ഭ്രാന്ത്‌ ഇല്ലാത്തൊരാൾ അത്തരത്തിൽ അഭിനയിക്കുന്നു… വര്ഷങ്ങളോളം… എന്തൊരവസ്ഥയാണിത്…ക്യാമറയുമായി വിനുവിനൊപ്പം ആ വരാന്തയിലൂടെ നടക്കുമ്പോൾ…..

അമ്പത്തൊമ്പതാമൻ

Story written by Keerthi S Kunjumon

ക്യാമറയുമായി വിനുവിനൊപ്പം ആ വരാന്തയിലൂടെ നടക്കുമ്പോൾ, ചുറ്റും കാണുന്ന മുഖങ്ങളിലെ ഭാവങ്ങൾക്ക് ഒരുപാട് അർഥങ്ങളുള്ളതായി തോന്നി… ചെറു പുഞ്ചിരികളും, പൊട്ടിച്ചിരികളും, അടക്കിപ്പിടിച്ച തേങ്ങലുകളും, വ്യർത്ഥമായ കുറെ പുലമ്പലുകളും… പക്ഷെ അവയ്‌ക്കെല്ലാം ഇവിടെ ഒരു പേരേ ഉള്ളു….

” ഭ്രാന്ത് “….

ക്യാമറകണ്ണിലൂടെ ജില്ലയിലെ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ചിത്രങ്ങൾ പകർത്തുമ്പോൾ ഒന്ന് ഞാൻ തിരിച്ചറിഞ്ഞു….ഈ കെട്ടിടവും, ഇവിടുത്തെ അന്തേവാസികളുടെ മനസ്സും ഒരുപോലെയാണെന്ന്, രണ്ടും ഇരുളടഞ്ഞ്, ഏറെ പഴകി ദ്രവിച്ചിരിക്കുന്നു… തീർത്തും അരക്ഷിതമായൊരവസ്ഥ…

“ചന്ദ്രേട്ടാ…. “

സീനിയർ സൈക്കാട്രിസ്റ്റ് ഡോ.ജെയിംസിന്റെ ശബ്ദം എന്നെ ചിന്തകളിൽ നിന്നുണർത്തി…

“ഇതാണ് ചന്ദ്രേട്ടൻ…. “ഞങ്ങൾക്ക് നേരെ നടന്നു വന്ന മനുഷ്യനെ ചൂണ്ടി ഡോക്ടർ പരിചയപ്പെടുത്തി…

“ഇവിടുത്തെ വാർഡൻ എന്നോ, അറ്റെൻറ്റെർ എന്നോ, ഹെൽപ്പർ എന്നോ, സെക്യൂരിറ്റി എന്നോ പിന്നെ ഇടക്കൊക്കെ ഡോക്ടർ എന്നും … എന്ത് വേണമെങ്കിലും വിശേഷിപ്പിക്കാം….എല്ലാമാണ് ചന്ദ്രേട്ടൻ.. എന്നേക്കാൾ ഏറെ മൂപ്പർക്ക് ഇവിടം സുപരിചിതമാണ് “

പ്രായം അറുപതിന് അടുത്ത് പ്രതീക്ഷിക്കാം…നിറം മങ്ങിയ വെള്ള മുണ്ടും , ചുളിവ് വീണ ഒരു ഷർട്ടുമാണ് വേഷം…. നെറ്റിയിലേക്ക് അലസമായി വീണ് കിടക്കുന്ന മുടിയിഴകളിൽ അങ്ങിങ്ങായി നര ബാധിച്ചിരിക്കുന്നു… പക്ഷെ ശരീരവും മനസ്സും ഇപ്പൊഴും ഒരുപോലെ പ്രസരിപ്പുള്ളതാണെന്ന് തോന്നിപ്പിക്കും വിധമായിരുന്നു വേഗമേറിയ ആ കാലിന്റെ ചലനങ്ങൾ….

പരിചയപ്പെടുത്തലുകൾക്കിടയിൽ ഞാൻ അദ്ദേഹത്തെ നന്നായി വീക്ഷിച്ചു…. ഒരു ചെറു പുഞ്ചിരിയോടെ ചന്ദ്രേട്ടൻ ഞങ്ങൾക്ക് ഹസ്തദാനം നൽകി….

“ജെയിംസ് ഡോക്ടർ ഇന്നലെ പറഞ്ഞിരുന്നു, ഇവിടുത്തെ അന്തേവാസികളെകുറിച്ചെന്തോ പടം പിടിക്കാൻ ചാനലീന്ന് വരുന്നെന്ന്… ആ ഇവിടാകുമ്പോ ഇഷ്ടംപോലെ കഥ കിട്ടും… അമ്പത്തെട്ട്‍ അന്തേവാസികൾ ഉണ്ടിവിടെ… ഓരോ മനുഷ്യർക്കും ഓരോ കഥയാ… പക്ഷെ അവരുടെ കഥ അവർക്കറിയില്ല…. അവർക്കത് വെറും കഥയില്ലാത്തൊരു ജീവിതം …. ഹഹ “

ഞങ്ങൾക്ക് സംസാരിക്കാനോ, എന്തെങ്കിലും ചോദിച്ചറിയാനോ തെല്ലിട നൽകാതെ അദ്ദേഹം തന്റെ സംസാരം തുടർന്നുകൊണ്ടിരുന്നു….

“ഇവിടുത്തെ സ്ഥിതിഗതികൾ ഒക്കെ കുറച്ചു മോശാ…. അധികാരികൾക്ക് അറിയണോ ഈ ഭ്രാന്തന്മാരുടെ ആവശ്യങ്ങൾ….. ” ചന്ദ്രേട്ടന്റെ മുഖത്ത് നിരാശ നിഴലിച്ചു….

“കുറച്ചു പ്രശ്നക്കാരെ എപ്പോഴും സെല്ലിനുള്ളിൽ തന്നെ ഇട്ടേക്കും…. പിന്നെ നിരുപദ്രവകാരികൾ ഉണ്ട്… ദാ ആ കാണുന്നവരെ പോലെ… “

അയാൾ വിരൽ ചൂണ്ടിയ ദിശയിലേക്ക് നോക്കുമ്പോൾ, ഇളം പിങ്ക് നിറമുള്ള യൂണിഫോം ധരിച്ച കുറെ പുരുഷന്മാർ അവരുടേതായ ഏതോ ഒരു ലോകത്തെന്ന പോലെ എന്തൊക്കെയോ ചെയ്തികളിൽ മുഴുകിയിരുന്നു ……

“ആമീടെ നിക്കാഹാ നാളെ… നിക്ക് പോണം… ഞാൻ ചെന്നില്ലേൽ ഓള് പിണങ്ങും….. നിക്ക് പോണം… “

ഉറക്കെ കരഞ്ഞു കൊണ്ട് ഇരുമ്പഴികൾക്കിടയിലൂടെ കൈകൾ പുറത്തേക്കിട്ട് ഒരാൾ അലറി….

“കാസിമിന് പോകാൻ വണ്ടി പറഞ്ഞിട്ടുണ്ടല്ലോ… ഉടനെ വരും… അതുവരെ അവിടെ പോയിരിക്ക്…. ” ചന്ദ്രേട്ടന്റെ വാക്കുകൾ കേട്ട് അയാൾ എന്തോ മുറുമുറുത്തുകൊണ്ട് ഒരു മൂലയിലേക്ക് ഒതുങ്ങിക്കൂടി…

“അത് കാസിം…. ചെറുപ്പത്തിലേ ഉപ്പ നഷ്ടപ്പെട്ട അയാൾ, ഉമ്മയെയും, നാല് പെങ്ങന്മാരെയും പോറ്റാനായി വിദേശത്തേക്ക് പോയി … ആയുസ്സിന്റെ പകുതിയും ആ മരുഭൂമിയിൽ ഹോമിച്ചപ്പോൾ, സ്വന്തമായി ഒരു കുടുംബം എന്ന സ്വപ്നം പോലും അയാൾ മറന്നു…. പെങ്ങന്മാർ എല്ലാരും നല്ല നിലയിലെത്തി … എന്നിട്ടെന്താ, ഇപ്പൊ ആവതില്ലാത്ത കാലത്ത്, കൂടെ നില്ക്കുമെന്ന് കരുതിയ കൂടപ്പിറപ്പുകളിൽ നിന്ന് കിട്ടിയത് കുറെ കുത്തുവാക്കുകളും, പീ ഡനങ്ങളും.. .. ഒടുക്കം ആ മനുഷ്യന്റെ അവസാന സമ്പാദ്യവും തട്ടിയെടുത്തു, ഒരു വൃദ്ധ മന്ദിരത്തിൽ എത്തിക്കുമ്പോഴേക്കും ആ മനസ്സ് താളം തെറ്റി തുടങ്ങിയിരുന്നു …

ആമിന അയാളുടെ ഇളയ പെങ്ങളാ… കാസിമിന്റെ വിചാരം അയാളിപ്പഴും വിദേശത്താണെന്നാ… ഓൾടെ നിക്കാഹിന് പൊന്നും പണോമൊക്കെയായി പോകണെമെന്നും…. പാവം… “

ചന്ദ്രേട്ടൻ അത് പറഞ്ഞവസാനിപ്പിക്കുമ്പോൾ, ഞാൻ കാസിമിന്റെ മുഖത്തേക്ക് വീണ്ടും നോക്കി… ആ ചുണ്ടുകളിൽ ഇപ്പോഴും പഴയ പല്ലവി തന്നെ…..

“മനുഷ്യൻ ഇടക്കൊക്കെ സ്വാർത്ഥനാകണം…അല്ലെങ്കിൽ സ്വന്തം ജീവിതം പോലും മറന്നുപോകും…അല്ലെ വിനു ” വിനു എന്നെ നിസ്സംഗമായി നോക്കിയപ്പോൾ, ഒരു നെടുവീർപ്പോടെ ഞാൻ നടന്നു നീങ്ങി….

“ആ പെൺകുട്ടിയെ കണ്ടോ, രണ്ടാനച്ഛന്റെ ക്രൂ രതയും, പീ ഡനവും അതിന്റെ മനോനില തെറ്റിച്ചു …. അവസാനം ഇവിടെ കൊണ്ട് വന്ന് തള്ളി… പെറ്റതള്ളക്ക് പോലും വേണ്ടാതായി അതിനെ…. “

“ദാ അത് സാറ… ആ സ്ത്രീയൊരു വേ ശ്യയായിരുന്നു…. കുടുംബത്തിന് വേണ്ടി മാ നം വിറ്റവ ൾ… ഇപ്പൊ ഇവൾ അവർക്കൊക്കെ മോശക്കാരി… വഴിപി ഴച്ചവൾ… ഒപ്പം മനോരോഗിയും… “

ആ അങ്ങനെ പറഞ്ഞാൽ തീരാത്ത അത്ര കഥകളുണ്ട്, സ്വയം ജീവിക്കാൻ മറന്നുപോയവരുടെ കഥകൾ…പക്ഷെ, ഇവർക്കൊന്നും ഇവരുടെ ജീവിതത്തെ കുറിച്ചോർത്തു നീറി നീറി കഴിയേണ്ട…. അതോർക്കുമ്പോൾ ഈ അസുഖം അവർക്കൊരു അനുഗ്രഹമാണ്…

“പക്ഷെ, നിങ്ങളറിയേണ്ട മറ്റൊരു ജീവിതമുണ്ടിവിടെ… മാനസികരോഗം ഇല്ലാത്തൊരു മനോരോഗിയുടെ ജീവിതം…. “

ഞങ്ങൾ ഏറെ അതിശയത്തോടെ ചന്ദ്രേട്ടന്റെ മുഖത്തേക്ക് നോക്കുമ്പോൾ, വരൂ എന്ന് കൈകളാൽ ആംഗ്യം കാണിച്ചുകൊണ്ട് അദ്ദേഹം മുന്നിൽ നടന്നു… ആ വഴി അവസാനിച്ചത് ‘ഐസൊലേഷൻ വാർഡ് ‘ എന്ന ബോർഡിന് മുന്നിലായിരുന്നു…..വളരെ കുറച്ചു സെല്ലുകൾ… അവയിൽ ചിലതൊക്കെ ഒഴിഞ്ഞു കിടക്കുന്നു… അവിടെ ഒരു മനുഷ്യൻ തറയിൽ കിടന്നുറങ്ങുന്നു … ചങ്ങലകളാൽ ബന്ധിച്ച അയാളുടെ കാലുകളിൽ നീല നിറം വന്നിരിക്കുന്നു….

” ഒച്ച ഉണ്ടാക്കാതെ വന്നോളൂ…. ചെറിയ ശബ്ദം മതി, പിന്നെ നിലവിളിയും, അസ ഭ്യം പറച്ചിലും ആകും… അടുത്തേക്ക് ചെന്നാൽ പോലും ഉപദ്രവിക്കും… “

അങ്ങനെ ഒന്ന് രണ്ട് സെല്ലുകൾ കടന്ന്ചെന്നപ്പോൾ, ഇരുമ്പഴികൾക്ക് ഇടയിലൂടെ ഞങ്ങളെ നോക്കുന്ന രണ്ട് കണ്ണുകൾ കാണാനിടയായി …. പെട്ടന്നയാൾ ഉറക്കെ കരയാൻ തുടങ്ങി…

“രവി…. ” ചന്ദ്രേട്ടന്റെ വിളി കേട്ടയാളൊന്ന് പകച്ചു… പിന്നെ അവിടം നിശബ്ദമായി….ആ കണ്ണുകളിലെ ദൈന്യത മറ്റെന്തൊക്കെയൊ സൂചിപ്പിക്കുന്നുണ്ടായിരുന്നു….. ചന്ദ്രേട്ടൻ ഞങ്ങളുമായ്, അവിടുന്ന് അല്പം മാറി നിന്നു…

“ഇതാണോ ചന്ദ്രേട്ടൻ പറഞ്ഞ വ്യക്തി….? ” എന്നിൽ ആകാംഷയേറി…

“അതെ… “

“അപ്പോൾ അയാൾക്ക്….. “

” അയാൾക്ക് ഭ്രാന്തില്ല…. ” എന്റെ ചോദ്യം അവസാനിക്കും മുന്നേ അദ്ദേഹം മറുപടി നൽകി….

” രവി, ഒരു വാടക ഗു ണ്ട ആയിരുന്നു… ഒരുപാട് രാഷ്ട്രീയ കൊ ലപാതങ്ങൾക്ക് കൂട്ട് നിന്നിട്ടുണ്ട് … ഒരിക്കൽ ഒരു പ്രമുഖന്റെ മുഖം രക്ഷിക്കാനായി എല്ലാ കുറ്റവും സ്വയം ഏറ്റെടുത്തു…ശിക്ഷയിൽ ഇളവ് കിട്ടാനായി അവർ പറഞ്ഞപ്രകാരം, ഭ്രാന്തനായി അഭിനയിക്കുകയും ചെയ്തു…. ആദ്യമൊക്കെ എല്ലാവിധ സൗകര്യങ്ങളും, പണവുമൊക്കെ നൽകാൻ ഒരുപാട് പേരുണ്ടായിരുന്നു… പക്ഷെ പതിയെ, പതിയെ എല്ലാം അവസാനിച്ചു… ഒരുപക്ഷെ അവൻ പുറത്തിറങ്ങരുതെന്ന് അവർ നിശ്ചയിച്ചിരിക്കാം… അങ്ങനെ എല്ലാ പ്രതീക്ഷയും നശിക്കാൻ തുടങ്ങി…. ഇപ്പൊ ആ ജീവിതം ഇവിടെ ഇങ്ങനെ കരഞ്ഞു തീർക്കുന്നു…..”

ചന്ദ്രേട്ടന്റെ വാക്കുകൾ മനസ്സിൽ ഒരു നെരിപ്പോടായി പുകഞ്ഞു നീറി…

“ഭ്രാന്ത്‌ ഇല്ലാത്തൊരാൾ അത്തരത്തിൽ അഭിനയിക്കുന്നു… വര്ഷങ്ങളോളം… എന്തൊരവസ്ഥയാണിത്…?”

” ജീവിതം കണ്മുന്നിൽ എല്ലാം സ്വാതന്ത്ര്യവും വെച്ച് നീട്ടിയപ്പോൾ അയാൾ ജീവിക്കാൻ മറന്നുപോയി… ഇപ്പൊ സ്വയം ശപിച്ചും, പഴിച്ചും ഓരോ ദിവസവും തള്ളിനീക്കുന്നു… മറ്റാർക്കൊക്കെയോ വേണ്ടി ജീവിതം ബ ലികഴിച്ചവരാ ഇവിടെ ഉള്ളവർ ഓരോരുത്തരും… അതിലൊരു മുഖമാണ് രവി… സമൂഹത്തിൽ ഇനിയും ഉണ്ടായേക്കാവുന്ന മുഖങ്ങളിൽ ഒന്ന്… “

അത്രയും നേരത്തെ മൗനം വെടിഞ്ഞു വിനു പറഞ്ഞ വാക്കുകൾ, പിന്നെയും എന്റെ മനസ്സിൽ മുറിവുകളേൽപ്പിച്ചു…

തിരികെ നടന്ന് മുറ്റത്തേക്കിറങ്ങുമ്പോൾ, വിനു ചന്ദ്രേട്ടനോട് ചെറിയ കുശലാന്വേഷണം നടത്തി…

“ചന്ദ്രേട്ടന് ആരൊക്കെയുണ്ട് വീട്ടിൽ.. ?”അവർക്കിടയിൽ കയറി ഞാൻ തിരക്കി…

“ഇപ്പൊ ആരുമില്ല… അമ്മ ഉണ്ടാർന്നു… ഒരു കൊ ല്ലം മുന്നേ മരിച്ചു… “

“അപ്പൊ.. വിവാഹം…?”

” ചന്ദ്രേട്ടൻ ഒറ്റത്തടിയാ… മൂപ്പർക്ക് ഇതാ കുടുംബം… ഇവിടെ ഉള്ളോരാ ബന്ധുക്കൾ… ” ജെയിംസ് ഡോക്ടറാണ് ഞങ്ങൾക്ക് മറുപടി നൽകിയത്…

“എല്ലാർക്കും ഭക്ഷണത്തിനുള്ള നേരായി… ഞാൻ എന്നാ പൊയ്ക്കോട്ടേ… ” എന്ന് പറഞ്ഞു പുഞ്ചിരിയോടെ, വേഗത്തിൽ ചന്ദ്രേട്ടൻ നടന്നകലുമ്പോൾ ആ മനുഷ്യനെ കുറിച്ച് ഇനിയും ഏറെ അറിയണം എന്ന് തോന്നി…

“ഡോക്ടർ, ശരിക്കും ഈ ചന്ദ്രേട്ടന്റെ കഥ എന്താ….?”

” ആ ജീവിതം അറിഞ്ഞെങ്കിലെ, ഈ മാനസികാരോഗ്യ കേന്ദ്രത്തെ കുറിച്ച് നിങ്ങൾക്ക് ലഭിച്ച ചിത്രം പൂർണമാകൂ… പത്ത് വയസ്സ് മുതൽ ആ മനുഷ്യൻ ഇവിടെയുണ്ട്… ഒരു കൊല്ലം മുൻപ് മരിച്ചു പോയ അമ്മയെ പറ്റി പറഞ്ഞില്ലേ… അവർ ഇവിടുത്തെ അന്തേവാസിയായിരുന്നു… മനോനില തെറ്റിയ അവരെ ശുശ്രൂഷിക്കാൻ വന്ന് ഒടുക്കം എല്ലാ രോഗികൾക്കും ചന്ദ്രേട്ടൻ ഒരാശ്രയമായി മാറി…. അമ്മക്ക് വേണ്ടിയും, മറ്റു രോഗികൾക്ക് വേണ്ടിയും ജീവിച്ചു, സ്വന്തം ജീവിതം ആ മനുഷ്യൻ മറന്നു… അമ്മ മരിച്ച ശേഷം , ഞാൻ ഉൾപ്പെടെ പലരും ചോദിച്ചിട്ടുണ്ട് , ഇനിയും ആർക്ക് വേണ്ടി ഇവിടെ നിൽക്കുന്നു എന്ന്…?? അപ്പോഴും പതിവ് ചിരിയോടെ ഒന്നേ അദ്ദേഹം പറഞ്ഞുള്ളു…

ജീവിക്കാൻ മറന്നുപോയവരുടെ ഈ ലോകമാണ് എന്റെയും ലോകമെന്ന്….. ഓരോ രോഗിയുടെയും രീതികളും ചിട്ടകളും, എന്നേക്കാൾ ഏറെ അദ്ദേഹത്തിന് മനഃപാഠമാണ്…ഏറെ ഉപദ്രവകാരികളായ രോഗികൾ പോലും ചന്ദ്രേട്ടനെ ഒന്നും ചെയ്യില്ല… മറ്റെല്ലാരെയും അവർ ഭയക്കുമ്പോൾ, ചന്ദ്രേട്ടനോട് മാത്രം താളം തെറ്റിയ ആ മനസ്സുകൾ സ്നേഹം കാണിക്കുന്നു ….കാരണം ഓരോരുത്തരെയും അദ്ദേഹവും സ്നേഹിക്കുകയാണ്….സ്വന്തം എന്നപോലെ…. നല്ല ചികിത്സാ സൗകര്യങ്ങൾക്കായി, നല്ലൊരു കെട്ടിടത്തിനായി അദ്ദേഹം മുട്ടാത്ത വാതിലുകളില്ല, കാണാത്ത അധികാരികളില്ല…. ആകെ സ്വന്തമെന്ന് പറയാനുണ്ടായിരുന്ന, പത്തു സെന്റ് ഭൂമിയും, ഒരു കുഞ്ഞ് വീടും ആ മനുഷ്യൻ വിറ്റു… ഈ രോഗികൾക്ക് വേണ്ടി… അവർക്ക് നല്ല ഭക്ഷണവും, ചികിത്സയും നൽകാൻ വേണ്ടി….. എന്നിട്ട് ഇപ്പൊൾ ഇവരിൽ ഒരാരായി, ഈ കെട്ടിടത്തിന്റെ ഒരു കോണിൽ ദിനവും ചുരുണ്ടുകൂടുന്നു… ” ആ മനുഷ്യനോടുള്ള ആദരവും, സ്നേഹവും ഡോക്ടറുടെ കണ്ണുകളിൽ നിറഞ്ഞു തുളുമ്പി…

അപ്പോഴും വിശ്രമമില്ലാതെ ഓടുന്ന, ആ മനുഷ്യന്റെ നിറ പുഞ്ചിരിയും വേഗമേറിയ കാലടികളും ഞങ്ങൾക്ക് പറഞ്ഞു തന്നു…. ജീവിക്കാൻമറന്നു പോയ അമ്പത്തെട്ട്‍ പേരുള്ള ഇവിടെ അമ്പത്തൊമ്പതാമനായി ചന്ദ്രേട്ടനും ഉണ്ടാകുമെന്ന് … ആ ശ്വാസം നിലക്കും വരെ… “

Related Posts

Leave a Reply

Your email address will not be published. Required fields are marked *