത് വഴി പോകൂല. ദേ അവിടെ ഒരു ആക്സിഡൻ്റ്. ബൈക്ക് വീണ് കിടപ്പുണ്ട്. ആൾക്കാർ കൂടി നിൽക്കുന്നു .കണ്ട് കൊണ്ട് എങ്ങിനാ മാഡം പോകുന്നെ ,പെട്ടെന്ന് തന്നെ അയാളെ ഹോസ്പിറ്റലിലാക്കിയിട്ട് പോകാം”

“അയ്യോ please അങ്ങിനെ പറയല്ലെ . മഴ ചാറിതുടങ്ങി .എൻ്റെ കുഞ്ഞ് …… പെൺകുഞ്ഞാ ….. ഒറ്റക്കെങ്ങാനും ഇറങ്ങി നടന്നാൽ……. വീട്ടിലെത്തുന്നവരെ പേടിയാ “

ബിന്ദുവിൻ്റെ വല്ലാത്ത ടെൻഷൻ കണ്ട ആട്ടോ ഡ്രൈവർ വണ്ടി തിരിച്ചു

“നമുക്ക് T D റോഡ് വഴി പോകാം. റോഡ് കുറച്ച് മോശമാണ്”

※※※※※※※※※※※※※※※

കുഞ്ഞിന് ചോറ് കൊടുത്തുറക്കി ബിന്ദു Tv ഓൺ ചെയ്തു,

“ഏതാണ്ട് ഒരു മണിക്കൂർനേരമാണ് ആ ചെറുപ്പക്കാരൻ റോഡിൽ ചോര വാർന്നു കിടന്നത്.. ദുരെ നിന്ന് ഈ കാഴ്ച കണ്ട ഒരു ആട്ടോ മുന്നോട്ട് വരാതെ തിരിച്ചു പോകുന്നതും ഞങ്ങൾ കണ്ടു. ശരിയായ സമയത്ത് ആ ചെറുപ്പക്കാരനെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിൽ പാവം രക്ഷ പെടുമായിരുന്നു .. മാനവികത നമ്മളിൽ നിന്ന് ചോർന്നുപോയിക്കൊണ്ടിരിക്കയാണ് “.ഒന്ന് രണ്ട് പേർ ചോദ്യങ്ങൾക്ക് മറുപടിയെന്നോണം പറയുന്നുണ്ടായിരുന്നു…….

ബിന്ദു പെട്ടെന്ന് Tv ഓഫ് ചെയ്തു …….

സമയം സന്ധ്യയോടടുത്തു. ബിന്ദു കുഞ്ഞിൻ്റെ കൈ പിടിച്ച് ആ ചെറിയ ഗേറ്റ് തുറന്നു…….

മുഷിഞ്ഞ ചുമരുകളും അവിടവിടെയായി ചെറിയ ചെറിയ പൊട്ടലുകള്ള പടികളും നരച്ചുതുടങ്ങിയ തുണി വിരിച്ച ഒരു മേശയും .അതിനടുത്തായി ഒരു പ്ലാസ്റ്റിക്ക് കസേരയിൽ അയാൾ ഇരിപ്പുണ്ടായിരുന്നു……… സമീപത്തുള്ള തൂണിൽ ചാരി കുഞ്ഞിൻ്റെ കൈ പിടിച്ച് ബിന്ദു നിന്നു…….എന്ത് പറയണമെന്നറിയാതെ……. ഞങ്ങി നിരങ്ങി നിരങ്ങി അവസാനം വാക്കുകൾ പുറത്തേക്ക് വീണു……

“എന്നോട് പൊറുക്കണം .ഒന്നും മനപൂർവ്വമല്ല. അന്ന് ഹോസ്പിറ്റലിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷപെടുമായിരുന്നു.. ല്ലെ … ഞാനറിഞ്ഞില്ല……. ഞാനറിഞ്ഞില്ല .അത് മോനായിരുന്നെന്ന്…. “

ബിന്ദുവിന് സഹിക്കാൻ കഴിഞ്ഞില്ല .കൊച്ചു കുഞ്ഞിനെ പോലെ അവൾ തേങ്ങി തേങ്ങി കരഞ്ഞു. ഒന്നും മനസ്സിലാകാതെ വിഷമിച്ച് ആ കുഞ്ഞ് ബിന്ദുവിൻ്റെ മുഖത്തേക്ക് നോക്കി….

കുറച്ചു നേരം ആരും ഒന്നും മിണ്ടിയില്ല, ബിന്ദുവിൻ്റെ തേങ്ങൽ മാത്രം കത്തിച്ചു വെച്ച സന്ധ്യാ ദീപത്തിന് ചുറ്റും വലയം വെച്ചു….

” ഇത് പറയാൻ ഇത്രടം വരണമായിരുന്നൊ. അതൊന്നും ഓർത്ത് വിഷമിക്കരുത്. ഒന്നും ആരുടെയും തെറ്റല്ല…. “

കുറച്ച് നേരം കഴിഞ്ഞ് അയാൾ പതിയെ എഴുന്നേറ്റു.

“നേരം സന്ധ്യ കഴിഞ്ഞു. ഈ കുഞ്ഞിനെയും കൊണ്ട് തനിയെ പോണ്ട ഞാൻ ആട്ടോയിൽ കൊണ്ടു വിടാം”

അയാളുടെ പിറകെ അനുസരണയോടെ കുഞ്ഞിൻ്റെ കൈ പിടിച്ച് ബിന്ദു നടന്നു.

തിരിച്ചു അട്ടോയിൽ പോകുമ്പോൾ ഇരുവരുടെയും ഇടയിലെ മൗനം ആഞ്ഞടിക്കുന്ന തിരമാലകൾ നിറഞ്ഞ സമുദ്രം കണക്കെയായിരുന്നു………

Related Posts

Leave a Reply

Your email address will not be published. Required fields are marked *