സ്നേഹസമ്മാനം-അധ്യായം 02, എഴുത്ത്: ശ്രീജ ശ്രീജിത്ത്‌

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

രഞ്ജു നീ എന്താ പറഞ്ഞതെന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ?

ഇത്രയും പഠിച്ച അമേരിക്കൻ ജോലി കിട്ടിയ എന്റെ അഞ്ജു മോളെ ഞാനൊരു ഡ്രൈവറെ കൊണ്ട് കെട്ടിക്കണമല്ലേ?

നീ ആള് കൊള്ളാമല്ലോ? ദിവാകരേട്ടനോട് എനിക്ക് സ്നേഹവും ബഹുമാനവും ഒക്കെയുണ്ട് അതെല്ലാം ശരിയാ. ശംഭു ദിവാകരേട്ടന്റെ മോനായിരിക്കും പക്ഷേ എന്റെ മോളുടെ ജീവിതം വെച്ച് കളിക്കാൻ ഞാൻ ഒരിക്കലും തയ്യാറല്ല.

അമേരിക്കയിൽ ജോലി നോക്കുന്ന എന്റെ മോൾക്ക് നല്ല ഒന്നാന്തരം പയ്യനെയാ കിട്ടിയിരിക്കുന്നത്. നിനക്ക് കുശുമ്പല്ലേ അവളോട്? നീ ഒരു കൂടപ്പിറപ്പ് ആണോടി?
ശരിയാ അച്ഛാ തെറ്റിയത് എനിക്കാ അച്ഛനല്ല.ഈ ആ ൾക്കാർക്കൊക്കെ ഒരു സ്വഭാവം ഉണ്ട്. പാലം കടന്ന് കഴിയുമ്പോൾ കൂരായണ പാടുന്ന സ്വഭാവം. ആ സ്വഭാവം എന്റെ അച്ഛനും ഉണ്ടെന്ന് എനിക്ക് മനസ്സിലായി. പറയുമ്പോൾ ദിവാകരേട്ടാ എന്ന് മുഴുവൻ പറയാറില്ലല്ലോ അച്ഛൻ.

അച്ഛൻ ഒരു കാര്യം മനസ്സിലാക്കണം സ്നേഹമാണെങ്കിലും, കടപ്പാടാ ണെങ്കിലും അത് മനസീന്ന് വരണം. അല്ലാതെ ആരെയും ബോധിപ്പിക്കാൻ വേണ്ടി ആവരുത്. ശംഭുവേട്ടനെ പോലെ ഒരാളെ ഇന്ന് ഏത് പെണ്ണാ ആഗ്രഹിക്കാത്തത്. ഡ്രൈവർ പണി അത്ര മോശം പണിയൊന്നുമല്ല. അച്ഛൻ ഇപ്പോൾ ചേച്ചിയെ കൂട്ടിക്കൊണ്ടു വരാൻ പോകുന്നത് എങ്ങനെയാ ഇവിടുന്ന് പറന്നുപോകുമോ? അതിനും ഈ ശംഭുവേട്ടൻ തന്നെ വേണ്ടേ?

അച്ഛൻ ഇപ്പോൾ ഈ സമയത്ത് അഞ്ജു ചേച്ചിക്ക് പോയി ശംഭുവേട്ടനെ ആലോചിക്കാൻ ഒന്നുമല്ല ഞാൻ പറഞ്ഞത്. നേരത്തെ അതാകാമായിരുന്നു എന്നാ പറഞ്ഞത്. പിന്നെ അച്ഛൻ ഒരു കാര്യം പറഞ്ഞില്ലേ എനിക്ക് എന്റെ ചേച്ചിയോട് കുശുമ്പാണെന്ന്. അത് കുശുമ്പ് ഒന്നുമല്ല ഞാൻ വന്ന വഴി മറന്നിട്ടില്ല അത്രയേ ഉള്ളൂ.

അത് ശരി നീ വന്ന വഴി മറന്നിട്ടില്ലെങ്കിൽ ഒരു കാര്യം ചെയ്യടി നീ അവനെ പോയി കെട്ടിക്കോ. ആരു പറഞ്ഞു വേണ്ടെന്ന്. എനിക്ക് എന്നും എന്റെ അഞ്ജു മോൾ സുഖമായി ഇരിക്കണം. എന്റെ കുഞ്ഞിനോട് ഞാൻ ഒരു നെറികേടും കാണിക്കില്ല. അല്ല എന്റെ കുഞ്ഞ് അമേരിക്കയിൽ പോയി പത്ത് കാശുണ്ടാക്കിയപ്പോൾ അവൻ പറഞ്ഞോ…ആ ശംഭു എന്റെ മോളെ അവന് ഇഷ്ടമാണെന്ന്? എന്തായാലും എന്റെ മോളെ അതിന് കിട്ടില്ല. ഇനി ഇതിനെക്കുറിച്ച് ഇവിടെ ഒരു സംസാരം വേണ്ട. ഇവിടെ ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കാൻ ഞാനുണ്ട്. നീ അങ്ങോട്ട് കൂടുതൽ ഭരിക്കാൻ വരണ്ട.ശിവരാമൻ രഞ്ജുവിനെ ദേഷ്യ ഭാവത്തിൽ നോക്കി.

ഇല്ലച്ചാ ഞാൻ ആരെയും ഭരിക്കാൻ വരുന്നില്ല. പക്ഷേ ഒരു കാര്യം ഞാൻ പറയാം…. ശംഭുവേട്ടൻ എന്നെ കെട്ടാൻ തയ്യാറാണെങ്കിൽ ആ കൈകൾക്ക് മുൻപിൽ തലകുനിച്ചു നിൽക്കാൻ എനിക്ക് ഒരു മടിയുമില്ല… സന്തോഷമേയുള്ളൂ. രഞ്ജു തറപ്പിച്ചു പറഞ്ഞു.

അതേടി നിന്നെ എനിക്ക് നന്നായി അറിയാം. നീ ഇതല്ല ഇതിനപ്പുറവും കാണിക്കും. ഈ ഉമ്മാക്കി ഒന്നും കാണിച്ച് എന്നെ പേടിപ്പിക്കാമെന്നു നീ കരുതണ്ട. പിന്നെ നിനക്ക് ചേരുന്നത് അവൻ തന്നെയാ.നീ പേടിക്കണ്ടടീ എന്റെ അഞ്ജു ഇങ്ങു വന്നോട്ടെ. അവളുടെ അഭിപ്രായം കൂടി നോക്കിയിട്ട് രണ്ടു കല്യാണവും ഒരുമിച്ചാക്കാം. എനിക്കും അതാ നല്ലത്. ഒരു വെടിക്ക് രണ്ട് പക്ഷി.

കഷ്ടം….. രഞ്ജു മുഖം തിരിച്ചു നടന്നു. ശിവേട്ടാ അഞ്ജുവിനെ കൊണ്ടുവരാൻ ശംഭു എപ്പോഴാ വരിക? റെഡിയാകാൻ പോവുകയാട്ടോ. തിടുക്കപ്പെട്ട് ഗിരിജ മുറിയിലേക്ക് പോയി. ശിവരാമൻ പ്രത്യേകിച്ച് മറുപടി ഒന്നും പറഞ്ഞില്ല. രഞ്ജുവും അതീവ സന്തോഷത്തിലായിരുന്നു. എത്ര നാളായി ചേച്ചിയെ കണ്ടിട്ട്? എന്നും ചേച്ചിയുടെ കൂട്ട് ഞാനാ. അച്ഛൻ എന്നെ വഴക്കുപറയുമ്പോൾ ഒക്കെ എന്നെ എപ്പോഴും സപ്പോർട്ട് ചെയ്യുന്നത് എന്റെ അഞ്ജു ചേച്ചി അല്ലേ? ചേച്ചി കാണാൻ കൊതിയായിട്ട് വയ്യ. എന്റെ ദൈവമേ സമയം പോകുന്നില്ലല്ലോ. രഞ്ജു സ്വയം പിറുപിറുത്തു.

ഉമ്മറത്ത് വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ ശംഭു വേട്ടൻ നേരത്തെയാണല്ലോ എന്ന് രഞ്ജു മനസ്സിലോർത്തു. എങ്ങനെ നേരത്തെ വരാതിരിക്കും? അഞ്ജുവേച്ചിയുടെ ജീവനായിരുന്നില്ലേ ശംഭുവേട്ടൻ…. ഇത് വല്ലതും ഈ അച്ഛന് മനസ്സിലാകുമോ? പാവം ചേച്ചി നല്ല വിഷമത്തിലാവും വരിക. ചേച്ചി എങ്ങനെ ശംഭുവേട്ടനെ ഫേസ് ചെയ്യും? ആ നോക്കാം……തന്റെ കാമുകിയുടെ കല്യാണം നടത്താൻ ഓടി നടക്കുന്ന ഹതഭാഗ്യനായ കാമുകൻ….. പാവം ശംഭുവേട്ടൻ……

എല്ലാവരും കാറിൽ കയറി എയർപോർട്ടിലേക്ക് പോകുമ്പോഴും പുറത്ത് ചിരി കാണിക്കുമ്പോഴും ശംഭുവിന്റെ ഉള്ള് വല്ലാതെ പിടയുന്നുണ്ടായിരുന്നു. ആ പിടച്ചിൽ കേട്ടത് രഞ്ജു മാത്രം.

എയർപോർട്ടിൽ നല്ല തിരക്കുണ്ടായിരുന്നു. അഞ്ജു ഇറങ്ങി വന്നതും മുൻപിൽ തന്നെ ചെന്ന് നിന്ന് ശംഭു കൈ വീശി കാണിച്ചു. ശംഭു പകച്ചു നിന്നുപോയി… അഞ്ജു വിന്റെ മാറ്റം അവനെ അദ്ഭുതപ്പെടുത്തി. മുട്ടറ്റം മുടിയുള്ള ഒരു നാടൻ പെൺകുട്ടിയായിരുന്നു അവൾ. ഇപ്പോൾ അവൾ ആകെ മാറിയിരിക്കുന്നു രൂപത്തിലും ഭാവത്തിലും. തന്നെ നോക്കി ചിരിച്ചു എന്ന് മാത്രം വരുത്തി അഞ്ജു ശംഭുവിന്റെ മുന്നിലൂടെ നടന്നു നീങ്ങി…..

ഒരു നിമിഷം രഞ്ജുവും കണ്ണു മിഴിച്ചു നിന്നുപോയി. താൻ കാത്തിരുന്ന, സ്നേഹിച്ച ആ പഴയ അഞ്ജു വേച്ചിയിൽ നിന്നു ഈ അഞ്ജു വേച്ചിയിലേയ്ക്കുള്ള ദൂരം ഒരുപാടാണെന്ന തിരിച്ചറിവ് അവളെ വല്ലാതെ വേദനിപ്പിച്ചു….

തുടരും…….

Related Posts

Leave a Reply

Your email address will not be published. Required fields are marked *