സുമെ ഞാനതിലില്ല …..ഞാൻ അവിടെ അബദ്ധവശാൽ ചെന്നു പോയതാണ്. പെട്ടു പോയതാണ് ….

അരവിന്ദന് പറയാനുള്ളത്

Story written by Suresh Menon

അന്നും അരവിന്ദൻ അത് ശ്രദ്ധിച്ചു .കാറിന്റെ ചില്ലിലൂടെ .. തിരക്കില്ലാത്ത ആ ബസ് സ്റ്റാൻഡിന്റെ ചുമരിൽ ഒരു പെൺകുട്ടിയുടെ ചിത്രം . കളർ ചോക്കു കൊണ്ട് വരച്ച മനോഹരമായ ചിത്രം . ആ ചിത്രം തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി നടന്നു പോകുന്ന ഒരു മനുഷ്യൻ ..അയാളാണത് വരച്ചത് എന്ന് തോന്നുന്നു …..

കാറ് മുന്നോട്ട് നീങ്ങി. അരവിന്ദൻ ഓർത്തു. ചുമരിൽ ചിത്രം മാഞ്ഞു പോയാൽ അയാൾ വീണ്ടും വരും …. വരക്കും ….. നിത്യേന ഓഫീസിൽ പോകുമ്പോൾ താനിത് ശ്രദ്ധിക്കാറുണ്ട് ….

അയാളുമായി ഒന്നു പരിചയപെടണം. എന്തൊ മനസ്സിൽ അങ്ങിനെയൊരു തോന്നൽ…..

അന്നൊരു രണ്ടാം ശനിയാഴ്ച ആയിരുന്നു. ഓഫീസ് അവധി . ഇന്നയാൾ അവിടെ കാണുമൊ …. വരച്ച ചിത്രം ഏതാണ്ട് മാഞ്ഞു പോയിരുന്നു .കുറച്ച് ദിവസങ്ങൾക്ക് മുൻപ് കാണുമ്പോൾ ….

പ്രതീക്ഷിച്ച പോലെ തന്നെ അന്ന് അയാൾ അവിടെ ഉണ്ടായിരുന്നു. മുട്ടുകുത്തിയിരുന്ന് അയാൾ ചിത്രം വരക്കുകയായിരുന്നു. നിശബ്ദമായി അത് നോക്കി നിന്നു .. പൂർത്തിയായപ്പോൾ അയാൾ തിരിഞ്ഞ് അരവിന്ദന്റെ മുഖത്തേക്ക് നോക്കി . ആ മുഖത്ത് ഒരു അപരിചിതനെ കണ്ട ഭാവം നിഴലിച്ചു

അരവിന്ദൻ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. അയാളും . രണ്ടും വെറുതെയായി ….അയാൾ എഴുന്നേറ്റ് ആ പെൺകുട്ടിയുടെ ചിത്രത്തിലേക്ക് നോക്കി. പിന്നെ പതിയെ മുന്നോട്ട് നടന്നു.

ബ്രൗൺ നിറത്തിലുള്ള പാന്റും ഒരു ചെക്ക് ഷർട്ടുമാണ് അയാളുടെ വേഷം. അധികം മുഷിഞ്ഞിട്ടില്ല. എന്നാലും അലക്ഷ്യമായ വസ്ത്രധാരണമാണ്. താടി ചെറുതായി വളർന്നിട്ടുണ്ട്. മുടി കോതിയൊതുക്കിയിട്ടില്ല, അയാൾ മുന്നോട്ട് പതിയെ നടന്നു നീങ്ങിയപ്പോൾ അരവിന്ദനും പതുക്കെ അനുഗമിച്ചു … കുറച്ചു ദൂരെ മാറി അവിടെയുള്ള സിമന്റ് ബെഞ്ചിൽ അയാളിരുന്നു …. പതിയെ അയാളുടെ അടുത്തേക്ക് നീങ്ങി …..

” താങ്കൾ പല ദിവസങ്ങളിലായി ഒരു പെൺകുട്ടിയുടെ ചിത്രം വരക്കുന്നത് ഞാൻ ശ്രദ്ധിക്കുമായിരുന്നു …. ഒന്നു പരിചയപെടാൻ തോന്നി “

” എന്നെയോ ” അയാൾ പതിയെ ശബ്ദമുണ്ടാക്കി.

” മകളാണല്ലെ” ചുമരിലെ ചിത്രം ചൂണ്ടിക്കാണിച്ചു കൊണ്ട് അരവിന്ദൻ ചോദിച്ചു

തന്റെ ചോദ്യത്തെ അയാൾ ഒരു നോട്ടം കൊണ്ട് ഉത്തരം നൽകി ….അയാൾ പിന്നീടൊന്നും പറയാതിരുന്നപ്പോൾ എന്ത് ചോദിക്കണമെന്നറിയാതെ കുഴങ്ങി.

“ഇവിടെ അടുത്താണൊ താമസം. “

തന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അയാൾക്ക് താൽപ്പര്യമില്ലാത്തത് പോലെ എങ്കിലും അവസാനം അയാൾ പറഞ്ഞൊപ്പിച്ചു

” ആ കാണുന്ന സ്ക്കുളിന് പിറകെ “

അയാൾ പതിയെ എഴുന്നേറ്റു … കൈ കൊണ്ട് ചൂണ്ടികാണിച്ച ആ സ്ക്കൂൾ കെട്ടിടത്തിന്റെ ദിശയിലേക്ക് നീങ്ങി …

” ഞാൻ മറ്റൊരു ദിവസം വരാം “

അരവിന്ദൻ കാർ സ്റ്റാർട്ട് ചെയ്തു. എഫ് എം റേഡിയോവിലൂടെ ഒഴുകി വന്ന പാട്ടിലൊന്നും ശ്രദ്ധിക്കാൻ പറ്റിയില്ല .മനസ്സ് മുഴുവൻ അയാളിലും ആ പെൺകുട്ടിയിലുമായിരുന്നു. കാലം അയാളിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. അയാളുടെ അടുത്ത് ചെന്നത് തന്നെ എല്ലാം വിശദീകരിക്കാൻ വേണ്ടിയായിരുന്നു .പക്ഷെ അയാൾക്ക് തന്നെ ഒട്ടും മനസ്സിലായിട്ടില്ല. വർഷങ്ങൾ എത്ര കടന്നുപോയി ….അയാളുമായി ഒന്നടുക്കണം .തുറന്ന് കുറെ സംസാരിക്കണം.

നീണ്ട പതിനഞ്ച് വർഷത്തെ പഴക്കമുണ്ടെങ്കിലും ഇന്നും ആ സംഭവം അരവിന്ദന്റെ മനസ്സിൽ ചൂടാറാതെ കിടപ്പുണ്ട്..

★★★★★

“സുമെ ഞാനതിലില്ല …..ഞാൻ അവിടെ അബദ്ധവശാൽ ചെന്നു പോയതാണ്. പെട്ടു പോയതാണ് ….”

“എന്ത് . നിങ്ങളതിലില്ലയെന്ന് പച്ച നുണ പറയുന്നൊ ….. ദാ കേട്ടു നോക്ക്”

സുമ ടി വി ഓൺ ചെയ്തു.

“തിരുനെല്ലി പീ ഡനക്കേസ് വഴിത്തിരിവിൽ. പതിനെട്ടു പേരാണ് ഈ പെൺകുട്ടിയെ പീ ഡിപ്പിച്ചിരിക്കുന്നത് .കാമുകന്റെ ഒത്താശയോടെ ഈ പെൺകുട്ടിയെ പീ ഡിപ്പിച്ച പതിനെട്ടു പേരിൽ മുൻ എം എൽ എ ജോസഫ് വർഗ്ഗീസും വില്ലേജ് ഓഫീസർ രാമകൃഷ്ണനും കൂടാതെ എം എൽ എയുടെ അടുത്ത സുഹൃത്തും ബാങ്കിലെ അസിസ്റ്റൻഡ് മാനേജർ അരവിന്ദനും ഉണ്ടെന്ന വാർത്തകൾ പുറത്ത് വരുന്നു ….. മുൻ എം എൽ എ ഇത് നിഷേധിച്ചെങ്കിലും ശക്തമായ തെളിവുകൾ അദ്ദേഹത്തിനെതിരെ ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത് “

“എം എൽ എ വിളിച്ചപ്പോ ഞാനവിടെ പോയി എന്നുള്ളത് ശരിയാ . പക്ഷെ എന്തിനാണെന്ന് പോലും എനിക്കറിയില്ലായിരുന്നു പതിവ് പോലെയുള്ള ഒരു ഗെറ്റ് റ്റുഗദർ അതാണെന്ന് കരുതി …..”

“പക്ഷെ പിന്നീടാണ് കാര്യങ്ങൾ മനസ്സിലാകുന്നത് ആ സമയത്ത് ഇറങ്ങി പോരാനും പറ്റാത്ത അവസ്ഥയായിരുന്നു. ഞാൻ ശരിക്കും ട്രാപ്പ് ഡ് ആയതാ”

“നിങ്ങളൊന്നും പറയണ്ട നാണക്കേടു കൊണ്ട് തല പൊക്കാൻ വയ്യാതായി ….”

പിന്നെ ഡൈവോഴ്സ് …. ജോലിയിൽ നിന്ന് അന്വേഷണ വിധേയമായ സസ്പെൻഷൻ …. ഒരു തരം വല്ലാത്ത ഒറ്റപെടൽ… കളിയാക്കലുകൾ … പലപ്പോഴും ആത്മഹത്യയെ കുറിച്ച് ചിന്തിച്ച ദിനങ്ങൾ ….

പിന്നീട് തെറ്റുകാരനല്ല എന്ന് കോടതി വിധിയെഴുതിയപ്പോഴും ജനം പരിഹാസത്തോടെ മാത്രമെ നോക്കിയിട്ടുള്ളു … … മനസ്സ് മടുത്തപ്പോൾ അവസാനം ഉത്തരേന്ത്യയിലേക്ക് ഒരു റിക്വസ്റ്റ് ട്രാൻസ്ഫർ . ഒരുതരം ഒളിച്ചോട്ടം എന്ന് പറയാം ….പുതിയ ആൾക്കാർ പുതിയ രീതികൾ .ഒരു തരം ഫ്രഷ്നെസ്സ് ആയിരുന്നു ആ കാലങ്ങളിൽ .. നീണ്ട കാലത്തെ ഉത്തരേന്ത്യൻ വാസം ഒരു അളവു വരെ വലിയൊരാശ്വാസമായിരുന്നു ….

പിന്നെ എപ്പോഴൊ നാട്ടിലേക്ക് പോരണമെന്ന തോന്നൽ… ഇനിയുള്ള കാലം നാട്ടിൽ കൂടണം. മനസ്സിൽ തോന്നിയപ്പോ പിന്നെ അതിനായി ശ്രമം … അവസാനം മറ്റൊരു ട്രാൻസ്ഫറിലൂടെ സ്വന്തം മണ്ണിൽ കാലുകുത്തിയപ്പോൾ പോയ പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് ഏറ്റ മുറിവുകൾ കരിഞ്ഞുണങ്ങിയിരുന്നു … എങ്കിലും കടുത്ത ഏകാന്തത അരവിന്ദനെ വീർപ്പുമുട്ടിച്ചു

★★★★★

അരവിന്ദൻ അയാൾ പറഞ്ഞ ആ സ്ക്കൂളിനെ ലക്ഷ്യമാക്കി നടന്നു ….

“ഞാൻ ഇവിടെയുണ്ട് “

സ്ക്കൂൾ മൈതാനം കഴിഞ്ഞ് സ്വൽപ്പം മുന്നോട്ട് നീങ്ങിയപ്പോൾ ആ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. മൈതാനത്തിന്റെ ഒരു ഭാഗത്തുള്ള ആൽമരത്തിൻ ചോട്ടിലിരുന്ന് അയാൾ കൈ കാണിച്ച് വിളിക്കുന്നു .

“ഇയാൾ തന്നെ പ്രതീക്ഷിച്ചിരിക്കയാണൊ ….. ഇയാൾക്ക് തന്നെ മനസ്സിലായൊ …”

അരവിന്ദന്റെ മനസ്സിൽ ഒരു നൂറ് സംശയങ്ങൾ കടന്നു കയറി.

“വരു ഇരിക്കു”

അരവിന്ദൻ ആ മരത്തിൻ കീഴെ അയാൾക്ക് സമീപം ഇരുന്നു.. ഇരുവർക്കു മിടയിലെ കുറച്ചു നേരത്തെ തീവ്ര മൗനത്തിന് കൂട്ടായി അത് വഴി അനുവാദം ചോദിക്കാതെ കടന്നുപോയ നേർമ്മയുള്ള കാറ്റും.

“അരവിന്ദൻ അല്ലെ ….”

അയാളുടെ ശബ്ദം പതിയെ പുറത്ത് വന്നപ്പോൾ അരവിന്ദന്റെ കണ്ണുകൾ വിടർന്നു ….. ഇയാൾ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു എന്ന് അരവിന്ദൻ മനസ്സിലാക്കുകയായിരുന്നു അപ്പോൾ …. കുറച്ച് നേരം അയാൾ അരവിന്ദന്റെ മുഖത്ത് തന്നെ നോക്കിയിരുന്നു …..

” വല്ലാത്ത ഒരു സംഘർഷം അനുഭവിക്കുന്നുണ്ടല്ലെ …. “

അയാളുടെ ചോദ്യത്തിനും അരവിന്ദന് ഒന്നും പറയാനുണ്ടായിരുന്നില്ല …. വർഷങ്ങൾക്ക് മുൻപ് കോടതി വിധിക്കായി വരാന്തയിൽ കാത്ത് നിന്ന അതേ അവസ്ഥ….

“എനിക്ക് മനസ്സിലായില്ല എന്നായിരുന്നു അരവിന്ദന്റെ വിചാരം അല്ലെ ..”

“എന്റെ മകളെ പീ ഡിപ്പിച്ച പതിനെട്ടു പേരെയും എവിടെ വെച്ചു കണ്ടാലും ഞാൻ തിരിച്ചറിയും എന്നും “

അരവിന്ദന് ഒന്നും പറയാൻ കഴിഞ്ഞില്ല. ശ്വാസം മുട്ടലായിരുന്നു അപ്പോൾ .
ഇയാൾ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു .സത്യത്തിൽ അയാളോട് എല്ലാം തുറന്ന് പറയണമെന്നും താൻ തികച്ചും നിരപരാധിയാണെന്നും അയാളെങ്കിലും അത് തിരിച്ചറിയണമെന്നും കേണപേക്ഷിക്കാൻ തന്നെയാണ് താൻ വന്നത്. കോടതി വെറുതെ വിട്ടെങ്കിലും ഇന്നും തന്നെ കാണുമ്പോൾ അറിയുന്നവർ നെറ്റി ചുളിക്കാറുണ്ട് ….

സമൂഹത്തിന്റെ സംശയങ്ങൾക്ക് എന്നും താൻ ഇര മാത്രമാണ് . അതിന് ഒരു മാറ്റവും സംഭവിക്കുന്നില്ല . സഹികെട്ടാണ് താൻ നാടുവിട്ടത് തിരിച്ചെത്തിയപ്പോഴും അതിന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. പക്ഷെ ഈ മനുഷ്യൻ തിരിച്ചറിയണം താൻ തികച്ചും നിരപരാധിയാണെന്ന് …. അത് മാത്രമാണ് താനിന്ന് ആഗ്രഹിക്കുന്നത് …

പെട്ടെന്നായിരുന്നു അരവിന്ദൻ അയാളുടെ കൈകൾ കൂട്ടി പിടിച്ചത്

” ഞാൻ തികച്ചും നിരപരാധിയാണ്. താങ്കളുടെ മകളെ ഞാൻ ഒരു തരത്തിലും ഉപദ്രവിച്ചിട്ടില്ല. എനിക്കതിന് കഴിയില്ല. ഇതാണ് സത്യം എന്നെ വിശ്വസിക്കണം “

അരവിന്ദന്റെ വാക്കുകൾ അവസാനിക്കുന്നിടത്ത് ആ തൊണ്ടയിടറിയിരുന്നു ആ കൈകൾ വിറച്ചിരുന്നു …..കണ്ണുകൾ നിറഞ്ഞിരുന്നു ….

” അങ്ങ് ഞാൻ പറയുന്നത് വിശ്വസിക്കുന്നു എന്നറിഞ്ഞാൽ മാത്രമെ എന്റെ മനസ്സ് ഇനി ശാന്തമാകു …..” അരവിന്ദൻ ഒരു വിധം പറഞ്ഞ് നിർത്തി …..

അയാൾ അരവിന്ദന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി …..

“ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നല്ലെ ” ആ ചോദ്യത്തിന് അരവിന്ദൻ മറുപടിയൊന്നും പറഞ്ഞില്ല

” ചില സമയത്ത് ഒരു നല്ല രക്ഷപെടലാണത്. ഒരു തരം എസ്കേപ്പിസം …. അതിന്റെ ചുഴിയിലേക്ക് വീണു പോയാൽ പിന്നെ പുറത്ത് ചാടാൻ വല്യ പാടാണ് .എന്റെ മോൾക്ക് അതിന് കഴിഞ്ഞില്ല “

കുറച്ചുനേരം കണ്ണടച്ചിരുന്ന അയാളെ എങ്ങിനെ അശ്വസിപ്പിക്കാം എന്നറിയാതെ അരവിന്ദൻ പരുങ്ങി ….

” റേ പ്പ് ഈസ് ദ ഓൺലി ക്രൈം വേർ വിക്റ്റിം ഈസ് ഓഫൺ പനിഷ്ഡ് …. അവൾ ഇരയാണെങ്കിലും സമൂഹം അവളെ വേദനിപ്പിച്ചു കൊണ്ടേയിരിക്കും ….പല രീതിയിൽ …. അത് സഹിക്കാൻ ശക്തിയില്ലാതെയാണ് എന്റെ മോള് പോയത് …..”

തന്നെക്കാൾ വേദന തിന്നുന്ന ഈ മനുഷ്യന്റെ മുന്നിൽ തന്റെ നിസ്സഹായാവസ്ഥ ബോദ്ധ്യപെടുത്താൻ ശ്രമിക്കുന്നത് അയാളെ കൂടുതൽ വേദനിപ്പിക്കുക യെയുള്ളുവെന്ന് അരവിന്ദന് തോന്നി ……

ഒന്നും പറയാനാകാതെ എഴുന്നേറ്റ അരവിന്ദന്റെ കൈകൾ അയാൾ പിടിച്ചു ….

” സങ്കടം ബോധിപ്പിക്കാൻ വന്ന താങ്കളോട് ഞാനിതൊന്നും പറയരുതായിരുന്നു ..എനിക്കറിയാം താങ്കളും ഒരിരയാണെന്ന് …. വല്ലാത്ത ഒരൊറ്റ പെടലാണല്ലെ….”

അരവിന്ദൻ മറുപടിയൊന്നും പറഞ്ഞില്ല.

” വിഷമിക്കരുത് നിങ്ങൾ എന്താണെന്ന് എനിക്ക് നന്നായി അറിയാം …. മോൾ എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്…..”

ഒരു നിമിഷം അരവിന്ദന് സ്വയം നിയന്ത്രിക്കാനായില്ല. കൊച്ചു കുട്ടികളെ പോലെ ഏങ്ങിക്കരഞ്ഞു കൊണ്ട് അയാളെ കെട്ടിപിടിച്ചു.

“ഞാൻ ആ കുഞ്ഞിനെ ഒരു നോട്ടം കൊണ്ട് പോലും ഉപദ്രവിച്ചിട്ടില്ല ….. സത്യം … “

കൂടുതൽ പറയാനാകാതെ അരവിന്ദന്റെ തൊണ്ടയിടറി ….

ആയാൾ അരവിന്ദന്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു ….

“വീണ്ടും പറയുന്നു വിഷമിക്കരുത്. മോള് എന്നോട് നിങ്ങളെക്കുറിച്ച് എല്ലാം പറഞ്ഞിട്ടുണ്ട്. എന്നെ കാണുന്ന പോലെയാണ് അവൾ നിങ്ങളെയും കണ്ടിരുന്നത് …..”

അരവിന്ദൻ കണ്ണുകൾ തുടച്ചു .എത്രയോ വർഷങ്ങൾക്ക് ശേഷം മനസ്സിന് വല്ലാത്തൊരു ശാന്തത….. ഈ സമാധാനത്തിന് വേണ്ടിയുള്ള യാത്രയിലായിരുന്നു താൻ . അവസാനം …….

“ഒരു പക്ഷെ നമ്മളിനി കണ്ടെന്ന് വരില്ല. “

അത് കേട്ട അരവിന്ദന്റെ നെറ്റിചുളിഞ്ഞു.

” ഒരു യാത്ര . ദൂരെ … ദൂരെ …. ഏതെങ്കിലും ഇടത്താവളങ്ങളിൽ വിശ്രമിക്കുമ്പോൾ അവിടെയെല്ലാം ഞാൻ വരക്കും ….എന്റെ മകളുടെ ചിത്രം … എ വിക്റ്റിം …. പലതും നിഷേധികപെട്ടവൾ …. ഈ സമൂഹത്തിന്റെ ചോദ്യങ്ങൾക്ക് ഞാൻ വരക്കുന്ന ചിത്രങ്ങളിലുടെ അവൾ മറുപടി പറഞ്ഞു കൊണ്ടേയിരിക്കണം …. “

അരവിന്ദൻ ശ്രദ്ധയോടെ എല്ലാം കേട്ടുകൊണ്ടിരുന്നു …. യാത്ര പറഞ്ഞ് കാറിൽ കയറിയപ്പോൾ മനസ്സ് തികച്ചും ശാന്തമായിരുന്നു .. വർഷങ്ങൾക്ക് മുൻപ് നഷ്ടപെട്ടുപോയ തന്നെ തനിക്ക് തിരിച്ച് കിട്ടിയ പോലെ ….

************

അന്ന് നല്ല മഴയായിരുന്നു …. അതിനാൽ തന്നെ പുറത്ത് പോകാതെ ബാൽക്കണിയിലിരുന്ന് മഴക്ക് കൂട്ടു നൽകുകയായിരുന്നു അരവിന്ദൻ … കാളിംങ്ങ് ബല്ലിന്റെ ശബ്ദം ആ കൂട്ടിനെ അലോസരപ്പെടുത്തി …. വാതിൽ തുറന്ന അരവിന്ദൻ അറിയാതെ പതിയെ പറഞ്ഞു .

“സുമ ” സുമ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. പക്ഷെ കഴിഞ്ഞില്ല

“അകത്തേക്ക് വരാമൊ “

അരവിന്ദന്റെ മൗനത്തിന് സമ്മതത്തിന്റെ അർത്ഥങ്ങൾ ഉണ്ടെന്ന് സുമക്ക് ബോദ്ധ്യമായി … സോഫയിൽ അരവിന്ദന് അഭിമുഖമായി ഇരുന്ന സുമ മുഖത്ത് നോക്കാതെ പതിയെ പറഞ്ഞു

“ഐ ആം സോറി … പലതും മനസ്സിലാക്കാൻ ഞാൻ വൈകി… ശ്രമിച്ചില്ല എന്നതാണ് സത്യം ….”

അരവിന്ദൻ മറുപടിയൊന്നും പറഞ്ഞില്ല. ഇത്തിരി മൗനം അസഹ്യമായപ്പോൾ പതിയെ എഴുന്നേറ്റു ..

“ഇരിക്കു ഞാനൊരു ചായ ഇടാം “

” വേണ്ട ഞാൻ ചായ ഇട്ടോളാം…”

അടുക്കളയിലേക്ക് നീങ്ങിയ സുമയെ അരവിന്ദൻ തടഞ്ഞില്ല …..

****************”

മാസങ്ങൾക്ക് ശേഷം ഏതാണ്ട് പകൽ പതിനൊന്ന് മണിക്ക് വാർത്തകൾ കേൾക്കുന്നതിനിടെയാണ് ആ ബ്രേക്കിങ്ങ് ന്യൂസ് തെളിഞ്ഞു വന്നത് …

“തിരുനെല്ലി പീ ഡനക്കേസിൽ പുനരന്വേഷണം ആവിശ്യപ്പെട്ട ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. തെളിവില്ലാതെ വെറുതെ വിട്ടവർക്കെതിരെയാണ് ഹർജി … കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന “വിക്റ്റിംസ് ” എന്നു പേരുള്ള മനുഷ്യാവകാശ സംഘടനയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത് “

വാർത്ത കേട്ട സുമ അരവിന്ദനോട് ചേർന്നിരുന്നു

” വിഷമിക്കരുത് കൂടെയുണ്ട് ഞാൻ എന്നും എപ്പോഴും “

സുമയുടെ വാക്കുകൾ കേട്ട അരവിന്ദൻ ഒരു പുഞ്ചിരിയോടെ ആ കൈകൾ കൂട്ടി പിടിച്ചു ……

( അവസാനിച്ചു)

Related Posts

Leave a Reply

Your email address will not be published. Required fields are marked *