ശ്രീജിത്തേ, ഒരു സിനിമാവർക്കുണ്ട്. എന്നോടു ചോയ്ച്ചപ്പോ ഞാൻ നിന്റെ കാര്യം പറഞ്ഞു. ദാ നമ്പർ പിടിച്ചോ, വിളിച്ചോ……

ഡ്യൂപ്പ്…

എഴുത്ത് :- ശ്രീജിത്ത് പന്തല്ലൂർ

ഒരു വ്യാഴവട്ടക്കാലം മുൻപാണ് ഒരു മലയാള സിനിമയിലെ നല്ലൊരു വേഷം എന്നെ തേടി വരുന്നത്. പുതു തലമുറയിലെ നാച്ചുറൽ ആക്ടിങ്ങിന് ഞാനായിരുന്നു ശരിക്കും തുടക്കക്കാരനാവേണ്ടിയിരുന്നത്…

കൊടകരയിൽ ഒരു ചെറിയ മാരുതി വർക് ഷോപ്പിന്റെ വലിയ മുതലാളിയായി വാണരുളുന്ന കാലം…

ഒരു ദിവസം പെരുമ്പാവൂരിൽ നിന്നും പഴയ ആശാന്റെ ഫോൺ വിളി വന്നു.

” ശ്രീജിത്തേ, ഒരു സിനിമാവർക്കുണ്ട്. എന്നോടു ചോയ്ച്ചപ്പോ ഞാൻ നിന്റെ കാര്യം പറഞ്ഞു. ദാ നമ്പർ പിടിച്ചോ, വിളിച്ചോ…”.

മാന്നാർ മത്തായി സ്പീക്കിങ്ങിലെ കൊച്ചിൻ ഹനീഫയെയാണ് പെട്ടെന്നെനിക്ക് ഓർമ്മ വന്നത്. എന്നെ സിനിമേലെടുത്തേ….

അല്ലെങ്കിലും ആശാൻ അങ്ങനെയാ… ഒറ്റയടിക്കങ്ങു തീരുമാനിച്ചു കളയും. എങ്ങനെ വേണ്ടെന്നു പറയും, ഗുരുനിന്ദയായാലോ… ഇഷ്ടമില്ലെങ്കിലും സമ്മതിച്ചു കൊടുക്കുക തന്നെ. മനസ്സില്ലാ മനസ്സോടെ ആശാൻ തന്ന നമ്പറിലേക്ക് ഞാൻ വിളിച്ചു.

” ഹലോ… പ്രൊഡക്ഷൻ കൺട്രോളർ വത്സൻ സാറല്ലേ…?”.

” അതെ… ആരാണ്…?”.

മറുതലയ്ക്കൽ നിന്നും ഒരു മൃദുശബ്ദം കേട്ടു.

ശ്ശോ… എങ്ങനെ പറ്റില്ലെന്നു പറയും. അയാൾക്കു വിഷമമായാലോ…

” എന്റെ പേര് ശ്രീജിത്ത്. പെരുമ്പാവൂര് കൈരളിയിലെ ബിനോയേട്ടൻ പറഞ്ഞിട്ട് വിളിക്ക്യാണ്…”.

” ങാ ശ്രീജിത്തേ, കാലടിയിലാണ് ഷൂട്ടിങ്ങ്. നാളെ രാവിലെ ഒരു ആറര ഏഴു മണിയോടെ മലയാറ്റൂർക്ക് തിരിയുന്ന വഴിയിൽ നിന്നാൽ മതി. എന്നിട്ടെന്നെ വിളിക്ക്… അത്യാവശ്യം വേണ്ട സാധനങ്ങൾ എടുത്തോളൂ…”.

മറുതലയ്ക്കൽ ഫോൺ ഡിസ്കണക്ടായി. യ്യോ… എന്റെ വേഷം എന്താണെന്നു ചോദിക്കാൻ മറന്നു. സാരമില്ല, ഏതു വേഷമായാലും നമ്മുടെ കൈയിൽ ഭദ്രമാണല്ലോ… പിന്നെ അത്യാവശ്യം വേണ്ട സാധനങ്ങളെന്നു പറഞ്ഞത് എന്താണാവോ… കോസ്റ്റ്യൂംസാവും. അതും സാരമില്ല, ആദ്യ സിനിമയല്ലേ. അടുത്ത സിനിമ മുതൽ സ്വന്തമായൊരു കോസ്റ്റ്യൂം ഡിസൈനറെ വയ്ക്കണം. സിനിമാനടൻ ഇന്ദ്രൻസ് ചേട്ടൻ നല്ലൊരു തയ്യൽക്കാരനാണെന്നു കേട്ടിട്ടുണ്ട്. പുള്ളിയെ തന്നെ വിളിക്കാം. പാവത്തിന് ഒരു സഹായമാവുമല്ലോ… എന്തായാലും ഇപ്പോൾ നമ്മുടെ കൈയിൽ കോസ്റ്റ്യൂംസായിട്ട് ആകെയുള്ളത് ഇച്ചിരി ഗ്രീസും ഓയിലും സമ്മേളനം നടത്തിയിട്ടുള്ള വർക്കിങ്ങ് ഡ്രസ്സാണ്. അതു കൈയിൽപ്പിടിക്കാം, പിന്നെ പ്രോപ്പർട്ടിയായി കുറച്ചു ടൂൾസുമെടുക്കാം. മൂന്നാലു സ്പാനറുകളും സ്ക്രൂ ഡ്രൈവറുകളും പ്ലയറുമൊക്കെ വാരി ബാഗിലിട്ടു.

രാത്രി ഉറങ്ങുന്നതിനു മുൻപ് ഒന്നു കൂടി വത്സൻ സാറെ ഫോണിൽ വിളിച്ചു.

” ശ്രീജിത്തേ, കൃത്യം ഏഴു മണിക്ക് ഞങ്ങളുടെ ടീം കാലടിയിലെത്തും. അതിനു മുൻപേ ഞാൻ പറഞ്ഞ സ്ഥലത്ത് കാത്തു നിന്നോളോ…”. വത്സൻ സാർ പറഞ്ഞു.

” ങാ… അതേയ്… പിന്നെ ആരൊക്കെയാ സിനിമയിലുള്ളത്…?”. ഞാൻ വിക്കി വിക്കി ചോദിച്ചു.

” മമ്മൂക്കയുണ്ട്. പിന്നെ വേറെ കുറേ പേരുണ്ട്…”. ഫോൺ ഡിസ്കണക്ടായി.

ഉറങ്ങാൻ കിടക്കുമ്പോൾ ഞാൻ ആലോചിച്ചു. മമ്മൂക്കയ്ക്ക് ഗസ്റ്റ് റോളായിരിക്കുമോ… അതോ സെക്കന്റ് ഹീറോയോ… എന്തായാലും കുഴപ്പമില്ല. പുളളി സീനിയറല്ലേ നാളെ കാണുമ്പോൾ അങ്ങോട്ടു ചെന്നു പരിചയപ്പെട്ടേക്കാം. ഇങ്ങോട്ട് ആളെ വരുത്തിക്കുന്നതു ശരിയല്ലല്ലോ…

പുലർച്ചെ നാലുമണിക്ക് അലാറം വച്ചെങ്കിലും കിടന്നിട്ട് ഉറക്കം വരാത്തതു കൊണ്ട് അതിലും നേരത്തേ എണീറ്റ് യാത്രയായി. കൊടകരയിൽ നിന്നും ബസ്സിൽ കാലടിയിലെത്തുമ്പോഴേക്കും മലയാള സിനിമാലോകത്തിലെ കിരീടം വയ്ക്കാത്ത ചക്രവർത്തിയായി മാറുന്നത് ഞാൻ സ്വപ്നം കണ്ടു കഴിഞ്ഞിരുന്നു. കിരീടം വയ്ക്കുന്നതിനു തൊട്ടു മുൻപേ കോട്ടയം ഫാസ്റ്റ് പാസഞ്ചർ ബസ്സിലെ കണ്ടക്ടറുടെ സിംഗിൾ ബെൽ എന്റെ സ്വപ്നത്തെ തകർത്തു കളഞ്ഞു.

ആറു മണിക്കു മുൻപേ ഞാൻ കാലടിയിലെത്തിയിരുന്നു. ഒരു മണിക്കൂറല്ലേ കാത്തു നിന്നേക്കാമെന്നു കരുതി. കേവലം ഒരു മണിക്കൂറെന്നാൽ അറുപത് മിനിറ്റാണെന്നും മൂവായിരത്തിയറുന്നൂറ് സെക്കന്റാണെന്നും മുപ്പത്തിയാറു ലക്ഷം മില്ലി സെക്കന്റാണെന്നും അന്നു ഞാൻ മനസ്സിലാക്കി. മില്ലി സെക്കന്റിനെ കീറി മുറിക്കുന്നതിനു മുൻപേ ഏഴു മണിയോടൊപ്പം ഒരു പച്ചക്കളർ ടൊയോട്ടോ ക്വാളിസ് എന്റെ മുൻപിൽ സഡൻ ബ്രേക്കിട്ടു.

” മെക്കാനിക്ക് ശ്രീജിത്തല്ലേ…?”. ക്വാളിസിൽ നിന്നും പുറത്തേക്കു നീണ്ട തല എന്നോടു ചോദിച്ചു.

ഇവനാരെടാ… സിനിമയിൽ അഭിനയിക്കാൻ പോണ എന്നെ മെക്കാനിക്ക് ചേർത്ത് വിളിക്കണത്…?

ഞാൻ മുഖം തിരിച്ചു. അപ്പോഴാണ് ക്വാളിസിന്റെ ഡോറിൽ ഒട്ടിച്ചു വച്ചിരിക്കുന്ന സിനിമാ പോസ്റ്റർ കണ്ടത്…

അപരിചിതൻ…!!

ങേ… അപ്പോളിത് ഷൂട്ടിങ് വണ്ടിയാണല്ലേ…

” വത്സൻ സാറാണോ…?”.

ഞാൻ ആവേശത്തോടെ ക്വാളിസിലേക്ക് തലയിടാൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു.

” അതെ… ദാ ആ പിന്നീ വരണ ജിപ്സിലോട്ട് കേറിക്കോ…”. വത്സൻസാർ പുറകിലേക്കു ചൂണ്ടി പറഞ്ഞു.

ഞാൻ നോക്കി. മേൽക്കൂരയില്ലാത്ത ഒരു വെളുത്ത ജിപ്സി ജീപ്പ് പിന്നിലുണ്ട്. അതിനടുത്തെത്തിയപ്പോൾ ഡ്രൈവിങ്ങ് സീറ്റിലെ മൊട്ടത്തലയൻ ചോദിച്ചു.

” മക്കാനിക്കാ…?”.

ഞാൻ തലയാട്ടി.

” പിന്നാടി വന്ത് ഒക്കാറ്…”.

ഞാൻ തല താഴ്ത്തി ജിപ്സിയുടെ പിന്നിൽ കയറിയിരുന്നു. വണ്ടിയിൽ രണ്ടു മൂന്നു തമിഴൻമാർ വേറെയുമുണ്ടായിരുന്നു. അവർ തമ്മിൽ എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. ജിപ്സി മുന്നോട്ടു നീങ്ങി. സിനിമാ പോസ്റ്റർ ഒട്ടിച്ച വണ്ടികൾ വേറെയും പിന്നിൽ വരുന്നുണ്ടായിരുന്നു.

ആഹാ… നല്ല രസമുണ്ട്…

” തമ്പീ… വത്സൻ സാറു ഫ്രണ്ടാ…?”. ഒരു തമിഴൻ എന്നോടു ചോദിച്ചു.

” അതേങ്കോ അണ്ണാ…”. ഞാനും നല്ല പച്ചത്തമിഴിൽ തന്നെ മറുപടി കൊടുത്തു.

വാഹന നിര പിന്നേയും മുന്നോട്ടു നീങ്ങി. കുറേ ചെന്നപ്പോൾ നല്ലൊരു കാടിനു സമാനമായ സ്ഥലത്തെത്തിയപ്പോൾ വണ്ടികളെല്ലാം നിർത്തി.

”മഹാഗണിത്തോട്ടം…!!!”.

ആരോ പറയുന്നതു കേട്ടു ഞാനും നോക്കി. ചുറ്റും നല്ല യമണ്ടൻ മരങ്ങൾ… ശരിക്കും മഹാഗണി തന്നെ… വടവൃക്ഷങ്ങളെ പറ്റി നല്ല പരിജ്ഞാനമുള്ള ഞാനും മനസ്സിൽ ഒരു കാച്ചു കാച്ചി… തെങ്ങ്, മാവ്, പ്ലാവ്, റബ്ബർ, അടയ്ക്കാമരം പിന്നെ അമ്പലപ്പറമ്പിലെ അരയാല്. ഇതിനപ്പുറത്തേക്ക് ആകെ കണ്ടു പരിചയമുള്ളത് തേക്കാണ്. മഹാഗണി എന്ന് ആദ്യമായി കേൾക്കുന്നതാണ്. ചന്ദനമരമെന്ന് കേട്ടിട്ടെങ്കിലുമുണ്ട്. പറഞ്ഞു കേൾക്കുന്നതിനു മുൻപേ ഞാൻ നേരിൽ കണ്ട ആദ്യത്തെ വൃക്ഷമെന്ന ഖ്യാതി ശരിക്കും മഹാഗണിക്ക് അവകാശപ്പെട്ടതാണ്…

നിർത്തിയിട്ട വാഹനങ്ങളിൽ നിന്നും ഇറങ്ങി ഓരോരുത്തരും അവരവരുടെ ജോലികൾ ചെയ്യാൻ തുടങ്ങി. ഞാൻ മാത്രം അവരിൽ നിന്നു മാറി ഏതോ മഹാഗണിയിൽ ചാരി നിന്നു… അന്നു ഷൂട്ടിങ്ങ് നടക്കുന്ന സിനിമയുടെ പോസ്റ്റർ അവിടെ കിടക്കുന്ന എല്ലാ വാഹനങ്ങളിലും കണ്ടു.

അപരിചിതൻ…!!!

ആ സിനിമയിലെ ടൈറ്റിൽ കഥാപാത്രം ശരിക്കും ഞാൻ തന്നെയാണോ എന്ന് എനിക്കും സംശയം തോന്നി… ആ ആൾക്കൂട്ടത്തിൽ ശരിക്കും ഞാനായിരുന്നു അപരിചിതൻ… എല്ലാവരും അവരവരുടെ ജോലി ചെയ്യുന്നു… ചെയ്യേണ്ട ജോലി എന്താണെന്നറിയാതെ ഞാൻ വെറുതേ നിൽക്കുന്നു… ആകെ പരിചയമുള്ള വത്സൻസാർ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നു…

വിശക്കുന്നുവെന്ന് വയറ് വിളിച്ചു പറയുന്നതിനു മുൻപേ ആരോ പറയുന്നതു കേട്ടു.

” ടിഫിൻ റെഡി… ടിഫിൻ റെഡി…”.

ഞാൻ നോക്കിയപ്പോൾ പേപ്പർപ്ലേറ്റും കൈയിൽ പിടിച്ച് കുറച്ചു പേർ വരിനിൽക്കുന്നുണ്ട്. ഞാനും വരിയിൽ സ്ഥാനം പിടിച്ചു. ചട്ണിയിൽ മുക്കിയ ഇട്ട്ളി ഓരോന്നായി കുത്തിക്കേറ്റുന്നതിനിടയിലാണ് ആരോ എന്റെ തോളിൽ കൈ വച്ചത്. ഞാൻ തല ചെരിച്ചു നോക്കി… ഒരു ഭീകരരൂപം… സ്റ്റണ്ട് മാസ്റ്റർ മാഫിയാ ശശി…

ഞാൻ അവസാനം കുത്തിക്കേറ്റാൻ ശ്രമിച്ച ഇഡ്ഡലി ദന്തക്ഷതമേൽക്കാതെ തന്നെ ആമാശയത്തിലേക്കോടിയൊളിച്ചു.

” മെക്കാനിക്കാ…?”.

വായ്ക്കകത്ത് ഇഡ്ഡലിയില്ലാഞ്ഞിട്ടും എന്റെ ശബ്ദം പുറത്തു വന്നില്ല.
ശശിയണ്ണന്റെ കരഭാരത്താൽ ചുമലനക്കാനാവാതെ ഞാൻ തല കുലുക്കി സമ്മതിച്ചു.

” ദോ… ആ കാണുന്ന ജിപ്സീലാണ് പണിയുള്ളത്…”.

ശശിയണ്ണൻ ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് ഞാൻ നോക്കി. ഞാൻ വന്ന ജിപ്സി ജീപ്പ് എന്നേയും തുറിച്ചു നോക്കിക്കൊണ്ട് കിടക്കുന്നു. ഓഹോ…. അപ്പോ വണ്ടിപ്പണിക്കാണല്ലേ എന്നെ വിളിച്ചത്. സാരമില്ല സമ്മതിച്ചേക്കാം. പാവം ശശിയണ്ണന് വിഷമമായാലോ…. ആ നിഷ്കളങ്കമായ മുഖത്തു നോക്കി പറ്റില്ലെന്നു പറയാൻ എനിക്കായില്ല.

ഞാൻ വേഗം എഴുന്നേറ്റു കൈ കഴുകി. ഇടത്തേ തോള് അനക്കാൻ കഴിയുന്നില്ല. ഒരു നൂറ്റമ്പതു കിലോയുടെ റേഷനരിച്ചാക്കിന്റെ ഭാരം അപ്പോഴും എന്റെ തോളിൽ തൂങ്ങുന്നതായി തോന്നി. ശശിയണ്ണന്റെ കൂടെ ജിപ്സിക്കു നേരെ നടക്കുമ്പോൾ നേരത്തേ മുഴുവനോടെ വിഴുങ്ങിപ്പോയ ഇഡ്ഡലി ആമാശയത്തിൽ കിടന്നു കിടുങ്ങുന്നതായി എനിക്കു തോന്നി. അപ്പോഴേക്കും വത്സൻ സാറും വന്നു.

” ഇതുമ്മേ ഞാനെന്താ ചെയ്യേണ്ടേ…?”. ആകെ പുറത്തു വന്ന ശബ്ദത്തിൽ ഞാൻ ചോദിച്ചു.

” സംഭവം ഞാൻ പറയാം… ഒരു പ്രേതം ജീപ്പോടിപ്പിക്കുന്ന സീനാണ്. അതായത് സ്റ്റീറിങ്ങും ഗീറും ക്ലച്ചും ആക്സിലേറ്ററുമൊക്കെ തന്നെ വർക്ക് ചെയ്യുന്നതായി കാണിക്കണം…”. വത്സൻ സാർ പറഞ്ഞു.

ഉള്ളിൽ ഉണർന്നു നിന്ന അഭിനേതാവിനെ പിടിച്ച് കിടത്തിയുറക്കിയിട്ട് ഉറങ്ങിക്കിടക്കുന്ന മെക്കാനിക്കിനെ ഞാൻ വിളിച്ചുണർത്തി…

ബാഗിൽ നിന്നും ചെറ്യേ സ്പാനറെടുത്ത് കൈയിൽ പിടിച്ച് ഞാൻ പറഞ്ഞു.
” അയിനെന്താ… ദിപ്പ ശര്യാക്കിത്തരാം…”.

” ഇപ്പോ വേണ്ട… പറയാം… ജിപ്സി വച്ചുള്ള വേറേം ചില സീനെടുക്കാനുണ്ട്…”. വത്സൻസാർ പറഞ്ഞു.

ഓടിച്ചു കൊണ്ടു വന്ന വണ്ടിയാണെങ്കിലും ഞാൻ പണിതു കഴിഞ്ഞാൽ പിന്നെ സ്റ്റാർട്ടായില്ലെങ്കിലോ എന്ന പേടി വത്സൻസാറിനുണ്ടായിരുന്നോ ആവോ… പല വർക് ഷോപ്പുകളും ജീവച്ഛവമെന്ന് പറഞ്ഞ് കൈയൊഴിഞ്ഞ എത്രയോ വാഹനങ്ങൾക്ക് പുതുജീവൻ നല്കിയ കൈകളാണിതെന്ന് അയാൾക്കറിയില്ലല്ലോ…

ഞാൻ ഒരു വശത്തേക്കു മാറി ഷൂട്ടിങ്ങ് കാണാൻ നിന്നു. നടൻമാർ മേക്കപ്പൊക്കെ ഇട്ടു നിൽക്കുന്നുണ്ട്. ആകെ വിനീത് കുമാറിനെ മാത്രമേ കണ്ടു പരിചയമുള്ളൂ. സംഘട്ടന സീനുകളാണ്. സംഘട്ടന രംഗങ്ങളിൽ ഡ്യൂപ്പുകളുടെ പ്രാധാന്യം അന്നാണ് ഞാൻ ശരിക്കും കണ്ടു മനസ്സിലാക്കുന്നത്.

കുറച്ചു കഴിഞ്ഞു ഒരു ബിഎംഡബ്ള്യു കാർ വന്നു നിന്നു. അതിൽ നിന്നും മെഗാസ്റ്റാർ ഇറങ്ങി വന്നു. ഇങ്ങേര് വീട്ടീന്നേ മേക്കപ്പിട്ടാണോ വന്നേ… എന്താ ഗ്ലാമറ്…

അപ്പോഴേക്കും രണ്ടു പേർ എവിടെ നിന്നോ ഓടി വന്നു. ഒരാൾ മമ്മൂക്കയുടെ വസ്ത്രം മാറ്റി. മറ്റേയാൾ മുഖത്ത് മേക്കപ്പിടാൻ തുടങ്ങി. വെളുത്ത തൊലി വീണ്ടും വെളുപ്പിക്കുന്നു. എന്തൊരു പാഴ്പ്പണി…

വീണ്ടും ഷൂട്ടിങ്ങിൻ്റെ തിരക്കുകൾ. നടൻമാർ അഭിനയിക്കുന്നു, ഡ്യൂപ്പുകൾ ജീവിക്കുന്നു…

ഉച്ചയൂണൊക്കെ കഴിഞ്ഞ് കുറേക്കഴിഞ്ഞാണ് വത്സൻസാർ എന്നെ വിളിക്കുന്നത്. ഞാൻ ജിപ്സിയെ ചുറ്റിപ്പറ്റിത്തന്നെ നില്ക്കുക്കയായിരുന്നു.

ഞാൻ ബാഗ് തുറന്ന് പണിയായുധങ്ങൾ പുറത്തെടുത്തു.

” എന്താണ് ആദ്യം ചെയ്യേണ്ടത്…?”.

” സ്റ്റിയറിങ്ങ് വീൽ തനിയെ തിരിയുന്ന ഷോട്ട് വേണം. പിന്നെ തനിയെ ഗിയർ മാറുന്ന ഷോട്ടും വേണം…”.

അങ്ങനെ സ്റ്റീയറിങ്ങിൻ്റെ ഷോട്ട് ആദ്യം കഴിഞ്ഞു. ഇനി ഗിയർ ലിവർ… ഞാൻ ഗിയർ ലിവർ അഴിച്ചു പറിച്ചെടുത്ത് ശശിയണ്ണനെ കാണിച്ചു.

” ശരി… ഞാൻ ആക്ഷൻ പറയുമ്പോൾ ഫസ്റ്റ് ഗിയറിടണം. പിന്നെ ഓരോ നമ്പറിനും അടുത്ത ഗിയറുകളിടണം…”. ശശിയണ്ണൻ പറഞ്ഞു.

ഞാൻ വണ്ടിക്കടിയിലേക്ക് ഏന്തി വലിഞ്ഞു കിടന്നു.

” റെഡി… ആക്ഷൻ…”.

ശശിയണ്ണൻ്റെ ശബ്ദം മുഴങ്ങി. അങ്ങനെ എൻ്റെ ആദ്യത്തെ ഷോട്ട്…

ഒന്നാം ഗിയർ, രണ്ടാം ഗിയർ, മൂന്നാം ഗിയർ, നാലാം ഗിയർ…

” ഇനിയത്തെ റിവേഴ്സ് ഗിയറാ…”.

” സാരല്യ, നീ അതും കൂടെയിട്ടോ…”.

അങ്ങനെ കട്ടും പറഞ്ഞ് എൻ്റെ ഷോട്ടുകൾ പൂർത്തിയായി. വണ്ടിക്കടിയിൽ നിന്നും പുറത്തേക്കു വന്ന എന്നെ നോക്കി ശശിയണ്ണൻ കൈയിൻ്റെ പെരുവിരലുയർത്തിക്കാണിച്ചു. ഓക്കെ…

കാമറയ്ക്കു മുൻപിൽ ആദ്യമായിട്ടും ഫസ്റ്റ് ടേക്കിൽത്തന്നെ ഓക്കെയാക്കിയ എന്നെ വേറെയാരും അഭിനന്ദിച്ചു കണ്ടില്ല…

അന്നു വൈകീട്ട് കൂലിയും വാങ്ങി വീട്ടിലെത്തിയപ്പോൾ കൂട്ടുകാർ ചോദിച്ചു.
” ടാ… എന്തായിരുന്നു നിൻ്റെ റോൾ…?”.

” സത്യം പറഞ്ഞാ നിങ്ങള് വിശ്വസിക്കൂല്ല, ഞാൻ മമ്മൂട്ടിയുടെ ഡ്യൂപ്പായിട്ടാണ് അഭിനയിച്ചത്…”. ഞാൻ തട്ടി വിട്ടു.

” നീയാ… ഒന്നു പോടാപ്പാ…”.

” അല്ലെടാ, ആ സിനിമയിൽ മമ്മൂക്ക പ്രേതമാണ്. പ്രേതം ജീപ്പോടിപ്പിക്കുന്ന സീനുണ്ട്. അത് ഞാനാ ചെയ്തത്…”. ഞാൻ എത്ര വിശദീകരിച്ചിട്ടും ആരും വിശ്വസിക്കാൻ തയ്യാറായില്ല…

അങ്ങനെ സിനിമ റിലീസായി. ബിഗ് സ്ക്രീനിൽ എൻ്റെ ഗിയർ ലിവർ അനങ്ങുന്നത് കണ്ട് നിർവൃതിയോടെ തിയേറ്ററിലിരുന്നു. രോമങ്ങൾ അറ്റൻഷനടിച്ച് എണീറ്റു നിന്നത് ഇരുട്ടായതിനാൽ ഞാൻ പോലും കണ്ടില്ല…

ഇപ്പോഴും മനസ്സിനെന്തെങ്കിലും വിഷമം തോന്നിയാൽ ഞാൻ വേഗം യൂ ട്യൂബ് തുറന്ന് അപരിചിതൻ സിനിമയെടുത്ത് എൻ്റെ ഗിയർ ലിവറനങ്ങുന്നതും അങ്ങനെ നോക്കിയിരിക്കും…

ആഹാ… അന്തസ്സ്…

Related Posts

Leave a Reply

Your email address will not be published. Required fields are marked *