20 മത്തെ വയസ്സിൽ ഗൾഫിലേക്ക് കയറിയ കബീർ 15 വർഷം ഗൾഫിൽ ജോലി ചെയ്തു. അതിനിടെ കൊറോണ വന്നപ്പോൾ ജോലി…..

എഴുത്ത് :ഹക്കീം മൊറയൂർ.

കബീർ ഒരു എക്സ് ഗൾഫ് ആണ്.

തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം ഗൾഫിൽ ചിലവഴിച്ച ഉപ്പയുടെ പാത പിന്തുടർന്ന് അദ്ദേഹത്തിന്റെ മരണ ശേഷം ഗൾഫ് ജീവിതം തിരഞ്ഞെടുക്കേണ്ടി വന്നവൻ.

20 മത്തെ വയസ്സിൽ ഗൾഫിലേക്ക് കയറിയ കബീർ 15 വർഷം ഗൾഫിൽ ജോലി ചെയ്തു. അതിനിടെ കൊറോണ വന്നപ്പോൾ ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് തിരിച്ചു വന്നു.

ഒരു വർഷത്തോളം ജോലി ഒന്നുമില്ലാതെ നാട്ടിൽ കഴിയേണ്ടി വന്നു. പിന്നീട് അദ്ദേഹം ഉള്ള കാശൊക്കെ സ്വരൂപിച്ചു ഒരു ചെറിയ കച്ചവടം തുടങ്ങി. ആറു മാസം കൊണ്ട് അത് പൂട്ടി. പിന്നീട് സ്വർണ്ണമൊക്കെ വിറ്റ് ഒരു കൂൾബാർ തുടങ്ങി. ഒന്നൊന്നര വർഷം വലിയ കുഴപ്പമില്ലാതെ പോയി. പിന്നീട് അതിന്റെ തൊട്ടടുത്തു അതിലും മികച്ച കടകൾ വന്നതോടെ കച്ചവടം കുറഞ്ഞു നഷ്ടത്തിലായി.

ഒടുവിൽ അതും പൂട്ടി. ഇപ്പോൾ ഒരു സൂപ്പർ മാർകറ്റിൽ ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നു. ഭാര്യയും നാലു മക്കളും അടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബം ആ വരുമാനം കൊണ്ടാണ് ജീവിക്കുന്നത്.

അദ്ദേഹത്തിന്റെ മൂത്ത മോൾ ഇക്കൊല്ലം പത്താം ക്‌ളാസ്സിലാണ്. രണ്ടാമത്തേത് മൂന്നാമത്തെതും ആറിലും മൂന്നിലും പഠിക്കുന്നു. ചെറുത് മോനാണ്. ഒന്നര വയസ്സ്. അദ്ദേഹത്തിന്റെയും ഭാര്യയുടെയും ഫോണുകളിൽ ആണ് കുട്ടികൾ ഓൺലൈൻ ക്‌ളാസ്സൊക്കെ കണ്ടിരുന്നത്.

ഇനി അദ്ദേഹത്തിന്റെ പ്രശ്നം എന്ന് പറയുന്നത് സ്റ്റാറ്റസുകൾ ആണ്. അതേ, ചില അല്പന്മാർ വെക്കുന്ന സ്റ്റാറ്റസുകൾ തന്നെ.

ജോലി കഴിഞ്ഞു വീട്ടിൽ എത്തിയാൽ മക്കൾ അദ്ദേഹത്തിന്റെ മൊബൈൽ എടുത്തു നോക്കും. അവർ ആകെ നോക്കുന്നത് വാട്സ്ആപ്പ് സ്റ്റാറ്റസും യൂട്യൂബ്യും ഒക്കെയാണ്.

വിഭവ സമൃദ്ധമായ ഭക്ഷണത്തിന്റെ മുന്നിലൊക്കെ ഇരുന്നു ഇളിച്ചു കാട്ടി സ്റ്റാറ്റസ് ഇടുന്ന ഒരു പാട് പേര് അദ്ദേഹത്തിന്റെ കോൺടാക്ട് ലിസ്റ്റിൽ ഉണ്ട്. അതൊക്കെ കുട്ടികൾ നോക്കി ആസ്വദിക്കും.

ഈയിടെ തരംഗമായ പുട്ട് കുറ്റി ഐസ്ക്രീം വേണമെന്ന് മക്കൾ കരഞ്ഞു പറഞ്ഞത് ഈയിടെയാണ്. അദ്ദേഹത്തിന്റെ കയ്യിൽ അതിനുള്ള പണം ഉണ്ടായിരുന്നില്ല. അടുത്ത ബന്ധുവിന്റെ സ്റ്റാറ്റസ് കണ്ടാണ് കുട്ടികൾ അന്ന് വാശി പിടിച്ചത്.

ഇതൊന്നും ഒരു പക്ഷേ സ്റ്റാറ്റസ് വെക്കുന്നവർ ഓർക്കുന്നുണ്ടാവില്ല. എനിക്കും വല്ലപ്പോഴും ഈ ഒരു സ്വഭാവം ഉണ്ടായിരുന്നു. ഈ വിഷയം അറിഞ്ഞതിൽ പിന്നെ ഞാനത് നിർത്തി.

ഒന്ന് ആലോചിച്ചു നോക്കൂ….

സ്റ്റാറ്റസ് ഇടുന്നത് തെറ്റാണോ?. അല്ല എന്നാണ് എന്റെ ഉത്തരം. പക്ഷെ ആ സ്റ്റാറ്റസ് കണ്ടു അതിലെ മനോഹരമായ ഭക്ഷണത്തിനു വേണ്ടി കരയുന്ന കുട്ടികളുള്ള പാവപ്പെട്ട മാതാ പിതാക്കളെ പറ്റി ആലോചിച്ചിട്ടുണ്ടോ?.

എങ്ങനെ ഈ മാസത്തെ വാടക കൊടുക്കും?. കുട്ടികളുടെ ഫീസ് എങ്ങനെ കൊടുക്കും. പല ചരക്കും പച്ചക്കറികളും എങ്ങനെ വാങ്ങും എന്നൊക്കെ ചിന്തിക്കുന്ന സാധാരണക്കാരായ മാതാ പിതാക്കളെ പറ്റി?.

ചിക്കൻ കടയിൽ ചെന്നു ആരെയും ശ്രദ്ധിക്കാതെ അമ്പതും നൂറും രൂപക്ക് ചിക്കൻ വാങ്ങുന്ന അഞ്ചും ആറും അംഗങ്ങളുള്ള കുടുംബ നാഥന്മാരെ കണ്ടിട്ടുണ്ടോ?.

പപ്സും ഷവർമയും കഴിക്കുന്ന ബേക്കറികളിൽ ഒരു രൂപയുടെയും രണ്ട് രൂപയുടെയും മിട്ടായി വാങ്ങി പോവുന്ന ആൾക്കാരുടെ ദൈന്യത കണ്ടിട്ടുണ്ടോ?.

കല്യാണത്തിനൊക്കെ വിഭവ സമൃദ്ധമായ വിഭവങ്ങൾക്ക് മുന്നിൽ ഇരിക്കുമ്പോൾ അതിനൊക്കെ കൊതി പിടിച്ചിരിക്കുന്ന സ്വന്തം മക്കളെ ഓർത്തു കണ്ണ് നിറയുന്ന ആൾക്കാരെ കണ്ടിട്ടുണ്ടോ?.

മാസത്തിൽ ഒരിക്കൽ വാങ്ങുന്ന ഇറച്ചിയും മീനുമൊക്കെ കുട്ടികൾ കൊതിയോടെ കഴിച്ചു തീർക്കുന്നതും നോക്കി കറി കുറഞ്ഞ ചോറും വാരി തിന്നു പുഞ്ചിരിക്കുന്ന അമ്മമാർ ഈ നാട്ടിലൊക്കെ ഉണ്ടെന്നത് അറിയാമോ?.

ഉള്ളത് കൊണ്ട് അരിഷ്ഠിച്ചു ജീവിക്കുന്ന ഒരു പാട് ആളുകൾ നമ്മളുടെയൊക്കെ സ്റ്റാറ്റസുകൾ കാണുമെന്നിരിക്കെയാണ് നമ്മൾ ആയിരവും രണ്ടായിരവുമൊക്കെ കൊടുത്ത് വാങ്ങുന്ന കേക്കുകൾ അല്പം കഴിച്ചു ബാക്കി മുഖത്തും ദേഹത്തു മൊക്കെ തേച്ചു പിടിപ്പിക്കുന്നത്. അതിന്റെ ഒരു കഷ്ണം കിട്ടിയിരുന്നെങ്കിൽ എന്ന് കരുതുന്ന ഇന്നെ വരെ അത്തരം കേക്ക് കഴിക്കാത്ത എത്രയോ പേരായിരിക്കും അതൊക്കെ കണ്ടു നിങ്ങളെ ശപിക്കുന്നത്.

നമ്മൾ മനുഷ്യരാണ്. സാമൂഹ്യ ജീവികളാണ്. സമൂഹമെന്നത് നമ്മളും നമ്മളുടെ കുടുംബവും മാത്രമല്ല എന്ന് ഇനിയെങ്കിലും നമ്മൾ തിരിച്ചറിയുക.

ഒരു ചങ്ങാതിയോട് ഈ വിഷയം മുന്നേ പറഞ്ഞപ്പോൾ അവൻ എന്നെ കളിയാക്കി. ഓരോരുത്തരുടെയും ഇഷ്ടമല്ലേ അവരുടെ പൈസ കൊണ്ട് വാങ്ങിച്ചത് എന്ത് ചെയ്യണം എന്നാണ് അവൻ എന്നോട് പാതി തമാശ രൂപത്തിൽ എന്നോട് ചോദിച്ചത്.

അംഗീകരിക്കുന്നു.

നിങ്ങൾ അധ്വാനിച്ചുണ്ടാക്കുന്ന നിങ്ങളുടെ പണം. അത് ഉപയോഗിച്ച് നിങ്ങൾ വാങ്ങുന്ന സാധനങ്ങൾ. നിങ്ങൾ കഴിക്കുന്നു. മുഖത്ത് തേക്കുന്നു. ബാക്കി വന്നത് കുപ്പതൊട്ടിയിൽ തട്ടുന്നു.

അതൊക്കെ നിങ്ങളെ കാര്യം. നിങ്ങളെ ഇഷ്ടം.

അംഗീകരിക്കുന്നു.

അതൊക്കെ എന്തിനാണ് ഹേ സ്റ്റാറ്റസ് വെച്ചു ഞങ്ങളെ കാണിക്കുന്നത്. അതാണ് ഞാൻ ചോദിക്കുന്നത്.

അത്രയും പാവങ്ങൾ കേരളത്തിൽ ഉണ്ടോ എന്ന് ചോദിക്കുന്നവരും ഉണ്ട്.

ഉണ്ട് എന്നാണ് എന്റെ ഉത്തരം. ഉണ്ടെന്നല്ല. ഒരു പാടുണ്ട്. പലരും പ്രാരാബ്ദം പുറത്ത് കാണിക്കില്ല.

അതൊക്കെ കാണണമെങ്കിൽ കണ്ണ് തുറന്നു ചുറ്റും നോക്കിയാൽ മതിയാവും. അതിന് പക്ഷെ രണ്ട് കണ്ണുകൾ മാത്രം പോരാ. ആ കണ്ണുകൾക്ക് താഴെ പച്ച ഇറച്ചി കൊണ്ട് പൊതിഞ്ഞ വാരിയെല്ലുകൾക്ക് ഉള്ളിലായി ഒരു ചുവന്ന ഇറച്ചി കഷ്ണമുണ്ട്. അത് കൂടി നന്നാവണം.

സ്‌നേഹത്തോടെ,

Related Posts

Leave a Reply

Your email address will not be published. Required fields are marked *