അതിന് നിങ്ങളെന്തിനാ വിഷമിക്കുന്നത് ,അവളെ ഞാൻ കല്യാണം കഴിച്ചോളാം ,അതിന് നിങ്ങള് വീടൊന്നും വില്ക്കേണ്ട കാര്യമില്ല, ആ വീട്ടിൽ നമുക്കൊരുമിച്ച് കഴിയുകയും ചെയ്യാം ,അത് പോരെ……

Story written by Saji Thaiparambu

എന്താ രാധേച്ചി, മുഖത്തൊരു വാട്ടം? ഇന്ന് ടിക്കറ്റെടുക്കാൻ ആരും വന്നില്ലേ?

തൂക്കിയിട്ട ലോട്ടറി ടിക്കറ്റുകൾക്കിടയിൽ നിന്നും ഫാൻസി നമ്പര് തിരയുന്നതിനിടയിലാണ് മിലൻ , രാധയോടത് ചോദിച്ചത്

ഓഹ് ടിക്കറ്റൊക്കെ വിറ്റ് പോകുന്നുണ്ടെടാ, അതൊന്നുമല്ല എൻ്റെ പ്രശ്നം ,എൻ്റെ മോൾക്ക് വയസ്സ് ഇരുപത്തിയേഴായി, ഇത് വരെ അവൾക്ക് നല്ലൊരു ആലോചന വന്നിട്ടില്ല, വന്നാൽ ആകെയുള്ള മൂന്നര സെൻ്റും വീടും കൊടുത്തിട്ടാണേലും അവളെ പറഞ്ഞയക്കായിരുന്നു ,ഞാൻ പിന്നെ, ഏതെങ്കിലും വാടക മുറിയിൽ കഴിഞ്ഞാൽ മതിയല്ലോ?

ആങ്ങ്ഹാ അത്രേയുള്ളോ ? അതിന് നിങ്ങളെന്തിനാ വിഷമിക്കുന്നത് ,അവളെ ഞാൻ കല്യാണം കഴിച്ചോളാം ,അതിന് നിങ്ങള് വീടൊന്നും വില്ക്കേണ്ട കാര്യമില്ല, ആ വീട്ടിൽ നമുക്കൊരുമിച്ച് കഴിയുകയും ചെയ്യാം ,അത് പോരെ ?

ഒന്ന് പോടാ ചെറുക്കാ,,, എങ്ങാണ്ടോ നാട്ടീന്ന് തെണ്ടിത്തിരിഞ്ഞ് ഇവിടെ പണിക്ക് വന്ന നിനക്ക് ഞാൻ എന്ത് വിശ്വസിച്ചാണ് എൻ്റെ കൊച്ചിനെ തരുന്നത് ? സ്വന്തക്കാരും ബന്ധുക്കളു മില്ലാത്ത, ഏത് ജാതി എന്ന് പോലും ഉറപ്പില്ലാത്ത നിനക്ക് ഈ നാട്ടീന്ന് പെണ്ണ് കിട്ടുമെന്ന്, സ്വപ്നത്തിൽ പോലും നീ കരുതേണ്ട,,

അത് കേട്ട് ,ഇളിഭ്യനായെങ്കിലും പുറത്ത് കാണിക്കാതെ അയാൾ ചിരിച്ച് കൊണ്ട് നിന്നു

ഓഹ്, ഇതിനകത്ത് എനിക്ക് പറ്റിയ ടിക്കറ്റൊന്നുമില്ല ചേച്ചി ,ഞാൻ പോയിട്ട് നാളെ വരാം,,,

അതും പറഞ്ഞ് മിലൻ , വേഗം സ്ഥലം വിട്ടു.

പിറ്റേന്ന് പുതിയ ടിക്കറ്റുകൾ നിരത്തുന്നതിനിടയിൽ ഫാൻസി നമ്പരുള്ള ടിക്കറ്റ് കണ്ടപ്പോൾ രാധ ഉടനെ ഫോണെടുത്ത് മിലനെ വിളിച്ചു

ടാ ചെറുക്കാ, അവസാനം 55 66 വരുന്ന ഒരു ടിക്കറ്റുണ്ട്, നിനക്ക് വേണോ?

ങ്ഹ ,വേണം ചേച്ചി ,അത് മാറ്റി വച്ചേയ്ക്ക്, ഞാൻ വൈകിട്ട് വരുമ്പോൾ പൈസ തരാം,,,

അയാൾ പറഞ്ഞതനുസരിച്ച് രാധ, ആ ടിക്കറ്റെടുത്ത് തൻ്റെ പേഴ്സിനകത്തേയ്ക്ക് വച്ചു.

ഉച്ചകഴിഞ്ഞ് നാല് മണിയോടെ, രാധയ്ക്ക് ഏജൻസിയിൽ നിന്നും ഒരു കോള് വന്നു.

ഹലോ രാധേ,, നീ ഇവിടെ നിന്ന് കൊണ്ട് പോയ ഒരു ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ എഴുപത്തിയഞ്ച് ലക്ഷം അടിച്ചിരിക്കുന്നത്, നമ്പർ×××××5566, അത് ആർക്കാണ് വിറ്റതെന്ന് കണ്ടു പിടിച്ച് വയ്ക്ക്, ഞാൻ കുറച്ച് കഴിഞ്ഞ് അങ്ങോട്ട് വരാം

അത് കേട്ട് രാധ സ്തബ്ധയായി പോയി.

ഈ സമയം മിലൻ , പതിവ് പോലെ മൊബൈലിൽ, ലോട്ടറിയുടെ റിസൾട്ട് നോക്കുകയായിരുന്നു.

ഒന്നാം സമ്മാനം താൻ ബുക്ക് ചെയ്ത് വച്ചിരിക്കുന്ന ടിക്കറ്റിനാണെന്നറിഞ്ഞ അയാൾ സന്തോഷം കൊണ്ട് തുള്ളി ച്ചാടി, അപ്പോഴാണ് അയാൾ രാധേച്ചിയെ കുറിച്ച് ഓർത്തത്.

പാവം ,മകളെ കല്യാണം കഴിച്ചയക്കാൻ ഉള്ള കിടപ്പാടം വില്ക്കാനൊരുങ്ങുക യാണവർ, ഈ സമ്മാനം അവർക്ക് കിട്ടിയാൽ മകൾക്ക് നല്ലൊരു ബന്ധവും കിട്ടും, വീടു സ്ഥലവും വിലക്കുകയും വേണ്ട, സ്വന്ത മെന്ന് പറയാൻ ആരുമില്ലാത്ത തനിക്കിത് കിട്ടിയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല,

അങ്ങനെ ചിന്തിച്ചിരിയ്ക്കുമ്പോഴാണ് രാധേച്ചിയുടെ ഫോൺ വന്നത്.

മിലാ,, നീയറിഞ്ഞോ? നിനക്കാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്, നീ ടിക്കറ്റിൻ്റെ പൈസ കൊണ്ട് തന്നിട്ട്, ഇതും കൊണ്ട് പൊയ്ക്കോ,,

അത് കേട്ടപ്പോൾ മിലന് അവരോട് ബഹുമാനം തോന്നി ,താനിത് വരെ ടിക്കറ്റിൻ്റെ പൈസ പോലും കൊടുത്തിട്ടില്ല, വേണമെങ്കിൽ അവർക്കത് സ്വന്തമാക്കാ മായിരുന്നു, ഇല്ല, തനിക്കത് വേണ്ട,,

രാധേച്ചി ,ആ ടിക്കറ്റ് നിങ്ങളുടെയാണ്, ഞാനത് സന്തോഷപൂർവ്വം നിങ്ങൾക്ക് വിട്ട് തരുവാണ് ,ആ സമ്മാനം വാങ്ങിയിട്ട് നിങ്ങള് മോളെ നല്ല ഒരു ചെക്കന് കല്യാണം കഴിച്ച് കൊടുക്ക് ,ഇനിയിപ്പോ നിങ്ങള് വീടും പുരയിടവുമൊന്നും വില്ക്കാൻ നിക്കണ്ടാ,,

മിലൻ പറഞ്ഞത് കേട്ട രാധയ്ക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല.

ഇത്രയും നല്ലൊരു മനസ്സുള്ള ചെക്ക നോടാണല്ലോ, താനിന്നലെ മോശമായി സംസാരിച്ചത്.

ഡാ മിലാ ,, ഞാനൊരു കാര്യം ചോദിച്ചോട്ടെ?

അതിനെന്താ ചേച്ചി ചോദിച്ചോളു,,,

നിനക്ക് എൻ്റെ മോളെ വിവാഹം കഴിക്കാമോ ?

അയ്യോ ചേച്ചീ,, ഞാനൊരു വരുത്തനാണ്, ചേച്ചിയിന്നലെ പറഞ്ഞത് പോലെ, സ്വന്തം മാതാപിതാക്കളാരാണെന്ന് പോലും ഉറപ്പില്ലാത്ത എന്നെ പോലൊരു അപരിചിതന് ,പെൺ മക്കളെ കല്യാണം കഴിച്ച് കൊടുക്കാനുള്ള ധൈര്യം ആർക്കുമുണ്ടാവില്ല, ഇപ്പോൾ ചേച്ചിയൊരു ലക്ഷാധിപതിയാണ്, മകൾക്ക് ചേരുന്നൊരു ചെക്കനെ ചേച്ചിക്ക് കണ്ടെത്താൻ കഴിയും,,

ഇല്ല മിലനേ,, നിന്നെക്കാൾ നല്ലൊരു ചെക്കനെ എൻ്റെ മകൾക്ക് വേറെ കിട്ടില്ല ,നിനക്ക് കാശിനോട് ആർത്തിയില്ല, അത് തന്നെയാണ് നിൻ്റെ യോഗ്യത, ഇതെൻ്റെയൊരു അപേക്ഷയാണ് ,എൻ്റെ മോളെ നീ സ്വീകരിക്കില്ലേ?

രാധയുടെ അഭ്യർത്ഥന തള്ളിക്കളയാൻ മിലനായില്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *