സോന, ആ പിങ്ക് സാരി വേണ്ട ദേ ഈ യെല്ലോ കണ്ടോ നിനക്ക് നന്നായി ചേരും അതിലെ ബ്ലാക്ക് കളറിലുള്ള പ്രിന്റ് നല്ല ഭംഗിയുണ്ട്. ആര് കണ്ടാലും നോക്കി നിന്നുപോകും….

Story written by Sumayya Beegum T A

സോന, ആ പിങ്ക് സാരി വേണ്ട ദേ ഈ യെല്ലോ കണ്ടോ നിനക്ക് നന്നായി ചേരും അതിലെ ബ്ലാക്ക് കളറിലുള്ള പ്രിന്റ് നല്ല ഭംഗിയുണ്ട്. ആര് കണ്ടാലും നോക്കി നിന്നുപോകും.

ഒന്നും മിണ്ടാതെ പിങ്ക് സാരി തിരിച്ചു വെച്ചു മഞ്ഞ സാരിയിലേക്ക് അലസമായി നോക്കി സ്റ്റീഫനോപ്പം ബില്ല് കൗണ്ടറിലേക്ക് പോകുമ്പോൾ സാരി സെക്ഷനിലെ പെണ്ണുങ്ങൾ പരസ്പരം പറയുന്നത് കേട്ടു.

എന്തൊരു സ്നേഹമാണ് ആ പുള്ളിക്ക് ഭാര്യയോട്. ഓരോരുത്തരുടെ യോഗം. ഇവിടെ നമ്മൾ എന്തിട്ടാലും ഇനി ഇട്ടില്ലേലും അങ്ങേർക്ക് നോ പ്രോബ്ലം.

കൂട്ടത്തിൽ മുതിർന്ന സ്ത്രീ അതുപറയുമ്പോൾ ബാക്കി ഉള്ളവരെല്ലാം കൂടി ചിരിയിൽ പങ്കുചേർന്നു.

കിഡ്സ്‌ സെക്ഷനിൽ മക്കൾക്ക് ഡ്രസ്സ്‌ എടുക്കാൻ ചെന്നപ്പോഴും കളറും ഡിസൈനും സെലക്ട്‌ ചെയ്തു കടക്കാർക്ക് മുമ്പിൽ സ്റ്റീഫൻ വീണ്ടുമൊരു മാതൃക പുരുഷനായി. മക്കൾ ഒന്നും മിണ്ടാതെ നോക്കി നിന്നു. അതൊന്നും അവർക്ക് ഇഷ്ടമുള്ളതല്ലെന്നു എനിക്ക് മാത്രമല്ലേ അറിയൂ.

കാറിൽ വീട്ടിലേക്ക് തിരിക്കുമ്പോൾ പുറത്തെ കാഴ്ചകളിലേക്ക് ആർത്തിയോടെ നോക്കുന്ന മക്കളെ കണ്ടപ്പോൾ ഉള്ളൊന്നു പിടഞ്ഞു.

വീടിനു പുറത്തു കൂറ്റൻ രണ്ട് നായ്ക്കൾ, ആളൊപ്പം പൊക്കമുള്ള മതിൽ ഉരുക്കുപോലുള്ള ഗേറ്റ് ഇതിനപ്പുറം പുറംലോകം അവർക്ക് അന്യമാണല്ലോ?

ബംഗ്ലാവ് പോലൊരു വീടും, മുന്തിയ കാറും, ആഡംബര ജീവിതം പക്ഷേ അവരുടെ മുഖത്ത് തെരുവിൽ അലയുന്ന കുട്ടികളുടെ അത്ര പോലും പ്രകാശമില്ല.

അതൊക്കെ ഓർക്കുമ്പോൾ നെഞ്ച് പൊട്ടുന്ന പോലെ തോന്നും. ഒന്നും ഓർക്കാതിരിക്കാൻ എന്തേലും വഴികൾ ഉണ്ടോ? കണ്ണടച്ച് കാഴ്ചകൾ മറച്ചതു പോലെ.

വൈകിട്ട് സ്റ്റീഫന് ചപ്പാത്തി ഉണ്ടാക്കി കൊണ്ടിരിക്കുമ്പോൾ അമ്മച്ചിയെ ഓർമ്മ വന്നു. എത്ര നാളായി കണ്ടിട്ട് ആ സ്വരം കേട്ടിട്ട്.

പുറത്തു കനത്ത ഇരുട്ടിലേക്ക് നോക്കുമ്പോൾ അതിലേറെ ഇരുട്ടിൽ ഒറ്റയ്ക്കു താൻ നില്കുന്നത് പോലെ അവളെ വിറ കൊണ്ടു.

സോന, ഡാ എനിക്ക് സ്റ്റൂ മതി കേട്ടോ മക്കൾക്ക് ചിക്കൻ വറുത്തു കൊടുക്കണം.

ഒന്നും മിണ്ടാതെ ഉരുളകിഴങ്ങും ക്യാരറ്റുമായി കിച്ചിനിലെ ടേബിളിൽ ഇരുന്നു നുറുക്കുമ്പോൾ സ്റ്റീഫൻ അടുത്ത് വന്നു.

പുറകിൽ കൂടി വന്നു തന്റെ മാ റിന് കുറുകെ കൈ കെട്ടി കഴുത്തിൽ ചെറുതായ് കടിച്ചു അയാൾ പറഞ്ഞു ഐ ലവ് യു ഡിയർ.

അത്താഴം വേഗം റെഡി ആക്കി ബെഡ്റൂമിലേക്ക് വാ ഇച്ചായനു ഇന്ന് നല്ല മൂഡാണ്.

മക്കളുമൊത്തു ഭക്ഷണം കഴിച്ചു പാത്രം കഴുകി വെക്കുമ്പോൾ അടിവയറ്റിലൊരു വേദന തുടങ്ങി. കാലിലേക്കും പിന്നെ ദേഹമാസകലം വേദന പടർന്നു. സംശയം തോന്നി ബാത്‌റൂമിൽ ചെന്ന് പരിശോധിച്ചപ്പോൾ അതുതന്നെ.

ആ ചോ രപൊട്ടുകൾ ബെഡ്‌റൂമിൽ കാത്തിരിക്കുന്ന സ്റ്റീഫനിൽ ഉണ്ടാക്കുന്ന നിരാശ ഓർത്തപ്പോൾ അവൾക്കു പ്രത്യേകിച്ച് യാതൊരു ബുദ്ധിമുട്ടും തോന്നിയില്ല നേർത്തൊരു ആശ്വാസം തോന്നി.

മോള് കിടന്നോ ഞാൻ ഒന്ന് റിലാക്‌സായി വരാമെന്നു പറഞ്ഞു അയാൾ മുകളിലത്തെ നിലയിലേക്ക് പോകുമ്പോൾ കയ്യിൽ മ ദ്യക്കുപ്പികൾ ഉണ്ടായിരുന്നു.

ഇളം നീല നൈറ്റി ഇട്ടു കട്ടിലിലൊരു പാവയെപോലെ കിടക്കുന്ന തന്റെ പ്രതിച്ഛായ കണ്ടപ്പോൾ അവൾക്കു അവളോട് തന്നെ സഹതാപം തോന്നി.

സത്യത്തിൽ എന്തിന്റെ കുറവാണു തനിക്ക്. പക്ഷേ….

ആദ്യമൊന്നും സ്റ്റീഫൻ എന്ന തന്റെ ഭർത്താവിനെ തനിക്കു മനസ്സിലാവുന്നുണ്ടായിരുന്നില്ല. കരുതലും പിടിവാശി കളുമൊക്കെ സ്നേഹക്കൂടുതൽ കൊണ്ടാണെന്നു കരുതി ഒരുപാട് സന്തോഷിച്ചു.

പിന്നെ സ്വന്തം വീട്ടിലേക്കുള്ള യാത്ര പോലും വിലക്കി അമ്മച്ചിയെപോലും തന്റെ അടുത്തു വരാൻ സമ്മതിക്കാതിരുന്നപ്പോൾ ആ മനസ്സിന്റെ ചുഴികളിൽ നിലയില്ലാതെ താഴ്ന്നു തുടങ്ങി പോയിരുന്നു തന്റെ ജീവിതം.

സ്റ്റീഫന്റെ കൂടെ മാത്രം സ്റ്റീഫൻ പറയുന്നവരോട് മാത്രം സംസാരിച്ചു അയാളുടെ ഇഷ്ടങ്ങളെ മാത്രം സ്നേഹിച്ചു ജീവിതം മുന്നോട്ട് പോകുമ്പോൾ തന്റെ മക്കളും ഈ ദുരിതങ്ങൾ അനുഭവിക്കണമല്ലോ എന്നതൊരു തീരാ വേദനയായി.

ഒരുപക്ഷെ അയാളൊരു മാനസിക രോഗി ആയിരിക്കാം. ഒരു കൗൺസിലിംഗിന് പോകാമെന്നു പറഞ്ഞതിന് പിന്നെ നടന്നതൊന്നും ഓർക്കാൻ കൂടി വയ്യ. സർവം എറിഞ്ഞുടച്ചു മക്കളെയും എന്നെയും ത ല്ലി ചത ച്ചു മൂലക്കിട്ടപ്പോൾ ഇനിയൊരിക്കലും അങ്ങനെ ഒരു സംസാരം വേണ്ടെന്നു മനസ്സ് പഠിച്ചു.

പിന്നെ ആ പേര് പറഞ്ഞു തന്നെ സംശയിക്കാനും തുടങ്ങി. ഭർത്താവിനെ ഉപേക്ഷിച്ചു പോകാനുള്ള വിദ്യകളാണ് മനോ രോഗി ആക്കി മാറ്റാനുള്ള ശ്രമമെന്നൊക്കെ വീട്ടുകാരോടും കുടുംബക്കാരോടും പറഞ്ഞു ഒറ്റപ്പെടുത്തി.

അപ്പോഴൊക്കെ പിടിച്ചു നിന്നത് മക്കളെ ഓർത്തുമാത്രമാണ്. ഇതുപോലൊരു കാരാഗൃഹത്തിൽ ഞാൻ കൂടി ഇല്ലാതെ അവര് കഷ്ടപ്പെടുന്നത് ചിന്തിക്കാൻ കൂടി വയ്യായിരുന്നു.

ഒരു മൊബൈൽ കയ്യിലുണ്ടെങ്കിലും അത് ഉപയോഗിക്കാനുള്ള പെർമിഷൻ ഓരോ തവണയും വാങ്ങണം. ഒരിക്കൽ സ്റ്റീഫൻ അറിയാതെ അമ്മച്ചിയോട് സംസാരിച്ചത് അന്നുതന്നെ അയാൾ കണ്ടുപിടിച്ചപ്പോൾ ആണ് തന്റെ ഓരോ സംസാരവും റെക്കോർഡിങ്ങിലാണെന്നു മനസ്സിലായത്.

അമ്മച്ചി ആണ് തന്നെയും ഭാര്യയേയും തമ്മിൽ തെറ്റിക്കുന്നതെന്നു വീട്ടിൽ ചെന്നു ആങ്ങളമാരോടും അമ്മാച്ചന്മാരോടും പറഞ്ഞു അവിടെയും ഒറ്റപ്പെടുത്തി.

സംസാരത്തിൽ ആരെയും ഏതു നുണയും പറഞ്ഞു വീഴ്ത്താൻ അയാൾക്കൊരു അപാര കഴിവ് ദൈവം കൊടുത്തിട്ടുണ്ട് അതുകൊണ്ട് തന്നെ രക്ഷപെടാൻ ഉള്ള ഒരു പഴുതു പോലും കണ്ടുപിടിക്കാൻ തന്നെ കൊണ്ടു സാധിച്ചില്ല.

ഓരോന്നോർക്കവേ സോന ഉറക്കത്തിലേക്ക് വീണു.

ഒന്ന് മയങ്ങി കഴിഞ്ഞപ്പോൾ ആണ് സ്റ്റീഫൻ തന്നെ പ്രാ പിക്കാൻ ശ്രമിക്കുന്നത് കണ്ട് ചാടി എഴുന്നേറ്റത്.

നല്ല ബ്ലീ ഡിങ്ങുള്ള ആ ദിവസം അങ്ങനെയൊന്നു സാധ്യമായിരുന്നില്ല എങ്കിൽ കൂടി ഒരു വbന്യ മൃ ഗം ഇരയെ കുട യുന്ന പോലെ അയാൾ അവളെ പ്രാ പിച്ചു.

ആത്മനിന്ദയാലും വേദനയിലും അലറി കരഞ്ഞവളുടെ വായിൽ പുതപ്പ് തിരുകി അയാൾ അര്മാദിക്കുമ്പോൾ പുറത്തു മക്കൾ പേടിച്ചു കരഞ്ഞു മമ്മി എന്നുറക്കെ കരഞ്ഞു.

മ ദ്യപിച്ചു ലക്ക് കെട്ടു കാട്ടിക്കൂട്ടിയ പvരാക്രമങ്ങൾക്കൊടുവിൽ അയാൾ കൂർക്കം വലിച്ചുറങ്ങുമ്പോൾ അവൾ കതകു തുറന്നു പുറത്തിറങ്ങി മക്കളെ വാരിപ്പുണർന്നു.

ഇളയവൻ നെഞ്ചോട് ചേർന്ന് മയങ്ങുമ്പോൾ മൂത്തയാൾ കരഞ്ഞു കൊണ്ടേയിരുന്നു അവനിപ്പോ തിരിച്ചറിവ് ആയി തുടങ്ങി.

മമ്മി മമ്മിക്ക് രക്ഷപെട്ടു കൂടെ? ആ കൊച്ചുപ്രായത്തിൽ അവൻ തന്നോട് ചോദിക്കുന്ന ആ ചോദ്യം അവളെ ഒന്നുലച്ചു.

അവന്റെ മുടിയിഴകൾ തലോടി അവനെയും ഉറക്കി അവളെ ഉറച്ചു കാലടികളോട് പുറത്തിറങ്ങി..

അയാൾ അന്ന് വാങ്ങി കൊടുത്ത മഞ്ഞസാരിയിൽ തൂ ങ്ങി ജീ വിതമെന്ന കൊടും പീ ഡനം എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കുമ്പോൾ അവൾക്കു ഇത്ര പ്രതീക്ഷ മാത്രമേ നല്കിയുള്ളു.

നാളെ രാവിലെ തന്റെ ആത്മഹ ത്യാ ഉണ്ടാക്കുന്ന കോളിളക്കങ്ങൾ ഒരുപക്ഷെ തന്റെ മക്കളെ എങ്കിലും അയാളിൽ നിന്നും രക്ഷപെടുത്തിയേക്കാം. എല്ലാമറിയുന്ന അമ്മച്ചിയും ചാച്ചനും താൻ ഇല്ലാതാകുമ്പോൾ മുമ്പും പിമ്പും നോക്കാതെ രംഗത്ത് വരാതിരിക്കില്ല. തന്റെ കുഞ്ഞുങ്ങൾ എങ്കിലും രക്ഷപെടട്ടെ…

ആദ്യം ഭാര്യയും രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഭർത്താവും ആത്മഹത്യ ചെയ്‌തെന്ന വാർത്ത നാട്ടുകാരും വീട്ടുകാരും ചർച്ച ചെയ്യുമ്പോൾ പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങൾ പരസ്പരം കണ്ണീർ തുടച്ചുകൊടുത്തു.

എത്ര പെട്ടന്നാണ് അവർ അനാഥരായത്. മമ്മിയുടെ ചിരിക്കുന്ന ഫോട്ടോക്ക് മുമ്പിൽ തിരി കൊളുത്തി പ്രാർത്ഥിക്കുമ്പോൾ ആകാശത്തൊരു മാലാഖയായി മമ്മി നിൽക്കുന്നു ചേട്ടായി എന്ന് ഇളയകുഞ്ഞു കൊതിയോടെ പറഞ്ഞു…. ആ കൈകളിലേക്ക് ഇനിയൊരിക്കലും ഓടിയെത്താൻ കഴിയില്ല എന്ന് ഉറപ്പുള്ള മൂത്തവൻ കണ്ണീർ തുടച്ചു മാറ്റി അനിയനെ ചേർത്തണച്ചു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *