അതേയ് ഒരു കാര്യം ഞാൻ വ്യക്തമായി പറയാം. കല്യാണം കഴിഞ്ഞാലും ഞാൻ എന്റെ വീട്ടിൽ നിന്ന് വരില്ല. ഞാൻ ഇവിടെ തന്നെ താമസിക്കും അതിന് മൂന്ന് കാരണങ്ങൾ ഉണ്ട്……

Story written by Ammu Santhosh

“അതേയ് ഒരു കാര്യം ഞാൻ വ്യക്തമായി പറയാം. കല്യാണം കഴിഞ്ഞാലും ഞാൻ എന്റെ വീട്ടിൽ നിന്ന് വരില്ല. ഞാൻ ഇവിടെ തന്നെ താമസിക്കും അതിന് മൂന്ന് കാരണങ്ങൾ ഉണ്ട്

ഒന്ന് എന്റെ ജോലി ട്രാൻസ്ഫർ ഉള്ള ഒന്നല്ല. ദേ കാണുന്ന സ്കൂളിൽ ആണ് ഞാൻ

രണ്ട് എനിക്കു ഭർത്താവിന്റെ വീട്ടിൽ പോയി സ്ഥിരമായി താമസിക്കുന്ന ഏർപ്പാട് നിർത്തണം എന്നുള്ള അഭിപ്രായം ആണ്. അങ്ങനെ ഒരു സിസ്റ്റം തന്നെ ഇല്ലാതാവണം.

മൂന്ന്.എന്റെ അച്ഛൻ ഒരു ഹൃദ്രോഗിയാണ്. ഞാൻ ഒറ്റ മകളാണ്. എന്റെ അമ്മ മരിച്ചു പോയി. അച്ഛൻ കുറെ കഷ്ടപ്പെട്ടാണ് വളർത്തിയത്. ഇപ്പൊ അച്ഛന് വയ്യ. ഒരു മകൾ എന്ന നിലയിൽ അതെന്റെ ഉത്തരവാദിത്തം ആണ്.

ജാനകി പറഞ്ഞു നിർത്തി

ശ്രീജിത്ത്‌ മുഴുവൻ കേട്ട് നിന്നു

“ഇതേ ഉത്തരവാദിത്തം എനിക്കു എന്റെ മാതാപിതാക്കളോട് ഉണ്ട് ജാനകി. പിന്നെ ഒന്നുള്ളത് അവർ രോഗികൾ അല്ല. ആരോഗ്യമുള്ളവരാണ്. പിന്നെ ജോലി എന്റെ ജോലിയുടെ സ്വഭാവം ജാനകിക്ക് അറിയാം പോലീസ് ആണ്. ഇപ്പൊ തൃശൂർ ആണ്.ഞാനും ഒറ്റ മകനാണ്. വിവാഹമാലോചിച്ചത് തന്നെ എന്റെ കൂടെ കൂട്ടാൻ ഒരാൾ ഉണ്ടാവുമല്ലോ എന്ന് കരുതിയാണ്. അതായത് രണ്ടിടത്തും അല്ല എന്റെ കൂടെ.. എന്റെ കൂടെ “

അവൻ അത് എടുത്തു പറഞ്ഞു

ജാനകി പുഞ്ചിരിച്ചു

“അപ്പോൾ തീർച്ചയായും നിങ്ങൾക്ക് ഇതിനു യോജിച്ച പെൺകുട്ടിയെ കിട്ടും. ഞാൻ വേണ്ട “

ശ്രീജിത്ത്‌ ജാനകിയെ ഒന്ന് നോക്കി

ഇളം നീല കോട്ടൺ സാരിയിൽ അവൾ

ആദ്യമായ് കാണുന്ന ഒരാൾ ഇത്രയധികം ഇഷ്ടത്തോടെ ഹൃദയത്തിൽ പ്രവേശിക്കുന്നത് എങ്ങനെ എന്ന് അവനു അറിയുമായിരുന്നില്ല

ജാനകി പറഞ്ഞതൊക്കെ പൂർണമായും അവളുടെ അഭിപ്രായം ആണ്. അതിനെ മാനിക്കുകയും വേണം. അത് കൊണ്ട് തന്നെ അവൻ അത് വേണ്ട എന്ന് വെച്ചു തിരിച്ചു പോരുന്നു

“ഇതിപ്പോ എത്ര ആലോചനയാണ് മോള് ഈ കാരണങ്ങൾ പറഞ്ഞു വേണ്ടാന്ന് വെയ്ക്കുന്നത്?”

അച്ഛൻ വേദനയോടെ പറഞ്ഞു

“ഞാൻ അല്ലല്ലോ അച്ഛാ അവരല്ലേ എന്നെ വേണ്ടന്ന് വെയ്ക്കുന്നത്? രാത്രി എപ്പോഴാ അസുഖം വരുന്നത് എന്ന് അറിയില്ല. എന്റെ അച്ഛനെ അങ്ങനെ ഒറ്റക്ക് ഇട്ടിട്ട് എനിക്കു. സന്തോഷത്തോടെ ജീവിക്കാൻ പറ്റുമോ? എന്റെ ജോലി ഇവിടെ അല്ലെ അച്ഛാ? ഒരു ജോലി കിട്ടുക എത്ര പ്രയാസം ആണ്? സാരോല്ല. എനിക്കു അത്രയ്ക്ക് പ്രായമൊന്നുമായില്ലല്ലോ. കുറച്ചു നാള് കൂടി അടിച്ചു പൊളിച്ചു കഴിയമെന്നേ “

അവൾ അച്ഛനെ തന്നോട് ചേർത്ത് പിടിച്ചു

“അച്ഛാ അച്ഛന് ഒരു മോനില്ലാത്തത്തിൽ വിഷമം ഉണ്ടോ? മോൻ ആയിരുന്നു എങ്കിലി പ്രശ്‌നങ്ങൾ ഒന്നും വരില്ല.”

“എന്റെ മോൾ ആണെടാ അച്ഛന്റെയെല്ലാം… ഇത് വരെ അച്ഛന് തോന്നീട്ടില്ല ട്ടോ മോൻ വേണംന്ന്. രാധികയുടെ വയറ്റിൽ നീ ജനിച്ചപ്പോഴും മകൾ മതി എന്നായിരുന്നു എനിക്ക്. ഞാൻ പ്രാർത്ഥിച്ചതും മകളെ കിട്ടാനാ.. രാധികയ്ക്ക് കുശുമ്പ്.. എന്റെ സ്നേഹം പോകുമല്ലോ “

അയാൾ ചിരിച്ചു

“അവള് പോയി.. ചിലപ്പോൾ എന്റെ സ്നേഹം വേണ്ടായിരിക്കും.”

അയാളുടെ തൊണ്ട ഒന്നിടറി

ജാനകി പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അമ്മ മരിച്ചത്

ഒരു ചെറിയ പനി

അത്രേ ഉണ്ടായിരുന്നുള്ളു

അമ്മ മരിച്ച രാത്രി ആണ് അച്ഛന് ആദ്യമായി ഹൃദയാഘാതം ഉണ്ടായതും..

രണ്ടു പേരെയും ഒരേ ദിവസം നഷ്ടപ്പെടുമല്ലോ കുഞ്ഞിന് എന്ന് മുത്തശ്ശൻ നിലവിളിച്ചത് ജാനകിക്ക് ഓർമ്മയുണ്ട്

അമ്മയോ പോയി പോവല്ലേ അച്ഛാ എന്ന് പേടിച്ചു അലറി കരഞ്ഞു കൊണ്ട് അച്ഛനെ വിളിച്ചതും ഓർമ്മയുണ്ട്

ദൈവമാണോ അച്ഛൻ ആണോ പ്രാർത്ഥന കേട്ടത് എന്ന് ഓർമ്മയില്ല

അല്ലെങ്കിൽ അച്ഛൻ തന്നെ ആണ് ദൈവം

പ്രാർത്ഥന കേട്ടു

അച്ഛൻ തിരിച്ചു വന്നു

അന്ന് തൊട്ട് ഇന്ന് വരെ അച്ഛനും അമ്മയും ദൈവവും അച്ഛൻ തന്നെ

അമ്മയുടെ ജോലിയാണ് സ്കൂൾ മാനേജ്മെന്റ് തനിക്ക് തന്നത്

വേറെ ഒരു ജോലിക്കും അപേക്ഷ കൊടുക്കാത്തത്, പോകാൻ തോന്നാത്തത് ഒക്കെ ആ ഒരു സെന്റിമെന്റ്സ് കൊണ്ട് കൂടിയാണ്

പന്ത്രണ്ടാം ക്ലാസ്സ്‌ കഴിഞ്ഞു നല്ല മാർക്ക്‌ കിട്ടിയപ്പോ പ്രിൻസിപ്പാൽ വിളിപ്പിച്ചു

“മോള് ഇവിടെ തന്നെ വരണം ടീച്ചർ ആയിട്ട്മോ ളുടെ അമ്മയുടെ ജോലി മോൾക്കുള്ളത.. ബി എഡ് വേണം പഠിക്കാൻ ട്ടോ “

താൻ അത് അക്ഷരം പ്രതി അനുസരിച്ചു

എല്ലാവരും എൻട്രൻസ് എഴുതി ഡോക്ടർ എഞ്ചിനീയർ അങ്ങനെ പോയപ്പോ താൻ അത് ചെയ്തില്ല അമ്മയുടെ ജോലി മതി. അമ്മയുടെ ആത്മാവ് സന്തോഷിക്കട്ടെ. അത് മതി

എത്രയോ ആലോചനകൾ ഈ ഒരു കാരണത്തിൽ മുടങ്ങി

തനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല

പോയവർ പോകട്ടെ അത്ര തന്നെ

പക്ഷെ ഇന്നലെ വന്നു പോയ ആൾ ശ്രീജിത്ത്‌…

ഉള്ളിൽ അങ്ങനെ നിൽക്കുന്നുണ്ട്

പോലീസ് ആണ്പ ക്ഷെ

അങ്ങനെ തോന്നില്ല

സൗമ്യനായ ഒരാൾ

അവൾ കണ്ണടച്ച് അവന്റെ രൂപം മറക്കാൻ ശ്രമിച്ചു

ശാസ്ത്രമേള തൃശൂർ വെച്ചായിരുന്നു

“രണ്ടു ദിവസം ജാനകി നിൽക്കാമോ? മായ ടീച്ചർ ബാക്കി ദിവസം നിന്നോളും “പ്രിൻസിപ്പൽ പറഞ്ഞു

“അതിനെന്താ ടീച്ചർ.. ഞാൻ പൊക്കോളാം കുട്ടികളുടെ കൂടെ. വീട്ടിൽ അപ്പച്ചി വന്നിട്ടുണ്ട്. അച്ഛൻ ഒറ്റയ്ക്കല്ല “

അവളുടെ അച്ഛനോടുള്ള സ്നേഹം എല്ലാവർക്കും അറിയാം

അച്ഛന്റെ കാര്യത്തിൽ ആധി ഉണ്ട് അവൾക്ക്

നാട്ടുകാർ പറയും ആ ജാനകിയെ പോലുള്ള മക്കൾ ഉണ്ടാവണം. പുണ്യം എന്ന്.

ശാസ്ത്രമേള കഴിഞ്ഞു വൈകുന്നേരം ജാനകി വടക്കുന്നാഥനെ തൊഴാൻ പോയി

ഏതോ സമ്മേളനം നടക്കുന്നു

അവൾ ഒരു വശത്തു കൂടി നടന്നു

“ജാനകി?”

പെട്ടെന്ന് ഒരു വിളിയോച്ച

ശ്രീജിത്ത് യൂണിഫോമിലായത് കൊണ്ട് ആദ്യമവൾക്ക് മനസിലായില്ല

പിന്നെ അവൾ ചിരിച്ചു

“ഡ്യൂട്ടി ആണോ.?”

“ആ അതെ.. എന്താ ഇവിടെ?”

“കുട്ടികളുടെ ശാസ്ത്രമേള..”

, എത്ര ദിവസം ഉണ്ട്? “

“ഞാൻ രണ്ട് ദിവസത്തേക്ക് ആണ് വന്നത്. പക്ഷെ ഇതിപ്പോ ഒരാഴ്ച കഴിയും എന്ന് തോന്നുന്നു. വരാമെന്ന് വിചാരിച്ച ടീച്ചർ സുഖമില്ലാണ്ടായി “

“അച്ഛൻ?”

“അപ്പച്ചി വന്നിട്ടുണ്ട്. അച്ഛൻ പെങ്ങള്.. അത് കൊണ്ട് സമാധാനം ഇങ്ങനെ ഒക്കെ മാറി നിൽക്കുമ്പോൾ അപ്പച്ചിയെ കൂട്ടും അച്ഛൻ. എന്റെ സന്തോഷങ്ങൾ നഷ്ടം ആവരുത് എന്ന് അച്ഛൻ പറയും “

അവൻ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു

“കല്യാണം ആയോ?”

അവൾ പെട്ടെന്ന് ചോദിച്ചു

“ഇല്ല “

“ഞാൻ. പോട്ടെ ട്ടോ. അമ്പലത്തിൽ വന്നതാ “

അവൻ തലയാട്ടി

“ജാനകി?”

നടന്നു തുടങ്ങിയ അവൾ ഒന്ന് നിന്നു

“നമ്പർ ഒന്ന് തരാമോ?”

അവൾ നമ്പർ കൊടുത്തു

ശ്രീജിത്തിനെ വിട്ട് വരുമ്പോൾ അറിയാതെ ഒരു വേദന പൊതിഞ്ഞ പോലെ

പിറ്റേന്ന് വൈകുന്നേരം ഒന്നിച്ചു ഒരു കാപ്പി കുടിക്കാൻ ക്ഷണിച്ചപ്പോൾ അവൾ ചെന്നു

എന്തോ നോ പറയാൻ തോന്നിയില്ല

“ഇതാണ് പ്രശസ്തമായ ഭാരത്‌ ഹോട്ടൽ. നല്ല മസാലദോശ കിട്ടും ഇവിടെ “

ജാനകി പുഞ്ചിരിച്ചു

“ഗുരുവായൂർ തൊഴാൻ പോകുന്നില്ലേ?”

“ആഗ്രഹം ഉണ്ട്. പോയിട്ടില്ല “

“എനിക്ക് ആദ്യമവിടെയായിരുന്നു ഡ്യൂട്ടി. എന്നും തൊഴാൻ സാധിക്കും. നല്ല രസമായിരുന്നു അവിടെ. പക്ഷെ അധികം രസം പോലീസ് കാർക്ക് പറഞ്ഞിട്ടില്ല. ഉടനെ തട്ടി “

അവൾ ചിരിച്ചു

“ഇഷ്ടം ആയോ?”

“ഉം നല്ല ടേസ്റ്റ് ഉണ്ട്. കാപ്പിയും അതെ. താങ്ക്സ് “

“എന്തിനാ താങ്ക്സ്?”

അവളൊന്നും പറഞ്ഞില്ല. അവിടെ നിന്ന് ഇറങ്ങി യാത്ര പറയവേ

“തിങ്കൾ അല്ലെ ശാസ്ത്രമേള തീരുക?”

“അതെ “

“ഞായറാഴ്ച ഗുരുവായൂർ പോയി തൊഴാൻ വരുന്നോ? ഒന്നിച്ചു പോകാം “

അവൾ എതിർപ്പ് ഒന്നും കൂടാതെ സമ്മതിച്ചു

അവനെ, അവന്റെ വാക്കുകളെ ഒക്കെ ജാനകി വിശ്വസിച്ചു

അത് സത്യം ആണെന്ന് അതിൽ കള്ളമൊന്നും ഇല്ലന്ന് അവൾക്ക് മനസിലായി

അവൻ നല്ലവനാണ്

ഞായറാഴ്ച

“ബുള്ളറ്റിൽ കയറിയിട്ടുണ്ടോ?”

“ഇല്ല “

അവൾക്ക് ഒരു പരിഭ്രമം ഉണ്ടായിരുന്നു

“ഞാൻ കരുതി ബസിൽ ആകുമെന്ന് “

അവൾ. മെല്ലെ പറഞ്ഞു

“എന്നാൽ ബസിൽ പോകാം. Comfortable അല്ലെങ്കിൽ ഇത് വേണ്ട “

“സാരോല്ല ഇത് മതി “

അവൾ മെല്ലെ കയറി..

“ഞാൻ പതിയെ ഓടിക്കുകയുള്ളു. പേടിക്കണ്ട കേട്ടോ “

അവൾ ചിരിച്ചു

ഒന്നിച്ചു ഭഗവാനെ തൊഴുമ്പോൾ അവളുടെ മനസ്സ് ശൂന്യമായിരുന്നു. കണ്ണ് നീരോഴുകി മറഞ്ഞു ആ രൂപം.

പാൽപായസം കുടിച്ചു കൊണ്ട് അവർ അവിടെ കുറച്ചു നേരം ഇരുന്നു

“ഇവിടുത്തെ കാറ്റിന് ഒരു പ്രത്യേക സുഗന്ധം ആണ്. കളഭത്തിന്റെ മണം “

അവൻ പറഞ്ഞു ജാനകിക്കും തോന്നിയിരുന്നു അത്

“ജാനകിക്ക് എന്നെ ഇഷ്ടം ആയിരുന്നോ. അന്ന്?”

പൊടുന്നനെ ശ്രീജിത്ത്‌ ചോദിച്ചു

അവൾ പെട്ടെന്ന് മുഖം താഴ്ത്തി

“ജാനകി?”

മുഖം ഉയർത്തുമ്പോൾ കണ്ണുകൾ ജലാശയങ്ങൾ ആയി മാറിയത് കണ്ട് അവൻ വല്ലാതായി

“സോറി.. സത്യമായും സോറി. എനിക്ക് ജാനകിയെ ഇഷ്ടമായിരുന്നു. ഇഷ്ട മായിരുന്നുവെന്നല്ല. ഇഷ്ടമാണ്.. വേറെ ഒന്ന് രണ്ടു പേരെ നോക്കാനൊക്കെ വീട്ടിൽ പറഞ്ഞുഞാൻ പിന്നെ വീട്ടിലോട്ട് പോയില്ല. പറ്റണില്ല.. ഒരു.. വല്ലായ്മ..”

ജാനകി മറുപടി ഒന്നും പറഞ്ഞില്ല

തിരിച്ചു പോകുമ്പോഴും ഒന്നും പറഞ്ഞില്ല

അവൾക്കുള്ള സ്ഥലം എത്തി

“നാളെ ഞാൻ പോകും. പിന്നെ എന്നെ വിളിക്കില്ലേ ശ്രീ?”

അവൾ അവനോട് ചോദിച്ചുശ്രീജിത്തിന്റെ കണ്ണുകളാണ് ഇക്കുറി നനഞ്ഞു പോയത്

പിന്നെ….

പിന്നെയും കുറെ നാളുകൾ കഴിഞ്ഞ്

ജാനകിയുടെ എല്ലാ നിബന്ധനകളും അംഗീകരിച്ചു കൊണ്ട് ശ്രീജിത്ത്‌ അവളെ വിവാഹം കഴിച്ചു

അവളെ പോലൊരു പെണ്ണിനെ വിട്ട് കളയാൻ അവനു കഴിയുമായിരുന്നില്ല

അത്രമേൽ ജാനകിയവനെ പ്രണയിച്ചു തുടങ്ങിയിരുന്നു ..

ആ സ്നേഹം അവനെ കീഴ്മേൽ മറിച്ചു കളഞ്ഞു

അത് വേണ്ടന്ന് വെയ്ക്കാൻ ഇക്കുറി അവൻ തയ്യാറായില്ല

വീണ്ടും ഗുരുവായൂർ

ഇക്കുറി ജാനകി കരഞ്ഞില്ല

ഗുരുവായൂരപ്പന്റെ ദിവ്യരൂപം അവളുടെ കണ്ണിൽ നിറഞ്ഞു

താലി കൈക്കുള്ളിൽ പിടിച്ചു കൊണ്ട് കൈ കൂപ്പി അവൾ പ്രാർത്ഥിച്ചു നിന്നു

ഒരു ജന്മം മുഴുവൻ ശ്രീയുടെ സ്വന്തം ജാനകിയായി ജീവിക്കാനുള്ള പ്രാർത്ഥന

Related Posts

Leave a Reply

Your email address will not be published. Required fields are marked *