പലിശ തരാതെ കണ്ണുനീര് ഒലിപ്പിച്ച് കാലേ പിടിച്ചാൽ…ഞാൻ കൊടുത്ത പൈസയ്ക്ക് പകരം ആകുമോ….

ജോനാഥൻ എന്ന ജോപ്പൻ

എഴുത്ത്:-ആർ കെ സൗപർണ്ണിക

“നീ വയറ് നിറയെ കഴിക്കുമ്പോൾ ഓർക്കുക…….. അരവയർ പോലും നിറയാത്ത നിന്റെ അയൽക്കാരനെ കുറിച്ച്”

ജോനാഥൻ അവിടെ കൂടി നിന്നവരെ നോക്കി..സ്നേഹത്തോടെ കൈകൂപ്പി.

എങ്ങനുണ്ടാരുന്നു എന്റെ പ്രസംഗം തകർത്തില്ലേ?ഫോട്ടോകളൊക്കെ നല്ല പോലെ എടുത്തോടെ.. അതോ എന്റെ കാശ് കളയാൻ വേണ്ടി വെറുതെ കൊണ്ട് നടക്കുവാണൊ നിന്നെ?

“എന്റെ ജോപ്പാ…അതൊക്കെ ഞാൻ നല്ല വെടിച്ചില്ല് പൊലെ ഏടുത്തിട്ടുണ്ട്.

എടാ പരനാ റീ…നിന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട്… ജോപ്പാ…കൊ പ്പാന്ന് വിളിക്കരുതെന്ന്…ജോനാഥൻ അതാ സ്റ്റൈല്…എന്റെ അപ്പനാ ഇങ്ങനെ ജോപ്പനെന്നാക്കിയത്.

പിന്നെ മീൻ വിറ്റ് നടന്ന വറീത് മാപ്പിളയുടെ മോൻ ജോനാഥനെ ജോപ്പാന്നല്ലാതെ പിന്നെ എന്തോന്ന് വിളിക്കാൻ…. തികട്ടി വന്ന ദേഷ്യം ഉള്ളിലൊതുക്കി…അലോഷി… മനസ്സിൽ പറഞ്ഞു.

കാശ് കുറെ പൊടിച്ചതാ ഈ പ്രൊഗ്രാമിന് മെച്ചമുണ്ടായാൽ മതിയാരുന്നു… .പണം മാത്രം പോര കുറച്ച് പേരും കൂടി വേണം എന്ന…ദിയയുടെ… വാശി കാരണമാ…എനിക്ക് വല്യ താൽപ്പര്യം ഇല്ലാത്ത കേസാണ് ഈ ചാരിറ്റിയും…അനാഥരെ സംരക്ഷണവും വെറുതെ കൈയ്യിലിരിക്കുന്ന കാശ് പൊടിയ്ക്കാൻ വേണ്ടി നടത്തുന്ന ഓരോ കോപ്രായങ്ങൾ…സൈഡ് ഗ്ളാസ് താഴത്തി… എ സി ഓഫ് ചെയ്ത് കൊണ്ട്ജോ നാഥൻ….അലോഷിയെ നോക്കി.

“എന്റെ ജോപ്പാ…അല്ല…ജോനാഥാ.. ഒരുപാട് കൂട്ടിവച്ചിട്ടല്ലേ…..അപ്പച്ചൻ പോയത്?അത് കൂടാതെ നീയും ആവശ്യത്തിലേറെ ഉണ്ടാക്കിയിട്ടുണ്ട്. പാവങ്ങളെ പഴിഞ്ഞ് പലിശയിനത്തിൽ വാങ്ങിക്കൂട്ടിയ പണമല്ലേ…ആ പാപം കുറയൊക്കെ ഇങ്ങനെ തീരട്ടെ.

“എടാ അലോഷീ….മാസമാസം നീ വാങ്ങി നക്കുന്നതും ഈ പലിശപ്പണം തന്നാണെന്ന് മറക്കേണ്ട…

വാങ്ങുന്നതും നീ കൊടുക്കുന്നതും നീ..അപ്പോ പാപം ആർക്ക് വരും…നിനക്ക്…ജോനാഥൻ അപ്പോഴും…സെയ്ഫാ അല്ലേ “കർത്താവെ?കാറിനുള്ളിലെ യേശുദേവന്റെ ചെറിയ ചില്ല് രൂപത്തിലേക്ക് നോക്കി ചിരിയോടെ കണ്ണടച്ചു…. ജോനാഥൻ.

“ഹേയ് ദിയാ…ജനാലയിലൂടെ വെളിയിലേക്ക് നോക്കിനിന്ന….ദിയയെ പുറകിലൂടെ കൈയ്യിട്ട് ചേർത്ത് പിടിച്ചു കൊണ്ട്…ജോനാഥൻ ചെവിയിൽ പതിയെ ചോദിച്ചു?

“എന്താണ് ദിയാ..മേരി..കുര്യൻ ഒരാലോചന?

ജോനാഥന്റെ കൈകൾ പിടിച്ച് വയറിലേക്ക് ചേർത്ത് വച്ച് കൊണ്ട് ദിയ അവനോട് ചേർന്ന് നിന്നു.

“ജോ നിനക്കറിയാൻ ആകുന്നുണ്ടോ ഇവന്റെ ഹൃദയമിടിപ്പ്?അവൻ വളരുകയാണ് ഓരോ ദിവസവും.

നമുക്ക് ഈ പലിശക്കച്ചവടം വേണ്ട”ജോ എനിക്കെന്തൊ ആകെ പേടി തോന്നുന്നു നിന്റെ മനസ്സലിവില്ലാത്ത ചെയ്തികളുടെ പാപം…എന്റെ കുഞ്ഞ് കൂടി അനുഭവിക്കേണ്ടി വരില്ലേ?

നാല് പേരുടെ മുന്നിൽ നീ കാട്ടുന്ന ഈ അഭിനയം…മുകളിലൊരാൾ കാണുന്നുണ്ട് എന്ന് മറക്കരുത്.

നമുക്കു ജീവിക്കാൻ ഇതൊന്നും വേണ്ട ജോ…നമുക്ക് അല്ലലില്ലാതെ കഴിയാൻ ആവശ്യത്തിനുള്ളത് എസ്റ്റേറ്റുകളിൽ മാത്രം കിട്ടുന്നുണ്ട്…പിന്നെയും എന്തിനാ ഈ ആർത്തി?

നീ ഭാരിച്ച കാര്യങ്ങൾ ഒന്നും തിരക്കേണ്ട ഇപ്പോ നമ്മുടെ കുഞ്ഞിന് ആവശ്യം ഉള്ള കാര്യങ്ങൾ മാത്രം ചിന്തിച്ചിൽ മതി.

വാ നമുക്കു കഴിക്കാം…ജോനാഥൻ ദിയയെ… ചേർത്ത് പിടിച്ച് ഡൈനിങ് ഹാളിലേക്ക് നടന്നു.

ഇത് മുഴുവൻ എണ്ണയാണല്ലോ?ഇതൊക്കെ വെറുതെ കിട്ടുന്നതാണൊ എന്റെ…. ലീലേട്ടത്തി വെളിച്ചെണ്ണയ്ക്ക് ഒക്കെ എന്താ വിലാന്ന് വല്ല പിടുത്തോം ഉണ്ടോ?ശമ്പളം തരുമ്പോ ഞാനങ്ങട് പിടിക്കും ഒരു പിടി.

“അപ്പോ കിടന്ന് കൈയ്യും കാലും പിടിച്ചേക്കരുത് പറഞ്ഞേക്കാം”

“എനിക്ക് മതി..ദിയ പാത്രത്തിൽ കൈ കുടഞ്ഞ് കൊണ്ട് എഴുന്നേറ്റു.

“നീ കഴിച്ചില്ലല്ലോ”

മതി ജോ നിറഞ്ഞു..ഇങ്ങനെയാണേൽ എന്നെങ്കിലും…… ഞാൻ കഴിയ്ക്കുന്ന…ഓരൊ നണിച്ചോറിനും നീ കണക്ക് പറയും.

കഴിയ്ക്കാതിരുന്നാൽ അതിൽ കുറച്ച് കണക്കുകൾ കേട്ടാൽ മതിയല്ലോ?

കട്ടിലിന്റെ ഓരം ചേർന്ന് തിരിഞ്ഞ് കിടന്ന ദിയയോട്… ചേർന്ന് കിടന്നു കൊണ്ട് ജോനാഥൻ… പതിയെ ചോദിച്ചു… പിണക്കമാണോ ദിയക്കൊച്ചേ?

“തിരിഞ്ഞ് കിടക്ക് പറയട്ടെ”

വലിയ വയറുമായ് അത്ര പെട്ടെന്ന് തിരിയാനും മറിയാനും ഒന്നും പറ്റുകേല “ജോ..നിറഞ്ഞ കണ്ണുകളോടെ ദിയ ജോനാഥന്റെ മുഖത്തേക്ക് നോക്കി.

രാവിലത്തെ ആ സംഭവം നിന്നെ ഒരുപാട് വിഷമിപ്പിച്ചോ?നിന്നോട് പലതവണ പറഞ്ഞിട്ടില്ലേ ഓഫീസ് റൂമിലേക്ക് വരരുതെന്ന്.

പലിശ തരാതെ കണ്ണുനീര് ഒലിപ്പിച്ച് കാലേ പിടിച്ചാൽ…ഞാൻ കൊടുത്ത പൈസയ്ക്ക് പകരം ആകുമോ?ഇത്തിരി കടുപ്പിച്ച് നിന്നില്ലേ..തിരികെ തരാൻ ഒരുത്സാഹം കാണില്ല…ദിയക്കൊച്ചേ.

വാങ്ങാൻ നേരം ഏന്നതാ ഇവരുടെയൊക്കെ ഒരുത്സാഹം..തിരിച്ച് തരുന്ന സമയം ആകുമ്പോൾ തുടങ്ങും തരികിട കളി….എന്റെടുത്ത് ഈ വേഷം കെട്ടൊന്നും നടക്ക്കേല….ദിയക്കൊച്ചേ.

എന്നാലും പ്രായം ഉള്ള ആ അമ്മച്ചി കണ്ണുനീരൊലിപ്പിച്ച് ഇവിടുന്നിറങ്ങി പോയപ്പോൾ ചങ്ക് കലങ്ങിപ്പോയ്..ജോ.

എന്റമ്മച്ചിയെ ഓർമ്മ വന്നു. ഉള്ളതൊക്കെ പണയപ്പെടുത്തി മോളെ പഠിപ്പിച്ചതാ…സൗദിയിൽ ഒരാക്സിഡന്റ് ആ അമ്മച്ചിയുടെ എല്ലാ പ്രതീക്ഷകളും അതോടെ തീർന്നു.

ആകെയുള്ള അവരുടെ കയറിക്കിടക്കാടം നമ്മുടെ ബാങ്കിൽ പണയത്തിലാ…കഷ്ടം അല്ലേ “ജോ” അവരോടാ “ജോ…തട്ടിക്കയറി ഇറക്കിവിട്ടത്.

ജീവിതവും,ബിസ്നസും രണ്ടും,രണ്ടാണ് ബിസ്നസിൽ കഷ്ടവും..പാപവും നോക്കിയാൽ തോറ്റ് പോകത്തെ ഒള്ളെന്റെ ദിയക്കൊച്ചെ.

എന്റപ്പൻ വറീത്…മീൻ വറീതെന്നാ നാട്ട്കാര് വിളിക്കുന്നെ…എന്താന്നറിയൊ? കാര്യം… കുഞ്ഞുന്നാളില് മീൻകുട്ടയും ചുമന്ന് ഈ കോട്ടയമായ…കോട്ടയം മുഴുവൻ നടന്നിട്ടുണ്ട് അപ്പൻ.

അന്ന് ചായ കുടിയ്ക്കാൻ കടയിൽ കയറുമ്പോൾ… കടക്കാര് പോലും മുഖം ചുളിച്ച് കൊണ്ട് ആട്ടി ഇറക്കിയിട്ടുണ്ട്.

എന്നതാ കാര്യം… മീൻ വെള്ളം വീണ ഉളുമ്പ് നാറ്റവും…മീൻ ചെതുമ്പൽ നിറഞ്ഞ കൈകളും കാണുമ്പോൾ ആരായാലും അറയ്ക്കില്ലേ?

എന്റപ്പൻ…വെറും വയറുമായ് അങ്ങനെ നീട്ടി വലിച്ച് നടക്കും…വീടെത്തിയിട്ടെ ഉള്ളൂ പിന്നെ ജലപാനം…അങ്ങനെ ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ കൊച്ചെ…ഈ കാണുന്നതെല്ലാം.

ഇവിടുത്തെ ജോലി മതിയാക്കി അങ്ങ് മോളിലോട്ട് പോകാൻ നേരം എന്റെ കൈയ്യിൽ പിടിച്ച് ഒന്നേ പറഞ്ഞുള്ളൂ.

ജോപ്പാ…ഉണ്ടാക്കാനുള്ള കഷ്ടപ്പാട് നശിപ്പിക്കാനില്ല….അതിന് അധികം സമയവും വേണ്ട.

അപ്പനുണ്ടാക്കിയതൊക്കെ അത് പോലേ നോക്കി നടത്തിയാ നിനക്ക് കൊള്ളാം….അല്ലെങ്കില് അപ്പന്റെ മുറിയുടെ മൂലയ്ക്ക് അപ്പൻ നിനക്കൊരു സമ്മാനം വച്ചിട്ടുണ്ട്.. എന്ത് വേണമെന്ന് നിനക്ക് തീരുമാനിയ്ക്കാം.

കർത്താവിന്റെ നാട്ടിലെ മീൻ വിൽപ്പനക്കാരന്…എന്തോ ഏനക്കേട് പറ്റീന്നാ തോന്നുന്നേ….അതാ പെട്ടെന്നുള്ള ഈ വിളി.

“എന്നാ ഞാനങ്ങോട്ട് പോയേക്കുവാ”

അപ്പന്റെ കൈകളപ്പോഴും ഇങ്ങനെ മുറക്കെ പിടിച്ചിട്ടുണ്ടാരുന്നു എന്റെ കൈയ്യിൽ… വിശ്വാസത്തിന്റെ ഉറപ്പുള്ള പിടുത്തം.

അന്ത്യ ചുബനം കൊടുത്തിട്ട് ഞാനാ കൈയ്യിൽ മണത്തപ്പോ…അപ്പഴും ഉണ്ട് കൊച്ചേ ആ ചാളവെള്ളത്തിന്റെ ഉളുമ്പ് മണം.

ദിയയുടെ കഴുത്തിലൂടെ ജോനാഥന്റെ ചൂട് കണ്ണുനീർ…..ഒഴുകി ഇറങ്ങി ക്കൊണ്ടിരുന്നു.

“ജോ എന്റെ വിഷമം കൊണ്ട് പറഞ്ഞതല്ലിയോ…എന്റെ കോട്ടയം കാരൻ നസ്രാണി കരയല്ലേ.

ദിയ ജോനാഥന്റെ മുഖം മാറിലേക്ക് ചേർത്ത് വച്ച്…..തലയിൽ തഴുകി കൊണ്ട് പറഞ്ഞു.

ഏന്നതാടി ഒരോ റബ്ബറിൻ പാലിന്റെ മണം കുസൃതിയോടെ അവനവളോട് പതിയെ ചോദിച്ചു?

ആ പാലാക്കാരി അച്ചായത്തി പിള്ളേർക്ക്…റബ്ബറിൻ പാലിന്റെ മണമല്ലാതെ ചാളമണം വരുവോ എന്റെ അച്ചായാ…അവന്റെ നെഞ്ചിലെ രോമങ്ങളിൽ ആഞ്ഞ് വലിച്ച് കൊണ്ടവൾ കുറുമ്പോടെ പറഞ്ഞു.

രാവിലെ ജോപ്പന്റെ ഉറക്കെയുള്ള ശബ്ദം കേട്ടാണ്….ദിയ ഉണർന്നത്.

എന്നതാ ലീലേട്ടത്തി? അവിടെ സ്റ്റെപ്പുകൾ വളരെ ശ്രദ്ധയോടെ ഇറുങ്ങുന്നതിനിടയിൽ ദിയ താഴേക്ക് നോക്കി.

അയ്യോ മോളെന്തിനാ താഴേക്ക് വന്നെ? വിളിച്ചാൽ ഞാൻ അങ്ങോട്ട് വന്നേനെയല്ലോ?

ഇനി ഇത് കണ്ടാൽമതി എനിക്ക് ഇന്നത്തേക്ക് ഉള്ളതായി…ലീല പേടിയോടെ ഓഫീസ് മുറിയുടെ വാതിൽക്കലേക്ക് നോക്കി.

“കാശ് വാങ്ങിയിട്ട് പരട്ട ന്യായം പറയുന്നൊ?രണ്ട് കൈയ്യും നീട്ടി വല്യ കാര്യത്തിൽ മേടിച്ചോണ്ട് പോയപ്പോ ഓർത്തില്ലിയൊ?തിരികെ തരണമെന്ന് പരട്ട കിളവാ.

പടുവൃദ്ധനായ ഒരാളുടെ കഴുത്തിന് പിടിച്ച് വെളിയിലേക്ക് തള്ളുന്ന “ജോ”

ഗ്രാനൈറ്റ് ഇട്ട തറയിലേക്ക് തല്ലിയലച്ച് വീണ അയാൾ തല ഉയർത്തി കൈകൾ കൂപ്പി ജോനാഥനെ ഭയത്തോടെ നോക്കി.

ഇത് തന്റെ……അവസാന അവധിയാണ് എനിക്കെന്റെ പണം പലിശയും മുതലും ചേർത്ത് ഒരാഴ്ചയ്ക്കുള്ളിൽ ഇവിടെ എത്തണം…ഇല്ലെങ്കിൽ എന്റെ തനിക്കൊണം അറിയാല്ലോ?

“എല്ലം കൂടെ വലിച്ച് വെളിയിലിട്ട് കത്തിക്കും ഞാൻ”

എടുത്തോണ്ട് പോടാ അലോഷീ ഈ സാധനത്തിനെ രാവിലെ മനുഷ്യന്റെ മൂട് കളയാനിയിട്ട് ഓരോന്ന് ഇറങ്ങിക്കോളും.

പറഞ്ഞ് തിരിഞ്ഞതും…ജോപ്പൻ കണ്ടു കത്തുന്ന കണ്ണുകളോടെ തന്നെ നോക്കി നിൽക്കുന്ന…ദിയ”

ഇനി ഒരു നിമിഷം ഈ വീട്ടിൽ ഞാൻ നിൽക്കില്ല…കണ്ടവരുടെ ശാപം പേറി എന്റെ കുഞ്ഞ് ഈ വീട്ടിൽ ജനിക്കേണ്ട.

അലോഷീ എന്നെ വീട്ടിലാക്ക്…എനിക്ക് ഈ പണപ്രാന്തന്റെ മുഖം പോലും കാണേണ്ട…സ്റ്റെയർകേസിന്റെ കൈവരികളിൽ പിടിച്ച് ആയാസത്തോടെ മുകളിലേക്ക് നടക്കവെ…ദിയ അലോഷിയെ നോക്കിപ്പറഞ്ഞു.

എവിടാന്ന് വച്ചാ കൊണ്ട് വിടെടാ… എന്റെ രീതികളോട് യോജിച്ച് പോകുന്നവർ മതി ഈ വീട്ടിൽ.

പാലായിലെ തന്റെ വീട്ടിലേക്ക് പോകും വഴി..ദിയ ഓർത്തു..”കുളത്തിങ്കൽ” ഹോസ്പിറ്റൽ..കുളത്തിങ്കൽ ഫൈനാൻസ്…കുളത്തിങ്കൽ സൂപ്പർമാർക്കറ്റ്… സ്കൂളുകൾ… കോളേജ്കൾ…എസ്റ്റേറ്റുകൾ കോട്ടയത്തിന്റെ നല്ലൊരുഭാഗം മുഴുവൻ കുളത്തിങ്കൽ ഗ്രൂപ്പിന്റെ കൈയ്യിലാണ്.

പിന്നെയും തീരാത്ത ആർത്തി പണം.. പണം എന്ന ചിന്തമാത്രം ഉള്ള മനുഷ്യൻ കുളത്തിങ്കൽ… ജോനാഥൻ എന്ന ജോപ്പൻ.

“ദിയയുടെ…വീർത്ത് വരുന്ന വയറിനൊപ്പം… ജോപ്പനോടുള്ള ദേഷ്യവും കൂടിക്കൊണ്ടിരുന്നു.

മോളെ കോട്ടയത്ത് നിന്നും “ഫിലിപ്പച്ചൻ വന്നിട്ടുണ്ട്… നിന്നെ കാത്ത് താഴെ ഇരിക്കുന്നു…പപ്പ” സ്നേഹത്തോടെ ദിയയുടെ ശിരസ്സിൽ തഴുകി പറഞ്ഞു.

എനിക്ക് ആരെയും കാണേണ്ട പപ്പാ.. ആ പണക്കൊതിയന്റെ വക്കാലത്തുമായി വന്നതാകും.

എനിക്ക് ഒന്നും കേൾക്കാനില്ല…ഇനി അയോളോടൊപ്പം എനിക്ക് ജീവിക്കേണ്ട.

ഇവിടെ വരെ വന്നതല്ലേ മോളെ?ഒന്നുമല്ലെങ്കിൽ ഒരു പുരോഹിതനല്ലേ?വീട്ടിൽ വരുന്നവരോട് അപമര്യാദയായി പെരുമാറുന്നത് ശരിയല്ല.

“കുരിശിങ്കൽ”ദേവസ്യയുടെ മകൾ അങ്ങനെ മോശമായി പെരുമാറി എന്ന് ആരും പറയനിടവരരുത് മോള് വാ.

“ഈശോ മിശിഹായ്ക്ക്”സ്തുതി ആയിരിക്കട്ടെ”

ഇപ്പോഴും..എപ്പോഴും സ്തുതിയായരിക്കട്ടെ…ഫിലിപ്പച്ചൻ തലയിൽ കൈ വച്ച് അനുഗ്രഹിക്കുമ്പോഴും….ദിയ നിർവികാരമായ മുഖത്തോടെ നിന്നു.

“മോളെ…ജോപ്പൻ ഇത്തിരി കടുംപിടുത്ത കാരനൊക്കെയാ എങ്കിലും മനസ്സിൽനന്മയുള്ളവനാ.

“അച്ഛോ”ജോപ്പന്റെ വക്കാലത്തുമായ് വന്നതാണെങ്കിൽ..അച്ഛൻ..ഇനി സംസാരിക്കണം എന്നില്ല.

എനിക്ക് കേൾക്കേണ്ട ഒന്നും… പാപത്തിന്റെ പങ്ക് പറ്റാൻ ഇനി ഒരു തിരിച്ച് വരവും ഇല്ല.

മോളെ…നമുക്ക്‌ ഒരു സ്ഥലം വരെ പോകാം ഇവിടെ അടുത്താണ്…

“ദിയയുടെ കൈകളിൽ മുറുകെപ്പിടിച്ച് ഫിലിപ്പച്ഛൻ…കാറിന് നേർക്ക് പതിയെ നടന്നു.

“സ്നേഹവാതിൽ”എന്ന വലിയ ഗെയ്റ്റ് കടന്ന്…കാറകത്തേക്ക് കയറി.

ഡോർ തുറന്ന് വെളിയിലേക്ക് ഇറങ്ങായ ദിയ…കണ്ടു…ചെറിയ കുട്ടികൾ,പ്രായം ചെന്ന..അമ്മച്ചിമാരും…അപ്പച്ചൻമാരും ചെറിയ പൂക്കളും…വലിയ പൂക്കൂടകളും കൈയ്യിൽ പിടിച്ച് ആരെയോ എതിരേൽക്കുവാൻ തയാറായി നിൽക്കും പോലെ.

“ഫിലിപ്പച്ചനെ ആകും…അച്ഛന്റെ കൂടെ മുന്നോട്ട് നടക്കവെ…ഒരു കുഞ്ഞു സുന്ദരി… കൈയ്യിൽ വലിയൊരു റോസാപ്പൂവുമായ്…ദിയയുടെ അടുത്തേക്ക് വന്നു.

“ഹായ് ദിയാമ്മാ…വെൽക്കം” കൊഞ്ചലോടെ അവളത് പറയുമ്പോൾ ആശ്ചര്യത്തോടെ ദിയ.. ഓർത്തു.

ഈ കുഞ്ഞ് സുന്ദരിക്ക് തന്റെ പേരെങ്ങനെ അറിയാം?

ഓരോരുത്തരായി വന്ന് പേര് പറഞ്ഞ് പരിചയപ്പെട്ട് കൊണ്ടിരുന്നു..ഒന്നും മനസ്സിലാകാതെ ദിയ… പൂക്കളും… പൂക്കൂടകളാലും നിറഞ്ഞ തന്റെ ഇരുവശവും നോക്കി ഒന്നും മനസ്സിലാകാതെ… ഫിലിപ്പച്ചനെ…. മിഴിച്ച് നോക്കി.

ഒടുവിലായ് വന്ന പ്രായമുള്ള സിസ്റ്ററെ നോക്കി ഫിലിപ്പച്ചൻ ചോദിച്ചു?

എങ്ങനെ ഉണ്ട് കത്രീന സിസ്റ്റർ… സുഖമല്ലേ?

അച്ഛന് സ്തുതി പറഞ്ഞ ശേഷം.. സുഖം തന്നെയാണച്ചോ എന്നവർ മന്ദഹാസത്തോടെ പറഞ്ഞു.

“കത്രീനസിസ്റ്റർ…ദിയയുടെ കൈകളിൽ ചേർത്ത് പിടിച്ച് അകത്തേക്ക് നടന്നു.

പോകുന്ന വഴിയിൽ മുന്നിൽ കണ്ടവരെല്ലാം ദിയയെ… നോക്കി പേര് വിളിച്ച് വിശേഷങ്ങൾ തിരക്കിക്കൊണ്ടിരുന്നു.

മറ്റേതോ ലോകത്ത് എത്തിയ പോലെ ദിയ കൈവെള്ളയിൽ പതിയെ നുള്ളി നോക്കി…അല്ല സ്വപ്നമല്ല.

ദിയ…ഫിലിപ്പച്ചന്റെ മന്നിൽ തിരിഞ്ഞ് വഴിമുടക്കി നിന്നു…എന്നതാ അച്ഛോ ഇത് എനിക്കറിയാത്ത ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ലാത്ത ഇവരൊക്കെ ഒരു പരിചയക്കാരിയെ പോലെ എന്റെ പേര് വിളിച്ച് സംസാരിക്കുന്നു…എന്താ ഇതിന്റെ ഒക്കെ അർത്ഥം?

ആരാ ഇവരൊക്കെ…. എന്നെ എങ്ങനെയാ ഇവർ?

മോളെ…ഇതൊക്കെ നിന്റെയാണ് ഇവരെല്ലാം നിന്റെ ബന്ധുക്കളും.

കത്രീന സിസ്റ്ററിന്റെ മറുപടിയിൽ തൃപ്തി ആകാത്ത പോലെ ദിയ ഫിലിപ്പച്ചന്റെ മുഖത്തേക്ക് നോക്കി.

മോളേ ഈ സ്നേഹ വാതിലും അതിലെ മുഴുവൻ അന്തേവാസികളും…ജോപ്പന്റെ കരുണയിൽ കഴിയുന്നവരാണ്.

ഇത് പോലെ ഒരുപാട് സ്ഥാപനങ്ങൾ അവൻ നടത്തുന്നുണ്ട്… അമ്മയെ ഉപേക്ഷിച്ചു പോയവർ…അമ്മ ഉപേക്ഷിച്ച കുട്ടികൾ… അങ്ങനെ പലരും.

ഉപേക്ഷിക്ക പെട്ടവരും…കേറിക്കിടക്കാൻ ഇടവും…കഴിക്കാൻ ഒരുനേരത്തെ ഭക്ഷണവും ഇല്ലാത്തവർ.

ഇവരൊക്കെ…ജോപ്പന്റെ പ്രിയപ്പെട്ടവരാണ്…

അവിശ്വസനീയമാത് എന്തോ കേട്ടപോലെ…ദിയ സ്തംഭിച്ചു നിന്നു.

പുറകിൽ നിന്ന് ആരൊ ദിയയുടെ ചുമലിൽ ചേർത്ത് പിടിച്ചു.

ആയസപ്പെട്ട് തിരിഞ്ഞ ദിയ അതിശയത്തോടെ കണ്ടു… ജോപ്പൻ അന്ന് ആട്ടി യിറക്കി വിട്ട ആ പാവം വൃദ്ധ.

മോളെ ജ്യൂസ് കുടിക്ക്…തന്റെ മുന്നിൽ തറയിൽ കിടന്ന് കൈകൂപ്പി യാജനയോടെ ജോപ്പന്റെ കാല് പിടിച്ച ആ വൃദ്ധൻ..

“ദിയ…കണ്ണു തിരുമി ഒരിയ്ക്കൽ കൂടി നോക്കി…സത്യമേത്..മിഥ്യ ഏതെന്ന് ഇനിയും മനസ്സിലാകുന്നില്ല.

മോളമ്പരന്ന് നോക്കേണ്ട… മീൻകാരൻ വറീത്..തുടങ്ങി വച്ചതാ ഇതെല്ലാം.

ജോപ്പൻ കുറച്ച്കൂടി വിശാലമാക്കി അവന്റെ അമ്മച്ചി അവന്റെ കുഞ്ഞിലെ മരിച്ചതാ…പിന്നെ അവൻ കൂടുതലും വളർന്നത് ഇവിടെയാ..

ഈ കാണുന്നവരൊക്കെ അവന്റെ അമ്മച്ചിമാരും…അപ്പച്ചൻമാരും… അനിയൻമാരും…കുഞ്ഞുങ്ങളും…എല്ലാം അവന്റേത് മാത്രം.

അവനാണ് ഇതൊക്കെ ചെയ്യുന്നതെന്ന് ആരും അറിയരുതെന്ന് അവന് നിർബന്ധമാണ്…അതാ മോളെ നിന്നോട് പോലും..അവൻ ഒന്നും പറയാഞ്ഞത്.

നിന്റെയും നാട്ടുകാരുടേയും മുന്നിൽ അവൻ അറുപിശുക്കനായ പലിശക്കാരൻ… ഇവരെ പോലയുള്ളവർക്ക്…അവൻ ദൈവമാണ്. ചിലപ്പോൾ അതിലും മുകളിൽ.

പേടിപ്പിച്ചും..വിറപ്പിച്ചും..അവനവരെ ജീവിക്കാനാണ്..പ്രേരിപ്പിക്കുന്നത് ഒരു ഗതിയും ഇല്ലെന്ന് തോന്നുന്നവരെ അവനവന്റെ ചിറകിനടിയിലേക്ക് ചേർത്ത് പിടിക്കും.

കയ്യിലിരുന്ന ജ്യൂസ് ഗ്ളാസ് ചുണ്ടോട് അടുപ്പിക്കാനാകാത്ത പോലെ “ദിയ… നിന്നു വിറച്ചു…സന്തോഷം കൊണ്ടൊ അത്ഭുതം കൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞ് തൂവിക്കൊണ്ടിരുന്നു.

തിരികെ ഫിലിപ്പച്ഛനൊപ്പം..ദിയ കുളത്തിങ്കൽ തറവാടിന്റെ പടി ഇറങ്ങുമ്പോൾ…സമയത്തിന് പലിശ കൊടുക്കാത്ത ആരോടൊ കയർത്ത് സംസാരിച്ച് കൊണ്ട്…ജോപ്പൻ വാതിലിൽ തന്നെ നിന്നിരുന്നു.

“ഓ വന്നോ ഊര് തെണ്ടി” ഞാൻ കരുതി അവിടങ്ങ് സ്ഥിര താമസം ആക്കിയെന്ന്.

നിനക്ക് അവിടെങ്ങാണം നിന്നാ പോരായിരുന്നോ വെറുതെ ചിലവ് കൂട്ടാനായിട്ട്.. മുഖം വക്രിച്ച് ദിയ വന്നത് ഇഷ്ടപ്പെടാത്ത പോലെ ജോപ്പൻ പറഞ്ഞു.

“നീ പോടാ ചാള ജോപ്പാ”

ജോപ്പനെ നോക്കി കൊക്കിറി കാണിച്ച് കൊണ്ട് ദിയ അകത്തേക്ക് കയറി.

ജോപ്പൻ സംശയത്തോടെ ഫിലിപ്പച്ചനെ നോക്കി…

ജോപ്പന്റെ…..നോട്ടം കാണാത്ത മട്ടിൽ ഫിലിപ്പച്ചൻ… കാർ സ്റ്റാർട്ട്‌ ചെയ്ത് വെളിയിലേക്കിറങ്ങി.

“അതേ ജോ”

“എന്നതാ ദിയക്കൊച്ചേ.

നമുക്ക് സ്നേഹവാതിൽ വരെ ഒന്ന് പോയാലൊ?

ഫിലിപ്പച്ചൻ എല്ലാം പറഞ്ഞല്ലേ?ആ കള്ളത്താടിയുടെ പരുങ്ങലും.. വെപ്രാളവും കണ്ടപ്പഴേ ഞാൻ ഊഹിച്ചു.

ജോ…ഞാൻ നിന്നെ മനസ്സിലാക്കിയില്ല അതെങ്ങെനാ…അത്രയ്ക്കല്ലേ അഭിനയം.

ദിയയുടെ വയറിൽ മുഖം ചേർത്ത് കിടക്കവേ…അവൻ പറഞ്ഞു.

എന്റെ കൊച്ചേ…വലത് കൈ കൊണ്ട് കൊടുക്കുന്നത് ഇടത് കൈ അറിയരുത് എന്നല്ലേ?

ജോപ്പന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് കൊണ്ട്.. ദിയ പതിയെ ചോദിച്ചു…അപ്പൻ മുറിയുടെ മൂലയ്ക്ക് വച്ചേക്കുന്ന സമ്മാനം…എന്തുവാ?അന്ന് കരച്ചിലിന്റെ ഇടയ്ക്ക് അത് പറഞ്ഞില്ലല്ലോ?

ജോപ്പൻ കട്ടിലിനടിയിലേക്ക് കയ്യിട്ട് ആ സമ്മാനം വലിച്ചെടുത്തു.

വർണ്ണക്കടലാസുകളിൽ പൊതിഞ്ഞ ആ സമ്മാനം പൊതിയഴിക്കവേ…ദിയ കണ്ണിമ ചിമ്മാതെ നോക്കിയിരുന്നു.

പൊതിയഴിച്ച് വറീതിന്റെ പഴയ മീൻകുട്ട കൈകളിലേക്കെടുത്ത് നെഞ്ചോട് ചേർത്ത് പിടിച്ച് കൊണ്ട്…ജോപ്പൻ ദിയയെ നോക്കി.

“കൊച്ചേ”ഒരിത്തിരി അഹങ്കാരം മനസ്സിൽ തോന്നിയാൽ…ദേണ്ടെ ഇതിങ്ങനെ കൈയ്യിലെടുത്ത് ളനെഞ്ചോട് ചേർത്ത് പിടിക്കും.

അപ്പോ എനിക്ക് കാണാം എന്റെ അപ്പൻ മീൻകുട്ടയും തലയിലേറ്റി മീൻ വെള്ളം ഒഴുകുന്ന ദേഹത്തോടെ ഈ കോട്ടയം ടൗണിലൂടെ ഇങ്ങനെ നടക്കുന്നത്.

അപ്പോ തോന്നുന്ന ഒരാത്മവിശ്വാസം ഉണ്ടല്ലോ…അതാടി കൊച്ചേ ഈ ജോപ്പൻ.

ജോപ്പന്റെ മടിയിൽ തല വച്ച് ദിയ ഉറങ്ങാതെ കിടന്നു ചിന്തിച്ചു.

പത്ത് കിലോ അരിയും…ഒരു പച്ചക്കറി കവറും വാങ്ങിക്കൊടുത്ത് അവരോടൊപ്പം ഫോട്ടെ എടുത്ത് സോഷ്യൽ മീഡിയ വഴി ആഘോഷിക്കുന്ന എത്രയോ മനുഷ്യർ.

പബ്ലിസിറ്റി മാത്രം ലക്ഷ്യം വച്ച് പാവങ്ങളുടെ ഇല്ലായ്മയെ ചൂഷണം ചെയ്യുന്നവർ…അങ്ങനെ നോക്കിയാൽ ശരിക്കും….ജോപ്പൻ സൂപ്പറല്ലേ?

“ശരിയല്ലേ ജോപ്പൻ സൂപ്പറല്ലേ?…..!

Related Posts

Leave a Reply

Your email address will not be published. Required fields are marked *