സോഫ വന്നേപ്പിന്നെ വല്യപ്പച്ചന്റെ ഗൃഹ ഭരണം സോഫേൽ ഇരുന്നോണ്ടാരുന്നു.ആരേലും അങ്ങേരെ പറ്റി ചരിത്രം എഴുതുവാരുന്നേൽ ഉറപ്പായും സാരി….

Story written by Adam John

വല്യപ്പച്ചന് ഒരു സാധനവും ചുമ്മാ കളയുന്നത് ഇഷ്ടവല്ല. അതോണ്ട് തന്നേ മാർക്കറ്റിലോട്ട് പോയി വരുന്ന വഴി എവിടേലും എന്തേലുവോക്കെ കണ്ടാൽ വീട്ടിലോട്ട് കൊണ്ട് വരും.അങ്ങനെ വന്ന് കേറിയൊരു സോഫ ഉണ്ടാരുന്നു വീട്ടിൽ..കാലിന് സ്വാധീനവില്ലാത്തോണ്ടാന്നൊ എന്തോ ആരോ ഉപേക്ഷിച്ചൊണ്ട് പോയതാന്നേ.കൊണ്ട് വരുമ്പോ തന്നെ അതിന്റെ മേലുടുപ്പൊക്കെ പേപ്പട്ടി കടിച്ചു കീറിയ കൂട്ടിരിക്കുവാരുന്നു.

സ്വതവേ ദുർബല പോരെങ്കിൽ ഗർഭിണിയും എന്ന് പറഞ്ഞ കൂട്ട് സോഫയുടെ ദയനീയാവസ്ഥ കണ്ടപ്പോ വല്യമ്മച്ചിക്കെന്തോ മനസ്സലിഞ്ഞു പോയി. വല്യമ്മച്ചി അപ്പോ തന്നേ ഓടിച്ചെന്ന് പഴയൊരു സാരിയെടുത്തോണ്ട് വന്ന് ഉടുപ്പിച്ചപ്പോ സോഫ ആനന്ദ കണ്ണീർ വാർത്ത പോലെ താഴെ കൂടി വെള്ളം ഇറ്റി വീഴുന്നുണ്ടാരുന്നു. മഴ നനഞ്ഞോണ്ട് ഇരുന്ന സോഫയല്ലായോ. അങ്ങനൊക്കെ സംഭവിക്കും. സ്വാധീനവില്ലാത്ത പഴയ കാലിന്റെ സ്ഥാനത്ത് വീട്ടിലുണ്ടാരുന്ന സ്റ്റൂൾ വെച്ചോണ്ട് അഡ്ജസ്റ്റ് ചെയ്തതോടെ സോഫ പൂർവാധികം ആരോഗ്യവതിയായി.
സുന്ദരിയും.

സോഫ വന്നേപ്പിന്നെ വല്യപ്പച്ചന്റെ ഗൃഹ ഭരണം സോഫേൽ ഇരുന്നോണ്ടാരുന്നു. ആരേലും അങ്ങേരെ പറ്റി ചരിത്രം എഴുതുവാരുന്നേൽ ഉറപ്പായും സാരി പുതച്ച സോഫയിൽ ഇരിക്കുന്നൊരു ചിത്രവും കൂടി അതിന്റൊപ്പം ചേർത്തേനെ. അത്രക്കായിരുന്നു രണ്ട് പേരും തമ്മിലുള്ള ആത്മ ബന്ധം. വല്ലപ്പഴും തേങ്ങാ ചിരവാനും ചമ്മന്തി അരക്കാനും വല്യമ്മച്ചിക്കൊപ്പം കൂടുവാരുന്ന വല്യപ്പച്ചൻ സോഫി മോള് വന്നതിന് ശേഷം അടുക്കള ഭാഗത്തോട്ട് തിരിഞ്ഞു നോക്കാതായി. അതിന്റൊരു പരിഭവം വല്യമ്മച്ചിക്കുണ്ടാരുന്നേലും പുറത്തോട്ട് കാണിച്ചീല.

പക്ഷെ ദിവസം കഴിയുന്തോറും സോഫി മോളുവായുള്ള വല്യപ്പച്ചന്റെ അടുപ്പം കൂടി വരികയും അതോടൊപ്പം വല്യമ്മച്ചിടെ ആത്മ സംഘർഷം ക്രമാതീതമായി വർദ്ധിക്കുകയും ചെയ്ത കാലത്താണ് ഒരു ദിവസം വല്യപ്പച്ചന്റെ ബന്ധത്തിൽ പെട്ട ആരാണ്ടൊക്കെയോ വീട്ടിലോട്ട് വിരുന്നു വരുന്നേ. വല്യപ്പച്ചൻ പുറത്തോട്ടെങ്ങാണ്ടോ പോയേക്കുവാരുന്ന സമയവാരുന്നു. വല്യമ്മച്ചി അവരെ ഉപചാര പൂർവം സോഫയിലും ബാക്കിയുള്ള ഇടങ്ങളിലുവൊക്കെയായി കൊണ്ട് ചെന്നിരുത്തിയേച്ച് ചായയെടുക്കാനായി അടുക്കളയിലോട്ട് പോയ സമയത്താരുന്നു കേ ജീ എഫിലെ നായകന്റെ കൂട്ട് തോളേൽ ഒരു പഴക്കുല യുവായി വല്യപ്പച്ചന്റെ എൻട്രി. വല്യപ്പച്ചനെ കണ്ടപാടേ ഇരിക്കച്ചായാന്നും പറഞ്ഞോണ്ട് കൂട്ടത്തിലുണ്ടാരുന്ന ഒരു ആന്റി വല്യപ്പച്ചനെ നിർബന്ധിച്ചു സോഫേൽ ഇരുത്തിയതാരുന്നു.

അമിത വിനയം ആപത്തെന്ന് പറയുന്നത് ചുമ്മാതാന്നൊ. വല്യപ്പച്ചനെ ഇരുത്തിയേച് അവർക്കിരിക്കാൻ വേണ്ടി സോഫക്ക് താങ്ങും തണലുമായി നില കൊണ്ടിരുന്ന സ്റ്റൂൾ വലിച്ചെടുത്തതെ ഓർമണ്ടാരുന്നുള്ളൂ. ആന ചവുട്ടിയ ഏത്തപ്പഴത്തിന്റെ കൂട്ട് സോഫക്കടിയിൽ കുടുങ്ങിയ വല്യപ്പച്ചനെ ഒരു കണക്കിനാന്നെ വല്യമ്മച്ചി വലിച്ചു പുറത്തോട്ടിട്ടത്. അന്നത്തെ സംഭവത്തോടെ വല്യമ്മച്ചി മനസ്സിൽ കുറിച്ചിട്ടതാണ് ഈ സാധനത്തെ എങ്ങനേലും വീടിന് പുറത്താക്കണവെന്ന്. അല്ലേൽ ഇനിം കുടുമ്മത്തിന് നാണക്കേടുണ്ടാക്കത്തില്ലായോ.

ആയിടക്കാണ് ഗ്രേസിയാന്റിയും കൊച്ചും വീട്ടിലോട്ട് വരുന്നേ. അന്നത്തെ കാലമാടൻ സംഭവത്തിന് ശേഷം ആന്റി കുറേനാളായി വീട്ടിലോട്ട് വന്നീലാരുന്നു. അന്ന് വൈന്നേരം ചായ കുടിയൊക്കെ കഴിഞ്ഞേച്ചു വല്യപ്പച്ചൻ പശുവിനെ അഴിച്ചു കെട്ടാൻ പോയ സമയത്ത് വല്യമ്മച്ചി അമ്മാവനെ വിളിച്ചോണ്ട് സോഫയുടെ കുഷ്യൻ എടുത്ത് മാറ്റാൻ ചട്ടം കെട്ടിയാരുന്നു..കുഷ്യൻ മാറ്റിയാൽ പിന്നെ വല്യപ്പച്ചൻ സോഫമേൽ ഇരിക്കത്തില്ലല്ലോ എന്നാരുന്നു വല്യമ്മച്ചിയുടെ കണക്ക് കൂട്ടൽ. പെർഫെക്ഷൻ ആരുന്നല്ലോ അമ്മാവന്റെ മെയിൻ. അമ്മാവൻ ഡോക്ടറുടെ കൂട്ട് സോഫിയെ തിരിച്ചും മറിച്ചും കിടത്തിയേച്ച് ഒരു വിധത്തിൽ കുഷ്യനിളക്കി എടുക്കാൻ നേരവാണ് വല്യപ്പച്ചന്റെ മുരടനക്കം കേക്കുന്നെ.

അപ്പോ തന്നെ അമ്മാവൻ ഇളക്കി മാറ്റിയ കുഷ്യനെടുത്ത് അതിന്റെ സ്ഥാനത്ത് തന്നെ വെച്ചേച്ച് സോഫിമോളെ പഴയ പോലെ സാരിയും ഉടുപ്പിച്ചോണ്ട് ഒന്നുവറിയാത്ത ഭാവത്തിൽ മോളിലത്തെ മുറിയിലോട്ട് പോയി. അല്ലേൽ വല്യപ്പച്ചന്റെ വായീന്ന് കണക്കിന് കേക്കേണ്ടി വരുമെന്ന് അമ്മാവനറിയാം. വന്ന് കേറിയ പാടെ പതിവ് പോലെ സോഫയുടെ മോളിലോട്ട് കേറിയിരുന്ന വല്യപ്പച്ചന്റെ കരച്ചില് കേട്ട് പശു കാടി വെള്ളത്തിന് കരയുവാന്ന് കരുതി വല്യമ്മച്ചി വെളിയിലോട്ട് പോവാൻ നേരവുണ്ട് സോഫക്കുള്ളിൽ നിന്നൊരനക്കം. നിന്ന് സി ബി ഐ കളിക്കാതെ എന്നെയൊന്ന് വലിച്ചു പുറത്തിടെടി ന്നുള്ള വല്യപ്പച്ചന്റെ അലർച്ച കൂടി കേട്ടപ്പോഴാണ് വല്യമ്മച്ചിക്ക് കാര്യം മനസ്സിലാവുന്നേ.

കുഷ്യനും സാരിയുവൊക്കെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന വല്യപ്പച്ചനെ ഒരു കണക്കിന് പുറത്തൊട്ട് വലിച്ചെടുത്തപ്പോഴാരുന്നു ഗ്രേസിയാന്റിയുടെ കൊച്ച് അങ്ങോട്ടേക്ക് വന്നേ. ഗൾഫിലുള്ള ഭർത്താവുമായി വീഡിയോ കാളിൽ സല്ലപിക്കുവാരുന്ന ഗ്രേസിയാന്റി സ്വർഗത്തിലെ കട്ടുറുമ്പായി മാറിയ കൊച്ചിനെ സൂത്രത്തിൽ പുറത്തോട്ട് പറഞ്ഞു വിട്ടതാരുന്നു. കുഷ്യനും അതിന്റെ മോളില് സാരിയും പുതച്ചോണ്ട് നിപ്പാരുന്ന വല്യപ്പച്ചനെ കണ്ട് കൊച്ച് പറയുവാ. അമ്മച്ചിയെ ദോണ്ടേ സിനിമ നടി വന്നേക്കുന്നെന്ന്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *