ഹായ് നല്ല മീനാണല്ലൊ… ഞാൻ ഒരു നല്ല കറിയുണ്ടാക്കി തരാം ട്ടൊ.ഏട്ടൻ പോയി പേപ്പറ് വായിച്ചോളു. അതിന് മുമ്പ് ഒരു പണി ചെയ്യോ ഏട്ടാ … ആ മീൻ ഒന്നൂടെ ചെറുതായി വെട്ടി കഴുകിക്കോളു…….

Story written by Suresh Menon

കഥകൾ whatsapp ചാനലിൽ ലഭിക്കാൻ ഈ ചാനൽ ഫോളോ ചെയ്യു

ഒരു നല്ല കറി ഉണ്ടാക്കി തരാം ട്ടാ … ഒരു ഞായറാഴ്ച കഥ

നല്ല ഒരു ഞായറാഴ്ച ….. അസ്സല് മഴ …. മഴയോ മഴ …. എജ്ജാതി തണുപ്പ് ….. അന്തരീക്ഷത്തിൽ കറുത്ത മേഘം … ഈ നനഞ്ഞ ഞായറാഴ്ച ഒരു ചൂടൻ മീൻ കറി കഴിക്കാൻ അയാൾക്ക് ഏതോ വഴിയിലൂടെ ഒരു മോഹം പാഞ്ഞു വന്നു. പിന്നെ ഒന്നും ഓർത്തില്ല.

“ഈ മഴയത്ത് ഇനി പോണ്ട . ഇന്ന് മീൻ വേണ്ടാന്ന് വെച്ചൂടെ…..”

ഭാര്യ പറഞ്ഞത് ഒട്ടും മുഖവിലക്കെടുക്കാതെ വണ്ടിയെടുത്ത് മഴയെ അവഗണിച്ച് ലക്ഷ്യം നോക്കി പാഞ്ഞു ….നല്ല പെടക്കണ മീനുമായി വന്ന അയാൾ ഭാര്യയെ നോക്കി പുഞ്ചിരിച്ചു ….

“ഹായ് നല്ല മീനാണല്ലൊ… ഞാൻ ഒരു നല്ല കറിയുണ്ടാക്കി തരാം ട്ടൊ.ഏട്ടൻ പോയി പേപ്പറ് വായിച്ചോളു. അതിന് മുമ്പ് ഒരു പണി ചെയ്യോ ഏട്ടാ … ആ മീൻ ഒന്നൂടെ ചെറുതായി വെട്ടി കഴുകിക്കോളു. . അപ്പഴെ
മസാല നന്നായി പിടിക്കു ….ഞാൻ നല്ല ഒരു കറിയുണ്ടാക്കി തരാം ട്ടൊ “

അയാൾ സന്തോഷത്തോടെ ദൗത്യത്തിലേക്ക് പ്രവേശിച്ചു ….

മീൻ കഴുകി ഒന്നൂടെ വെട്ടി വൃത്തിയാക്കി കഴിഞ്ഞപ്പോഴാണ് പിന്നിൽ നിന്ന് അത് കേട്ടത്

“ഏട്ടാ ഇച്ചിരി സവാളയും തക്കാളിയും നൈസായി ഒന്നരിഞ്ഞോളു…. എന്നാലെ taste ഉണ്ടാകു : ഞാൻ നല്ല ഒരു കറിയുണ്ടാക്കി തരാം ട്ടൊ….”

അയാൾ ഒന്നും മിണ്ടിയില്ല . സവാളയുടെയും തക്കാളിയുടെയും റോൾ അവസാനിക്കാൻ കാത്ത് നിൽക്കുന്നത് പോലെ പെട്ടെന്ന് ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ചെറിയ ഉള്ളി എന്നിവ വേദി കയ്യടക്കി ….

“ഏട്ടാ ഇതൊക്കെയൊന്ന് അരിഞ്ഞോളു .ചെറുതായിട്ട് അരിയണം ട്ടൊ പച്ചമുളക് ചെരിച്ചു വെട്ടണംന്നാലെ സ്വാദുണ്ടാകു .ഞാൻ നല്ല ഒരു കറി ഉണ്ടാക്കി തരാം ട്ടൊ “
അയാളുടെ ശ്വാസം ക്രമാതീതമായി വർദ്ധിക്കുന്നത് പോലെ …..

“പിന്നേയ് ഒരു കാര്യം പറയാൻ മറന്നു …നമ്മടെ വീട്ടിൽ ഉണ്ടായതാണെങ്കിലും വേപ്പില നന്നായി ഒന്ന് കഴുകിക്കോളു ….ഞാൻ ഒരു നല്ല കറി ഉണ്ടാക്കി തരാട്ടൊ… “

അയാൾ എന്ത് പറയണമെന്നറിയാതെ ഭാര്യയെ നോക്കി .വേപ്പില കഴുകുക എന്നുള്ളത് അത്രവലിയ കാര്യമൊന്നുമല്ലല്ലൊ. അയാൾ അത് നന്നായി കഴുകി ബാക്കി യുള്ളതെല്ലാം വെട്ടി ഭാര്യയെ ഏൽപ്പിച്ചു …. ഏഷ്യൻ ഗയിംസിൽ സ്വർണ്ണ മെഡൽ നേടിയ ജേതാവിനെ പോല പുഞ്ചിരിച്ച് അടുക്കളയിൽ നിന്ന് പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് ഒരു ഓർമ്മപെടുത്തൽ ഉണ്ടായത് ….

“ഏട്ടാ കരിമീൻ നാളികേര പാൽ ഒഴിച്ചു വെക്കണതല്ലെ ഏട്ടന് ഇഷ്ടം”

അയാൾ സന്തോഷത്തൊടെ അതെ എന്ന് പറഞ്ഞു ….

“ദേ നാളികേരം പൊട്ടിച്ചു വെച്ചിട്ടുണ്ട് . അതൊന്ന്ചി രവി ഒന്നു പിഴിഞ്ഞോളു ഏട്ടാ ….നല്ല taste ആയിരിക്കും. ഞാൻ നല്ല ഒരു കറി ഉണ്ടാക്കി തരാം ട്ടൊ….”

പെട്ടെന്നാണ് അയാളിലേക്ക് വെള്ളാനകളുടെ നാട്ടിലെ മോഹൻലാൽ പ്രവേശിച്ചത്

“എപ്പഴും എപ്പഴും ഇങ്ങനെ നല്ല കറി ഉണ്ടാക്കി തരാം നല്ല കറി ഉണ്ടാക്കി തരാം എന്ന് പറയണ്ട കാര്യമില്ല ഉണ്ടാക്കി തന്നാൽ മതി “

പക്ഷെ പറയണമെന്നാഗ്രഹിച്ച വാക്കുകൾ പുറത്തേക്ക് വന്നില്ല …. ഗദ്ഗദം കൊണ്ട് അത് അയാളുടെ തൊണ്ടയിൽ കുടുങ്ങിക്കിടക്കുകയായിരിന്നു…

അയാൾ പതിയെ പുറത്തേക്ക് നോക്കി നനഞ്ഞ ഞായറിന്റെ മുഖത്ത് വിഷാദ ഭാവം ….

” തനിക്കിത് എന്തിന്റെ കേടായിരുന്ന് ….. ഇന്ന് മീൻ വേണ്ടാന്ന് ഓള് പറഞ്ഞതല്ലെ …. ഫ്രിഡ്ജിലിരുക്കുന്ന കറി ചൂടാക്കി മഴയും ആസ്വദിച്ച് ഞായറാഴ്ച വാരാന്ത്യ പതിപ്പും വായിച്ച് വരാന്തയിൽ ബെർതനെ ഇരുന്നാ പോരായിരുന്നൊ ……”

ഞായറാഴ്ച അയാളുടെ മുഖത്ത് നോക്കി പറയുന്നത് മുഴുവൻ കേൾക്കാൻ അയാൾ നിന്നില്ല ….

അയാൾ നാളികേരം പിഴിയുന്ന തീവൃ ശ്രമത്തിലായിരുന്നു …….

Related Posts

Leave a Reply

Your email address will not be published. Required fields are marked *