അനിലിന്റെ സംസാരം വെറുതെ കേട്ടിരിക്കാൻ ഏറെ കൊതിക്കുന്ന അവളുടെ മനസ്സും ശരീരവും ഒരു കൊച്ച് കുഞ്ഞിനെ പോലെ നിഷ്കളങ്കമായി അയാളെ ശ്രദ്ധിച്ചിരുന്നു……..

പ്രണയം….

എഴുത്ത്:- ശ്യാം കല്ലുകുഴിയില്‍

” മാഷിന് പ്രണയമൊന്നും ഉണ്ടായിട്ടില്ലേ…. “

വെയിലിൽ നിന്നുള്ള ആശ്വാസമേന്നോണം സാരി തുമ്പ് തലയിൽ ഇട്ടുകൊണ്ട് കടൽ തീരത്തെ മണൽ തിട്ടയിൽ ഇരുന്ന് മാലതി ചോദിക്കുമ്പോൾ, തിരകളെ നോക്കി നിൽക്കുകയായിരുന്ന അനിലിന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു.

ചിരിക്കുമ്പോൾ മാത്രം തെളിഞ്ഞു വരുന്ന അയാളുടെ നുണക്കുഴിയിൽ നിന്ന് കണ്ണെടുക്കാതെ മാലതി ഇരിക്കുമ്പോൾ, അവളെ നോക്കി കണ്ണ് ചിമ്മികൊണ്ട് അനിലും, മാലതിയിൽ നിന്നൽപ്പം നീങ്ങിയിരുന്നു…

” ആ ചിരി കണ്ടിട്ട് ഒരുപാട് തേപ്പ് കിട്ടിയ ലക്ഷണം ഉണ്ടല്ലോ മാഷേ…. “

മാലതി പിന്നെയും ചോദിക്കുമ്പോൾ അനിലിന്റെ മുഖത്തെ ചിരി മാഞ്ഞിരുന്നു…

” തേപ്പ് ആ വാക്കിനോട് എനിക്കൊട്ടും യോജിപ്പില്ലടോ,… “

അനിലിന്റെ സംസാരം വെറുതെ കേട്ടിരിക്കാൻ ഏറെ കൊതിക്കുന്ന അവളുടെ മനസ്സും ശരീരവും ഒരു കൊച്ച് കുഞ്ഞിനെ പോലെ നിഷ്കളങ്കമായി അയാളെ ശ്രദ്ധിച്ചിരുന്നു….

” രണ്ടുപേർക്കിടയിൽ പ്രണയം ജനിക്കുന്നത് എപ്പോഴാണെന്ന് തനിക്കറിയോ….”


അത് പറഞ്ഞ് അനിൽ മാലതിയെ നോക്കി, മാലതി അറിയില്ലെന്ന ഭാവത്തിൽ തോളുകൾ ഉയർത്തി കാണിച്ചു….


” രണ്ടുപേർ പരസ്പ്പരം ഏറെ നാൾ അടുത്തിടപെഴുകുമ്പോൾ, ഒന്നും പ്രതീക്ഷിക്കാതെ അവരുടെ തിരക്കുകൾ മാറ്റി വയ്ക്കുമ്പോൾ , പരിഭവമൊന്നും ഇല്ലാതെ പരസ്പ്പരം കേട്ടിരിക്കുമ്പോൾ, രണ്ട് പേരും അവരുടേതായ ലോകത്തിലേക്ക്  ചുരുങ്ങി സ്വപ്നങ്ങൾ പങ്ക് വയ്ക്കുമ്പോൾ…., “

തിരമാലകളെ നോക്കി അനിൽ പറയുമ്പോൾ മാലതിയും സ്വയം ചിന്തിക്കുകയായിരുന്നു, അനിലിനെ പരിചയപ്പെട്ടത് മുതലുള്ള അവളുടെ മാറ്റങ്ങൾ….

” അത് പോലെയാണ് നഷ്ട പ്രണയവും… പ്രണയം വാക്കാൽ അവസാനിപ്പിക്കുന്നു വെന്നേയുള്ളു, രണ്ട് പേരുടെയും ഉള്ളിൽ മരണം വരെ ആ പ്രണയം ഇടയ്ക്ക് വാടി കരിഞ്ഞും, പൂത്തു തളിർത്തും നശിക്കാതെ നിൽക്കും, ആ പ്രണയം മറന്നെന്ന് സ്വയം മനസ്സിനെ പഠിപ്പിച്ചാലും അതിനൊരിക്കലും മരണം ഇല്ലടോ….


അതാണ് പ്രണയത്തിന്റെ ശക്തി, അത് മനസ്സിലാക്കാതെ ചിലർ അതിനെ തേപ്പെന്ന് പറഞ്ഞ് സ്വയം സമാധാനിക്കുന്നു… ഒരിക്കലെങ്കിലും മറുവശത്തുള്ള ആളിനെ മനസ്സിലാക്കിയിരുന്നെങ്കിൽ, അവരുടെ അവസ്ഥ മനസ്സിലാക്കിയിരുന്നെങ്കിൽ ആ പേര് വരില്ലായിരുന്നു…. “

അത് പറഞ്ഞ് അനിൽ മാലതിയെ നോക്കുമ്പോൾ അവൾ പെട്ടെന്ന് അയാളിൽ നിന്ന് കണ്ണെടുത്ത് തിരമാലകളെ നോക്കിയിരുന്നു…

” അപ്പോ മാഷിന് എത്ര പ്രണയം ഉണ്ടായിട്ടുണ്ട്…. “

അൽപ്പനേരത്തെ മൗനത്തിനു ശേഷം ചെറു പുഞ്ചിരിയോടെയാണവൾ ചോദിച്ചത്….

” എന്റെ അഭിപ്രായത്തിൽ എത്ര വിശുദ്ധ പ്രണയം ആണേലും, അത് ഒരാളിൽ തന്നെ ചുരുങ്ങുമെന്ന്  തോന്നുന്നില്ല, ആരും ചിലപ്പോൾ സമ്മതിച്ചു കൊടുത്തില്ലെങ്കിലും ഒരാൾക്ക് ആരോടും എപ്പോൾ വേണമെങ്കിലും പ്രണയം തോന്നാം…. “

മാലതിയെ നോക്കി അനിൽ പറയുമ്പോൾ അവളത് സമ്മതിച്ചു കൊണ്ട് തല കുലുക്കി…

” എനിക്കങ്ങനെ രണ്ട് മൂന്ന് പേരോട് പ്രണയം തോന്നിയിട്ടുണ്ട്, ജീവിതപങ്കാളി ആക്കാൻ കൊതിച്ചിട്ടുണ്ട്…..’

” എന്നിട്ടെന്ത്യേ ആരെയും കൂടെ കൂട്ടിയില്ല…. “

അനിൽ പറഞ്ഞു നിർത്തും മുന്നേ ആകാംക്ഷയോടെ മാലതി ചോദിച്ചു…

” നേരത്തെ ഞാൻ പറഞ്ഞതുപോലെ എല്ലാ പ്രണയമൊന്നും സ്വന്തമാക്കാൻ കഴിയില്ലല്ലോ, പലതും സാഹചര്യം അനുസരിച്ച് നമ്മളെ വിട്ടുപോകും….. “

ദീർഘനിശ്വാസത്തോടെ അനിൽ പറയുമ്പോൾ അയാളിൽ നിന്ന് കണ്ണെടുക്കാതെ മാലതിയിരുന്നു…

”  ഇപ്പോൾ ആരോടെങ്കിലും…. “

പറഞ്ഞു മുഴുവക്കാതെ മാലതി നിർത്തുമ്പോൾ, അനിൽ അവളുടെ മുഖത്തേക്ക് നോക്കി, ആ നോട്ടം നേരിടാൻ കഴിയാതെ മാലതി അയാളിൽ നിന്ന് നോട്ടം മാറ്റി….

” അവസാനം എനിക്ക് തോന്നിയ പ്രണയത്തെ സ്വന്തമാക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷെ അവിടെയും…..”

അനിൽ അത് പറഞ്ഞു നിർത്തുമ്പോൾ രണ്ട് പേർക്കുമിടയിൽ നീണ്ട മൗനം ഉടലെടുത്തു….

” ചിലർ ഉണ്ടല്ലോ ജീവിതത്തിൽ നിന്ന് പോകുമ്പോൾ നമ്മുടെ ചങ്കും പറിച്ചു കൊണ്ടാകും പോകുക,  ആ നഷ്ടം ചിലപ്പോൾ അതുവരെ ജീവിച്ചിരുന്ന നമ്മളെ തന്നെ മാറ്റി മറിച്ചെക്കും, നമ്മുടെ വേദന എത്രത്തോളം വലുതാണെന്ന് അവർക്ക് മനസ്സിലായാലും അവരത് കണ്ടില്ലെന്ന് നടിക്കും,….


അവർ പടിയിറങ്ങി പോകുമ്പോൾ നിസ്സഹയ്യാതയോടെ നോക്കി നിൽക്കാനേ കഴിയുള്ളു, ഒരായിരം തവണ അവർ നമുക്ക് ആരായിരുന്നെന്ന് ഉറക്കെയുറക്കെ വിളിച്ചു പറയാൻ കൊതിച്ചാലും, വാക്കുകൾ പുറത്തേക്ക് വരാതെ തൊണ്ടയിൽ കുടുങ്ങി മൗനത്തോടെ അവർ അകന്ന് പോകുന്നതും നോക്കി നിൽക്കേണ്ടി വരുന്ന അവസ്ഥ….. “

അത് പറയുമ്പോൾ അനിലിന്റെ കണ്ണുകളിൽ കണ്ണുനീർ പുറത്തേക്ക് ഒഴുകാൻ വെമ്പി നിൽക്കുകയായിരുന്നു, ആ കൈകളിൽ മുറുക്കെ പിടിച്ച് അയാളെയൊന്ന് ആശ്വസിപ്പിക്കാൻ മാലതിയുടെ മനസ്സ് കൊതിച്ചെങ്കിലും അവളത് മനസ്സിൽ തന്നെ ഒതുക്കി….

” ഇനിയൊരു പ്രണയം വയ്യടോ, ചിലപ്പോൾ കുറെ കഴിയുമ്പോൾ മറ്റൊരാൾ, മറ്റൊരു പ്രണയം ജീവിതത്തിൽ വന്നേക്കാം, പക്ഷെ ഈ നഷ്ട പ്രണയത്തിൽ സ്വയം ഉരുകി, തനിച്ചായി പോയെന്നു തോന്നുന്ന രാത്രികളിൽ ആ പ്രണയത്തെ വീണ്ടും മനസ്സിലിട്ട് ലാളിച്ച്, ആ നഷ്ടം ബോധത്തിൽ ഉറക്കെ കരഞ്ഞ്  അവളുടെ ചിത്രവും നെഞ്ചിലേറ്റി കിടക്കുന്നതിലും ഒരു സുഖമുണ്ട്… “

അത് പറഞ്ഞു നിർത്തുമ്പോൾ അനിൽ പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും, അയാളുടെ ഉള്ളിലെ വേദന മാലതിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു….

” ഇപ്പോൾ ഒരാളോട് സംസാരിക്കാൻ തന്നെ ഭയമാണ്, അല്ലെങ്കിലും ആരോടും സംസാരിക്കാൻ തോന്നാറില്ല, നിർവികാരാവസ്ഥ എന്നൊക്കെ പറയില്ലേ ഏതാണ്ട് അതുപോലെ….. “

മണൽ കൂനയിൽ കൂടി കൈകൾ ഓടിച്ചു കൊണ്ടയാൾ പറയുമ്പോൾ മനസ്സിൽ എന്തൊക്കെയോ പറയാൻ കൊതിച്ചെങ്കിലും മാലതി മൗനം തുടർന്നു….

” പോയവർ പോയില്ലേ മാഷേ… ഇനി….. “

” മറ്റൊരു ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ല മാലതി അതാണ് സത്യം.. അതുപോലെ അവളുടെ ഓർമ്മകളിൽ നിന്ന് കരകയറാനും…. “

മാലതി പറഞ്ഞു തുടങ്ങുമ്പോഴേക്കും അനിൽ വീണ്ടും സംസാരിച്ചു തുടങ്ങി….

”  എല്ലാം മറന്ന് പുതിയ ജീവിതം തുടങ്ങണമെന്ന് പറയാൻ എളുപ്പമാണ്, പക്ഷെ അതൊന്നും അത്ര പെട്ടെന്ന് മനസ്സിൽ നിന്ന് പോകില്ലല്ലോ… “

ചിരിച്ചു കൊണ്ട് അനിൽ പറയുമ്പോഴേക്കും അവരുടെ മുന്നിലേക്ക് കപ്പലണ്ടി പൊതിയും നീട്ടി ഒരു കുഞ്ഞു ബാലിക വന്ന് നിന്നു,


” മാലതിയുടെ കയ്യിൽ ഒരഞ്ഞൂറ് രൂപ എടുക്കാനുണ്ടോ, ഞാൻ ഏ.റ്റി.എമ്മിൽ നിന്നെടുത്തു തന്നേക്കാം…”


അനിലത് പറഞ്ഞതും പെട്ടന്നവൾ ബാഗിൽ പൈസ തിരഞ്ഞ്, അഞ്ഞൂറ് രൂപ അയാൾക്ക് നേരെ നീട്ടി ….


” അത് വാങ്ങിക്കോ… “


മുന്നിൽ നിൽക്കുന്ന ബാലികയുടെ കയ്യിൽ നിന്ന് കപ്പലണ്ടിപ്പൊതി വാങ്ങി അനിൽ പറയുമ്പോൾ, അവൾ മാലതി നീട്ടി പിടിച്ച  പൈസ  വാങ്ങി ഒരു പുഞ്ചിരി സമ്മാനിച്ച് ഓടിപ്പോയി….

” അവളുടെ അമ്മയും ഒരു പ്രണയിനിയാണ്, തിമിഴ്നാട്ടിൽ നിന്ന് ഒളിച്ചോടി വന്നവരാണവർ, ഇവിടെ സന്തോഷത്തോടെ ജീവിതം കെട്ടിപ്പടുക്കുമ്പോൾ ഒരു ആക്‌സിഡന്റിന്റെ രൂപത്തിൽ അവളുടെ ഭർത്താവിന്റെ ഇരു കാലുകളും നഷ്ടമായി,….

എങ്കിലും അവരുടെ പ്രണയത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല, അയാൾക്ക് വേണ്ടി അവർ ഇവിടെ കപ്പലണ്ടി കച്ചവടം നടത്തി ജീവിക്കുന്നു, ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിക്കണമെങ്കിൽ അവിടെ അവർക്ക് പരസ്പ്പരം സ്നേഹിക്കാൻ ആരെങ്കിലും വേണമല്ലേ…..”

ഒന്നും മനസ്സിലാകാതെ ഇരുന്ന മാലതിക്ക് നേരെ കപ്പലണ്ടിപ്പൊതി നീണ്ടി അനിൽ പറയുമ്പോൾ, മാലതി അതിൽ നിന്ന് കുറച്ചു കപ്പലണ്ടി കൈ വെള്ളയിൽ പിടിച്ചു….

” ഇനി പൈസയ്ക്ക് അത്യാവശ്യം വരുമ്പോഴേ അവൾ എന്റെ മുന്നിലേക്ക് കപ്പലണ്ടി പൊതിയുമായി വരുകയുള്ളു, അത് ആരും പറഞ്ഞു കൊടുത്തിട്ടല്ല, ചില ബന്ധങ്ങളിൽ നമ്മൾ പോലും അറിയാതെ ഉടലെടുക്കുന്ന ചില കണക്ഷൻ ഇല്ലേ അതുപോലെയാണ്…. “

കപ്പലണ്ടി വായിലേക്കിട്ട് അനിൽ പറയുമ്പോൾ  അയാളെ ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നത് അവൾ സ്വയം തിരിച്ചറിയുകയായിരുന്നു…

” ഒരുപക്ഷെ ഞാനില്ലെങ്കിലും അവൾ ഇതുപോലെ വരുകയാണെങ്കിൽ കയ്യിൽ ഉള്ളത് കൊടുത്തേക്കണേ,,, പാവങ്ങളാടോ ആരും സഹായിക്കാനില്ല…”

കപ്പലണ്ടിപൊതിഞ്ഞു വന്ന പേപ്പർ കയ്യിൽ ചുരുട്ടി പിടിച്ചുകൊണ്ടു അനിൽ പറയുമ്പോൾ മാലതി ചിരിച്ചുകൊണ്ട് തലയാട്ടി….

” എന്നാൽ ഞാൻ പോട്ടെ മാഷേ… വീട്ടിൽ ചെന്നിട്ട് ഒരുപാട് ജോലികളുണ്ട്… “

മാലതി പറയുന്നത് കളവാണെന്ന് അറിയാമെങ്കിലും സമ്മതം മൂളിക്കൊണ്ട്  തലയാട്ടി, അവൾക്കൊപ്പം അയാളും എഴുന്നേറ്റു….

അനിലിനൊപ്പം ആ കടൽ തീരത്തേക്ക് എത്തുമ്പോൾ മാലതിയുടെ മനസ്സിൽ ഏറെ കാര്യങ്ങൾ ചോദിക്കാനും പറയാനും ഉണ്ടായിരുന്നു, പക്ഷെ അതൊക്കെ മനസ്സിൽ ഒതുക്കി കടൽ തീരത്തിലൂടെ നടക്കുമ്പോൾ, ഒരോ മനുഷ്യനും പുറമെ നിന്ന് കാണുന്നത് പോലെയാകില്ലെന്ന സത്യം അവൾ ഒന്നുകൂടി തിരിച്ചറിഞ്ഞു…


എല്ലാ മനുഷ്യന്റെയുള്ളിലും ആർത്തിരമ്പുന്ന ഒരു കടലുണ്ട്, അത് മനസ്സിലാക്കാൻ കൂടെയുള്ളവർക്ക് കഴിയാതെ പോകുന്നുവെന്ന് മാത്രം, അല്ലെങ്കിൽ അത് പുറമെ കാണിക്കാതെ എല്ലാം ഉള്ളിലൊതുക്കി ആ മനുഷ്യർ അഭിനയിച്ചു ജീവിക്കുന്നതിൽ വിജയിച്ചിരിക്കുന്നു…..

മനസ്സിലെ ചിന്തകൾക്ക് ഭാരം കൂടിയപ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞു, അനിൽ പറഞ്ഞത് പോലെ അയാളെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് ഉറക്കെ വിളിച്ചു പറയാൻ കഴിയാതെ മൌനത്തിന്റെ മുഖം മൂടി ധരിച്ചവൾ ദൂരേക്ക് നടന്നകന്നു, ഒരിക്കൽ അയാളും തന്റെ പ്രണയം തിരിച്ചറിയുമായിരിക്കുമെന്ന പ്രതീക്ഷയോടെ…..

അപ്പോഴും ഇനി മറ്റൊരു നഷ്ടം കൂടി താങ്ങാൻ തന്റെ മനസ്സിന് ശക്തിയില്ലെന്ന ബോധത്തോടെ അനിൽ ദൂരേക്ക് മാലതി നടന്ന് നീങ്ങുന്നതും നോക്കി നിന്നു….

Related Posts

Leave a Reply

Your email address will not be published. Required fields are marked *