ഹോ നിങ്ങളുടെയൊക്കെ ഒരു ഭാഗ്യം.. ചുമ്മാ ഇങ്ങനെ ഇരുന്നാൽ മതിയല്ലോ.. ഒരു ടെൻഷനും ഇല്ല.. ഒന്നും അറിയേണ്ട.. മാസാമാസം ശമ്പളം കിട്ടും……

എഴുത്ത്:- അനുശ്രീ

അടുത്തുവന്നു കിടന്ന് കൂർക്കം വലിച്ച് ഉറങ്ങാനല്ലാതെ. കെട്ടിയോന് പ്രണയത്തിൻറെ എബിസിഡി അറിയില്ല. പ്രണയത്തിൻറെ ചാറ്റൽ മഴ പോയിട്ട് ഒരു പൊടിക്കാറ്റ് പോലും അങ്ങേരുടെ മുഖത്ത് ഇന്നേവരെ പൂത്തുലഞ്ഞു നിൽക്കുന്നത് ഞാൻ കണ്ടിട്ടില്ല..

രാവിലെ എഴുന്നേറ്റ് ആർക്കോവേണ്ടി പല്ലും തേച്ച് അലറി വിളിക്കും… അനൂ…. ചായ എന്തിയേടി…

ചായ കൊടുത്താൽ അതും കുടിച്ച് മൊബൈൽ ഫോണിൽ തോണ്ടാൻ തുടങ്ങും.. ഓഫീസിലേക്ക് പോകാൻ കഷ്ടിച്ച് പത്ത് മിനിറ്റെ കാണു… ഉടനെ മൂപ്പര് ചാടി എഴുന്നേറ്റ് ബാത്റൂമിലേക്കോടും..

ഇറങ്ങിവരുമ്പോഴേക്കും ടേബിളിൽ കാലത്ത് കഴിക്കേണ്ട ഫുഡ് ഉണ്ടായിരിക്കണം.. ബാത്റൂമിൽ നിന്നും ഓടിവന്ന് മൂക്കിലെ വായിലെ ഭക്ഷണം വലിച്ചുകയറ്റി.. പേന്റും ഷർട്ടും ഇട്ട് പുറത്തേക്ക് ഒരൊറ്റ ഓട്ടം ആയിരിക്കും..

കാശ് കൊടുക്കാതെ ഫുഡും കഴിച്ച് ഓടിപ്പോയ കസ്റ്റമറെ പകച്ചു നിന്ന് നോക്കുന്ന ബംഗാളിയെ പോലെ പൂമുഖവാതിൽക്കൽ ഞാൻ ഇങ്ങനെ ഇതൊക്കെ നോക്കി നിൽപ്പുണ്ടാകും..

ആരോട് പറയാൻ…

പാത്രം കഴുകലും ടേബിൾ തുടപ്പും ഒക്കെ കഴിഞ്ഞ്.. ഞാൻ ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും ഡ്യൂട്ടിക്ക് കേറേണ്ട സമയം കഴിഞ്ഞ് പത്തിരുപത് മിനിറ്റ് ആയി കാണും. ഡോക്ടറുടെ വായിലിരിക്കുന്നത് മുഴുവനും കേട്ടുകഴിഞ്ഞാൽ പിന്നെ പരക്കം പാച്ചിലാണ്… ആ ഓട്ടത്തിനിടയിൽ.. അപ്പൻ ചുമച്ചു.. മോൻ പിന്നെയും ശർദ്ദിച്ചു.. നീ കുത്തിയ സൂചിയുടെ നീളം കൂടിപ്പോയി.. എന്നിങ്ങനെ നൂറു പേരുടെ പ്രശ്നത്തിൽ ഇടപെട്ട് സമാധാനം ഉണ്ടാക്കണം.. അതിനിടയിൽ മരുന്ന് എത്തിക്കണം ബ്ല ഡ് എത്തിക്കണം ഓക്സിജൻ എത്തിക്കണം.. ആരുടെയോ അമ്മയെ ബാത്റൂമിൽ എത്തിക്കണം… എന്നുവേണ്ട ഓടടാ ഓട്ടം തന്നെ.. അതൊക്കെ പോട്ടെ.. മുന്നിലിരിക്കുന്ന ടേബിളിലെ സ്വന്തം കണ്ണട എടുത്താൽ കയ്യിലെ വളയൂരി പോകുന്നതുകൊണ്ട്.. ഡോക്ടർക്ക് ആ കണ്ണട എടുത്തു കൊടുക്കാൻ പോലും ഞങ്ങൾ നേഴ്സുമാരുടെ കയ്യെത്തണം..

സത്യം പറഞ്ഞാൽ അതിനിടയിൽ ഒന്ന് മുള്ളാൻ വേണ്ടി ബാത്റൂമിൽ പോകുമ്പോൾ പോലും സെക്കൻഡ് ഫ്ലോറിൽ എത്തിക്കേണ്ട ഗ്ലൂക്കോസ് കുപ്പി ഞങ്ങൾ നേഴ്സുമാരുടെ കയ്യിൽ ഉണ്ടാവും..

വൈകുന്നേരം കഴിയുന്നതോടെ അല്പം തിരക്ക് കുറഞ്ഞ് ഒരു മിനിറ്റ് ഇരുന്നിട്ടെ ഉണ്ടാകു.. അപ്പോഴേക്കും എയർകണ്ടീഷൻ റൂമിൽ ഇരുന്ന്, നാല് രോഗികൾക്ക് മരുന്ന് കുത്തിക്കുറിച്ച ഡോക്ടർ.. ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുന്നുണ്ടാവും… ഞങ്ങൾക്ക് വേണ്ടി പെട്ടി ഓട്ടോറിക്ഷ ഒറ്റയ്ക്ക് ചുമന്ന് മലമുകളിൽ കൊണ്ടു വച്ച മുഖഭാവം ആയിരിക്കും അങ്ങേരുടെത്.. ആ മനുഷ്യൻ ഞങ്ങളെ നോക്കി പറയും..

ഹോ നിങ്ങളുടെയൊക്കെ ഒരു ഭാഗ്യം.. ചുമ്മാ ഇങ്ങനെ ഇരുന്നാൽ മതിയല്ലോ.. ഒരു ടെൻഷനും ഇല്ല.. ഒന്നും അറിയേണ്ട.. മാസാമാസം ശമ്പളം കിട്ടും..

സത്യം പറയാമല്ലോ അത് കേട്ടതും.. ഡോക്ടറുടെ അച്ഛനാണോ അല്ല അമ്മയ്ക്കാണോ എന്നറിയില്ല ആർക്കൊ നല്ല മുട്ടൻ തെ റി ഞാൻ മനസ്സിൽ പറഞ്ഞു കഴിഞ്ഞിരുന്നു..

എല്ലാം കഴിഞ്ഞ് രണ്ടു ബസ്സും കയറി തളർന്ന് അവശയായി വീട്ടിലെത്തിയപ്പോൾ കാണുന്നത്.. ഉത്സവം കഴിഞ്ഞ പറമ്പ്പോലെ വെച്ചിരിക്കുന്ന ടേബിളാണ്… ചിക്കൻ ബിരിയാണി കടിച്ചു വലിച്ച് തിന്ന് എല്ലും ചോറും തറയിലും ടേബിളിലും ഒക്കെ കിടക്കുന്നു.. ഒരു കെട്ടിയോളുണ്ട് എന്നാൽ അവൾക്ക് ഒരു ബിരിയാണി വാങ്ങിക്കൊടുക്കാനുള്ള ബുദ്ധി..

ആരോട് പറയാൻ…

തിന്ന പാത്രം പോലും കഴുകാതെ മൂപ്പര് നല്ല ഉറക്കമാണ്..

ചിലപ്പോഴൊക്കെ മനസ്സിൽ തോന്നും ഞാൻ എന്താ ബംഗാളിയാണൊ.. എവിടെ ചെന്നാലും ദൈവമേ എനിക്ക് പണിയാണല്ലോ..

എല്ലാം കഴുകി വൃത്തിയാക്കി.. അലക്കാനുള്ളതൊക്കെ അലക്കി ഇട്ട്.. രാവിലെ രണ്ടുപേർക്കും വേണ്ട വസ്ത്രവും അയൺ ചെയ്ത്.. ഫ്രിഡ്ജിൽ ഉണ്ടായിരുന്ന കറിയും ചൂടാക്കി മൈദ കലക്കി ദോശയും ചുട്ട്.. കഴിക്കാനിരിക്കുകയായിരുന്നു.. അപ്പോഴതാ മൂപ്പര് എഴുന്നേറ്റ് വരുന്നു..

ബാത്റൂമിൽ പോകാൻ എണീറ്റതാണ്.. അതിനിടയിൽ എന്നെ ഒന്ന് കമന്റി..

വെറും തീറ്റിയാണല്ലോ..

സത്യം പറയാമല്ലോ ദേഷ്യം എവിടെ നിന്നാണ് വന്നത് എന്ന് എനിക്കറിയില്ല.. ടേബിളിൽ ഉണ്ടായിരുന്ന ടോർച്ച് എടുത്ത് ഒരൊറ്റ ഏറു കൊടുത്തു..

കാര്യമായി ഒന്നും പറ്റിയിട്ടില്ല.. നെറ്റിയിൽ മൂന്ന് സ്റ്റിച്ചുണ്ട്.. ഇടത്തെ കൈ കൊണ്ട് എറിഞ്ഞത് കൊണ്ട് അത് കറങ്ങി പൊങ്ങി എന്റെ തലയിൽ തന്നെയാ വീണത്..

ഇപ്പോൾ രണ്ടുദിവസമായി നല്ല റെസ്റ്റ് ആണ്..

Related Posts

Leave a Reply

Your email address will not be published. Required fields are marked *