കാലം കാത്തുവച്ചത് ~ ഭാഗം 13, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

എന്നെ മാത്രം നോക്കി, എന്റെ ഓരോ ചലനങ്ങളും മനസ്സിലേക്ക് പകർത്തി ആ കണ്ണുകൾ നേരം വെളുക്കും വരെ തുറന്നിരുന്നു…

ഉറക്കമിളച്ചതിനാൽ രാവിലെ പതിവിലും വൈകിയാണ് ഞാൻ എണീറ്റത്… എഴുന്നേറ്റപ്പോൾ കണ്ടു എന്റെ നേരെ അഭിമുഖമായി കിടക്കുന്ന ഹരിയേട്ടൻ.. കനമുള്ള മുടി കുറച്ചു നീളത്തിൽ ബാൻഡേജിനു പുറത്ത് മുഖത്തേക്ക് വീണു കിടക്കുന്നുണ്ട്…

കൈനീട്ടി മുടി മാടിവെക്കാൻ തോന്നിയെങ്കിലും പെട്ടെന്ന് ആ തോന്നൽ ഉപേക്ഷിച്ചു എഴുന്നേറ്റു.. കുളിച്ചു പുറത്തേക്ക് കടന്നപ്പോൾ പെട്ടെന്നു മനസ്സിലേക്ക് ഒരു ചിന്ത കടന്നു വന്നു… വേഗം തിരിഞ്ഞു ഡ്രസിങ് ടേബിളിനരികിലേക്ക് വന്നു.. മരം കൊണ്ട് തീർത്ത മനോഹരമായ ചെപ്പിൽ നിന്നും കടും ചുവപ്പ് നിറത്തിലുള്ള സിന്ദൂരം ഒരു നുള്ള് എടുത്ത്… സീമന്ത രേഖയിൽ ചാർത്തി…

മനസ്സ് എന്തൊക്കെയോ നേടിയ പോലെയുള്ള സന്തോഷത്തിൽ ആണ്…വിരലിൽ പറ്റിപ്പിടിച്ച ബാക്കി കുങ്കുമം പുരികങ്ങൾക്കു ഇടയിൽ നെറ്റിയിൽ തൊട്ടു… ഒരടി പുറകോട്ടു മാറി വീണ്ടും കണ്ണാടിയിലേക്ക് നോക്കി…

എന്തോ കുറവുണ്ട്..

എന്താണ്…

ഇത്രനാൾ ഒരു ചമയങ്ങളും ഇല്ലാതെ, ഒന്നിലും താല്പര്യമില്ലാതെ നടന്നിരുന്നെങ്കിലും ഇപ്പോൾ എന്തോ അണിഞ്ഞൊരുങ്ങണമെന്ന് തോന്നുന്നു..

ആർക്കോ വേണ്ടി… ആർക്കോ എന്നതിൽ ആർക്കാണ് എന്ന് എന്ന് ആലോചിക്കും തോറും മുഖത്ത് നാണം വിരിഞ്ഞു..

എനിക്ക് എന്താണ് സംഭവിക്കുന്നത്… ഞാൻ മറ്റൊരാളായി മാറുകയാണോ…എനിക്ക് പോലും പരിചിതമല്ലാത്ത ഒരാൾ… ചിന്തകൾ നീളവേ കൈകൾ ഡ്രസിങ് ടേബിളിൽ വച്ചിരിക്കുന്ന കണ്മഷിയിലേക്ക് നീണ്ടു.. വിരൽ തുമ്പിൽ കണ്മഷിയാക്കി കണ്ണുകൾ തുറന്നു പിടിച്ചു ഉള്ളിലേക്ക് നീട്ടി എഴുതി… ബാക്കി വന്ന കൺമഷി മുടിയിൽ തടവി ഒരു പുഞ്ചിരിയോടെ മുറിക്കു പുറത്തേക്ക് നടന്നു..

മാമി ഇന്ന് വരുന്ന കാര്യം ഒന്നും പറഞ്ഞില്ല.. എങ്കിലും മാമിയെ കൂടി കണക്കാക്കി ഭക്ഷണം തയ്യാറാക്കി… രാവിലത്തെ തിരക്കുകൾ കഴിയുമ്പോഴേക്കും ഹരിയേട്ടൻ താഴേക്ക് ഇറങ്ങി വന്നു.. ഭക്ഷണം വിളമ്പി വച്ചു ഞാൻ മാറി നിന്നു പരിഭവത്തോടെ….

ഒരു വാക്ക് പോലും മിണ്ടാതെ ഭക്ഷണത്തിൽ മാത്രം ശ്രദ്ധിച്ചു….

എന്നെ നോക്കാതായപ്പോൾ ദേഷ്യം വന്നു ഞാൻ അരികിൽ ഇരുന്ന വെള്ളം നിറഞ്ഞ ഗ്ലാസ് അറിയാത്ത മട്ടിൽ തട്ടിയിട്ടു…

വെള്ളം ദേഹത്തു വീണപ്പോൾ ഒന്നും മിണ്ടാതെ പ്ലേറ്റ് എടുത്ത് അടുത്ത ചെയറിലേക്ക് ഇരുന്നു കഴിക്കാൻ തുടങ്ങി…

അതെന്റെ ദേഷ്യം വീണ്ടും കൂട്ടി..

എന്റെ മുഖത്ത് പോലും നോക്കാൻ പറ്റില്ല അല്ലെ…

എന്നാൽ ശരി…

പ്ലേറ്റിലേക്ക് രണ്ടു ദോശയും കുറച്ചു അധികം സാമ്പാറും ഒഴിച്ചു… വഴക്ക് പറയാൻ ആയെങ്കിലും ഒന്ന് മുഖത്ത് നോക്കുമല്ലോ…

പക്ഷെ അതും ഉണ്ടായില്ല…

പ്ലേറ്റിലേക്ക് തല കുനിച്ചു ഭക്ഷണം മുഴുവൻ കഴിച്ചു തീർത്തു…

കൈ കഴുകാൻ പോയപ്പോൾ ഞാൻ ചായ വീണ്ടും ചൂടാക്കി എടുത്തു.മുമ്പിലേക്ക് കപ്പ് നീട്ടി…

ഒന്ന് നോക്കാതെ, ഒന്നും മിണ്ടാതെ കപ്പ്‌ വാങ്ങി… ഒറ്റ ഇറക്കിനു ചായ കുടിച്ചു.. കപ്പ്‌ എന്റെ കയ്യിൽ തന്നു മുകളിലേക്ക് പോയി…

എന്റെ ഞെട്ടൽ അപ്പോഴും മാറിയിരുന്നില്ല….

അത്രയും ചൂടുള്ള ചായ ആണ് ഒറ്റ ഇറക്കിന് കുടിച്ചത്…

ആഹാ… അപ്പൊ ഞാൻ എന്ത് ചെയ്താലും മിണ്ടില്ലെന്നാണോ….

എന്നാൽ സംസാരിപ്പിച്ചേ മതിയാവൂ…

ധാവണിയുടെ തുമ്പെടുത്തു എളിയിൽ കുത്തി ഞാൻ മുകളിലേക്ക് കയറി പോയി…

മുറിയിൽ ആളില്ല..

പിന്നെവിടെ…. ബാത്‌റൂമിൽ നിന്ന് ശബ്ദം കേട്ടു…

തിരികെ ഇറങ്ങി വരുന്നതും കാത്തു ഞാൻ നിന്നു…. ഏറെ നേരം ആയിട്ടും കാണാതായപ്പോൾ ഞാൻ ഡോറിൽ മുട്ടി വിളിച്ചു…

അതെ പുറത്ത് ഇറങ്ങിക്കെ എനിക്ക് ബാത്‌റൂമിൽ പോവണം.. നിർത്താതെയുള്ള എന്റെ ഒച്ചയിടലും തട്ടലും സഹിക്ക വയ്യാഞ്ഞിട്ടാവണം പുറത്തേക്ക് ഇറങ്ങി..

ഇതെന്താ തപസ്സു ആയിരുന്നോ…

എന്നും പിറുപിറുത്തു ഞാൻ ബാത്‌റൂമിൽ കയറി…

ഒരു ആവേശത്തിന് കയറിയതാണ്. ആവശ്യം ഉണ്ടായിട്ടല്ല..

എങ്കിലും കുറച്ചു നേരം ഉള്ളിൽ തന്നെ നിന്നു…

മുഖം ഒന്ന് കഴുകി പുറത്തേക്ക് ഇറങ്ങിയപ്പോൾ ഹരിയേട്ടൻ കട്ടിലിന്റെ തലക്കൽ ചാരി ഇരിക്കുന്നുണ്ടായിരുന്നു…

മരുന്ന് കഴിച്ചോ??

ഹ്മ്മ്…. ഒരു മൂളലിൽ മറുപടി ഒതുക്കി…

എനിക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു…

അതെ കൊറേ നേരം ആയി ഞാൻ നിങ്ങളുടെ മുന്നിൽ വന്നു നിൽക്കുന്നു.. ഓരോ കാര്യങ്ങൾ ചോദിക്കുന്നു…

ഇങ്ങനെ അവഗണിക്കാൻ ആണെങ്കിൽ സ്നേഹിക്കരുതായിരുന്നു… എന്നെ സ്നേഹിക്കാൻ പ്രേരിപ്പിക്കരുതായിരുന്നു… ഇന്നിപ്പോൾ നിങ്ങളുടെ ഒരു നോട്ടത്തിനായി ഞാൻ എത്ര ആഗ്രഹിക്കുന്നുണ്ടെന്നോ.. സ്നേഹമെല്ലാം ഉള്ളിൽ മൂടി വച്ചിട്ട് അതിനു കാവൽ ഇരിക്കുകയാണ് ഭൂതത്തിനെ പോലെ…

പ്രകടമാക്കാത്ത സ്നേഹം സ്നേഹം നിരര്ഥകമാണ്… പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യ ശേഖരം പോലെ ഉപയോഗ ശൂന്യവും.. (കടപ്പാട് : മാധവിക്കുട്ടി )

അതും കെട്ടിപിടിച്ചു ഇരുന്നോ…

അത്രയും ആവേശത്തിൽ പറഞ്ഞു കിതച്ചു കൊണ്ട് നിർത്തി ഞാൻ മുറിയിൽ നിന്നും ഇറങ്ങി നടന്നു..

എനിക്കെന്താണ് സംഭവിച്ചത്… വാശിയിൽ ഇറങ്ങി പോന്നു പറമ്പിലെ കുളത്തിനരികിൽ പോയിരുന്നു ഞാൻ ആലോചിച്ചു.. ഒരാളെ പോലും ഒരു വാക്കുകൊണ്ട് പോലും വേദനിപ്പിക്കാതെ, ദേഷ്യം കാണിക്കാത്ത എനിക്ക് ഇപ്പോൾ എന്താണ് സംഭവിച്ചത്.. എന്തിനാണ് ഞാൻ ഹരിയേട്ടനോട് ഇത്രയും ദേഷ്യപ്പെട്ടത്… എങ്ങിനെയാണ് എനിക്ക് ദേഷ്യപെടുന്നതിന് കഴിഞ്ഞത്…

മുൻപ് ആ പെരു കേൾക്കുമ്പോൾ പോലും ഭയവും വെറുപ്പും തോന്നിയിരുന്ന എനിക്ക് അതെല്ലാം എന്നിൽ നിന്ന് അകന്നു പോയത് എങ്ങനെയാണ് എന്ന് മനസ്സിലാവുന്നില്ല… ഇപ്പോൾ ആ സ്ഥാനത്തു ഹരിയേട്ടൻ എന്റെ മുഖത്ത് നോക്കാതിരിക്കുമ്പോൾ, ഒരു വാക്ക് സംസാരിക്കാതെ ഇരിക്കുമ്പോൾ എനിക്ക് എന്താണിത്ര വേദനിക്കുന്നത്..

ആ വേദനയിൽ നിന്നും കോപം ഉരുവാകുന്നത് എന്താണ്…. എന്നും എന്നെ ഭയപ്പെടുത്തി അധികാരം കാണിച്ചിരുന്ന ആൾ ഇന്നെന്തേ എന്നിൽ നിന്നും അകന്ന് നിൽക്കുന്നു…

നീ എന്റേതാണ് എന്ന് എല്ലായ്‌പോഴും ചേർത്ത് പിടിച്ചു പറഞ്ഞിരുന്ന ആൾ ഇന്നെന്തേ എന്നെ ചേർത്ത് പിടിക്കാത്തൂ.. എന്റെ ഉള്ളിലെ സ്നേഹം മനസ്സിലാക്കാത്തൂ… എന്റെ ആഗ്രഹങ്ങൾ തിരിച്ചറിയാതെ, എന്നെ അവഗണിക്കുന്നു……. എന്തിനു…. കണ്ണീർ തൂവിക്കൊണ്ടേ ഇരുന്നു

ഒന്നും തിരികെ പ്രതീക്ഷിക്കാതെ സ്നേഹിക്കണമെന്ന് പറയുന്നത് വെറുതെ ആണ്…. ഒരാൾക്കും കഴിയില്ല അതിനു… ഒരു നോട്ടം എങ്കിലും നമുക്കായി തിരികെ ആഗ്രഹിക്കുക തന്നെ ചെയ്യും… ആഗ്രഹങ്ങളും സ്വപ്‌നങ്ങളും അല്ലെ പ്രണയത്തിനു ഇത്രയും ഭംഗി നൽകിയത്… അവയൊന്നും ഇല്ലാത്ത പ്രണയം ഇലകൾ കൊഴിഞ്ഞ മരം പോലെയല്ലേ….

ഏറെ നേരം ആ ഇരുപ്പ് തുടർന്നു… വെയിൽ തലയ്ക്കു മേലെ വന്നു നിന്നപ്പോൾ മെല്ലെ എഴുന്നേറ്റ് വീട്ടിലേക്ക് നടന്നു… ഹരിയേട്ടനുള്ള ഭക്ഷണം ടേബിളിൽ വിളമ്പി മൂടി വച്ചു മുറിയിലേക്ക് നടന്നു…. എനിക്കെന്തോ വിശപ്പു തോന്നുന്നില്ലാരുന്നു.. രാവിലെ മുതൽ ഒന്നും കഴിക്കാതെ വെയിൽ കൊണ്ടിട്ടാവണം തല വേദനിക്കുന്നുണ്ട്.. മേശയുടെ ഡ്രോയിൽ നിന്ന് തലവേദനക്കുള്ള മരുന്നെടുത്തു വായിലിട്ടു ഗ്ലാസ്‌ ജാറിൽ നിറച്ചു വച്ച വെള്ളം കുടിച്ചു… ബെഡിൽ ഒരു ഓരത്തായി വന്നു കിടന്നു…

മരുന്നിന്റെ ഗുണം കൊണ്ടാവണം കുറച്ചു കഴിഞ്ഞപ്പോൾ കണ്ണുകൾ അടഞ്ഞു പോയി.. എഴുന്നേൽക്കുമ്പോൾ അരികിൽ ഹരിയേട്ടൻ ഉണ്ട്.. എന്റെ മുഖത്തേക്ക് ഉറ്റുനോക്കി കട്ടിലിനരികിൽ ഒരു ചെയറിൽ ഇരിക്കുന്നു.. ഞാൻ കണ്ണുകൾ തുറന്നത് കണ്ടു മുഖത്ത് ഒരു ആശ്വാസം ഉണ്ട്.. ഓഹ് ഇതെല്ലാം എന്റെ തോന്നൽ മാത്രമാണ്… അയാൾ ഇങ്ങനെ മാറാൻ ഒന്നും പോണില്ല….

പതിയെ പിറുപിറുത്തു ഞാൻ ദാവണി ശരിയാക്കി കട്ടിലിൽ നിന്നും എഴുന്നേറ്റു.. പുറത്തേക്ക് നടക്കുമ്പോൾ കയ്യിൽ ഒരു പിടുത്തം വീണു… തിരിഞ്ഞു നോക്കാതെ ഞാൻ നിന്നു… എന്റെ കയ്യിൽ നിന്നും പിടി വിടാതെ ഹരിയേട്ടൻ എഴുന്നേറ്റു.. അരികിലേക്കു വന്നു … ദേഷ്യവും പരിഭവവും പേരറിയാത്തൊരു പരിഭ്രമത്തിനു വഴി മാറുന്നത് ഞാൻ അറിഞ്ഞു… എന്റെ കയ്യിൽ പിടിച്ചു ഹരിയേട്ടനോട് ചേർത്ത് നിർത്തിയപ്പോൾ ഞാൻ വിറച്ചുപോയി… ഇടതു കൈ എന്റെ ഇടതു കയ്യോട് കോർത്തു എന്നോട് ചേർത്ത് പിടിച്ചു..

എന്താണ് അസമയത് ഒരു ഉറക്കം…. വിളിച്ചിട്ടും എഴുന്നേൽക്കാതെ വന്നപ്പോൾ… ഞാൻ എത്ര ഭയന്നെന്നോ…. ഗായത്രീ …

എന്നെ നെഞ്ചോട് ചേർത്ത് പിടിച്ചു പതിയെ ചോദിക്കുമ്പോൾ ഞാൻ അറിയാത്ത, എനിക്ക് അറിയാത്ത മറ്റൊരു ഭാവം ഞാൻ ഹരിയേട്ടനിൽ കാണുകയായിരുന്നു. അതിന്റെ പ്രതിഫലനം എന്നോണം എന്റെ ഹൃദയം കൂടുതൽ മിടിച്ചു… ഹരിയേട്ടനരികിൽ നിൽക്കവേ വാക്കുകൾ വറ്റി വരണ്ടുപോയി…

ഗായത്രീ….

വീണ്ടും ഹരിയേട്ടൻ വിളിച്ചു… തൊണ്ടക്കുഴിയിൽ വാക്കുകൾ പുറത്തേക്ക് വരാതെ തടയപ്പെട്ടതിന്റെ വിവശതയിൽ ഞാൻ ഹരിയേട്ടനിൽ നിന്നും അകന്നു മാറാൻ നോക്കി… പക്ഷെ ആ കരങ്ങൾ വിടുവിക്കാനുള്ള ശക്തി എന്റെ കൈകൾക്കും, അകന്നു മാറാനുള്ള തോന്നൽ മനസ്സിനും ഇല്ലായിരുന്നു… കാതിൽ വന്നു പതിക്കുന്ന നിശബ്ദമായ നിശ്വാസങ്ങൾക്ക് പോലും എന്റെ ഉള്ളിലെ വേവലാതി അതെ തീവ്രതയിൽ പുറത്തേക്ക് കൊണ്ടുവരാനുള്ള പ്രാപ്തി ഉണ്ടായിരുന്നു..

എന്തോ ഒരു ഉൾപ്രേരണയിൽ കഴുത്തു ചെറുതായി തിരിച്ചു ഞാൻ ഹരിയേട്ടനെ നോക്കി… പ്രണയത്തിന്റെ അലയിളകുന്ന ഒരു സാഗരം ഞാൻ ആ കണ്ണുകളിൽ കണ്ടു… അവയിൽ മുങ്ങി താഴാൻ കൊതിച്ചു കൊണ്ട് ഞാൻ സ്വയം അറിയാതെ ഹരിയേട്ടനോട് കൂടുതൽ ചേർന്ന് നിന്നു… മൗനം വേദിയൊരുക്കിയ എന്റെയും ഹരിയേട്ടന്റെയും പ്രണയം അവിടെ തുടങ്ങുകയായി… ഗായത്രിയുടെയും അവളുടെ ഹരിയേട്ടന്റെയും…

ശ്രീ ഹരിയുടെയും അവന്റെ സ്വന്തം ഗായത്രീ ദേവിയുടേയും…

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *