സ്നേഹസമ്മാനം-അധ്യായം 05, എഴുത്ത്: ശ്രീജ ശ്രീജിത്ത്‌

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ശംഭു ബില്ല് കൊടുത്തിട്ടു വരുന്നത് വരെ രഞ്ജു സ്വപ്നലോകത്തി ലെന്നപോലെയിരുന്നു. ഒരു നിമിഷം ഒളികണ്ണിട്ട് അവൾ ശംഭുവിനെ നോക്കി.

ഉം? എന്തേ നിന്റെ മുഖത്തൊരു കള്ളനോട്ടം? ഏയ്‌ ഒന്നുമില്ല ശംഭുവേട്ടാ… ഞാനിപ്പോൾ ശരിക്കും സ്വപ്നലോകത്താ…..അമ്പിളി മാമനെ കിട്ടിയ ഒരു കൊ ച്ചുകുട്ടിയാ ഞാനിപ്പോൾ.അതുപറഞ്ഞപ്പോൾ അവളുടെ ചുണ്ടുകൾ വിറച്ചു… കണ്ണുനീർ കവിളിലൂടെ ധാര ധാരയായി ഒഴുകി.

നീ എന്താ പെണ്ണേ ഇങ്ങനെ? കരച്ചിൽ മാത്രേ ഉള്ളോ നിനക്ക്? അവസാനം ആ കണ്ണുനീരിൽ ഞാൻ മുങ്ങി താഴേ ണ്ടിവരുമോ?

ദേ ശംഭുവേട്ടാ വേണ്ടാട്ടോ… ഉം….കുസൃതി ചിരി ചുണ്ടിലൊളിപ്പിച്ച് രഞ്ജു മുൻപിൽ നടന്നു തൊട്ടു പുറകിലായി ശംഭുവും…. രഞ്ജു കാറിനകത്തുകയറി ഇരിപ്പായി. ശംഭു അവരെ നോക്കി പുറത്തു തന്നെ നിന്നു.

ശംഭുവേട്ടാ എന്തിനാ പുറത്തു നിൽക്കുന്നേ?അകത്തുവന്നിരിക്ക്..വേണ്ടടീ നിന്റച്ഛനും ചേച്ചിയ്ക്കും കുറ്റപ്പെടുത്താൻ നമ്മളായിട്ട് വിഷയം ഉണ്ടാക്കി കൊടുക്കണോ? ഞാനിവിടെ നിന്നോളാം..വീണ്ടും പത്തു മിനിറ്റ് എടുത്തു അവരെത്താൻ….

എങ്ങനെയെങ്കിലും വീടെത്തിയാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളൂ ശംഭുവിന്. അഞ്ജു മോളേ നല്ല അടിപൊളി ഭക്ഷണമായിരുന്നൂട്ടോ..തങ്ങളെ കേൾപ്പിക്കാനായിട്ടാണ് അച്ഛൻ കിടന്നു പുലമ്പുന്നതെന്ന് രഞ്ജുവിന് മനസ്സിലായി. കഷ്ടം…. അവൾ പിറുപിറുത്തു…. എന്തോന്നാടി അസത്തെ നീ പിറുപിറുക്കുന്നത്? ശിവരാമൻ ഉച്ചത്തിൽ ചോദിച്ചു..

അയ്യോ ഒന്നുമില്ല… അവിടുത്തെ ഭക്ഷണം നല്ലതാണെങ്കിൽ ആ ഷെഫിനേ നമ്മുടെ വീട്ടിലേയ്ക്ക് കൊണ്ടുവന്നാലെന്താ… അല്ല മോൾക്കാണെങ്കിൽ അതിനുള്ള ആസ്തിയും ഇപ്പോഴുണ്ട്. പിന്നെ അമ്മയ്ക്ക് റെസ്റ്റും ആകും. അച്ഛന് നല്ല രുചിയോടെ ഭക്ഷണം കഴിക്കുകയും ചെയ്യാം. ചുരുക്കത്തിൽ പറഞ്ഞാൽ പശുവിന്റെ കടിയും മാറും കാക്കയുടെ വിശപ്പും മാറും…. എന്തേ…. രഞ്ജുവിന്റെ സംസാരം ശംഭു ഒഴികെ കാറിൽ ഉള്ള ആർക്കും ഇഷ്ടപ്പെട്ടില്ല. അഞ്ജു കയർത്തു തന്നെ രഞ്ജുവിനോട് സംസാരിച്ചു. ഒരു കാര്യം ഞാൻ നിന്നോട് പറഞ്ഞേക്കാം. കൂടുതൽ വിളച്ചിലെടുത്തു ആളാകാൻ നോക്കിയാൽ നിന്റെ പഠിപ്പും ഞാനങ്ങു നിർത്തും. മനസ്സിലായോടീ…

ആഹാ പിന്നെ… എന്റെ പഠിപ്പു നിൽക്കണമെങ്കിൽ അത് ഞാൻ വിചാരിക്കണം. പിന്നെ പൈസയുടെ കണക്കു പറയാനാണ് ഭാവമെങ്കിൽ അതുവേണ്ട. എനിക്ക് മുടക്കിയത് ഞാൻ എഴുതിവച്ചിട്ടുണ്ട്. അത് അതുപോലെതന്നെ തിരിച്ചും തരും. പിന്നെ ഈ ആക്രോശം എന്നോട് വേണ്ട. ചിലപ്പോൾ ഞാൻ പ്രതികരിക്കും. കേട്ടല്ലോ.പിന്നെ ചേച്ചി പേടിപ്പിക്കുമ്പോൾ ഞെട്ടാൻ നെഞ്ച് വിരിച്ചു മുന്നിലൊരാളുണ്ട്. തല്ക്കാലം അതുകണ്ടു സമാധാനിച്ചോണം… പൈസ കയ്യിലുണ്ടെങ്കിൽ അതിന്റെ മിടുക്ക് രഞ്ജുവിനെ കാണിക്കണ്ട….

രഞ്ജു നിർത്തടി… ഗിരിജ ശബ്ദം താഴ്ത്തി പറഞ്ഞു. രഞ്ജു നിർത്തുവാ. പക്ഷെ മൂത്ത മോളോട് ഒന്നൊ തുങ്ങിക്കോളാൻ പറഞ്ഞേക്ക്. ഇല്ലെങ്കിൽ എന്റെ സ്വഭാവം എനിക്ക് തന്നെ പിടിക്കാറില്ല. കൈവിട്ടുപോയാൽ എന്നെ കുറ്റം പറയാൻ വന്നേക്കരുത്. അഞ്ജുവും ഗിരിജയും പരസ്പരം നോക്കി. ഗിരിജ എന്തു ചെയ്യാനാണെന്ന അർത്ഥത്തിൽ കൈ മലർത്തി കാണിച്ചു…..

കാർ ഗേറ്റ് കടന്നു വീടിനു മുൻപിലെത്തി.രഞ്ജു ഡോർ തുറന്ന് ആദ്യമിറങ്ങി. പുറകെ ഓരോരുത്തരായിറങ്ങി. അഞ്ജു പെട്ടികൾ എടുക്കാൻ ശംഭുവിനോട് ആവശ്യപ്പെട്ടു. മുകളിൽ നിന്നു വളെരെ പ്രയാസപ്പെട്ടാണ് ശംഭു പെട്ടി ഇറക്കിയത്..എടാ ശംഭു ആ പെട്ടികളെല്ലാം അകത്തേയ്ക്ക് കൊണ്ടുവാ. ഞാനിപ്പോൾ ഡോർ തുറക്കാം.

ശരി എന്നുപറഞ്ഞു ശംഭു കൈവച്ച പെട്ടിയിൽ രഞ്ജുവും കൈ വച്ചു.ഇവിടുത്തെ മുതലാളിമാരുടെ കൈകൾ തളർന്നു പോയിട്ടില്ലല്ലോ. ഡോർ തുറന്നിട്ട്‌ അച്ഛനിങ്ങോട്ടിറങ്ങിവാ. എന്നിട്ട് നമുക്ക് എല്ലാവർക്കും കൂടി പെട്ടികൾ എടുത്തകത്തു വയ്ക്കാം. എന്താ അതല്ലേ അതിന്റെ ശരി?.

രഞ്ജു… നീ എന്റെ ക്ഷമയെ പരീക്ഷിക്കരുത്. ശിവരാമന്റെ മുഖം ദേഷ്യത്തിൽ തുടുത്തു..അച്ഛനെത്ര ബഹളം വച്ചാലും അതിൽ കാര്യമില്ല. ശംഭുവേട്ടൻ ആരുടേയും വേലക്കാരനൊന്നുമല്ല.ആരും പറയാതെ ശംഭുവേട്ടൻ നോക്കിയും കണ്ടും കാര്യങ്ങൾ ചെയ്യുന്നു എന്നു കരുതി ആരും കൂടുതൽ ഭരിക്കാനൊന്നും വരണ്ട.

എടി… എന്താടി നീ പറഞ്ഞതെന്ന് ചോദിച്ചതും ശിവരാമന്റെ കൈ രഞ്ജുവിന്റെ കരണത്ത് പതിഞ്ഞതും ഒരുമിച്ചായിരുന്നു. പറയടി ഒരുമ്പ ട്ടോളെ ശംഭു നിനക്ക് ആരാടി…. പറയടി… ശിവരാമൻ അവളുടെ മുടിയ്ക്ക് കുത്തി പിടിച്ചു..സർവ ശക്തിയുമെടുത്ത് അവൾ ശിവരാമനെ തള്ളി മാറ്റികൊണ്ട് കിതപ്പോടെ അവൾ പറഞ്ഞു. ശംഭുവേട്ടൻ എനിക്കെല്ലാമെല്ലാമാണ്. ആരെയും ചതിക്കാനോ വഞ്ചിക്കാനോ ഒന്നുമറിയാത്ത ഈ പാവം മനുഷ്യനെ എനിക്ക് ജീവനാണ്… ഒരു നിമിഷം എല്ലാവരും ഇടിവെട്ടേ റ്റതുപോലെ നിന്നു…

രഞ്ജു….എടീ അഹങ്കാരി… നിർത്തിക്കോണം നിന്റെ തറുതല പറച്ചിൽ…. അച്ഛന്റെ കയ്യീന്ന് തല്ലു കൊണ്ട് ചാകണ്ടെങ്കിൽ കേറിപോടി അകത്ത്. ഗിരിജയുടെ ശബ്ദത്തിന് ഇടിമുഴക്കത്തിന്റെ  കാഠിന്യമായിരുന്നു.

തലോലിച്ചു ലാളിച്ചു വളർത്തിയ ഇവളുടെ പെരുമാറ്റം നീ കണ്ടില്ലേടി….. ആ ഇവളെ ഇനി അകത്തേയ്ക്കല്ല കയറ്റേണ്ടത്. ഇറങ്ങിക്കോണം നീ ഇപ്പോൾ ഈ നിമിഷം. നിന്റെ ശംഭുവേട്ടന്റെ കൂടെ.ശിവരാമൻ തന്റെ തീരുമാനം ഗൗരവത്തോടെ അറിയിച്ചു.

കഴിഞ്ഞോ എല്ലാവരുടെയും അട്ടഹാസം…. എന്നാ കേട്ടോ അങ്ങനെ രാത്രിയ്ക്കു രാത്രി ആരും കാണാതെ ഒരാളുടെകൂടെയും ഇറങ്ങിപോകേണ്ട കാര്യം എനിക്കില്ല. നാലാൾ കാൺകെ  എന്റെ അച്ഛൻ ശംഭുവേട്ടന്റെ കൈയിൽ എന്നെ പിടിച്ചു കൊടുക്കും. രാത്രിയിൽ പേടിപ്പിച്ചിറക്കിവിട്ട് ഈ ബാധ്യത തീർന്നെന്നോർത്ത് സമാധാനിക്കണ്ട.എന്റെ പേരേ രഞ്ജിത ശിവരാമനെന്നാ.

അച്ഛന്റെ മോളാ ഞാൻ. ആവശ്യമില്ലാത്ത ഒരു കാര്യത്തിനും ഒരുത്തരേം ഞാൻ പേടിക്കില്ല. അതിവിടെല്ലാവർക്കും നന്നായി അറിയുകയും ചെയ്യാം.പിന്നെ വെറുതെ ഒച്ചയെടുത്ത് തൊണ്ടയിലെ വെള്ളം വറ്റിച്ചിട്ട് ഒരു കാര്യവുമില്ല. ഞാൻ ആരുടെ കൂടെയും  പോവില്ല. എല്ലാവർക്കും കാര്യങ്ങൾ മനസിലായെങ്കിൽ ശംഭുവേട്ടന്റെ പൈസ അങ്ങ് കൊടുത്തിട്ട് പോയി കിടന്നുറങ്ങാൻ നോക്ക്.

ഒന്നും മിണ്ടാതെ നിശബ്ദനായി നിന്ന ശംഭുവിന്റെ അടുത്തേയ്ക്ക് രഞ്ജു ചെന്നു.മാഷേ ഇങ്ങനെ ഒന്നും മിണ്ടാതെ എന്റെ അച്ഛൻ പറയുന്നതിന് താളം തുള്ളിനിന്നാൽ ജീവിതം കോഞ്ഞാട്ടയാകും. എന്റച്ഛനാ…. വിലിപ്പിക്കും…. നോക്കിക്കോ….പോയി കണക്കുപറഞ്ഞു പൈസ മേടിക്ക് മാഷേ….

രഞ്ജുവിന്റെ കുസൃതിനിറഞ്ഞ സംസാരം ശംഭുവിന് നന്നേ ബോധിച്ചു. ഇവള് കൊള്ളാല്ലോ. കാര്യങ്ങൾ എത്ര ഭംഗിയായിട്ടാ ഇവൾ സംസാരിക്കുന്നത് …. അവന്റെ ചുണ്ടിൽ ചെറിയൊരു ചിരി പടർന്നു

രഞ്ജു… നിനക്ക് നന്നായി വേദനിച്ചില്ലേ…. എന്നിട്ടും നീ എങ്ങനെയാ ഇങ്ങനെ ചിരിച്ച് എന്റെ മുന്നിൽ വന്നു നിൽക്കുന്നത്?.

ആഹാ അപ്പോൾ ചിരിച്ചാലും കുറ്റമാണോ? ഈ കണ്ണീർ കടലിൽ വീണു എന്റെ ഭാവി വരൻ ചാവണ്ടാന്ന് കരുതി ചിരിച്ചതല്ലേ ഞാൻ.. എന്റെ പൊന്നു രഞ്ജൂ നിന്നെ കൊണ്ട് ഞാൻ തോറ്റു.. ശംഭു അവൾക്കു മുൻപിൽ കൈകൾ കൂപ്പി…

ശംഭു… എത്രയാ നിന്റെ ചാർജ്?തീരെ ഇഷ്ടപ്പെടാത്ത രീതിയിലുള്ള ശിവരാമന്റെ ചോദ്യം ശംഭുവിന് മനസ്സിലായി.

ശിവരാമേട്ടൻ എന്തെങ്കിലും തന്നാൽമതി. നമുക്കിടയിൽ എന്തിനാ ഒരു കണക്കു പറച്ചിൽ

ഞാൻ ദാ വരുന്നു… എന്തെങ്കിലും കയ്യിൽ തടയുന്നത് കൊടുക്കാമെന്ന ഉദ്ദേശത്തിൽ മുറിയിലേയ്ക്ക് പോകാനൊരുങ്ങിയ ശിവരാമന്റെ മുൻപിൽ ചിരിയോടെ രഞ്ജു നിന്നു.

എന്താടി… ഒരാക്കിയ ചിരി…..

ശിവരാമന്റെ ചോദ്യം കേട്ടതും രഞ്ജു പൊട്ടിച്ചിരിച്ചു. എന്റച്ചാ ആ പാവത്തിനെ പറ്റിക്കാനല്ലേ ഓടുന്നത്. അത് ഞാൻ സമ്മതിക്കില്ല. വെറുതെ ബലം പിടിക്കണ്ട.  പൈസ കൃത്യമായിട്ട് ശംഭുവേട്ടന് കൊടുക്കണം..രഞ്ജു കട്ടായം പറഞ്ഞു.

അവനു വേണ്ടാന്ന് പറഞ്ഞു പിന്നെ നിനക്കെന്താടി…?ശിവരാമന് ഭ്രാന്തു പിടിക്കുന്നതുപോലെ തോന്നി. ഹാ എന്താ അച്ഛാ ഈ പറയണേ.. നാളെ ഞാൻ അങ്ങേരുടെ ഭാര്യയായി അവിടെ ജീവിക്കുമ്പോൾ… എന്റെ  അച്ഛൻ അറുത്തകൈക്ക് ഉപ്പ്തേ ക്കാത്തവൻ ആണെന്ന്   അദ്ദേഹം എങ്ങാനും പറഞ്ഞാൽ ഞാൻ എന്തുചെയ്യും. അത് മോശമല്ലേ?.അതുകൊണ്ട് പൈസ മുഴുവൻ ഇപ്പോൾ തന്നെ കൊടുത്തിരിക്കണം. എനിക്കറിയുന്ന പോലെ എന്റച്ഛനെ ആർക്കാ അറിയുക?

ശംഭുവേട്ടാ എത്രരൂപ ആയീന്നാ പറഞ്ഞത്?4000ആണോ..?രഞ്ജു ചോദിച്ചു. 4000രൂപയോ എന്തോന്നാടി നീയീ പറയുന്നത്? ഈ കണക്കിന് നീ ഈ വീടും കൂടി അവന്റെ തലയിൽ ചുമപ്പിച്ചു കടത്തികൊണ്ട് പോകുമല്ലോ?

ഏയ്‌ ഞാനങ്ങനെ ഒന്നും ചെയ്യില്ലച്ചാ…. ചെയ്യുമോ അമ്മേ? ഈ അച്ഛന്റെ അത്രേം കുബുദ്ധി ഉള്ളവളാണോ ഞാൻ…?എന്റമ്മോ എടി… ഗിരീജേ ഇതിവിടുത്തെ സന്തതി തന്നെ ആണോ? ശിവരാമൻ തലയിൽ കൈ വച്ചിരുന്നു.

ശംഭു ഇത് 4000രൂപയുണ്ട്. എടുത്തോ. ഇല്ലെങ്കിൽ ഈ രാത്രിയിൽ ഇവൾ വീടിനു ചിലപ്പോൾ തീ വയ്ക്കും.എന്റെ ചാർജ് 3000ആണ്. എനിക്കത് മതി.പൈസയും മേടിച്ച് ശംഭു പെട്ടെന്നുതന്നെ അവിടെനിന്നുംഇറങ്ങി.

രഞ്ജൂ നിനക്കെന്നെ നാണം കെടുത്തിയപ്പോൾ മതിയായില്ലേ?.ശിവരാമൻ വിറയാർന്ന സ്വരത്തിൽ ചോദിച്ചു… ഞാനച്ഛനെ നാണം കെടുത്തിയിട്ടില്ല. ഒരാൾ ജോലി ചെയ്താൽ അതിനു മാന്യമായ കൂലി കൊടുക്കണം. ഒരു ജോലിയെയും പുച്ഛത്തോടെ കാണരുത്. എല്ലാ ജോലിക്കും അതിന്റേതായ മാന്യതയുണ്ട്. ഞാൻ ചെയ്തത് തെറ്റായിട്ട് അച്ഛന് തോന്നിയെങ്കിൽ അച്ഛൻ ക്ഷമിച്ചേക്ക്..

മനസ്സ് കുത്തി നോവിച്ചിട്ട് ക്ഷമിക്കാൻ…. നാ ണമില്ലേടി നിനക്ക്… അഞ്ജുവിന്റെ  ചോദ്യത്തിന് മുൻപിൽ ഒരുനിമിഷം രഞ്ജു നിശബ്ദയായി നിന്നു. ഞാൻ ഒരു നെറികേടും ആരോടും കാണിച്ചിട്ടില്ല ചേച്ചി..പിന്നെ ഞാനെപ്പോഴും ന്യായത്തിന്റെ ഭാഗത്ത് ആയിരിക്കും.

മനസ്സ് ഒരാൾക്ക് മാത്രമുള്ളതല്ല. ആരാർക്കിട്ടു കുത്തിയാലും നോവും.അതെന്റെ ചേച്ചിയ്ക്ക് അറിയില്ലെന്ന് തോന്നുന്നു..  എന്റെ ചേച്ചി വരുന്നൂന്ന് കേട്ടപ്പോൾ തുള്ളി ചാടിയവളാ ഞാൻ. അമേരിക്കയിൽ പോകുന്നവർക്ക് ഇത്രയും മാറ്റം ഉണ്ടാകും എന്നു ഞാൻ കരുതിയില്ല. എല്ലാവർക്കും വലുത് പൈസയാണ്. നമ്മൾ വന്ന വഴി ഇടയ്ക്കെങ്കിലും ഓർക്കുന്നത് നല്ലതാണ്. ബന്ധവും പണവും ഒരിക്കലും കൂട്ടി കുഴയ്ക്കരുതായിരുന്നു ചേച്ചി…. ഇത്രയെങ്കിലും ചേച്ചിയോട് പറഞ്ഞില്ലെങ്കിൽ എനിക്ക് ഉറങ്ങാൻ പറ്റില്ല. അതാ…..ഇത്രയുമൊക്കെ നിങ്ങളെല്ലാവരും എന്നെ വിഷമിപ്പിച്ചിട്ടും നിങ്ങളുടെ മുൻപിൽ വന്നു നിന്നു ഒരു നാണവുമില്ലാതെ ഞാൻ സംസാരിക്കുന്നുണ്ടെങ്കിൽ അതെന്റെ ആത്മവിശ്വാസം ഒന്നുകൊണ്ടു മാത്രമാണ്. ഞാൻ തെറ്റായൊന്നും ചെയ്തിട്ടില്ല എന്ന എന്റെ വിശ്വാസം…

അതേ അച്ഛന് നല്ല ക്ഷീണം കാണും. അതുപോലത്തെ അടി അല്ലായിരുന്നോ എനിക്കിട്ട് തന്നത്. രഞ്ജു നെടുവീർപ്പിട്ടു.എത്ര കൊണ്ടാലെന്താ.. നാണം എന്ന വികാരം നിനക്കില്ലല്ലോ.. ശ്ശോ..എന്തു വാർത്താനമാ അമ്മയീ പറയുന്നേ….ഞാൻ അച്ഛന്റെ മോളാ അമ്മേ…അച്ഛന് അറിയാത്ത ആ വികാരം മോളായ എനിക്കുണ്ടാകാ ത്തത്തിൽ അമ്മ എന്നെ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല.
എന്നാലേ… ഞാനാരുടെയും ഉറക്കം കളയുന്നില്ല. ഗുഡ് നൈറ്റ്… സ്വീറ്റ് ഡ്രീംസ്‌….നാളെ കാണാട്ടോ…..ഒരു പുഞ്ചിരിയോടെ അവൾ മുറിയിലേക്ക് പോയി….

തുടരും……….

Related Posts

Leave a Reply

Your email address will not be published. Required fields are marked *