സത്യം പറ മനുഷ്യാ ആരാ നിങ്ങളെ ഈ പാതിരാത്രിക്ക്‌ വിളിക്കാൻ.. മര്യാദക്കു പറഞ്ഞോ……

എഴുത്ത്:-വൈശാഖൻ

ഐശ്വര്യാ റായിടെ ഒപ്പം ഉള്ള ഒരു പാട്ട് സീൻ ആയിരുന്നു കണ്ടു കൊണ്ടിരുന്നത് .പോരാ ഐശ്വര്യ ഒട്ടും റൊമാന്റിക്‌ അല്ല .എന്നോട് ഒട്ടും ഇഴുകി ചേരുന്നില്ല .ഇവരെയൊക്കെ വെച്ച് ഈ സംവിധായകൻ എങ്ങനെ പടം ചെയ്യുന്നു എന്തോ..പെട്ടെന്നാണ് സീൻ മാറിയത് ,ഇപ്പൊ അരവിന്ദ് സാമിയും ശ്രീദേവിയും .ശിശിര കാല സോങ്ങിന്റെ പശ്ചാത്തലം ..തണുത്തുറഞ്ഞ മലകൾ..ആഹാ എന്തൊരു തണുപ്പ്..

“എന്റെ മനുഷ്യാ എത്ര നേരമായി ആ ഫോൺ അടിക്കുന്നു ,നട്ട പാതിരാ ആയാലും കാണും ഓരോരോ പ്രാന്തന്മാർ മനുഷ്യന്റെ ഉറക്കം കളയാനായിട്ട് “,

ശ്രീമതി പിറു പിറുത്തു കൊണ്ട് തിരിഞ്ഞു കിടന്നു .ഭാഗ്യം പ്രാന്തികൾ എന്ന് പറഞ്ഞില്ലല്ലോ.റിങ്ങിംഗ് ടോൺ മാറ്റേണ്ട സമയം ആയിരിക്കുന്നു.ആ മൊയ്തീൻ ഇട്ടായിരുന്നേൽ പാർവതിയെ കാണാമായിരുന്നു ,ആ പറഞ്ഞിട്ടെന്താ… പോയ ബുദ്ധി “എന്റെ ഭാര്യ” പിടിച്ചാ പോലും കിട്ടില്ലല്ലോ.ശ്രീദേവിക്ക് ഇപ്പൊ നല്ല പ്രായം ആയി കാണും.ആയ കാലത്ത് എന്ത് സൌന്ദര്യം ആയിരുന്നു..ഹോ ഓർത്തിട്ടു തന്നെ മനസ്സ് ഹൃദംഗ പുളംഗിത ആവുന്നു…

ദേ നിങ്ങളോടാ പറഞ്ഞെ മര്യാദക്കു ഫോൺ എടുക്കാൻ.കൊച്ചെങ്ങാനും ഉണർന്നാൽ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം

.ഹോ എന്തൊരു വൃത്തി കേട്ട ശബ്ദം ,മറ്റെന്തും സഹിക്കാം ഇവളുടെ ഈ ഒച്ച ..സംഗീത ബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു സാധനം .ഇത്ര മനോഹരമായ ആ ഓടക്കുഴൽ ഹമ്മിംഗ് കേട്ട് ആസ്വദിക്കാൻ പറ്റുന്നില്ല പോലും..വേണ്ട ആലോചിച്ചിരുന്നു ഫോൺ എടുക്കാൻ വൈകിയാൽ രാത്രി മുഴുവൻ കൊച്ചിന്റെ കീറൽ പാട്ട് ഞാൻ കേൾക്കേണ്ടി വരും..ആരാണാവോ ഇത്ര അത്യാവശ്യക്കാരൻ ,ദൈവമേ ഇനി ഇവളുടെ അപ്പൻ വക്കച്ചൻ എങ്ങാനും അറ്റാക്ക്‌ വന്നു തട്ടിപ്പോയോ ,ചുമ്മാ കൊതിപ്പിക്കല്ലേ പുണ്യാളാ……

അല്ല അവളുടെ വീട്ടിൽ നിന്നല്ല ,പുറത്ത് നിന്നാണ് ,ഇതാരപ്പാ എന്നെ വിളിക്കാൻ അതും പുറത്തൂന്നു .എന്റെ അറിവിൽ ആരും അങ്ങനെ.ഇനിയിപ്പോ വല്ല നൈജീരിയെന്നോ മറ്റോ ആണോ ,എടുത്താ കാശ് പോവോ.ഹേയ് അതില്ല കാശ് ഉണ്ടെങ്കിലല്ലേ പോവു.എന്തും വരട്ടെ എടുത്തേക്കാം.കോളേജിൽ കൂടെ പഠിച്ച നിമ്മി ഇപ്പൊ ഗൾഫിൽ ആണ്.പണ്ട് ഒരു നോട്ടം ഉണ്ടായിരുന്നതാ,ചിലപ്പോ അവൾ ആയിരിക്കോ ,നൂറു ചിന്തകള് മനസ്സിലൂടെ പാഞ്ഞു.ഇനി ഇപ്പൊ ആണെങ്കിലോ ,വേഗം എടുത്തേക്കാം ,ഭാര്യ എങ്ങാനും എടുത്താ ഇവിടെ കൊലപാതകം ഉറപ്പാ.

നാല് തവണ കാൾ വന്നിടുണ്ട് ..ദാ വിളിക്കുന്നു പിന്നേം.ആകാംക്ഷയോടെ ഫോൺ എടുത്തു ഹലോ പറഞ്ഞു മറു വശത്തെ ശബ്ദത്തിനായി കാതോർത്തു.

ഡാ നിനക്കെന്നെ മനസ്സിലായോ ഒന്നോർത്തു നോക്യേ ?

നശിപ്പിച്ചു ഏതോ അലവലാതി ആണ് ,നട്ട പാതിരാക്ക്‌ ഇണ്ടാക്കാൻ ഇറങ്ങിയിരിക്കുന്നു .തെണ്ടി .മനസ്സില് വന്ന നിരാശയും ദേഷ്യവും ഏതായാലും പുറത്ത് ചാടീല ,വളരെ അച്ചടക്കത്തോടെ ,മാന്യതയോടെ ഞാൻ ഇല്ല മനസ്സിലായില്ല എന്ന് മറുപടി പറഞ്ഞു ..

നീ ഒന്നുടെ ഒന്നോർത്തു നോക്ക്.ഈ ശബ്ദം മുൻപ് കേട്ടിട്ടുണ്ടോ എന്ന്

.എന്നിട്ടവൻ എനിക്ക് മനസ്സിലാവാൻ ഒരു പാട്ടും പാടി..ഹോ..അവന്റെ മാതാവിന്റെ ഒരു ……..”അയ്യോ തെറ്റിദ്ധരിക്കല്ലേ ഞാൻ ഒരു മാന്യൻ അല്ലെ…അവന്റെ മാതാവിന്റെ വീടിന്റെ അടുത്താണല്ലോ എന്റെ മാതാവിന്റെ വീട്..അപ്പൊ അവൻ എന്നോടിങ്ങനെ ചെയ്യാമോ” .പാട്ട് കേട്ടു..ഇങ്ങനെയും ഒരാൾക്കു പാടാൻ പറ്റുമോ.ഇനി വല്ലവന്മാരും നമ്പർ മാറി വിളിച്ചതായിരിക്കുമോ,

സോറി നിങ്ങൾക്കു ആള് മാറി എന്നാ തോന്നുന്നേ ,

അല്ലെടാ ആള് മാറിട്ടില്ല ഞാൻ നിന്നെ തന്നെയാ വിളിച്ചേ ,നിനക്കൊരു പിടീം കിട്ടുന്നില്ലേ ,

പിന്നേ 5 കൊല്ലം കൂടെ താമസിച്ചിട്ട് ആ അടുത്ത് കിടക്കുന്ന സാധനത്തിനെ തന്നെ എനിക്ക് പിടി കിട്ടിയിട്ടില്ല അപ്പഴാ അവന്റെ ഒരു പാതിരാ കുർബാന,

“പൊന്നു സുഹൃത്തേ എനിക്ക് നിങ്ങളെ മനസ്സിലായില്ല മാത്രമല്ല ഇവിടെ സമയം ഏകദേശം ഒരു മണി ആയിരിക്കുന്നു.ആയതിനാൽ എന്റെ നാഡീ ഞരമ്പുകൾക്കു ഇപ്പൊ ഓർമ്മകൾ ചികയാൻ തീരെ സൗകര്യം ഇല്ല” എന്നാണ് പറയുന്നത്.ആയതിനാൽ താങ്കളുടെ ആ മനോഹരമായ നാമധേയം ഈ ഉള്ളവനോട് മൊഴിഞ്ഞാൽ വളരെ ഉപകാരമായിരുന്നു.

എന്റെ മലയാള ഭാഷയിലുള്ള പ്രവീണ്യം അവനെ മാത്രമല്ല എന്റെ ഭാര്യയെയും കുഞ്ഞിനേയും വരെ ഞെട്ടിച്ചു എന്ന് തോന്നുന്നു .രണ്ടു പേരും ഒരുമിച്ച് ചുമച്ചു തിരിഞ്ഞു കിടന്നു.

“ഓ…സോറി ഡാ ഞാൻ ആ കാര്യം മറന്നു പോയി.ഇവിടിപ്പോ പകലാ അതാ ഞാൻ.നിനക്കൊരു പിടീം കിട്ടാത്ത സ്ഥിതിക്ക് ഞാൻ തന്നെ പറയാം ,ഞാൻ ജേക്കബ്‌ .ജേക്കബ്‌ ജോൺ തരകൻ,പണ്ട് നിന്റെ കൂടെ 10 C യിൽ പഠിച്ച ആ സുന്ദരനായ മിടുക്കനായ വിദ്യാർഥി.എല്ലാവരുടെയും കണ്ണിൽ ഉണ്ണി”

ഇവൻ കോമഡി പറയുന്നതാണോ അതോ സ്വയം പൊക്കി പറയുന്നതാണോ എനിക്കൊന്നും മനസ്സിലായില്ല.ആ നീയാണല്ലേ നിന്റെ സ്വഭാവത്തിന് ഒരു മാറ്റോം വന്നിട്ടില്ലലോ (ഞാൻ ഉദേശിച്ചത് പൊങ്ങി തരം ആണെന്ന് ആ പൊട്ടന് മനസ്സിലായില്ല )..

ഹ ഹ എന്റെ കുസൃതി അല്ലെ,അതിപ്പഴും ഉണ്ട് .പ്രായം ആയാലും അതൊക്കെ മാറുമോ .അതൊക്കെ അല്ലെ ജീവിതത്തിലെ ഒരു രസം…രസം മാങ്ങതൊലി,ഈ പിശാച് എന്തിനാണാവോ ഇപ്പൊ വിളിചേക്കുന്നെ വല്ല മെച്ചം ഉള്ള കാര്യത്തിനാണോ എന്തോ..ഞാനും കൂടെ നന്നായൊന്നു അട്ടഹസിച് ചിരിച്ചു കൊടുത്തു..ചിരി ഇച്ചിരി കൂടിയോ എന്നൊരു സംശയം..ഭാര്യ പിന്നേം ചുമച്ചു തിരിഞ്ഞു കിടന്നു.ഭാഗ്യം എണീറ്റില്ല .ഞാൻ പയ്യെ ഫോണും എടുത്ത് മുറിക്കു പുറത്തിറങ്ങി..

ഡാ ഞാൻ വിളിച്ചത് വേറൊന്നുമല്ല എന്റെ കല്യാണം നിശ്ചയിച്ചു.നിന്നെ ക്ഷണിക്കാൻ വിളിച്ചതാ..അന്നാദ്യമായി ഒരു പാതിരക്ക് എന്റെ ഹൃദയം ഈറൻ അണിഞ്ഞു.എന്റെ കൂട്ടുകാരൻ,14 കൊല്ലം മുന്പ് കൂടെ പഠിച്ചു എന്നുള്ള ഒറ്റ കാരണത്താൽ അമേരിക്കയിൽ നിന്നും കാഷ് മുടക്കി എന്നെ വിളിച്ചിരിക്കുന്നു. അറിഞ്ഞില്ല..കണ്ടില്ല..സുഹൃത്തേ ഞാൻ ആ മനസ്സ്.എന്റെ കല്യാണം അവനെ വിളിച്ചില്ലല്ലോ എന്നോർത്ത് എന്റെ മനസ്സ് വിങ്ങി…

പണ്ട് പഠിച്ചു കൊണ്ടിരുന്നപ്പോൾ അവൻ എന്നോട് ചെയ്തിട്ടുള്ള ചെ റ്റ തരങ്ങൾ എല്ലാം ഞാൻ ആ നിമിഷം മറന്നു.എക്സാം ഹാളിൽ ജൂൾസ്‌ നിയമത്തിന്റെ തുടക്കം ഒന്ന് പറഞ്ഞു തരാതിരുന്നതും ,മറിയാമ്മ ടീച്ചറിനെ കുറിച് പാരഡി പാട്ട് ഉണ്ടാക്കിയപ്പോ അത് പോയി ടീച്ചർ നോട്‌ പറഞ്ഞു കൊടുത്തതും ,കീറിയിരുന്ന എന്റെ പാന്റിന്റെ മൂഡ്‌ ക്ലാസ്സിലെ പെണ്കുട്ടികള്ക്ക് കാണിച്ചു കൊടുത്തതും ,അമ്പയർ നിന്ന് എന്നെ കള്ള ഔട്ട്‌ ആക്കിയതും ….

ഇതിനെല്ലാം പുറമേ എന്റെ വീട്ടിൽ വന്നു എന്റെ അമ്മേടെ അടുത്ത് എന്റെ കുറ്റങ്ങൾ പറഞ്ഞു കൊടുത്ത് നല്ല പിള്ള ചമഞ്ഞു അവൻ പോയപ്പോ,അമ്മ എന്റെ മടക്കല ബാറ്റ് എടുത്ത് എന്നെ തല്ലാൻ ഓടിച്ചതും എല്ലാം എല്ലാം ഞാൻ ആ നിമിഷം മറന്നു പോയി.പോട്ടെ പിള്ളേരല്ലേ ആ സമയത്ത് അങ്ങനൊക്കെ പതിവല്ലെ..ഡാ പറ..വേറെ ആരെയൊക്കെ വിളിച്ചിട്ടുണ്ട് ..എല്ലാരേം കാണാലോ.. ഇല്ലെടാ ഞാൻ നിന്നെ മാത്രേ വിളിക്കുന്നുള്ളൂ….

ഹോ..ഇവനെന്നോട് മാത്രം ഇത്ര സ്നേഹം ഉണ്ടായിരുന്നോ.ഇങ്ങനെ എന്നെ സ്നേഹം കൊണ്ട് കരയിക്കല്ലേടാ കൊച്ചു കഴു……ടെ മോനെ..എന്റെ മനസ്സു പറഞ്ഞു.ആ നീ പറ..വേറെ എന്തൊക്കെ ഉണ്ട്.എവിടുന്നാ പെണ്ണ് ..ജോലി ഉള്ള കുട്ടി ആണോ.പെണ്ണിനെ പറഞ്ഞാ നീ അറിയും നിന്റെ വീടിന്റെ അടുത്താ അപ്പന്റെ പേര് മത്തായി.ഏതു കുന്നെലെ???!!!!! ,ആ ചെറിയ കുട്ടിയോ ,നിന്നെക്കാൾ 12 വയസ്സ് കുറവല്ലേടാ,നമ്മൾ പത്തിൽ പഠിക്കുമ്പോ ആ കൊച്ചു നടന്നു തുടങ്ങിട്ടല്ലേ ഉള്ളു ??…..

അതേടാ വീട്ടുകാർ പോയി ഉറപ്പിച്ചതാ ,പ്രായം ഇച്ചിരി കുറച്ചാ പറഞ്ഞേക്കണേ,നീ പോയി നമ്മൾ ഒരുമിച്ച് പഠിച്ചതാന്നും പറഞ്ഞു നശിപ്പിക്കരുത് ..ഇനി എങ്ങാനും പറഞ്ഞാ തന്നെ നീ തോറ്റു തോറ്റു പഠിച്ചപ്പോ ഒപ്പം വന്നതാ എന്നൊന്ന് പറഞ്ഞേക്കണം.നിന്റെ കല്യാണം കഴിഞ്ഞില്ലേ ഇനി നിനക്ക് കുഴപ്പോല്ലല്ലോ ..എങ്ങനെങ്കിലും ഇതൊന്നു നടത്തണം.നീ ആയ്ട്ട് വെറുതെ.. …പിന്നേ എനിക്ക് കല്യാണം മുടക്കൽ അല്ലെ പണി.ശരി ഞാനൊന്നും പറയുല്ല പോരെ..നീ വിളിച്ചില്ലേലും ആ കല്യാണത്തിന് എനിക്ക് ക്ഷണം ഉള്ളതാ..ഞാൻ വന്നേനെ.

അതെനിക്കറിയാം അളിയാ അത് കൊണ്ടല്ലേ ഞാൻ ഇപോ വിളിച്ചേ..അയ്യേ.. അളിയനോ, ഏത് വകയിൽ..അത് എടാ ഞാൻ കെട്ടാൻ പോണ പെണ്ണ് നിനക്ക് പെങ്ങളെ പോലല്ലേ അപ്പൊ ഞാൻ നിന്റെ അളിയൻ അവുലെ..ആ ശരി ശരി ..വേറെ വിശേഷം ഒന്നും ഇല്ലല്ലോ…എന്നാ വെച്ചോട്ടെ ??..ഡാ വെക്കല്ലേ ഒരു കാര്യം കൂടെ ..ചോദിക്കുന്നത് കൊണ്ട് വേറൊന്നും തോന്നരുത്…ആ പെണ്ണിന് വേറെ സ്വഭാവ ദൂഷ്യം ഒന്നും ഇല്ലല്ലോ അല്ലെ..വേറൊന്നും കൊണ്ടല്ല ..നിന്നോട് ചോദിച്ചാ നാട്ടിലെ സകല സ്ത്രീകളുടെം വിവരങ്ങൾ കിട്ടൂലോ….അതാ…

വൃത്തികെട്ടവൻ..ഇവനെ കെട്ടാൻ പോണു എന്ന ഒരേ ഒരു ദൂഷ്യം മാത്രേ ആ കുട്ടിക്ക് ഉള്ളു ..ഞാൻ ഓർത്തു..ഹേയ് ഇല്ലെടാ നല്ല കുട്ടിയാ…കാര്യം പറഞ്ഞു കഴിഞ്ഞതും ഒരു നന്ദി പോലും പറയാതെ അവൻ ഒറ്റ പോക്ക്..അല്ലേലും ജാത്യാൽ ഉള്ളത് തൂത്താൽ പോവുല്ലല്ലോ…

തിരികെ മുറിയിലേക്ക് കേറാൻ പോയ ഞാൻ ഇരുട്ടത്തൊരു രൂപം കണ്ടു ഞെട്ടി പോയി…സത്യം പറ മനുഷ്യാ ആരാ നിങ്ങളെ ഈ പാതിരാത്രിക്ക്‌ വിളിക്കാൻ.. മര്യാദക്കു പറഞ്ഞോ ഇല്ലേൽ മുട്ടുകാലു ഞാൻ കേറ്റും..ഡീ അത് ഒരു സുഹൃത്ത്‌ കല്യാണം വിളിച്ചതാ…പിന്നേ ..ഈ സമയത്തല്ലേ കല്യാണം വിളി ..മത്തായി ചേട്ടന്റെ പേരൊക്കെ പറയണ കേട്ടല്ലോ.വേഗം പറഞ്ഞോ …..ദൈവമേ ഞാൻ ചെകുത്താനും കടലിനും ഇടയിൽ പെട്ടത് പോലെ ആയല്ലോ …

പറഞ്ഞാൽ നടക്കാൻ പോണ ഈ കല്യാണം…പറഞ്ഞില്ലേൽ നടന്ന എന്റെ ഈ കല്യാണം…ഏതായാലും ഇന്നൊരു തീരുമാനം ആവും..ചത്തില്ലേൽ വീണ്ടും കാണാം…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *