സഹായത്തിനായി കൈ നീട്ടിയ പലർക്കും അന്ന് വേണ്ടിയിരുന്നത് ഇരുപത്തി നാലുകാരിയുടെ ……

ദൈവദൂതൻ

Story written by Nijila Abhina

“ഞാൻ നിനക്കൊരു ഓഫർ തരട്ടെ “

“ഓഫർ??

“അതേ ഓഫർ തന്നെ, ഇതുവരെ നിനക്കാരും തരാത്തൊരു ഓഫർ “

എന്റെ ചുണ്ടിൽ വിരിഞ്ഞ പുച്ഛം അയാൾ കാണാതിരിക്കാൻ സാരിത്തലപ്പ് കൊണ്ട് മുഖമമർത്തി തുടച്ചു ഞാൻ.. പലരും തരാറുള്ള മോഹന വാഗ്ദാനങ്ങളിലേക്ക് ഒന്ന് കൂടി.. ഇരുട്ട് വീഴുമ്പോൾ, ഒരു പുതപ്പിനു കീഴിൽ സ്വപ്‌നങ്ങൾ നെയ്യുമ്പോൾ കാണിക്കാറുള്ള ആത്മാർത്ഥതയ്ക്ക് സൂര്യനുദിക്കുന്നത് വരെ മാത്രേ ആയുസ്സുണ്ടാവാറുള്ളു..

ലോകം മുഴുവൻ നിന്റെ കാൽക്കീഴിൽ കൊണ്ട് തരാമെന്ന് പറഞ്ഞവർ നേരം വെള്ള പുതയ്ക്കുന്നതിന് മുമ്പ് തലയിൽ തുണിയിട്ട് ഇടവഴിയിറങ്ങി പോകുന്ന വിരോധാഭാസമോർത്ത് പലപ്പോഴും ചിരിച്ചിട്ടുണ്ട്..

“എന്താടോ ആലോചിക്കുന്നത് മറുപടി പറഞ്ഞില്ല.. “

“സാറും പറഞ്ഞില്ല ഓഫർ എന്താണെന്ന് “

“താൻ റെഡിയാണെങ്കിൽ വണ്ടീലോട്ട് കേറിക്കോ വഴിയേ പറയാം. “

സംശയഭാവത്തിൽ ആ മുഖത്തോട്ട് നോക്കിയപ്പോൾ അയാളെന്നെ നോക്കി പറഞ്ഞു.

“പേടിക്കണ്ട താൻ ധൈര്യായി കേറിക്കോ “

അതിനുള്ളയെന്റെ മറുപടി ഒരു പൊട്ടിച്ചിരിയായിരുന്നു

“പേടിയോ എന്തിന്.. മാ നം വി റ്റ് ജീവിക്കുന്നവൾക്ക് ഇനിയെന്ത് നഷ്ടപ്പെടാൻ “

“പിന്നെന്തിനാ…..

പറയാൻ വന്നതെന്തോ അയാൾ വിഴുങ്ങി….

അയാളോടൊപ്പം കാറിലേക്ക് കയറുമ്പോൾ കവലയിരുന്ന രാമേട്ടനും ജോസെഫേട്ടനും മുഖത്തോട് മുഖം നോക്കി അമർത്തി ചിരിക്കുന്നുണ്ടായിരുന്നു…

ഇതെത്ര കണ്ടിരിക്കുന്നു… ഇതൊന്നും എന്നെ ബാധിക്കാതെയായിരിക്കുന്നു..

“ഗായു എന്താ ഒന്നും മിണ്ടാത്തത്… “

പെട്ടെന്നുള്ള ഗായു എന്ന വിളിയിൽ ഞാനൊന്ന് ഞെട്ടി… അജയനെ പറ്റിയുള്ള ഓർമയെന്റെ മനസിനെയും കണ്ണിനെയും ഈറനണിയിച്ചു..

അജയൻ….. ഓർമകളിൽ ഇന്നും തിളക്കമുള്ള ഒന്നുണ്ടെങ്കിൽ അത് അജയനോടൊത്തുള്ള നാളുകൾ മാത്രമായിരുന്നു.. ജനിച്ചു മൂന്നാല് വർഷങ്ങൾക്കുള്ളിൽ അനാഥത്വവും മറ്റുള്ളവർക്ക് പറഞ്ഞു കുത്താനും പരിഹസിക്കാനും ആളെക്കൊല്ലിയെന്ന പേരും നൽകി ജന്മം തന്നവർ ഇട്ടിട്ട് പോയപ്പോൾ സങ്കടപ്പെടാൻ പോലുമുള്ള അറിവ് വെച്ചിരുന്നില്ല..

ആകെയുള്ള മകന്റെ കുഞ്ഞിനെ പറ്റുന്നത് പോലെ വളർത്തി കൂനും ശ്വാസം മുട്ടലും കൂട്ടായുള്ള മുത്തശ്ശി… ഏതോ വലിയ വീട്ടിലെ പെണ്ണായിരുന്നത്രെ അമ്മ. പ്രേമം മൂത്ത് അച്ഛനോടൊപ്പം ഇറങ്ങി തിരിച്ചവൾ. പടിയിറക്കി വിട്ട മകളെ തിരിഞ്ഞു പോലും നോക്കിയിരുന്നില്ല അമ്മയുടെ വീട്ടുകാർ.. മുത്തശ്ശിയിൽ നിന്ന് കേട്ട അറിവ്.. മകളും മരുമകനും ഒരു ദുരന്തത്തിൽ ഒരുമിച്ചില്ലാണ്ടായിട്ടും കൊച്ചു മോളേ ഒന്ന് കാണാനോ അന്വേഷിക്കാനോ വരാത്ത ബന്ധുക്കളെ പറ്റി നാട്ടുകാർ എപ്പോഴും മുത്തശ്ടിയോട് പറയുന്നത് കേട്ടിട്ടുണ്ട്… അന്നൊക്കെ മുത്തശ്ശി പറയാറുണ്ട്.

“ന്റെ കാലം വരെ കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതെ ഞാൻ വളർത്തും അതുകഴിഞ്ഞാലേ എനിക്ക് പേടിയുള്ളു “

അന്നൊക്കെ മുത്തശ്ശിയെ നോക്കി ഞാൻ പറയാറുണ്ട്. ന്റെ പാറുക്കുട്ടി ഇനീം ഒരമ്പത് കൊല്ലം കൂടി പയറു മണി പോലെ നടക്കുമെന്ന്…

പ്രായം പതിനെട്ടു തികയുന്നതിനു മുമ്പേ അജയനുമായുള്ള കല്യാണം മുത്തശ്ശി പറഞ്ഞുറപ്പിക്കുമ്പോൾ മറുത്തൊന്ന് പറയാതിരുന്നത് ഇനിയുമെന്നെ വലിക്കാനുള്ള ആരോഗ്യം മുത്തശ്ശിക്കില്ലയെന്ന് അറിയുന്നത് കൊണ്ട് തന്നെയായിരുന്നു…

അജയൻ നല്ലൊരു ഭർത്താവായിരുന്നു… അതിലുപരി നല്ലൊരു സുഹൃത്തും രണ്ടു കൊല്ലം കൂടിയേ ആയുസ് ഉണ്ടായിരുന്നെങ്കിലും മുത്തശ്ശിയെ മരണം വരെ നന്നായി നോക്കി… കുടുംബത്തിന് വേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുമ്പോഴും കല്ല് പൊട്ടിച്ചും എക്സ്ട്രാ പണിയെടുത്തും കിട്ടുന്ന കൂലിയിൽ മുക്കാലും കുടുംബത്തിന് വേണ്ടി ചിലവാക്കുമ്പോൾ എനിക്കൊരിക്കലും ദേഷ്യം തോന്നിയിട്ടില്ല പകരം സ്നേഹിക്കാൻ ഒരു കുടുംബം അജയനുണ്ടല്ലോ എന്ന സന്തോഷമായിരുന്നു…

സന്തോഷങ്ങളെ കാറ്റിൽ പറത്തി ഒരു തീമഴപോലെയാ വാർത്തയെന്റെ കാതിൽ പതിക്കുമ്പോൾ രണ്ടര വയസായ മോളെയും കൊണ്ട് പുറം ലോകത്തേക്കുള്ള വഴി പോലുമറിയാതെ പകച്ചു നിൽക്കുകയായിരുന്നു ഞാൻ….

പണിക്കിടയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണതാണത്രേ….. ആശുപത്രിയും വീടുമായി ഓരോ ദിവസവും തള്ളി നീക്കുമ്പോൾ അറിയുന്നുണ്ടായിരുന്നു ഓരോ ദിവസം കഴിയുന്തോറും തനിച്ചാവുന്നത്…. സഹായത്തിനായി കൈ നീട്ടിയ പലർക്കും അന്ന് വേണ്ടിയിരുന്നത് ഇരുപത്തി നാലുകാരിയുടെ ശ രീരം തന്നെയായിരുന്നു….. നിൽക്കുന്ന വീട് കാൽക്കീഴിൽ നിന്നൊലിച്ചു പോയപ്പോൾ പോലും പതറാതിരുന്ന ഞാൻ അന്നാദ്യമായി ഡോക്ടറുടെ വാക്ക് കേട്ട് ഞെട്ടി. പെട്ടെന്നൊരു സർജറി നടത്തിയില്ലെങ്കിൽ ഇപ്പോൾ കാണുന്ന ജീവൻ പോലും ബാക്കിയുണ്ടാവില്ലന്ന്… മോൾക്ക് അച്ഛനുണ്ടാവില്ലന്ന് ന്റെ കഴുത്തിലെ താലിക്ക് നാഥനുണ്ടാവില്ലെന്ന്…..

ജീവിതത്തിലാദ്യമായി ഞാനെന്നെ വെറുത്തു തുടങ്ങിയ ദിവസം അങ്ങനെയാണ് തുടങ്ങിയത്…. അതും അജയനെ രക്ഷിച്ചില്ല…. മകളെ വളർത്താൻ വീണ്ടുമിതു തന്നെ തിരഞ്ഞെടുക്കുമ്പോൾ പലരും അറിഞ്ഞു തുടങ്ങിയിരുന്നു എന്റെ തൊഴിൽ. അന്ന് തൊട്ടിന്നു വരെ പലരോടൊപ്പം. കുറ്റബോധം തോന്നിയിട്ടില്ല ഇതുവരെ സ്വയം വെറുപ്പൊഴിച്ച്. ഈ ഭൂമിയിൽ ജനിച്ചത് കൊണ്ട് മാത്രം. ഇടയ്ക്ക് അജയന്റെ ഗായു എന്ന വിളി കേൾക്കുന്നത് പോലെ തോന്നാറുണ്ട് അന്നൊക്കെയും മകളുടെ മുഖത്ത് നോക്കാറില്ല ഞാൻ. അവളോട് തെറ്റ് ചെയ്താണ് ഞാൻ അവളെ വളർത്തുന്നതെന്ന തോന്നൽ….

“ഹാ ഞാനെത്ര നേരമായി സംസാരിക്കുന്നു താനെന്താ ഒന്നും മിണ്ടാത്തത് “

പെട്ടെന്നുള്ള അയാളുടെ ചോദ്യമാണെന്നേ ഓർമകളിൽ നിന്നുണർത്തിയത്…

“സാറിത്ര നേരം സംസാരിക്കുവായിരുന്നോ സോറി ഞാനെന്തൊക്കെയോ ഓർത്തു… “

“സാറെന്നുള്ള വിളി ഒഴിവാക്കി കൂടെ ഗായു “

“അതുവേണ്ട.. സാർ അങ്ങനെ വിളിച്ചാ ശീലം അതുമതി… “

“അതിന് എന്നെ മുമ്പേ അറിയോ ഗായുന് “

“ഉവ്വ് ബാങ്കിൽ വന്നപ്പോ കണ്ടിട്ടുണ്ട്. പിന്നെ പലപ്പോഴും ബസ് സ്റ്റോപ്പിൽ എന്നെ ശ്രദ്ധിക്കുന്നത് കണ്ടിട്ടുണ്ട്. സാറിന്റെ വൈഫിനെ അറിയാം ജയേച്ചിയെ… എല്ലാമറിഞ്ഞിട്ടും എന്നോട് വെറുപ്പ് കാണിക്കാതെ സംസാരിക്കാറുള്ള ഒരേയൊരു വ്യക്തി അത് ജയേച്ചിയാ…..സാറു വിളിച്ചപ്പോ വരാൻ മടി കാണിച്ചതും അതുകൊണ്ട് തന്നെയായിരുന്നു.. ജയേച്ചിയെ വേദനിപ്പിക്കരുത് എന്ന് കരുതി.. “

അത് പറയുമ്പോൾ എന്നെ നോക്കിയിരുന്ന അയാളുടെ കണ്ണിൽ ഒരിക്കലും കാ മമായിരുന്നില്ല ഒരു പ്രതേക തിളക്കം..

ഹോട്ടൽ പ്ലാസയും കഴിഞ്ഞു കാർ വളവ് തിരിഞ്ഞു കടൽത്തീരത്തേക്ക് പോകുമ്പോൾ ഞാനൊന്നും മനസിലാകാതെ അയാളെ നോക്കിയിരുന്നു….. കാറിൽ നിന്നെന്നെ വിളിച്ചു പുറത്തിറക്കുമ്പോൾ എന്റെ കയ്യിൽ പിടിച്ചിരുന്നു അയാൾ.

മുന്നോട്ട് നടക്കുമ്പോഴും ആ കൈ വിട്ടിരുന്നില്ല. സൈഡിലെ കടല വില്പനക്കാരനിൽ നിന്ന് രണ്ട് പൊതി വാങ്ങി ഒരെണ്ണമെന്റെ കയ്യിൽ തരുമ്പോൾ, കൊച്ചു കുഞ്ഞിനെപ്പോലെ ബലൂൺ വേണോ എന്നെന്നോട് ചോദിക്കുമ്പോൾ ആദ്യമായ് കണ്ണുകൾ നിറഞ്ഞു.. ഇടയ്ക്ക് തോന്നി ഇയാൾക്ക് വട്ടാണോ എന്ന്..

ഇവിടെ നിന്നാ മതിയോ വൈകുന്നതിന് മുമ്പേനിക്ക് തിരിച്ചു പോണം മോള് സ്കൂളിൽ നിന്ന് വരും എന്ന് പറയുമ്പോൾ അയാൾ പറഞ്ഞു…

“സമയമാകുന്നതല്ലേയുള്ളു നമുക്കൊരു സ്ഥലം കൂടെ കാണാനുണ്ട്ന്ന്…

പിന്നീട് കയറി ചെന്ന പാർക്കിലും ഐസ് ക്രീം പാർലറിലും ഞാൻ അനുഭവിച്ചറിഞ്ഞത് പേരറിയാത്ത ഏതോ വികാരമായിരുന്നു… രാത്രിക്ക് വില പറഞ്ഞ് ഓരോരുത്തരും കാണിക്കാറുള്ള പൊള്ളയായ സ്നേഹമായിരുന്നില്ല അത്.. വിരൽ തുമ്പിൽ സ്പർശിക്കുന്നത് പോലും അത്രയെറെ നേർമയോടെ. ഇഷ്ടമുള്ളതു വാങ്ങി തന്ന് ഒരൽപ്പം ദേഷ്യത്തോടെ കഴിക്കാൻ പറയുമ്പോൾ, അത് കഴിക്കുന്നത് കണ്ണിമയ്‌ക്കാതെ നോക്കിയിരിക്കുമ്പോൾ ഇയാൾക്ക് വട്ടാണോ എന്ന് തോന്നി ഇത് സ്വപ്നമാണോ എന്ന് തോന്നി ആണെങ്കിൽ ഇതൊരിക്കലും അവസാനിക്കരുതേയെന്ന് തോന്നി….. തിരികെ കാറിൽ കയറുമ്പോൾ എനിക്കറിയാമായിരുന്നു ഇനിയുള്ള യാത്രയും ഹോട്ടലിന്റെ ഇരുണ്ട മുറിയിലേക്കല്ലായെന്ന്……

ആ സംസാരത്തിനടിൽ ഇടയ്ക്കദ്ദേഹം ഇടവിട്ടിടവിട്ട് പറയുന്നുണ്ടായിരുന്നു

എന്റെ പെങ്ങളിപ്പോഴും ജീവനോടെ യുണ്ടായിരുന്നെങ്കിൽ ഇപ്പൊ നിന്റത്രേം പ്രായം ഉണ്ടായിരുന്നേനേ എന്ന്

എങ്ങോട്ടെന്നില്ലാതെയാ വണ്ടി നീങ്ങിക്കൊണ്ടിരിക്കുമ്പോഴും ദീർഘമായൊരിടവേളയിൽ ഞങ്ങളിരുവരുടെയും ചുണ്ടുകൾ മനപ്പൂർവ്വം ചലിക്കാതിരുന്നിരുന്നു, നീണ്ടയാ മൗനത്തെ ഭേദിച്ചു കൊണ്ട് അയാൾ എന്നോടായ് ചോദിച്ചു….

“ഗായു…. നിർത്തിക്കൂടെ ഈ വഴി നിനക്ക്….

മൗനമായിരുന്നെന്റെ ഉത്തരം…..

“ഞാൻ ചോദിച്ചത് കേട്ടില്ലേ നീ അതോ….

“കേൾക്കാഞ്ഞിട്ടല്ല കേൾക്കാൻ ഏറെ ആഗ്രഹിക്കുന്ന ഒന്നാണ്…. പക്ഷേ മുന്നോട്ട്???

ഇതാ എനിക്ക് മുന്നിലുള്ള ചോദ്യം….

“രണ്ട് കാലിനും സ്വാധീനമില്ലാത്ത ഒരമ്മയെ എനിക്കറിയാം അവര് ജീവിക്കുന്നുണ്ട് അവരെക്കൊണ്ട് പറ്റുന്ന ജോലി ചെയ്ത്… കൈക്കുഞ്ഞിനെ അയലത്തെ വീട്ടിൽ കൊടുത്തു ജോലിക്ക് പോകുന്നവളെയും ഞാൻ കണ്ടിട്ടുണ്ട്… അവരൊക്കെ ജീവിക്കാൻ കഷ്ടപ്പെടുന്നുണ്ട് നിന്നെ പോലെ. ഒരുപക്ഷെ അതിലപ്പുറം…..

ഒരിക്കൽ സാഹചര്യം കൊണ്ട് നീ വീണു പോയിട്ടുണ്ടാവും തെറ്റിലേക്ക്… അത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കാമായിരുന്നു.. നാളെയോരിക്കൽ നിന്റെ കുഞ്ഞ് മുഖത്ത് നോക്കി നിന്നെ പരിഹസിച്ചാൽ…. നിന്നെ അറപ്പോടെയും വെറുപ്പോടെയും നോക്കിയാൽ….

അങ്ങനെ ഒരവസ്ഥ… എന്റെ തൊണ്ട വരളുന്നുണ്ടായിരുന്നു.. ഞാൻ ആർക്ക് വേണ്ടി ജീവിക്കുന്നോ ആ മകളെന്നെ തള്ളി പറഞ്ഞാൽ…. ആ ചോദ്യം ഒരു കൊടുംകാറ്റ് സൃഷ്ടിച്ചിരുന്നു എന്റെയുള്ളിൽ…

തേങ്ങി കരയുന്നയെന്റെ തോളിൽ കൈ വെച്ച് അയാൾ ചോദിച്ചു…

“നീയെന്താ ഞാൻ രാവിലെ പറഞ്ഞ ഓഫർ എന്താണെന്ന് ചോദിക്കാത്തത് …?

“ഒരേങ്ങലോടെ മുഖമുയർത്തി നോക്കിയപ്പോൾ ഒരു കുഞ്ഞ് പുഞ്ചിരിയോടെ കണ്ണിലോരൽപം തിളക്കത്തോടെ അയാളെന്നോട് പറഞ്ഞു…

“ഓഫർ ഇതാണ്….. വേണെങ്കിൽ സ്വീകരിക്കാം അല്ലെങ്കിൽ പുറംകാല്ക്ക് തട്ടിയകറ്റാം

പോരുന്നോ എന്റെ കൂടെ….?

ഒരു രാത്രിക്ക് വില പറയാനല്ല , ഇനിയുള്ള ഓരോ രാത്രിയിലും നിനക്ക് സംരക്ഷണമേകാൻ…

എന്റെ കൂടപ്പിറപ്പായിട്ട്

എന്റെ കുഞ്ഞി പെങ്ങളെ പോലെ ചേർത്തുനിർത്തി സ്നേഹിക്കാൻ…

ഒരു പക്ഷെ നീയത് തിരസ്കരിച്ചാലും എന്റെ മനസ്സിൽ നിനക്കുള്ള സ്ഥാനം അതു തന്നെയായിരിക്കും

കൂടെപ്പിറക്കാത്ത എന്റെ കൂടപ്പിറപ്പാകാൻ തയ്യാറാണോ?

അതാണെന്റെ ഓഫർ

മൗനമായി മുഖമുയർത്തിയ എന്റെ കലങ്ങിയ കണ്ണിലെ പ്രതീക്ഷ കണ്ടിട്ടാവാം ആ കൈകൾ കൊണ്ടെന്റെ കണ്ണുനീർ തുടച്ചു തന്നു കൊണ്ടെന്നോട് പറയുന്നുണ്ടായിരുന്നു.

“ഇനി കരയരുത് “

“സാർ… “

“സാറല്ല ഏട്ടൻ… എന്റെ പെങ്ങളെന്നെ അങ്ങനെ വിളിക്കുന്നതാണെനിക്കിഷ്ടം….

ആ സ്നേഹത്തിൽ മനസും കണ്ണും നിറയുമ്പോൾ ആദ്യമായി ഞാൻ ജീവിതത്തെ സ്നേഹിച്ചു തുടങ്ങിയിരുന്നു.. ഒരു നല്ല പ്രതീക്ഷയോടെ…….

അപ്പൊഴും അയാളുടെ മനസ്സിൽ ആ കുഞ്ഞ് പെങ്ങളുണ്ടായിരുന്നു പ്രായത്തിന്റെ പക്വതയില്ലായ്മയിൽ വഴി തെറ്റി സഞ്ചരിച്ചപ്പോൾ ദേഷ്യത്താലവളെയാ പടിയിറക്കി വിട്ടപ്പോൾ തത്ക്ഷണം സ്വയം ജീവിതമോടുക്കിയ അയാളുടെ സ്വന്തം കൂടപ്പിറപ്പ്..

Related Posts

Leave a Reply

Your email address will not be published. Required fields are marked *