അപ്പോഴാണ് എന്റെ ശ്രദ്ധയിൽ അത് പെടുന്നത്. പ്രത്യേകരൂപത്തിലുള്ള ഒരു കല്ല് ആ കുറ്റിക്കാട്ടിൽ കിടക്കുന്നു. രണ്ട് വിലസിലടിച്ചപ്പോൾ ഞാൻ ഞങ്ങളായി…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

ക്രിസ്തുമസ്സിന് സ്കൂൾ അടച്ച നാളുകൾ. പതിവുപോലെ ഒഴിയൻ പറമ്പിൽ നിന്ന് ഞങ്ങൾ കളിക്കുകയായിരിന്നു. സിക്സർ ആകേണ്ടിയിരുന്ന പന്ത് ഒരു തെങ്ങിൽ കൊണ്ടു. കനത്തിൽ ആയതുകൊണ്ട് അടുത്ത നിമിഷം അതിൽ നിന്നൊരു തേങ്ങയും വീണു. അത് കല്ലിൽ എറിഞ്ഞ് പൊളിച്ചാൽ മിക്കവാറും പൊങ്ങ് കിട്ടും. അന്നും കിട്ടി. മത്ത് പിടിക്കുന്ന രുചിയാണ് തേങ്ങയുടെ ആ മധുരമാംസത്തിന്.

വിശ്രമത്തിന് ശേഷം ഞങ്ങൾ കളി തുടർന്നു. ഒരുത്തൻ എറിഞ്ഞ പുൽട്ടോസ് ബോൾ മറ്റൊരുത്തൻ മനോഹരമായി നീട്ടിയടിച്ചു. അധികമൊന്നും ആരും പോകാത്ത കാടുപിടിച്ച അതിരിലേക്കായിരുന്നു ആ പന്ത് പോയത്. പെറുക്കാൻ ഞാനും കൂടെയോടി. അപ്പോഴാണ് എന്റെ ശ്രദ്ധയിൽ അത് പെടുന്നത്. പ്രത്യേകരൂപത്തിലുള്ള ഒരു കല്ല് ആ കുറ്റിക്കാട്ടിൽ കിടക്കുന്നു. രണ്ട് വിലസിലടിച്ചപ്പോൾ ഞാൻ ഞങ്ങളായി.

മടല് പെറുക്കാൻ വന്ന മല്ലിക ചേച്ചിയാണ് അത് ശിവലിംഗമാണ് മക്കളേയെന്ന് പറഞ്ഞത്. ശരിയാണ്. കഴുത്തിൽ പാമ്പിനേയും ചുറ്റി ചിരിക്കുന്ന ശിവന്റെ ചിത്രത്തിലുള്ള കല്ലുമായി ഏറെ സാമ്യമുണ്ട്. മണിക്കൂറുകൾക്കുള്ളിൽ ആളുകൾ കൂടി. ഞങ്ങൾ പിരിഞ്ഞുപോയിട്ടും കൂടിയവർ ആരും അവിടെ നിന്ന് പോയിരുന്നില്ല.

‘അമ്മേ… ശിവലിംഗം..!’

അന്ന് സന്ധ്യയ്ക്ക് അമ്മ വന്നയുടൻ ഞാൻ പറഞ്ഞു. എന്തെന്ന അർത്ഥത്തിൽ എന്നെ നോക്കിക്കൊണ്ട് അമ്മ വസ്ത്രം മാറി. കളിക്കുന്ന ഒഴിയൻ പറമ്പിന്റെ കുറ്റിക്കാട്ടിൽ നിന്ന് ശിവലിംഗം കണ്ട കാര്യം ഞാൻ വിശദീകരിച്ചു. എന്നിട്ടെന്തായിയെന്ന് അമ്മ ചോദിച്ചപ്പോൾ കുട്ടികളോടെല്ലാം കളി നിർത്തി പോകാൻ മുതിർന്നവർ പറഞ്ഞുവെന്നും ഞാൻ പറഞ്ഞു.

നാട്ടുകാരെ കല്ല്യാണം കഴിപ്പിക്കാനുള്ള ശ്രമവുമായി അച്ഛൻ കാലത്ത് തന്നെയിറങ്ങും. വിവാഹ ദല്ലാളാണ്. അമ്മ ബീ ഡി കമ്പിനിയിലേക്കും പോകും. പിന്നെ എനിക്ക് എവിടേക്ക് വേണമെങ്കിലും പോകാം. ഇരുട്ടും മുമ്പ് വീട്ടിലേക്ക് എത്തിയാൽ മതി. അമ്മ എത്താനും ഏതാണ്ട് ആ നേരമാകും.

അന്നുരാത്രിയിൽ ശിവനെക്കുറിച്ച് അമ്മയോട് ഞാൻ ചോദിച്ചു. ദൈവമാണെന്ന് പറഞ്ഞ് അമ്മ പുറത്തേക്ക് നോക്കി. ഒരു കാത്തിരിപ്പിന്റെ ഭാവമായിരുന്നു അമ്മയ്ക്കന്ന്. അച്ഛൻ വരാൻ വൈകുമ്പോഴെല്ലാം അമ്മയിൽ തെളിയുന്ന മുഖവും അതുതന്നെ.

ഞാൻ പാഹിമാം ചൊല്ലി കണ്ണുകൾ അടച്ചു. അച്ഛൻ വന്നത് എപ്പോഴാണെന്നൊന്നും എനിക്ക് അറിയില്ല. ദൈവത്തെ കണ്ടുപിടിച്ച ആഹ്ലാദത്തിൽ ഞാൻ എപ്പോഴോ ഉറങ്ങുകയായിരുന്നു.

പിറ്റേന്ന് അമ്മ കമ്പിനിയിലേക്ക് ഇറങ്ങിയതിന് പിന്നാലെ ഒഴിയൻ പറമ്പിലേക്ക് ഞാൻ നടന്നു. പതിവുപോലെ കൂട്ടുകാരെല്ലാം ഉണ്ടായിരുന്നു. പക്ഷേ ആരും കളി ആരംഭിച്ചിട്ടില്ല. സ്റ്റെമ്പ് പോലും കുത്തിയിട്ടില്ല. എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ അങ്ങോട്ടേക്ക് നോക്കാൻ വിരൽ ചൂണ്ടിക്കൊണ്ട് ഒരുത്തൻ പറഞ്ഞു. ഞാൻ നോക്കുകയും, എന്റെ കണ്ണുകൾ വിടരുകയും ചെയ്തു.

തലേന്ന് പന്ത് പെറുക്കാൻ പോയ ഇടമെല്ലാം ചെത്തി വൃത്തിയാക്കിയിരിക്കുന്നു. ഞാൻ കുറച്ചുകൂടി അടുത്തേക്ക് പൊയി എത്തിനോക്കി. ഓലക്കൊണ്ട് ഒരുക്കിയ ചെറു കൂട്ടിൽ ശിവലിംഗം പട്ടിൽ വെച്ചിരിക്കുന്നത് കാണാം. തെങ്ങിൽ ചാരി കൂടുതൽ എത്തി നോക്കിയപ്പോൾ അവിടെയുണ്ടായിരുന്ന ഒരാൾ എന്നെ കണ്ണുകൾ ഉരുട്ടാതെ പേടിപ്പിച്ചു. അവിടെ പിന്നേയും ചിലരൊക്കെ ഉണ്ടായിരുന്നു. ആരേയും എനിക്ക് അറിയില്ല.

കൂട്ടുകാരോട് കൂടുതൽ അന്വേഷിച്ചപ്പോൾ ഞാൻ വരുന്നതിന് മുമ്പ് കളി തുടങ്ങിയതായിരുന്നു പോലും. ആദ്യം വന്ന രണ്ട് മുതിർന്നവർ ശിവലിംഗമിരിക്കുന്ന ഇടത്തേക്ക് ഇനി പന്ത് അടിക്കരുതെന്ന് പറഞ്ഞു. ശരിയെന്നും പറഞ്ഞ് കളി തുടങ്ങിയ കൂട്ടുകാരുടെ അടുത്തേക്ക് പിന്നേയും കുറിതൊട്ട മൂന്നുപേർ വന്നു. അവർക്ക് പറയാനുണ്ടായിരുന്നത് മേലാൽ ഇവിടെ നിന്ന് കളിക്കരുതെന്നായിരുന്നു. ആ വിലക്കിൽ മുഖത്തോട്ട് മുഖം നോക്കി നിൽക്കുമ്പോഴാണ് ഞാൻ വരുന്നത്.

വൈകാതെ അവിടേക്കൊരു ലോറിയിൽ കല്ലും സിമന്റുമൊക്കെ വന്നു. ഞങ്ങളെയെല്ലാം പിരിച്ചുവിട്ടു. തിരിച്ച് വീട്ടിലെത്തിയ എന്നെ വല്ലാത്തയൊരു സങ്കടം പിടികൂടിയിരുന്നു. സ്കൂളിൽ പഠിക്കാൻ പോകുന്ന കാലം തൊട്ടേ കളിക്കുന്ന ഇടമാണ്. ആരുടേതാണെന്നൊന്നും അറിയില്ലെങ്കിലും ഞങ്ങളുടേതായിരുന്നു…

തീർത്തും വരരുതെന്ന് പറഞ്ഞുകൊണ്ട് ആരൊക്കെയോ ഞങ്ങളെ വിലക്കിയപ്പോൾ വിഷാദം കുമിഞ്ഞുകൂടുന്നു. എല്ലാത്തിലുമുപരി കുറ്റബോധം പതിയേ ഉള്ളിൽ മുളക്കുന്നത് പോലെ.. എല്ലാത്തിനും കാരണം ഞാൻ ആണോയെന്ന് പോലും ഏങ്ങിയേങ്ങി സംശയിച്ചു.

ആ നാൾ ഇന്നുമെന്റെ തലയിലുണ്ട്. അന്നുഞാൻ എവിടേയും പോകാതെ വീട്ടിൽ തനിച്ചിരുന്നു. പോകുന്നതിന് മുമ്പേ അമ്മയുണ്ടാക്കി വെച്ചിരുന്ന ഭക്ഷണം പോലും കഴിക്കാൻ തോന്നിയില്ല. ഞാൻ എന്റെ കണ്ണുകളുടെ കാഴ്ച്ചകളെക്കുറിച്ച് നിരീക്ഷിക്കുകയായിരുന്നു.

അമ്മ വരുന്നത് വരെ അതുതന്നെ ഞാൻ ചിന്തിച്ചു. കണ്ടപ്പോൾ തന്നെ എന്റേയും കൂട്ടുകാരുടേയും കളിക്കളം ഇല്ലാതാക്കിയ ആ ദൈവമൊരു കല്ല് തന്നെയെന്ന് എനിക്ക് മനസ്സിലായി. ദൈവത്തെ കണ്ടുപിടിച്ചതിൽ ആഹ്ലാദിച്ച കണ്ണുകൾ ചൂഴ്ന്നെടുക്കാൻ എനിക്ക് തോന്നി. തൊട്ടപ്പോൾ തന്നെ വേദനയെടുത്തത് കൊണ്ട് ആ ശ്രമം ഒഴിവാക്കുകയായിരുന്നു..

‘നിങ്ങള് കല്ലാന്ന് മനുഷ്യാ…!’

താനും മകനും മാത്രമേയുളൂവെന്ന് ഓർക്കാതെ രാത്രിയിൽ വൈകി വരുന്ന അച്ഛനോട് അമ്മയിങ്ങനെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. മറ്റുള്ളവരുടെ വിഷമങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാത്ത ആ ദൈവവും അർത്ഥതലത്തിൽ കല്ലുതന്നെ. എത്ര പതം വരുത്തി അടിച്ചാലും പൊട്ടാത്ത കരിങ്കല്ല്…!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *