ശ്വാസം മുട്ടലിന്റെ ചെറിയൊരു പ്രശ്നമുള്ളത് കൊണ്ട് അലന് അസുഖം അല്പം മൂർചിച്ചു……

നഴ്‌സ്

Story written by Rivin Lal

പെണ്ണു കാണാൻ പോയപ്പോൾ പെണ്ണിന്റെ ജോലി നാട്ടിൽ തന്നെ അടുത്തുള്ള ഒരു ആശുപത്രിയിൽ നഴ്‌സ്‌ ആണെന്ന് കുട്ടിയുടെ വായിൽ നിന്നും കേട്ടതും അലൻ പറഞ്ഞു “നോബീ.. നമുക്കു ഇറങ്ങാം. ഇത് ശരിയാവില്ല”.

മുന്നും പിന്നും നോക്കാതെ അലൻ അവിടുന്നിറങ്ങി. നോബി കുട്ടിയുടെ അച്ഛനോട് “ക്ഷമിക്കണം, ഞങ്ങൾ വിളിക്കാം കേട്ടോ” എന്നും പറഞ്ഞു അവന്റെ കൂടെ മുറ്റത്തേക്ക് ചാടിയിറങ്ങി.

ബൈക്കിൽ പിന്നിലിരുന്ന് നോബി ചോദിച്ചു. “നീയെന്തു തെമ്മാടിത്തരമാ അലൻ കാണിച്ചേ.? ആ കുട്ടിയും വീട്ടുകാരും എന്ത് വിചാരിച്ചു കാണും..?”

“നോബീ… സത്യം പറയാലോ.. എനിക്കീ നഴ്സുമാരെ ഇഷ്ടമല്ല.. അതും അവൾ കേരളത്തിന്‌ പുറത്താ പഠിച്ചേ.. വീട്ടുകാർ അറിയാതെ എന്തൊക്കെ തരികിടകൾ കളിച്ചിട്ടുണ്ടെന്നു ആർക്കറിയാം.. അതുമല്ല കൂടെയുള്ള ഡോക്ടറുമായൊക്കെ നൈറ്റ്‌ ഷിഫ്റ്റിൽ പല സെറ്റപ്പും ഉണ്ടാവും. പിന്നെ ഡ്യൂട്ടി ടൈമിൽ മൊബൈലിൽ കുത്തി കാമുകനുമായി പഞ്ചാരയടിച്ചു രോഗിക്ക് മരുന്ന് മാറി കൊടുത്തു പോയ നഴ്സുമാരെ വരെ ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ടൊക്കെ എനിക്കെങ്ങും വേണ്ടാ ആ കുട്ടിയെ. അത്രയ്ക്കും ദണ്ണം ആണേൽ നീ തന്നെയങ്ങു അവളെ കെട്ടിക്കോ…!” അലൻ പുച്ഛിച്ചു കൊണ്ട് പറഞ്ഞു.

“പ്പാ ചെ റ്റേ.. നിർത്തെടാ വണ്ടി… നിന്റെയീ മൂന്നാംകിട ചിന്തകൾ കൊണ്ടാ നീ നന്നാവാത്തേ.. എനിക്കുമുണ്ടെടാ ഒരു അനിയത്തി. അവളും കോട്ടയത്ത്‌ നഴ്സിങ്ങിന് പഠിക്കാ.. നീ നാളെ അവളെ കുറിച്ചും ഇങ്ങിനെ പറയുന്നതിൽ ഒരു അത്ഭുതവുമില്ല. നീ എന്നേലും പഠിക്കുമെടാ. എന്തായാലും നിന്റെ ഈ ചിന്താഗതിയോട് ഞാനൊരിക്കലും യോജിക്കില്ല. ഞാനേ.. ഇവിടുന്നു ബസ് പിടിച്ചു പോയ്കൊള്ളാം.. നീ ഒറ്റയ്ക്ക് തന്നെ ബൈക്കിൽ പൊയ്ക്കോ.. മതി നിന്നോടുള്ള കമ്പനി” നോബി അവനെ കൊണ്ട് വണ്ടി നിർത്തിച്ചു ബസ്റ്റോപ്പിലേക്ക് തിരിഞ്ഞു നടന്നു.

രണ്ടു വർഷം കടന്നു പോയി..

നല്ലൊരു ജോലിക്കുള്ള വിസ വന്നപ്പോൾ അലന് ഗൾഫിലേക്ക് പോകേണ്ടി വന്നു. കൊറോണ കാലം തുടങ്ങിയത് കൊണ്ട് ഗൾഫിലെത്തിയപ്പോൾ പി സി ആർ ടെസ്റ്റ്‌ ചെയ്തു. ടെസ്റ്റ്‌ റിസൽട്ട്‌ വന്നപ്പോൾ കോവിഡ് പോസിറ്റീവാണ്.

ശ്വാസം മുട്ടലിന്റെ ചെറിയൊരു പ്രശ്നമുള്ളത് കൊണ്ട് അലന് അസുഖം അല്പം മൂർചിച്ചു. വെന്റിലേറ്ററിൽ കിടന്നു ശ്വാസത്തിനു വേണ്ടി പിടയുമ്പോളും അവന് ചുറ്റും രക്ഷകരായി ഒരു പറ്റം നഴ്സുമാരാണ് ഉണ്ടായിരുന്നത്.

ഒരാഴ്ചക്കു ശേഷം കോവിഡ് വാർഡിലേക്ക് മാറ്റിയപ്പോളും മൂന്ന് നേരവും അവനെ ശുശ്രൂഷിച്ചത് അവൻ പുച്ഛിച്ചു തള്ളിയ അതേ നഴ്സുമാർ ആയിരുന്നു. അന്യ നാട്ടിലായതു കൊണ്ട് ഇംഗ്ലീഷും ഹിന്ദിയും അറബിയു മൊന്നുമറിയാതെ സാധാരണക്കാരനായ അലൻ നന്നേ കഷ്ടപ്പെട്ടു.

ആ ബുദ്ധിമുട്ട് മനസിലാക്കി അവനെ സഹായിച്ചതും നോക്കിയതുമെല്ലാം മാസ്ക്കും ഫേസ് ഷീൽഡും പി പി ഇ കിറ്റും ധരിച്ച ഒരു മലയാളി നഴ്‌സ്‌ ആയിരുന്നു.

പതിനഞ്ചു നാളുകൾക്കു ശേഷം നെഗറ്റീവ് റിസൽട്ടുമായി ഹോസ്പിറ്റൽ വിട്ടു ഇറങ്ങാൻ നേരം അലൻ ആ നഴ്സിനോട് പറഞ്ഞു “നിങ്ങൾ മലയാളിയായി ഇവിടെയുള്ളത് കൊണ്ടാണ് എനിക്കൊരു ബുദ്ധിമുട്ടും അറിയാഞ്ഞത്. നിങ്ങളോട് എങ്ങിനെ നന്ദി പറയണമെന്നെനിക്കറിയില്ല”

“നന്ദിയൊന്നും വേണ്ട ചേട്ടാ.. പക്ഷെ നഴ്സുമാരെ കുറിച്ചുള്ള ചേട്ടന്റെ ചിന്താഗതിയൊന്നു മാറ്റിയാൽ മതി. പണ്ട് നാട്ടിൽ വെച്ച് ചേട്ടൻ എന്നെ പെണ്ണ് കാണാൻ വന്നിരുന്നു. അന്ന് എന്നെ കുറിച്ച് ചേട്ടൻ ധരിച്ചു വെച്ചതൊക്കെ അന്ന് കൂടെ വന്ന സുഹൃത്തിന്റെ അനിയത്തി മുഖേന ഞാൻ അറിഞ്ഞു. ആ കുട്ടി ഞാൻ ജോലി ചെയുന്ന ഹോസ്പിറ്റലിൽ വിസിറ്റിനു വന്നിരുന്നു. ചേട്ടൻ പറഞ്ഞ പോലത്തെ പെൺകുട്ടികൾ ഈ ലോകത്ത് പല സ്ഥലത്തും ഉണ്ടാകും. എന്ന് കരുതി ലോകത്തിലെ എല്ലാ പെൺകുട്ടികളും അങ്ങിനെയാണെന്ന് ഒരിക്കലും കരുതരുത്. ഒരു പെൺ കുട്ടിയുടേയും സ്ഥിതി അറിയാതെ അവരെ വിലയിരുത്തരുത്.

പലരും ഇഷ്ടം ഉണ്ടായിട്ടല്ല നാടും വീടും കുടുംബവും വിട്ടു ഈ മണലാരണ്യത്തിൽ വന്ന് ഒറ്റക്ക് ജോലി ചെയ്ത് കഷ്ടപ്പെടുന്നത്. നിവൃത്തി കേടു കൊണ്ടാ…!!കഷ്ടപ്പാടിൽ നിന്നൊന്നു കുടുംബം കര കേറി കിട്ടാൻ വേണ്ടിട്ടാ. ഇളയത്ങ്ങളെ പഠിപ്പിച്ചു ഒരു നിലയിൽ എത്തിക്കാനും സ്വന്തമായി ഒരു കൂരയുണ്ടാക്കാനു മൊക്കെ വേണ്ടീട്ടാ ചോര നീരാക്കി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ഞാനൊക്കെ ഈ പണിക്കിറങ്ങുന്നേ. രാവിലെ മുതൽ രാത്രി വരെ ചൂടുള്ള ഈ പ്ലാസ്റ്റിക് കിറ്റുകളും ധരിച്ചു ഒന്ന് ബാത്‌റൂമിൽ പോകാൻ വരെ പറ്റാതെ സ്‌നഗ്ഗി പാഡ് വെച്ചു കഷ്ടപ്പെട്ടിട്ടാ ഞങ്ങളിൽ പലരും നിങ്ങളെയൊക്കെ ശുശ്രൂഷിക്കുന്നെ.

ചെയ്യുന്ന ജോലിയോടുള്ള ആത്മാർഥത കൊണ്ടും ഒരല്പം മനുഷ്യത്വം ഉള്ളിലുള്ളത് കൊണ്ടുമാണ് നിങ്ങളൊക്കെ ഇവിടുത്തെ മരണ കിടക്കയിൽ നിന്നും ജീവനോടെ എണീറ്റു പോകുന്നേ..! അത് കൊണ്ട് ചേട്ടൻ അന്ന് പുച്ഛിച്ച എന്റെയീ ജോലിയുണ്ടല്ലോ.. അതിനെ ഞാനിന്ന് അഭിമാനത്തോടെ പറയും “ഞാനൊരു നഴ്‌സ്‌ ആണ്.. ദൈവത്തിന്റെ സ്വന്തം മാലാഖ..!!”

Related Posts

Leave a Reply

Your email address will not be published. Required fields are marked *