അങ്ങനെ നാടു വിടാനുള്ള ദിവസം എണ്ണിക്കൊണ്ട് ഇരിക്കുമ്പോഴാണ് ഒരു പുലര്‍ച്ചെ ഉണ്ണിയുടെ വീട്ടു പടിക്കൽ വല്ലാത്തൊരു ബഹളം കേട്ടത്…

ഉണ്ണി

Story written by Akc Ali

നിങ്ങൾക്കുമുണ്ടാകും കണ്ടു പഠിക്കാൻ അയലത്തെവിടേലും ഒരു പൊന്നുണ്ണി..

അങ്ങനെയൊരുണ്ണി കണ്ടു പഠിക്കാൻ എനിക്കുമുണ്ടായിരുന്നു…

എന്റെ അമ്മയും പല വട്ടം പറഞ്ഞിട്ടുണ്ട് ആ അയലത്തെ വീട്ടിലെ ഉണ്ണിയെ ഒന്ന് കണ്ടു പഠിക്കെടാ നീ എന്ന്..

ഈ ഉണ്ണി മഹത്വം കേട്ട് കേട്ടെനിക്ക് തലപ്രാന്ത് വന്നിട്ടുണ്ട്. അവനെ കൊണ്ട് ചില്ലറയൊന്നുമല്ല സ്വൈരക്കേടുണ്ടായത്. പല രാത്രികളും അവനെ പ്രാകി ഞാനുറങ്ങിയിട്ടുണ്ട്..

ഒരിക്കൽ ഞാനും ഈ ഉണ്ണിയെ കണ്ടു പഠിക്കാൻ ഒന്ന് ശ്രമിച്ചതാണ്..കഴിഞ്ഞ അരക്കൊല്ല പരീക്ഷക്ക് അവന് മാർക്ക് കുറഞ്ഞതോടെ എന്നോടൊത്തുള്ള സഹവാസം അവന്റെ വീട്ടുകാർ അങ്ങട് അവസാനിപ്പിച്ചു..

അവന്റെ സ്വഭാവ മഹിമകൾ അമ്മ ഇടക്കിടെ പാടി പറയുമ്പോ എനിക്ക് കലി കയറി വരും പക്ഷെ കുരുത്തക്കേടിൽ ഗവേഷണം നടത്തി കൊണ്ടിരിക്കുന്ന എന്റെ കാര്യം വീട്ടിൽ വല്ലാത്ത പരുങ്ങലിലായത് കൊണ്ട് ക്ഷമയോടെ മനസ്സിൽ അവനെ തെറി വിളിക്കും..

കാലം വല്ലാതെ മാറി…

ഞാനും ഉണ്ണിയും ഒരു പാട് മാറി..അവന് പറയാനൊരു സർക്കാർ ജോലി കിട്ടി അവൻ വീണ്ടും ബിരുദം കൂട്ടിച്ചേര്‍ത്തു കൊണ്ടിരുന്നു..ഞാനാണേൽ പല ബിസിനസിലും തല കൊണ്ട് പോയിട്ടു എല്ലാം ഏതോ ബാധ കണക്കെ എനിക്ക് തന്നെ കെണിയായി വന്നു..

അവസാനം ഗൾഫിലേക്കൊരു വിസ തരപ്പെടുത്തി അച്ഛനും പറഞ്ഞു മോൻ വിട്ടോ നിന്നെ ഇത്രയൊക്കെ താങ്ങാനുള്ള കരുത്തേ ഈ അച്ഛനുള്ളു എന്ന്..

അങ്ങനെ നാടു വിടാനുള്ള ദിവസം എണ്ണിക്കൊണ്ട് ഇരിക്കുമ്പോഴാണ് ഒരു പുലര്‍ച്ചെ ഉണ്ണിയുടെ വീട്ടു പടിക്കൽ വല്ലാത്തൊരു ബഹളം കേട്ടത്..

കിടക്കപ്പായയിൽ നിന്ന് മുണ്ടും വാരിക്കെട്ടി ചെന്ന് നോക്കി അമ്മയോട് കാര്യം തിരക്കി അമ്മ ഉത്തരമൊന്നും തന്നില്ല..

നേരെ ഇറങ്ങി ചെന്ന് കൂട്ടത്തിലൊരുത്തനോട് കാര്യം തിരക്കി..

അപ്പോഴാണ് ഉണ്ണി ഒരുത്തിയെ വിളിച്ചിറക്കി കൊണ്ട് വന്ന കഥയൊക്കെ ഞാനറിയണത്..

എന്തോ ആ വാര്‍ത്ത വിശ്വാസിക്കാനാവാതെ ഞാൻ ഉണ്ണിയെ നോക്കി ചോദിച്ചു

“ഉണ്ണി നീ…

അവൻ നാണത്തോടെ നിന്ന് പരുങ്ങുന്നത് കണ്ടപ്പോ എനിക്ക് വിശ്വാസമായി സംഗതി ചെക്കൻ പണി പൂര്‍ത്തിയാക്കി എന്ന്..

നാഴികക്ക് നാല്പത് വട്ടം ഉണ്ണിയെ കണ്ടു പഠിക്കെടാ, കണ്ടു പഠിക്കെടാ, എന്ന് പറയുന്ന എന്റെ പെറ്റ തള്ള ഇതൊക്കെ കാണുന്നുണ്ടല്ലോ എന്ന മട്ടിൽ ഞാൻ അമ്മയെ നോക്കി..

ചുറ്റയലത്തെ പെണ്ണുങ്ങളൊക്കൊ ഉണ്ണി കൂട്ടി കൊണ്ട് വന്നവളെ കാണാനുള്ള ആകാംക്ഷയിൽ ഓടി വന്ന് പൊട്ടിച്ചിരിയും കളിപറച്ചിലും തുടങ്ങി..

ഞാൻ ഉടനെ വീട്ടിലേക്ക് കയറി ചെന്ന് അമ്മയോട് ചോദിച്ചു “അമ്മ ഞാനിപ്പോ തന്നെ ഗൾഫിലേക്ക് പോണംന്നുണ്ടോ..

അമ്മ ആകാംക്ഷയോടെ ചോദിച്ചു” ഉം എന്താ ഇപ്പൊ അനക്കങ്ങനെ ചോദിക്കാൻ കാരണം എന്ന്..

ഞാൻ അടുക്കളപ്പുറത്തെ വാതിലിൽ കുത്തി വരഞ്ഞു കൊണ്ട് അമ്മയോട് പറഞ്ഞു.. അല്ല ഇപ്പൊ ആ ഉണ്ണിയെ കണ്ടു പഠിക്കാൻ ശരിക്കും തോന്നണുണ്ടമ്മ എന്ന്..അതു കേട്ടതും അമ്മ എന്തോ തിരയുന്നത് പോലെയെനിക്ക് തോന്നി പിന്നെ ചിരവയാണോ ചൂലാണോ അമ്മയെടുത്തത് എന്ന് നോക്കാനൊന്നും ഞാൻ നിന്നില്ല..

കണ്ട് പഠിക്കാൻ അവൻ ഒരു കൊച്ചുണ്ണിയെ ഉണ്ടാക്കി എന്നെ വീണ്ടും അവൻ പിറകിലാക്കുമല്ലോ എന്നോർത്ത് ഒരു മനസ്സുഖവുമില്ലാതെ ഞാൻ ഫ്ലൈറ്റിൻ ചിറകിലേറി ഒരന്തവുമില്ലാതെ അടുത്ത സ്വൈരക്കേടുമായി ഗൾഫിലേക്ക് പറന്നു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *