സ്നേഹസമ്മാനം-അധ്യായം 01, എഴുത്ത്: ശ്രീജ ശ്രീജിത്ത്‌

സ്നേഹസമ്മാനം- അധ്യായം :01

നോവലിസ്റ്റ് :ശ്രീജ ശ്രീജിത്ത്‌

==============

ശിവേട്ടാ….അഞ്ജു നാളെ എത്തിക്കഴിഞ്ഞാൽ കല്യാണ ഡ്രസ്സും സ്വർണ്ണവും എല്ലാം പറ്റുമെങ്കിൽ നാളെ കഴിഞ്ഞു തന്നെ എടുക്കണം. കല്യാണത്തിന് രണ്ടാഴ്ച്ചയല്ലേ ഉളളൂ. എനിക്ക് നല്ല ടെൻഷൻ ഉണ്ട് ശിവേട്ടാ…അഞ്ജുനെ കെട്ടിച്ചുവിടാറായി എന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റണില്ല.

ഗിരിജയുടെ വാക്കുകൾ ഒരു ചെറു ചിരിയോടെ ശിവരാമൻ കേട്ടു നിന്നു.

ഗിരീജേ….നീ ഒരു ടെൻഷനും എടുക്കണ്ട. ആദ്യം അവളിങ്ങോട്ടൊന്നു വന്നോട്ടെ.നമുക്കുവേണ്ടി ജീവിക്കുന്ന അവളുടെ ഇഷ്ടത്തിനു വേണം കാര്യങ്ങൾ തീരുമാനിക്കാൻ. മോളിങ്ങു വന്നിട്ടുവേണം എവിടുന്നാ ഡ്രസ്സും സ്വർണ്ണവും എടുക്കുന്നതെന്നറിയാൻ. എല്ലാവരോടും പറയണ്ടേ….

പിന്നെ…. പറയണം പറയണം.. ആ ശബ്ദം കേട്ടാണ് ശിവരാമനും ഗിരിജയും തിരിഞ്ഞു നോക്കിയത്. അവരുടെ ഊഹം തെറ്റിയില്ല. തങ്ങളുടെ രണ്ടാമത്തെ പുത്രി രഞ്ജു.

അച്ഛനും അമ്മയ്ക്കും ഇതെന്തിന്റെ കേടാ…എനിക്ക് അറിയാൻവയ്യാഞ്ഞിട്ട് ചോദിക്കുവാ….കല്യാണ ഡ്രസ്സ്‌ എടുക്കാൻ പോകുമ്പോൾ അറിയിക്കണം പോലും…ആരെയാ അറിയിക്കേണ്ടത്? ഗതികെട്ടു  നിന്നപ്പോൾ പരിഹസിച്ചു ചിരിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്ത കൂടപ്പിറപ്പുകളേ ഉളളൂ അച്ഛനും അമ്മയ്ക്കും. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്. ഞാൻ ഓരോന്ന് പറയാൻ തുടങ്ങിയാൽ അമ്മയും അച്ഛനും നന്നായി വിയർക്കും.രണ്ടാളുടെയും കൂടെപ്പിറപ്പുകളെ കല്യാണം വിളിക്കണം. അവര് വന്നു കാണണം എന്റെ ചേച്ചിയുടെ കല്യാണം. പ്രത്യേകിച്ച് അച്ഛന്റെ രണ്ടാമത്തെ പെങ്ങൾ ശാരദ. അപ്പച്ചിയുടെ മകൻ കൃഷ്ണേട്ടനെ എന്റെ അഞ്ജുവേച്ചിയ്ക്ക് വേണ്ടി ആലോചിച്ചപ്പോൾ ആ വൃത്തികെട്ട തള്ള എന്താ പറഞ്ഞത് എന്ന് രണ്ടാൾക്കും ഓർമ്മയുണ്ടോ..?

രഞ്ജു….നിനക്കിത്തിരി കൂടുന്നുണ്ട്. അതുവരെ മിണ്ടാതിരുന്ന ശിവരാമൻ രഞ്ജുവിന് നേരെ കയർത്തു.

വേണ്ട അച്ഛാ….അച്ഛൻ ഒച്ചയിടണ്ട…ഞാൻ പറയും. അന്നവര് പറഞ്ഞത് സൗന്ദര്യവും വെളുപ്പും കൂടി അടുപ്പിലിട്ട് വേവിച്ചാൽ വിശപ്പുമാറുമോ എന്നാ..ആ അവര് കാണണം എന്റെ ചേച്ചിയുടെ കല്യാണം. പിന്നെ ഒരുകാര്യം കൂടി രണ്ടുപേരും കേൾക്കാൻ ഞാൻ പറയുവാ..ആരെങ്കിലും ഇവിടെ വന്നു കുറ്റവും കുറവും പറഞ്ഞു നിങ്ങളെ രണ്ടാളേം നോവിച്ചാൽ…ദേ അഞ്ജു അല്ല രഞ്ജു….മര്യാദ അല്ലെങ്കിൽ എല്ലാം ഇവിടുന്നു കൊണ്ടോണ്ടേ പോകൂ….ഞാൻ പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യും.

ഇത്രയും പറഞ്ഞു ഒരു ആക്കിയ ചിരിയും മുഖത്തൊളിപ്പിച്ചു രഞ്ജു മുറിയിലേയ്ക്ക് പോയി.

ഗിരീജേ..എന്തോന്നാടി ഇത്? അവളെന്തൊക്കെയാടി പറഞ്ഞത്? നിനക്ക് വല്ലതും മനസ്സിലായോ? ഇവളെന്താടി ഗുണ്ടയാണോ…എന്റെ ദൈവമേ ഇതേതാ ഇനം എനിക്ക് മനസ്സിലാവണില്ലല്ലോ…

ശിവരാമൻ തലയിൽ കൈ വച്ചിരുന്നുപോയി…ഇനം ഏതാണെന്നു എന്നെകൊണ്ട് പറയിപ്പിക്കരുത്. തലയിൽ കയറ്റിവച്ച് ലാളിച്ചു വളർത്തിയപ്പോൾ ഓർക്കണം….

ഗിരിജ ചാടി തുള്ളി അകത്തേക്ക് പോയി….

ഒരു കണക്കിന്  രഞ്ജു പറഞ്ഞത് ശരിയല്ലേ…? എന്റെ ബിസിനസ്സ് തകർന്നപ്പോൾ കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ ഒരു കൈ താങ്ങാകാൻ ഞാൻ ഓടിയെത്തിയത് എന്റെ കൂടെപ്പിറപ്പുകളുടെ അടുത്തേയ്ക്കാ…പക്ഷെ ഒരാളും എന്നെ സഹായിച്ചില്ല. ഗിരിജയുടെ അവസ്ഥയും വ്യത്യസ്തമല്ല.തന്റെ ജീവിതത്തിൽ നടന്ന ഓരോ കാര്യങ്ങളും ശിവരാമന്റെ മനസ്സിൽ തെളിഞ്ഞുവന്നു.

ശിവേട്ടാ നമ്മുടെ എല്ലാ പ്രതിസന്ധിയിലും നമുക്കൊപ്പം നിന്ന ദിവാകരേട്ടനെയും മാലതി ഏടത്തിയെയും നമ്മൾ മറക്കരുത്. ഒരു ദൈവത്തെപോലെ നമുക്കാശ്രയം ആ കുടുംബമായിരുന്നു.

എല്ലാം ഞാൻ ഓർക്കുന്നുണ്ട് ഗിരീജേ…ഒരു രക്തബന്ധത്തിന്റെയും മഹത്വമില്ലാതിരുന്നിട്ടും, ഒരു സെന്റ് ഭൂമി പോലും സ്വന്തമായില്ലാതിരുന്നിട്ടും സ്വന്തം വീട് പണയപ്പെടുത്തിയ പൈസ കൊണ്ടു വന്നു തന്ന്  അഞ്ജുവിനെ നേഴ്സിംങ്‌ പഠിപ്പിച്ചു. അമേരിക്കയിൽ ജോലിയായി അവൾക്ക് ശമ്പളം കിട്ടുന്നത് വരെ ദിവാകരേട്ടൻ ലോൺ എടുത്ത പൈസയോ എന്തിനു അതിന്റെ പലിശയോ നമ്മളെകൊണ്ടടപ്പിച്ചിട്ടില്ല. അഞ്ജു മോൾ ആ കടങ്ങളെല്ലാം വീട്ടി. നല്ലൊരു വീടും വച്ചു. രഞ്ജു മോളേ അവളുടെ പാതയിലേയ്ക്ക്  നേഴ്സിങ്ങിന്  ചേർത്തു. കടങ്ങളെല്ലാം തീർന്നു. ഇനി ഈ ശ്വാസം എന്റെ ശരീരത്തിൽ ഉള്ള കാലമത്രയും ആ കടപ്പാട് എന്റെ ദിവാകരേട്ടനോടും കുടുംബത്തോടും ഞാൻ കാണിക്കും. എന്റെ മോളുടെ കല്യാണത്തിന് മുൻപിൽ നിൽക്കേണ്ടതും അവരുതന്നെയാണ്

വൗ….കൈകൊട്ടിക്കൊണ്ടാണ് രഞ്ജു എത്തിയത്. എന്റെ അച്ഛന് ഇത്രയും തിരിച്ചറിവുണ്ടായിരുന്നോ? എന്നിട്ട് അച്ഛൻ തിരിച്ചറിയാതെ പോയ ഒരു കാര്യമുണ്ട്. ഇത്രയും പഠിപ്പിച്ച എന്റെ ചേച്ചിയെ ഈ നിലയിലെത്തിച്ച ദിവാകരേട്ടന്റെ വീട്ടിലേക്ക് തന്നെ ശംഭുവേട്ടന്റെ പെണ്ണായിട്ട് കൊടുത്തു കൂടായിരുന്നോ?

ഒരു നിമിഷം അലറി വിളിച്ചുകൊണ്ട് ശിവരാമൻ രഞ്ജുവിനു നേരെ പാഞ്ഞടുത്തു…..

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *