നീയും ഞാനും ~ ഭാഗം 02, എഴുത്ത്: അഭിജിത്ത്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യു:

ശില്പ ദീർഘശ്വാസമെടുത്തിട്ട്.. ഇപ്പോഴില്ല.. ഇനി നമ്മള് പോവുന്നതൊരു പ്രശ്നത്തിലേക്കാണ്..

സിദ്ധു ശില്പയെ നോക്കി.. നിന്റെ കൂടെയാണ് വരുന്നതെന്ന് ആലോചിക്കുമ്പോഴേ എനിക്കറിയാം അത്‌ പ്രശ്നത്തിലേക്കാണെന്ന്..

എന്നാൽ നീ എന്റെ കൂടെ വരണ്ട..

അയ്യോ അങ്ങനെ പറഞ്ഞൂടാ, പിന്നെ ഞാൻ ആരുടെ കൂടെ പോവും..സിദ്ധു എഴുന്നേറ്റ് ശില്പയുടെ അരികിലെത്തി, ഒന്ന് അടിമുടി നോക്കിയിട്ട്.. നീ ആ റോസ് ചുരിദാർ ഇടുമോ..

ശില്പ സംശയത്തോടെ.. എന്തിനാ..

ഏയ് എനിക്കിഷ്ടമുള്ള കളറാണ്, അപ്പോൾ നീ അത്‌ ഇട്ട് കാണണമെന്ന് ഒരു ആഗ്രഹം..

അത്‌ നിനക്ക് ഞാൻ ഇത് ഇടുന്നതിനു മുമ്പ് പറഞ്ഞൂടായിരുന്നോ..

സിദ്ധു കുറച്ച് നേരം നോക്കിയിട്ട്.. ഇതെങ്കിൽ ഇത്, കാണാൻ കുഴപ്പമില്ല.. സിദ്ധു പെട്ടെന്ന് പുറത്തേക്ക് നോക്കി.. വണ്ടി വന്നു തോന്നണു, നമ്മുക്ക് ഇറങ്ങിയാലോ…

ശില്പയും സിദ്ധുവും പുറത്തേക്ക് നടന്നു, കാറിൽ കയറുന്നതിനു മുമ്പേ അമ്മ രണ്ടുപേരോടുമായി.. വൈകുന്നേരമാവുന്നതും നോക്കി നിൽക്കണ്ട, നേരത്തെ വരാൻ നോക്കൂ..

സിദ്ധു തലയാട്ടി, രണ്ടുപേരും കാറിൽ കയറി യാത്ര തുടങ്ങി, രണ്ട് വീട് കഴിഞ്ഞപ്പോൾ സിദ്ധു കാർ നിർത്തിച്ചു, ശില്പയെയും കൂട്ടി പുറത്തേക്കിറങ്ങി, ഡ്രൈവറോട്.. ഏട്ടാ ഈ വഴിയുടെ അറ്റത്തു പോയി നിർത്തിയിട്ടോ, ഞങ്ങള് നടന്ന് വന്നോളാം..

ശില്പ സിദ്ധുവിനെ നോക്കി.. ഈശ്വരാ ഇവന് ഭ്രാന്തായോ..

സിദ്ധു ചിരിച്ചു.. സത്യായിട്ടും എനിക്ക് കുഴപ്പമില്ല, ഒരു സംഭവമുണ്ട് വാ..

ശില്പ സിദ്ധുവിന്റെ കൂടെ നടന്നു, രണ്ടടി നടന്നപ്പോൾ സിദ്ധു ശില്പയോട്.. ഇങ്ങട് നോക്ക്.. ഇനി അങ്ങോട്ട് നിന്നെക്കൊണ്ട് എത്ര ജാഡ കാണിക്കാൻ പറ്റുമോ അത്രയും കാണിക്ക്..

ശില്പ കാര്യം മനസ്സിലാവാതെ.. നീ എന്തൊക്കെയാ പറയുന്നേ..

സിദ്ധു മുന്നിലുള്ള വീട് ചൂണ്ടി കാണിച്ചു.. ആ കാണുന്ന വീട് കണ്ടോ..

കണ്ടു.. ശില്പ തലയാട്ടികൊണ്ട് പറഞ്ഞു..

ആ വീട്ടിലുള്ള പെണ്ണ് എന്നെ ഇഷ്ടല്ല പറഞ്ഞു, അന്ന് ഞാൻ അവളോട് പറഞ്ഞിട്ടുണ്ടായിരുന്നു നിന്നെക്കാളും സുന്ദരിയായൊരു പെണ്ണിനെ കെട്ടി നിന്റെ മുന്നിലൂടെ തേരാ പാര നടക്കുമെന്ന്..

ശില്പ നിന്നു.. ദുഷ്ടൻ.. അവളോട് പകരം വീട്ടനാണോടാ എന്നെ ഈ വെയിലത്തു നടത്തിക്കുന്നേ..

സിദ്ധു ശില്പയുടെ കൈപിടിച്ച് വലിച്ചു.. തമാശ കളിക്കാതെ വന്നേ, അവളെ കാണുമ്പോൾ കുറച്ച് ഗമ കാണിക്ക്..

ശില്പ സിദ്ധുവിനെ ചേർന്ന് നടക്കാൻ തുടങ്ങി, ഇടയിൽ അവൾ സിദ്ധുവിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ സിദ്ധു സന്തോഷത്തിലാണെന്ന് മനസ്സിലായി.. അവൾ എന്തിനാടാ നിന്നെ വേണ്ടാന്ന് പറഞ്ഞേ..

സിദ്ധുവൊന്ന് ചിരിച്ചു.. എന്നെ കാണാൻ കുരങ്ങിനെ പോലെയുണ്ടത്രേ..

ശില്പ സിദ്ധുവിന്റെ മുഖത്തേക്ക് തന്നെ നോക്കികൊണ്ടിരുന്നു.. തമാശക്കോ കാര്യമായിട്ടോ..

സിദ്ധു വീണ്ടും ചിരിച്ചു.. കാര്യമായിട്ട്..

ശില്പ കുറച്ച് നേരം മിണ്ടിയില്ല, പെട്ടെന്ന് സിദ്ധുവിന്റെ കൈ വിട്ടിട്ട്.. അത്രയ്ക്കായോ… ഇത്രേം സുന്ദരനായ എന്റെ കെട്ടിയോനെ കളിയാക്കിയ അവളോട് രണ്ട് പറഞ്ഞിട്ട് തന്നെ ബാക്കി കാര്യം..

വേഗത്തിൽ നടന്ന് വീടിന് മുന്നിലെത്തി, അമ്മ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു, ശില്പയെ കണ്ടപ്പോൾ.. അല്ല ആരിത്.. പുതുപ്പെണ്ണ് വിരുന്ന് പോവാൻ റെഡിയായോ..

ശില്പ ചിരിച്ചു.. അതേ വീട്ടിൽ പോവാൻ വേണ്ടി ഇറങ്ങിയതാ..

ശബ്ദം കേട്ട് വില്ലത്തി പുറത്തേക്ക് വന്നു, ശില്പയെ കണ്ടപ്പോൾ ചിരിക്കാൻ റെഡിയായി, പുറകിൽ സിദ്ധു നിൽക്കുന്നത് കണ്ടപ്പോൾ ഒന്നും മിണ്ടാതെ നിന്നു, അമ്മ അരികിലേക്ക് വന്നു.. കാണാൻ ഇന്നലെ കണ്ടതിനേക്കാളും തിളങ്ങിയിട്ടുണ്ടല്ലോ..സിദ്ധുവിന് നല്ലോം ചേരുന്ന ആള് തന്നെ..

സിദ്ധു ശില്പയുടെ തോളിൽ കയ്യിട്ടു.. ശരിയാണ്, പ്രതീക്ഷിക്കാതെ കിട്ടിയതല്ലേ..

അതാണ് ഭാഗ്യം..

വില്ലത്തി ഒന്നും മിണ്ടാതെ രണ്ടുപേരെയും നോക്കിയിട്ട് അകത്തേക്ക് പോയി.

എന്നാൽ ശരി ഞങ്ങള് നടക്കട്ടെ, കാർ അപ്പുറത്ത് നിർത്തിയിരിക്കാ,വന്നിട്ട് കാണാം…

അമ്മ തലയാട്ടി, ശില്പ സിദ്ധുവിന്റെ കൈപിടിച്ച് റോഡിലൂടെ നടന്നു, ഇടയിൽ ശില്പ സിദ്ധുവിനെയൊന്ന് നോക്കി.. ഇപ്പോൾ കുറച്ച് ആശ്വാസമില്ലേ..

ഉണ്ട് ചെറുതായിട്ട്..

ഇനിയും മതിയായില്ലേൽ ഞാൻ രാവിലെ രണ്ട് റൗണ്ട് ഈ പഞ്ചായത്ത്‌ മുഴുവൻ കറങ്ങാം, പറ്റുമെങ്കിൽ ഒരു ബാനറും കയ്യിൽ പിടിക്കാം..

അത്രയ്ക്ക് വേണ്ട, നീ അല്ലാതെ തന്നെ എന്റെ ഭാര്യയാണെന്ന് നാട്ടുകാര് അറിഞ്ഞോളാം..

അതെങ്ങനെ..

ഈ പഞ്ചായത്തിൽ നമ്മുക്ക് മാത്രേ അഞ്ച് കുട്ടികളുണ്ടാവൂ, അപ്പോൾ എല്ലാരും പെട്ടെന്ന് തിരിച്ചറിയും..

ശില്പ ചിരിച്ചു.. എന്നെ അങ്ങട് കൊല്ല്, ഇത് കഴിഞ്ഞ് എന്നെ ലേബർ റൂമിൽ പൂട്ടി യിടാൻ പോവാണോടാ..

പോടീ.. ഞാൻ കാര്യായിട്ട് പറഞ്ഞതാ..

ആയിക്കോട്ടെ.. അങ്ങനെയാണ് ആഗ്രഹമെങ്കിൽ അങ്ങനെ നടക്കട്ടെ..

അതാണ് എന്റെ മുത്തിന് എന്നോടുള്ള സ്നേഹം..

ശില്പ വീണ്ടും ചിരിച്ചു.. ഒലക്കയാണ്, എനിക്ക് കുട്ടികളെ ഇഷ്ടമാണ് അതുകൊണ്ട് സമ്മതിച്ചു..

ഓഹോ..

രണ്ടുപേരും നടന്ന് കാറിനരുകിലെത്തി, അകത്തു കയറി യാത്ര തുടർന്നു, ശില്പ സിദ്ധുവിനെ ചാഞ്ഞു..

നിനക്ക് വിഷമമില്ലല്ലോ..

ഏയ്‌ എന്തിന്, ഓരോരുത്തരുടെ കളിയാക്കലും തമാശയായി കണ്ടിട്ടേയുള്ളൂ..

അങ്ങനെയേ കാണാവൂ, ഞാനൊരു കാര്യം പറയട്ടെ..

പറയൂ..

നിന്നോളം സുന്ദരനെ ഞാൻ എവിടെയും കണ്ടിട്ടില്ല..

സിദ്ധു ചിരിച്ചു.. അതെനിക്ക് സുഖിച്ചു, എന്നാലും വല്ലാതെ തള്ളിയാൽ കാറ് മറിയും, അതുകൊണ്ട് ഇത്രയ്ക്ക് വേണ്ട..

വേണ്ടേൽ വേണ്ട, പക്ഷെ ഞാൻ കാര്യായിട്ട് പറഞ്ഞതാ..

അതെനിക്ക് മനസ്സിലായി, നമ്മളെ സ്നേഹിക്കുന്നവർ നമ്മളെ കുറിച്ച് നല്ലതേ പറയൂ, പ്രത്യേകിച്ച് നീ..

എന്നാൽ ഞാനൊന്നും പറയുന്നില്ല..

സിദ്ധു ശില്പയെ തട്ടി.. നീ ഇതൊക്കെ വിട്, നമ്മള് കഥ മാറി പോവുന്നു..

കാറിന്റെ വേഗത കൂടി, വീടിന് മുന്നിൽ ചേച്ചിയും കുട്ടികളും നിൽക്കുന്നുണ്ടായിരുന്നു, ശില്പയെ കണ്ടപ്പോൾ കുട്ടികൾ അരികിലേക്ക് വന്നു. മേമേ.. എന്തേ വൈകിയേ ഞങ്ങള് എത്ര നേരമായിട്ട് നിൽക്കുന്നു..

ശില്പ ചെറിയ കുട്ടിയെ എടുത്തു.. ഞാൻ വന്നില്ലേ, നമ്മുക്ക് അകത്തേക്കു പോവാം..

ശില്പ അകത്തേക്ക് നടന്നു, സിദ്ധു നിൽക്കുന്നത് കണ്ടപ്പോൾ ചേച്ചി ചിരിച്ചു കൊണ്ട്.. എന്താ അവിടെ തന്നെ നിന്ന് കളഞ്ഞത് അകത്തേക്ക് വരൂ..

ഏയ്‌ കുട്ടികളെ കണ്ടപ്പോൾ നിന്നതാ.. സിദ്ധു ശില്പയുടെ പുറകെ അകത്തേക്ക് നടന്നു, അകത്തെത്തിയപ്പോൾ അമ്മ അരികിലേക്ക് വന്നിട്ട്..

മോൻ ഇരിക്ക്, അടുക്കളയിൽ കുറച്ച് പണി തിരക്കുണ്ടായിരുന്നു, അതുകൊണ്ടാ പുറത്തേക്ക് വരാതിരുന്നത്..

അതൊന്നും കുഴപ്പമില്ല അമ്മേ..

ശില്പ സിദ്ധുവിനെ മുറിയിലേക്ക് കൊണ്ടുപോയി, സിദ്ധു മുറിയിലൂടെ കണ്ണോടിച്ചു..
കൊള്ളാലോ, ചുമര് മുഴുവൻ ചിത്രപണികൾ..

ശില്പ ചിരിച്ചു… പകുതി ഞാനും പകുതി അമ്മുവും, ഞങ്ങളുടെ രണ്ടുപേരുടെയും റൂമല്ലേ..

അല്ല അവളെവിടെ..?

അവൾ അപ്പുറത്തുണ്ടാവും, നമ്മള് വന്നത് കണ്ടിട്ടുണ്ടാവില്ല..

ഉം.. സിദ്ധുവൊന്ന് മൂളി..

ശില്പ മാറാൻ വേണ്ടി ഡ്രസ്സ്‌ എടുത്തപ്പോൾ, സിദ്ധു അവളെ നോക്കികൊണ്ട്.. ആ റോസ് ചുരിദാറിടോ..

ശില്പയൊന്ന് തിരിഞ്ഞു..

നിനക്ക് ആരേലും റോസ് കളറിൽ കൈവിഷം തന്നിട്ടുണ്ടോ..

ഇല്ല നിനക്ക് നന്നായി ചേരുന്നുണ്ട്..

ശില്പ റോസ് ചുരിദാർ എടുത്ത് അണിഞ്ഞു.. മതിയോ..

സിദ്ധു ചിരിച്ചു.. മതി..

ശില്പ അടുക്കളയിലേക്ക് നടന്നു, അമ്മ ഉണ്ടാക്കി വെച്ചിരുന്ന ചായ സിദ്ധുവിന് കൊണ്ടുവന്ന് കൊടുത്തിട്ട് അരികിലായിരുന്നു.. എല്ലാവർക്കും കിട്ടുന്ന പോലെ നിനക്ക് അധികം ബന്ധുക്കളൊന്നുമുള്ള ഭാര്യയെ അല്ല കിട്ടിയിരിക്കുന്നെയെന്ന് ഇടയ്ക്ക് ഓർമ്മ വേണം.. അറിയാതെ പോലും ഇവിടെ ആരോടും ചോദിച്ചേക്കരുത്..

നീ എന്താ ചെറിയ കുട്ടികളോട് പറയുന്ന പോലെ, നമ്മളിതൊക്കെ സംസാരിച്ച് കഴിഞ്ഞതല്ലേ..

അത്‌ കല്യാണത്തിന് മുമ്പല്ലേ, ഇപ്പോൾ നമ്മള് ജീവിക്കാൻ തുടങ്ങി..

ശരി ഞാൻ ഓർമ്മയിൽ വെച്ചിരിക്കുന്നു.

ശില്പ ചിരിച്ചു.. എന്നാൽ ആ ചായ കുടിച്ച ഗ്ലാസ്സ് കൊണ്ടുപോയി കഴുകി വെച്ചേ..

സിദ്ധുവും ചിരിച്ചു.. എന്തേ ഇത് പറയാൻ വൈകിയത്..

കടിച്ച് കഴിയട്ടെ വിചാരിച്ച് ഇരിക്കായിരുന്നു..

സന്തോഷം.. സിദ്ധു എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു, ഗ്ലാസ്സ് കഴുകുന്നത് കണ്ടപ്പോൾ അമ്മ.. അയ്യോ മോനെ അത്‌ അവിടെ വെച്ചേക്ക്..

ഏയ്‌ കുഴപ്പമില്ല അമ്മേ.. സിദ്ധു ഗ്ലാസ്സ് കഴുകി അടുക്കളയിൽ വെച്ച് പുറത്തേക്കിറങ്ങി, ശില്പയെ കണ്ടപ്പോൾ..

താങ്ക്യൂ..

അത് ഞാനല്ലേ പറയേണ്ടത്, പൊട്ടാതെ ഗ്ലാസ്സ് കഴുകിയതിന് താങ്ക്സ്..

സിദ്ധു ചിരിച്ചിട്ട് ഹാളിൽ വന്നിരുന്നു, ശില്പയെ അമ്മ അടുക്കളയിൽ നിന്ന് ചീത്ത പറയുന്നത് സിദ്ധു കേൾക്കുന്നുണ്ടായിരുന്നു, കുറച്ചു നേരം കഴിഞ്ഞപ്പോൾ അമ്മു ഓടി അകത്തേക്ക് വന്നു, സിദ്ധുവിനെ കണ്ടപ്പോൾ ഒന്ന് നിന്നിട്ട്.. ചേച്ചി വന്നില്ലേ..

ഇല്ലല്ലോ ചേച്ചി വന്നില്ല..

അമ്മു സങ്കടത്തിൽ നിൽക്കുമ്പോഴാണ് ശില്പ പുറത്തേക്ക് വന്നത്, അവളെ കണ്ടപ്പോൾ അമ്മു ഓടിപോയി കെട്ടിപിടിച്ചു കരഞ്ഞു, സിദ്ധു അറിയാതെ എഴുന്നേറ്റ് പോയി,ശില്പ കുറേ നേരം അവളെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു, രണ്ടുപേരും മുറിയിൽ കയറി, ഉച്ച കഴിഞ്ഞപ്പോൾ അച്ഛൻ വന്നു, സിദ്ധുവിനെ കണ്ടപ്പോൾ സന്തോഷത്തോടെ.. ഒരു പണി ബാക്കിയുണ്ടായിരുന്നു, ഇപ്പോഴാ കഴിഞ്ഞത്, വന്നിട്ട് കുറേ നേരമായോ..

ഇല്ല ഇപ്പോൾ വന്നതേയുള്ളു..

അച്ഛൻ സിദ്ധുവിന്റെ കൈപിടിച്ചു.. പ്രതീക്ഷിച്ച പോലെയൊന്നും സാധിച്ചില്ല, വീട്ടിലൊക്കെ അവർക്ക് ദേഷ്യം വന്നിട്ടുണ്ടാവുമല്ലേ..

ഏയ്‌ അങ്ങനെയൊന്നുമില്ല..

മോൻ കഴിച്ചോ..

ഇല്ല അച്ഛൻ വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ വന്നിട്ട് ആവാലോന്ന് വിചാരിച്ചു..

എന്നാൽ വാ കഴിക്കാം..

അമ്മ എല്ലാവർക്കും ഭക്ഷണം വിളമ്പി, സിദ്ധുവിന്റെ അരികിൽ വന്ന് ശില്പയിരുന്നു, സിദ്ധുവൊന്ന് ചിരിച്ചിട്ട്.. വിശക്കുന്നുണ്ടോ..

പിന്നെ വിശക്കാതെ..

സിദ്ധു ഭക്ഷണം കഴിക്കാൻ തുടങ്ങി, കഴിക്കല് കഴിഞ്ഞപ്പോൾ പ്ലേറ്റ് എടുത്ത് എഴുന്നേറ്റു, അമ്മ തടഞ്ഞുകൊണ്ട്.. മോനെ അത്‌ അവിടെ വെക്ക്..

അത്‌ കുഴപ്പമില്ല അമ്മേ..

ശില്പ സിദ്ധുവിന്റെ പുറകെ നടന്നു, സിദ്ധു കഴുകുന്നത് കണ്ടപ്പോൾ.. ഇങ്ങോട്ട് താ.. ഞാൻ കഴുകാം..

സിദ്ധു ചിരിച്ചു . വേണ്ട.. ഒരാള് നല്ല ശീലം പറഞ്ഞു തരുമ്പോൾ അത്‌ അനുസരിച്ചു നടക്കുന്നതാണ് നല്ലത്..

ഹോ അത്‌ മനസ്സിലാക്കാൻ എത്ര വർഷമെടുത്തല്ലേ നിനക്ക്.

പോടീ അവിടുന്ന്, ഞാൻ ഹോസ്റ്റലിൽ ആയിരുന്ന സമയത്തും ജോലി സ്ഥലത്ത് താമസിക്കുമ്പോഴും ഒക്കെ ഞാൻ തന്നെയാ ചെയ്തിരുന്നത്..

അങ്ങനെയാണോ.. എന്നാൽ ഇതുകൂടി കഴുകിയേക്ക്..

സിദ്ധു ശില്പയെയൊന്ന് നോക്കിയിട്ട്.. ഒരു ആവേശത്തിന് പറഞ്ഞതല്ലേ…

എനിക്കങ്ങനെ തോന്നിയില്ല, സംസാരിച്ച് സമയം കളയാതെ എന്റെ സിദ്ധുവേട്ടൻ ഇത് കഴുകിയിട്ട് അകത്തേക്ക് വന്നേ..

സിദ്ധു പാത്രം കഴുകിയിട്ട് ശില്പയുടെ കൂടെ നടന്നു, പോവുന്ന വഴിയിൽ അവളോട് .
പുറത്ത് പശുവിനെ കണ്ടു, രാവിലെ അതിനെ കറക്കാൻ പറയോ നീ..

ശില്പ ചിരിച്ചു.. ഓർമ്മിപ്പിച്ചത് നന്നായി..

ആ ബെസ്റ്റ്, ഇതൊക്കെ ഞാനായിട്ട് വാങ്ങാണോ..

സിദ്ധു മുറിയിൽ ഇരിക്കുമ്പോഴാണ് പുറത്ത് ബഹളം കേട്ടത്, പെട്ടെന്ന് ഇറങ്ങി നോക്കി, ശില്പയുടെ ചേച്ചിയുടെ മുടി അയാൾ കുത്തിപിടിച്ചിട്ടുണ്ടായിരുന്നു, സിദ്ധു അങ്ങനെയൊരു കാഴ്ച്ച പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല, ശില്പ പുറകിൽ വന്നു തട്ടി..
നീ അകത്ത് പോയിരിക്ക്..

സിദ്ധു അവളെ നോക്കികൊണ്ട്.. ഇതെന്താ സംഭവം..

അത്‌ ചേച്ചിയുടെ ഭർത്താവ് കുടിച്ചിട്ട് വന്നാൽ ഇങ്ങനെയാ, ഒന്നും പറയാൻ പറ്റില്ല, നീ ഇനി വേറൊന്നും ചോദിക്കാൻ നിൽക്കണ്ട, മുറിയിലിരുന്നോ..

സിദ്ധു മുറിയിൽ പോയിരുന്നു, ഒച്ചപ്പാടും ബഹളവും കുറേ കഴിഞ്ഞപ്പോൾ നിന്നു, ശില്പ സിദ്ധുവിന്റെ അരികിലേക്ക് വന്നു.. അങ്ങേര് കഴിച്ചിട്ട് കിടന്നു, നമ്മുക്ക് പോയാലോ..

സിദ്ധു ശരിയെന്ന് തലയാട്ടി, പെട്ടെന്ന് അമ്മു മുറിയിലേക്ക് വന്നു.. ചേച്ചി പോവണ്ട ചേച്ചി..

ശില്പ അത്‌ ശ്രദ്ധിക്കാതെ ഡ്രസ്സ്‌ മാറാൻ തുടങ്ങി, സിദ്ധു രണ്ടുപേരെയും മാറി മാറി നോക്കികൊണ്ടിരുന്നു, അമ്മു കരയാൻ തുടങ്ങി, ശില്പ അമ്മുവിനെ നോക്കി കൊണ്ട് കലങ്ങിയ കണ്ണുകളോടെ.. ചേച്ചിക്ക് വേറെ വഴിയില്ല മോളെ..

പ്ലീസ് ചേച്ചി, ചേച്ചി പോയാൽ അയാള് ഉപദ്രവിക്കും, എനിക്ക് പേടിച്ചിട്ട് ഉറങ്ങാൻ പറ്റുന്നില്ല, ഇന്നൊരു ദിവസം നിൽക്ക് ചേച്ചി പ്ലീസ്..

ശില്പ അമ്മുവിന്റെ കണ്ണ് തുടച്ചു.. ചേച്ചിക്ക് കഴിയില്ല മോളെ..

സിദ്ധു ശില്പയുടെ മുഖത്തെ നിസ്സഹായാവസ്ഥ കണ്ടപ്പോൾ.. നിനക്ക് നിർബന്ധമാണേൽ ഒരു ദിവസം നിൽക്കാട്ടോ..

ശില്പ പെട്ടെന്ന് സിദ്ധുവിനെ നോക്കി.. എന്ത് കണ്ടിട്ടാ സിദ്ധു നീ ഇത് പറയുന്നേ, അമ്മയോട് എന്ത് പറയും..

അമ്മയോട് ഇന്ന് വരുന്നില്ലാന്ന് പറയണം..

ശില്പ സിദ്ധുവിനെ തന്നെ നോക്കികൊണ്ടിരുന്നു..

നീ പറയോ..

നിനക്ക് നിൽക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ നിൽക്ക്..

ആഗ്രഹമുണ്ട്..

സിദ്ധു ചിരിച്ചു.. എന്നാൽ നീ പോയി ഉച്ചയ്ക്ക് ഉണ്ടാക്കിയ അവിയൽ രാത്രിയിലേക്ക് ഉണ്ടാവോ നോക്കാ..

ശില്പ സിദ്ധുവിന്റെ അരികിലിരുന്നു.. അതൊക്കെ ഉണ്ടാവും പക്ഷെ നിനക്ക് മനസമാധാനത്തോടെ കഴിക്കാൻ പറ്റുമോന്ന് അറിയില്ല..

സിദ്ധു ചുമരിൽ ചാരിയിരുന്നു.. കുടിയന്മാരെ എനിക്ക് പണ്ടേ ഇഷ്ടമല്ല, നമ്മള് ഇന്ന് അങ്ങേരെകൊണ്ട് പായസം കുടിപ്പിക്കുന്നുണ്ട്…

തുടരും…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *