ആദ്യം കയറി വന്നപ്പോൾ തോന്നിയ സൗന്ദര്യമൊന്നും ഇപ്പൊ തോന്നുന്നില്ല. മുഖത്തേക്ക് നോക്കിയാ ഇപ്പൊ ഒരു കു ത്തു വെച്ച് കൊടുക്കാൻ തോന്നുന്നുണ്ട്. ആണായാലും പെണ്ണായാലും ഇത്രേം ഒന്നും നാക്കിന്റെ ആവശ്യമില്ല……

എഴുത്ത്:-വൈശാഖൻ

“കുട്ടി വായിച്ചുകൊണ്ടിരിക്കുന്ന ഈ പുസ്തകം ഞാനെഴുതിയതാണ്.”

അതിനു ഞാനെന്തു വേണം ?

അങ്ങനെ ഒരു മറുപടി ഞാൻ പ്രതീക്ഷിച്ചതേയല്ല.ട്രെയിനിൽ എനിക്ക് എതിരെ ഉള്ള സീറ്റിൽ ഇരിക്കുന്ന, സുന്ദരിയായ ഒരു പെൺകുട്ടി.കയറി വന്നത് തന്നെ ഞാൻ എഴുതിയ ആ പുസ്തകവും പിടിച്ചാണ്.വന്ന പാടെ തന്നെ അതെടുത്തു വെച്ച് വായന തുടങ്ങി.മറ്റു ഒന്നിനെയും ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോൾ എനിക്ക് മനസ്സിലായി അവർ അതിൽ അത്രത്തോളം മുഴുകിപോയിട്ടുണ്ടെന്നു.

അതിൽ നിന്ന് അവർക്കു ആ പുസ്തകം ഇഷ്ടപ്പെട്ടു എന്ന് ഞാൻ അങ്ങ് ഊഹിച്ചു.പക്ഷെ എന്റെ ഊഹം അന്നാദ്യമായി ഒരു സ്ത്രീ തെറ്റിച്ചിരിക്കുന്നു.

സ്തബ്ധനായ എന്റെ മുഖം പോലും അവർ ശ്രദ്ധിച്ചിട്ടില്ല. അത് ഒരു കണക്കിന് നന്നായിയെന്നു എനിക്ക് തോന്നി.വല്ലാത്ത ചമ്മലായിപ്പോയി.പുസ്തകം അവർക്കു ഇഷ്ടപ്പെട്ടില്ലെങ്കിൽ പിന്നെ ഇങ്ങനെ കു ത്തി ഇരുന്നു വായിക്കുന്നതെന്തിന് ?

ഇനി ഒരുപക്ഷെ എന്നെ പോലെ ഉള്ള വായ് നോക്കികളെ ഒഴിവാക്കാൻ വേണ്ടി മനപ്പൂർവ്വം വായിക്കുന്നത് പോലെ അഭിനയിക്കുകയാണോ ?

ഞാൻ എന്നെ തന്നെ ഒന്നുകൂടി അടിമുടി നോക്കി.

ഹേയ്..അങ്ങനെ ഒരു വഷളന്റെ ലക്ഷണം ഒന്നും “പുറത്തില്ല”.!!!

പലകുറി മനസ്സിൽ പറഞ്ഞു അവസാനം മനസ്സ് തന്നെ പറഞ്ഞിട്ടാണ് അവരോടു ഞാനാണ് ആ പുസ്തകം എഴുതിയത് എന്ന് പറഞ്ഞത്. അത് കേട്ട അവരുടെ പുകഴ്ത്തലുകളും ,അത്ഭുതവും ഒക്കെ കണ്ടു ഒന്ന് സന്തോഷിക്കാം എന്നോർത്തപ്പോ സംഗതി മൊത്തം നേരെ തിരിഞ്ഞു.

അല്ല ഞാൻ പറഞ്ഞു എന്നുള്ളു.വായനക്കിടയിൽ ശല്യം ചെയ്യുന്നത് എനിക്കും ഇഷ്ടമില്ല.കുട്ടി വായിച്ചോളൂ.

ഞാൻ ഇലക്കും മുള്ളിനും കേടില്ലാത്ത വിധമൊരു മറുപടി കൊടുത്തു.ഞാനും ഈ സ്വഭാവക്കാരൻ തന്നെയാണ് എന്ന് അറിഞ്ഞോട്ടെ.

അതിനു വായനക്ക് ശല്യമായിട്ടാണ് ഞാൻ ആ മറുപടി പറഞ്ഞതെന്ന് ഇയാള് എങ്ങനെ അറിഞ്ഞു ?

വീണ്ടും ഞാൻ ഞെട്ടി!!

ഇയാളെന്നൊക്കെ..അതും അത്യാവശ്യം ഫേമസ് ആയ എന്നെ.ഞാൻ മനസ്സിലോർത്തു !!

അതേ മിസ്റ്റർ, ഞാൻ കാശ് കൊടുത്തു വാങ്ങിയ ഈ കുപ്പി വെള്ളം കണ്ടോ ?അത് ഏത് കമ്പനി ആണെന്നോ ,അത് എവിടെ നിന്ന് ഉണ്ടാക്കിയെന്നോ , ഏതു നാട്ടിലെ വെള്ളമാണെന്നോ ഞാൻ നോക്കാറില്ല.കാശു കൊടുത്തു വാങ്ങിച്ചു. കുടിച്ചു കഴിയുമ്പോൾ കുപ്പി ഞെക്കി വേസ്റ്റ് ബിന്നിൽ ഇടും.

അപ്പൊ വായിച്ചു കഴിഞ്ഞാൽ എന്റെ പുസ്തകവും ചവറ്റു കുട്ടയിൽ ഇടും എന്ന് പറയാതെ പറഞ്ഞിരിക്കുന്നു!!

ഞാൻ മറുപടി ഒന്നും പറയാൻ പോയില്ല.

ആദ്യം കയറി വന്നപ്പോൾ തോന്നിയ സൗന്ദര്യമൊന്നും ഇപ്പൊ തോന്നുന്നില്ല. മുഖത്തേക്ക് നോക്കിയാ ഇപ്പൊ ഒരു കു ത്തു വെച്ച് കൊടുക്കാൻ തോന്നുന്നുണ്ട്. ആണായാലും പെണ്ണായാലും ഇത്രേം ഒന്നും നാക്കിന്റെ ആവശ്യമില്ല.എന്റെ പുസ്തകം ഒരാള് വായിക്കുന്നത് കണ്ടതിന്റെ ആവേശം കൊണ്ട് അറിയാതെ അത് ഞാൻ എഴുതിയതാണ് എന്നൊന്ന് പറഞ്ഞു പോയി.

താ ട ക, പൂ തന, ഹിvഡുംബി ..പിന്നെ ഏതൊക്കെ രാ ക്ഷസികളുടെ പേരൊക്കെ അറിയാമോ അതൊക്കെ ഞാൻ മനസ്സിൽ വിളിച്ചു.

എന്നാലും വല്ലാത്ത ഒരു അപമാനമായിപ്പോയി.സൗന്ദര്യം പുറത്തുണ്ടായിട്ടു കാര്യമില്ല.അത് വാക്കുകളിലും പ്രവർത്തികളിലുമാണ് വേണ്ടത്.

“ഒരു ഗസറ്റഡ് യക്ഷി” എന്ന പേരിൽ ഒരു നോവൽ അങ്ങ് എഴുതിയാലോ എന്നോർത്തു.ഒരെഴുത്തുകാരനോടാ അവളുടെ കളി..ഹും!!

ആ…. സമയമാവട്ടെ ഈ സംഭവം വെച്ച് തന്നെ ഞാനൊരു നീണ്ട കഥ എഴുതും. അന്നത് വായിച്ചു നീ ലജ്ജിക്കും.

ഇടയ്ക്കു ഏതോ സ്റ്റേഷനിൽ കക്ഷി ഇറങ്ങിപ്പോയി.ഞാൻ ആ വശത്തേക്ക് നോക്കാനേ പോയില്ല.മൊത്തം നാല് പുസ്തകം പബ്ലിഷ് ചെയ്തതിൽ ഈ നാലാമത്തേതാണ് ആളുകൾ കൂടുതൽ വായിച്ചു ശ്രദ്ധ നേടിയത്.ഇതെങ്കിലും വായനക്കാർ ഏറ്റെടുത്തില്ലെങ്കിൽ പബ്ലിഷേഴ്സ് എന്നെ കൈ വിടും എന്നെനിക്കുറപ്പായിരുന്നു.

അങ്ങനെ ഹിറ്റ് ആയ ആ പുസ്തകമാണ് അവള് ചവറ്റു കുട്ടയിൽ എറിയുമെന്നു അത് എഴുതിയ എഴുത്തുകാരനോട് ഒരു ദാക്ഷണ്യവും ഇല്ലാതെ പറഞ്ഞു കളഞ്ഞത്.

ആ എന്തെങ്കിലും ആവട്ടെ.ചിലർക്ക് പുസ്തകങ്ങൾ എന്ന് പറഞ്ഞാൽ അത്രേ ഉള്ളു.ഒരു കുരങ്ങിയുടെ കയ്യില് പൂമാല കിട്ടി.അതേ അവസ്ഥ എന്റെ പുസ്തകത്തിന് വന്നു.

അവരുടെ മുഖത്തിന്റെ അവിടെ ഒരു കുരങ്ങിയുടെ മുഖം സങ്കൽപ്പിച്ചു അതോർത്തു ചിരിച്ചു എന്റെ മാനസിക വ്യഥ തൽക്കാലം ഞാൻ അങ്ങനെ മറികടന്നു.

ദിവസങ്ങൾ കഴിഞ്ഞു.യക്ഷിക്കഥയൊക്കെ ഞാൻ മനസ്സിൽ നിന്ന് വിട്ടു.അതൊന്നും ഓർക്കാനും മറ്റും സമയമില്ല.പുസ്തകത്തിന്റെ കൂടുതൽ പതിപ്പുകൾ വിറ്റഴിഞ്ഞു തുടങ്ങിയിരിക്കുന്നു.ഒരുപാടു വായനക്കാരുടെ അഭിനന്ദന കത്തുകൾ വരുന്നു.

അതുകൂടാതെ ഫേസ്ബുക് എന്ന് പേരുള്ള ഒരു പുതിയ സോഷ്യൽ മീഡിയ വന്നിട്ടുണ്ട്.അതിലും ആളുകൾ പുസ്തകത്തെ കുറിച്ചൊക്കെ പോസ്റ്റ് ചെയ്തു തുടങ്ങി.പലരും ഫേസ്ബുക് ഐഡി ഒക്കെ ചോദിച്ചു തുടങ്ങി.ഞാനും ചെറിയ ഒരു സെലിബ്രിറ്റി ആയോ എന്ന് എനിക്ക് തന്നെ സംശയം.

എത്ര തിരക്കുണ്ടെങ്കിലും കത്തയക്കുന്നവർക്കു മറുപടി അയക്കും.അവര് നമുക്ക് വേണ്ടി സമയം മാറ്റി വെച്ച് കഥക്ക് അഭിപ്രായം പറയുമ്പോൾ അതിന്റെ നന്ദി നമ്മൾ പറയണമല്ലോ.ചെറിയ കത്തുകൾക്ക് ചെറിയ മറുപടി.വലിയ കത്തുകൾക്ക് അങ്ങിനെയും.

“കുപ്പിവെള്ളം വാങ്ങി കുടിച്ചു കഴിഞ്ഞാൽ കുപ്പി കളയാത്ത ആളുകളും ഉണ്ട് കേട്ടോ”….

ആ കത്തിന്റെ തുടക്കം അങ്ങനെയായിരുന്നു.

പെട്ടെന്ന് ഉള്ളിൽ നിന്നൊരു ഞെട്ടൽ.മുഴുവൻ വായിക്കും മുൻപ് അയച്ച ആളുടെ പേര് നോക്കി.പേരില്ല.പകരം മനോഹരമായ ഒരൊപ്പ് മാത്രം.

എന്റെ മാഷേ..ഞാൻ ആ ട്രെയിനിൽ വന്നു ഇരുന്നു ആദ്യം നോക്കിയത് നിങ്ങളുടെ മുഖത്തേക്കാണ്.അമ്പരന്നു പോയി ഞാൻ.നിങ്ങളുടെ എല്ലാ പുസ്തകങ്ങളുടെ പുറകിലും ഫോട്ടോയുണ്ടല്ലോ.യാദൃച്ഛികമായി നിങ്ങളെ വായിച്ചു തുടങ്ങിയ ഒരുവളാണ് ഞാൻ.ആദ്യ പുസ്തകം മുതൽ ഈ നാലാമത്തേത് വരെ വായിക്കാനും, അത് മറ്റുള്ളവരെക്കൊണ്ട് വായിപ്പിക്കാനും നിങ്ങളുടെ ഏതെങ്കിലും ഒരു ആരാധിക അതി തീവ്രമായി ശ്രമിച്ചിട്ടുണ്ടെങ്കിൽ അത് ഞാനായിരിക്കും.

അങ്ങനെ ഞെട്ടി ഇരുന്നപ്പോഴാണ് മാഷിന്റെ ഒരു ചോദ്യം.വായനക്കാരുടെ മനസ്സിനെ അമ്മാനമാടുന്ന ഈ എഴുത്തുകാരന്റെ ചമ്മിയ മുഖം കാണാൻ ഒരു ആഗ്രഹം.എന്തായാലും എന്റെ മറുപടി കേട്ട ആ മുഖം കാണാൻ നല്ല ചന്തമുണ്ടായിരുന്നു കേട്ടോ…

ചമ്മിയ മുഖം മാത്രമല്ല..അല്ലാതെയുള്ള മുഖവും എനിക്കിഷ്ടമാണ്. ഇയാൾ എന്ന് വിളിച്ചത് ഇഷ്ടപ്പെട്ടില്ല എന്ന് എനിക്ക് തോന്നി.ക്ഷമിക്കുക.

**********************

ഇയാള് എന്താ ഈ നേരമില്ലാത്ത നേരത്തു കുത്തിക്കുറിക്കുന്നെ.ഒരവാർഡ്‌ വാങ്ങാൻ ഉള്ള നേരത്തെങ്കിലും സമയത്തു ചെന്ന് കൂടെ.

അവാർഡ് വാങ്ങും മുൻപ് എഴുത്തിലൂടെ എന്റെ ജീവിതത്തിലേക്ക് വന്ന ഒരാളെക്കുറിച്ചു ഫേസ്ബുക്കിൽ എഴുതി അറിയിക്കണം എന്ന് തോന്നി. തോന്നുമ്പോൾ അങ്ങ് എഴുതിയില്ലെങ്കിൽ ആ മൂഡ് അങ്ങ് പോകും.

ഭഗവാനെ എന്നെ കുറിച്ച് എഴുതി പിടിപ്പിച്ചു വെച്ചേക്കുവാണോ.കാണിച്ചേ നോക്കട്ടെ.സെൻസർ ചെയ്തു ഇടാൻ വല്ലതും ഉണ്ടോ എന്ന്.

ഹ ഹ..എന്തായാലും ഇത് പോസ്റ്റ് ചെയ്തു കഴിയുമ്പോൾ എന്തായാലും എനിക്ക് നിന്റെ കയ്യിൽ നിന്ന് കിട്ടും.അപ്പൊ വായിച്ചാ മതി കേട്ടോ..

അപ്പൊ ഞങ്ങള് പോയി അവാർഡ് ഒക്കെ വാങ്ങി വരാം..വന്നിട്ട് എനിക്ക് അവളുടെ കയ്യിൽ നിന്ന് കിട്ടാൻ ഉള്ളതൊക്കെ വാങ്ങിക്കട്ടെ..

നിങ്ങള് തൽക്കാലം ഈ കഥയൊക്കെ വായിച്ചു ഒരു ചായയൊക്കെ കുടിച്ചു ഇങ്ങനെ ഇരിക്ക്..

ശുഭം

Related Posts

Leave a Reply

Your email address will not be published. Required fields are marked *