ഞാൻ എന്തോ എങ്ങനെയോ ആയിക്കോട്ടെ. പക്ഷേ, ന്നെക്കൊണ്ട് മറ്റൊരു കുടുംബത്തിന് ചീത്തപ്പേര് ണ്ടാവാൻ ഞാനാഗ്രഹിക്കുന്നില്ല…

ചട്ടമ്പിക്കല്യാണി

എഴുത്ത്: അമ്മാളു

എന്നിട്ട് നീ ബാക്കി പറ ഇന്നലെ അവര് കാണാൻ വന്നോ. ചെക്കൻ എങ്ങനെ പെണ്ണേ മൊഞ്ചനാണോ.

ഒന്ന് പോയേ അപ്പുവേട്ടാ ഒരു മൊഞ്ചൻ.. കണ്ടാ തന്നെ അറിയാം ആളൊരു ബുജിയാണെന്ന്. ഓ അയാള്ടെ ഒരു കണ്ണടയും വച്ചും ഇൻസൈഡും കണ്ടപാടെ ഇനിക്ക് നല്ല ദേഷ്യം വന്നു.

ബുജിയോ ആര് ചെക്കനോ.. ആ തന്നെ.

ഇക്കിഷ്ടപ്പെട്ടില്ല.. സൊ, ഞാൻ ഇറങ്ങിപ്പോന്നു.

എന്റെ പൊന്നെ എവിടുന്ന് അവരുടെ മുന്നീന്നോ..??

ആ തന്നെ തന്നെ..

ശ്ശേ നീ എന്ത് പണിയാ കല്ല്യാണി കാണിച്ചേ…വീട്ടിൽ ആള്ക്കാര് വരുമ്പോ ഇങ്ങനാണോ പെരുമാറാ

ന്തൂട്ട് പെരുമാറ്റത്തിനിത്ര കൊഴപ്പം. ഞാനിങ്ങനാ ന്നെക്കൊണ്ടിത്രെയൊക്കെ പറ്റൂ.

പെണ്ണിനിത്തിരി കൂടണോണ്ട്. ആ അതെങ്ങനാ വളർത്തുദോഷം അല്ലാണ്ടെന്താ.

ദേ ന്റമ്മേനെ പറഞ്ഞാലുണ്ടല്ലോ.. പ്രായത്തിനു മൂത്തതാണെന്നൊന്നും നോക്കില്യ ഞാൻ.

ഏഹ് അത്രക്കായോ നീ.. എന്നാ ഒന്ന് കാണട്ടെ നീ ന്ത് ചെയ്യും.

അപ്പൂന്റെ മുഖമടിച്ചുള്ള അടിയിൽ കല്ല്യാണി ഒന്ന് പതറിയെങ്കിലും വന്ന ദേഷ്യം കടിച്ചമർത്തിയവൾ കിട്ടിയ രണ്ടു ജോഡി ഡ്രസ്സ്‌ എടുത്തവിടെ നിന്നും ഇറങ്ങിപ്പോയി.

നേരം വൈകിയാണെങ്കിലും ഹോസ്റ്റലിൽ വാർഡനോട് പെണ്ണുകാണൽ മുൻ നിർത്തി കള്ളം പറഞ്ഞകത്തു കയറി.

ഹോസ്റ്റൽ ഭക്ഷണം മടുക്കുമ്പോൾ പുതിയ കാരണം ഉണ്ടാക്കി ചങ്ങാതിമാർക്കൊപ്പം ടൂർ അടിക്കാൻ മേട്രനെ വിശ്വസിപ്പിച്ചു പുറത്ത് കടക്കുക ന്നിട്ട് തോന്നുമ്പോ കേറിവര്വ.

നാട്ടില് പോലും അവൾക്ക് തോന്നിയ പോലാണ്. ഒരു പെൺകുട്ടീനെ അവൾക്കൊപ്പം ഇന്നുവരെ കണ്ടിട്ടില്ല.

ഏത് നേരോം ആമ്പിള്ളേരടെ മുതുകത്ത് കെറിയുള്ള നടപ്പും കെട്ടിപ്പിടിക്കലും ഒട്ടലും തന്നെ.

ആൺപിള്ളേരടെ കൂടെ അവരെ പോലെ ബുള്ളറ്റും ഓടിച്ച് വേഷം കെട്ടി നടന്നാ ആണാകുവോ.

പെണ്ണിന്റെ യാതൊരു ഗുണകണങ്ങളുമില്ലാത്തൊരസത്ത്.. തന്റേടി.

അപ്പു പിറുപിറുത്തു. അപ്പു അമ്മാവന്റെ മകനാണ് പാരന്റ്സ് സ്റ്റേറ്റ്സിൽ ആയതിനാൽ അമ്മാവന്റെ വീട്ടിൽ നിന്നാണ് കല്ല്യാണി വളർന്നതും പഠിച്ചതുമെല്ലാം.

ഒരാഴ്ചക്ക് ശേഷം വീണ്ടും അതെ പ്രൊപോസൽ ചെക്കന് പെണ്ണിനെ ഒന്ന് നേരിൽ കണ്ടു സംസാരിച്ചാൽ കൊള്ളാമെന്നുണ്ട് ന്ന് ബ്രോക്കർ വിളിച്ചു പറഞ്ഞത്രേ.

അതിന് അപ്പുനെ പറഞ്ഞ് വിട്ട് തന്നെ കൂട്ടിക്കൊണ്ട് ചെല്ലാൻ പറഞ്ഞിരിക്ക്യ വീട്ട്ന്ന്.

മുടക്കാൻ ഒരു രക്ഷേം ഇല്ലെന്ന് തോന്നീട്ടാവും പാവത്തിന് അപ്പൂന്റെ കൂടെ പോവേണ്ടി വന്നു.

ടൗണിലെ തന്നെ നമ്പർ വൺ ഹോട്ടലിൽ വെച്ചാണ് മീറ്റിങ് അറേഞ്ച് ചെയ്തിരിക്കുന്നത്.

ഇത്തവണ കൂടെ ചേട്ടൻ ഉള്ളതിനാലും മറ്റൊരു മാർഗോം ഇല്ലാത്തതിനാലും കല്യാണിക്ക് കാര്യം തുറന്നു പറയേണ്ടി വന്നു.

അതെ ഇയാളെന്താണ് ഒന്നും മിണ്ടാത്തത്. തറവാട്ടിൽ പിറന്ന പെങ്കുട്ട്യോൾക്ക് ചേർന്നിട്ടുള്ള സംസ്കാരമല്ലിത്.

താൻ വല്ല്യ പട്ടണത്തിലൊക്കെ പോയി പഠിച്ചതാണെന്ന് അമ്മാവൻ പറഞ്ഞു.

ആ അതിന്.. നിങ്ങടെ ഇഷ്ടത്തിന് പെരുമാറണം ന്നാണോ..? മറ്റുള്ളോരടെ ഇഷ്ടങ്ങൾ നോക്കി പെരുമാറാനൊന്നും എന്നെക്കിട്ടില്ല.

ഞാൻ ഇങ്ങനാ, എന്നെക്കൊണ്ടിങ്ങനെ പറ്റുള്ളൂ.

നാട്ടില് ചോയിച്ചാ മതീലോ ഈ മേലെപ്പറമ്പിലെ കല്ല്യാണിയെപ്പറ്റി എല്ലാവർക്കും നല്ല അഭിപ്രായം ആണെന്നെ.

എന്താടോ താൻ ചോദിച്ചുനോക്കിയോ ഇല്ലേ ഒന്ന് ചോദിക്കണം ട്ടോ.

ആള് വെറും നിഷേധിയാണെ, ചട്ടമ്പി. ‘ചട്ടമ്പിക്കല്യാണി’.. നാട്ടില് ഇക്ക് ചെക്കൻമാരാ മുഴോനും കൂട്ട്. എന്റെ കൊച്ചിലെ മുതൽ നിക്ക് കളിക്കാൻ കൂട്ട് ഇവരൊക്കെ തന്ന്യാ.

അവർക്കൊപ്പം മാവില് കല്ലെറിഞ്ഞും മരം കേറിയുമൊക്കെയാ ഞാൻ വളർന്നെ.
അതുകൊണ്ട് തന്നേം വീട്ടിലിരുന്നൊള്ള ശീലമൊന്നുല്ല്യ.

പിന്നെ വിശ്വസിക്കാനും ചതിയില്ലാതെ വഞ്ചനയില്ലാതെ കൂടെ കൂടാനും അവരുള്ള പോലെ ആരും ഇതുവരെ ന്റെ ലൈഫിലുണ്ടായിട്ടില്ല.

നാളെ ഇങ്ങനൊരു മരംകേറി പെണ്ണിനെ കെട്ടിയെന്റെ പേരിൽ നിങ്ങക്കൊരു മോശവും ഞാൻ കാരണം ഉണ്ടാവാൻ പാടില്ല്യ.

ഞാൻ എന്തോ എങ്ങനെയോ ആയിക്കോട്ടെ. പക്ഷേ, ന്നെക്കൊണ്ട് മറ്റൊരു കുടുംബത്തിന് ചീത്തപ്പേര് ണ്ടാവാൻ ഞാനാഗ്രഹിക്കുന്നില്ല.

നാളെ ഒരുപക്ഷെ, നിങ്ങളെന്റെ കഴുത്തിൽ താലി കെട്ടിക്കഴിഞ്ഞ് പെണ്ണിന്റെ ചരിത്രം വിളമ്പാൻ ആരേലും വന്നാൽ അന്ന് ഞാൻ നിങ്ങക്കൊരു അപമാനം ആകും. സൊ, നിങ്ങള് ശെരിക്ക് ആലോചിക്ക്യ ന്നിട്ട് തീരുമാനിക്ക്യ.

നാട്ടില് വേറെ എത്രയോ പെൺപിള്ളേരൊണ്ട്. നിങ്ങ പറയണപോലെ നല്ല തറവാട്ടിൽ പിറന്ന നല്ല സംസ്കാരം ഉള്ള പെൺകുട്ട്യോള്.

എന്തിനാ വെറുതെ എന്നെപ്പോലെ സംസ്കാരം ഇല്ലാത്തവരെയൊക്കെ കെട്ടി പേരുദോഷം വരുത്തുന്നേ കുടുംബത്തിന്.

തന്നെ ഇങ്ങോട്ട് വിട്ട ബ്രോക്കറോട് തന്നെ പറഞ്ഞാമതി അയാള് കാട്ടിത്തരും നല്ല ഉഗ്രൻ പിള്ളേരെ..

കല്യാണിയുടെ മറുപടി അർജുന് അത്ര ദഹിച്ചില്ല.

എങ്കിലും കല്യാണിക്ക് പറയാനുള്ളത് മുഴുവനായും അയാൾ ക്ഷമയോടെ കേട്ട് നിന്നു.

ശേഷം ഇഷ്ടപ്പെടാത്ത മട്ടിൽ അയാൾ അവിടെ നിന്നും ഇറങ്ങി “ഞാനൊന്നാലോചിക്കട്ടെ ” എന്ന് പറഞ്ഞ്.

ഒരുവിധം കല്യാണിക്ക് സമാധാനം ആയി. വല്ല്യൊരു തലവേദന കുറഞ്ഞു കിട്ടിയ സന്തോഷത്തിൽ തുള്ളിച്ചാടിയവൾ വീണ്ടും ഹോസ്റ്റലിലേക്ക് വെച്ച് പിടിച്ചു.

ദിവസങ്ങൾ ആഴ്ചകളായി ആഴ്ചകൾ മാസങ്ങളായി കടന്നുപോയി.

അങ്ങനെ സെമസ്റ്റർ ലീവ് തുടങ്ങി നാട്ടിലേക്ക് പോന്നൊരു ദിവസം.

വീട്ടിൽ ആകെയൊരു ബഹളമയം. ചിറ്റെന്റെ മക്കളും ഡൽഹീലെ അമ്മായിമാരും ചിറ്റപ്പന്മാരും അവരുടെ മക്കളും എല്ലാവരുമായി വീട്ടിലൊരു നിശ്ചയത്തിന്റെ ലക്ഷണം ഒക്കെ കണ്ടപ്പോൾ കല്യാണിക്ക് ആകെയൊരു വിഷമം.

ആരോട് ചോദിച്ചിട്ടും ആരും നേരെ ചൊവ്വേ ഒരുത്തരം കൊടുക്കാഞ്ഞപ്പോൾ കല്ല്യാണി ഫോൺ എടുത്ത് റൂമിൽ കയറി നെറ്റ് ഓൺ ചെയ്തു.

വാട്സപ്പിൽ ഒരണ്നോൺ നമ്പറിൽ നിന്നും കുറേ മെസ്സേജ് കണ്ടപ്പോൾ നമ്പറിലേക്കവൾ തിരിച്ചു വിളിച്ചു വാ തോരാതെ ഇംഗ്ലീഷിൽ കുറേ തെറി പറയാൻ തുടങ്ങിയപ്പോൾ മറുതലയ്ക്കൽ നിന്നും പരിചിതമായൊരു സ്വരം കെട്ടവൾ ഒന്ന് നിർത്തി.

“നീ ജീവിക്കേണ്ടത് നിന്റെ ഇഷ്ട്ടങ്ങൾക്കു വേണ്ടിയാണ് നാട്ടുകാർക്ക് വേണ്ടിയല്ല, നിന്റെ ഇഷ്ട്ടങ്ങളിൽ ഒരംഗമായി ഞാനുണ്ടെങ്കിൽ ജീവിതകാലം മുഴുവൻ ഞാൻ നിന്റെ കൂടെത്തന്നെയുണ്ടാകും ഒരു നിഴലായി”

മറുതലയ്ക്കൽ നിന്നും പറയുന്നത് കെട്ടവൾ ഒന്ന് സ്തബ്ധയായി.

ശേഷം ഹെലോ ഈസ് ഇറ്റ് അർജുൻ…?

യെസ്.. ഞാൻ തന്നെ.

എന്താടോ കൂടെ കൂട്ടാമോ ഈ ബുജിയെ.

പുറത്ത് നിന്നും ഡോറിൽ മുട്ടുന്ന ശബ്ദം കെട്ടവൾ അതിശയത്തോടെ കതക് തുറന്നു പുറത്ത് കടക്കുമ്പോൾ മുന്നിൽ അർജുനന്റെ കൈ പിടിച്ച് അപ്പു നിൽക്കുന്നുണ്ടായിരുന്നു തന്റെ മുന്നിൽ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *