നിഷേധിക്കാനോ രക്ഷപ്പെടാനോ ശ്രമിക്കാതെ ഞാൻ നീരുപാധികം കീഴടങ്ങി. കാര്യമെന്താണെന്ന് മനസ്സിലാകാതെ ഭാര്യയെന്നെ അപ്പോഴും വാ പൊളിച്ച് നോക്കുകയായിരുന്നു……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

പാടത്ത് മരുന്നടിക്കാൻ തീരുമാനിച്ച നാളായിരുന്നുവത്. എല്ലാം സജ്ജമാണ്. മരുന്നടി യന്ത്രത്തിൽ ഒഴിക്കാനായി മൂന്ന് ലിറ്ററിന്റെ കന്നാസ്സിൽ പെട്രോളും വാങ്ങി ഞാൻ വരുകയായിരുന്നു.

കവലയിൽ എത്തിയപ്പോൾ ചില കടകളിൽ കയറേണ്ട ആവിശ്യങ്ങളു ണ്ടായിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് അരക്കിലോ മലര് വാങ്ങിയതിന്റെ ബാക്കി പണത്തിലൊരു കീറിയ നൂറ് രൂപയുണ്ടായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് കണ്ടത്. പിറ്റേനാൾ അതിനെ ചൊല്ലിയൊരു മുട്ടൻ തർക്കവും നടന്നു. അത് ഗൗരവ്വത്തിൽ എടുക്കാതെ കുടുംബത്തിലെ പിള്ളേർക്ക് മിച്ചറ് വാങ്ങാൻ അതേ പലഹാര കടയുടെ മുന്നിൽ ഞാൻ നിന്നു. പിന്നെയെല്ലാം നടന്നത് നൊടിയിടയിൽ ആയിരുന്നു!

കട്ടുറുമ്പാണോ പുളിയനുറുമ്പാണോ എന്നൊന്നുമറിയില്ല! അസ്സലൊരു കടി കിട്ടിയപ്പോൾ ഞാനെന്റെ കാല് ശക്തമായി കുടഞ്ഞു. കൂടെ കുലുങ്ങിയ കൈകളിൽ നിന്ന് കന്നാസ്സ് താഴെ വീഴുമെന്ന് ഞാൻ കരുതിയതേയില്ല. ഞെട്ടി തുള്ളിപ്പോയ എന്റെ കാൽമുട്ടിൽ തട്ടി അത് കടയിലേക്ക് ഒഴുകി. തെന്നി വീഴാൻ പോയ ഞാൻ അരികിൽ പുകച്ച് കൊണ്ടിരുന്ന ഒരാളെ കടന്ന് പിടിച്ചതും, അയാളുടെ എരിയുന്ന സി ഗരറ്റ് തെറിച്ച് പോയതും വളരേ പെട്ടെന്നായിരുന്നു.

ബൂം…!

കടയിൽ നിന്ന് സകലരും ഓടി രക്ഷപ്പെട്ടു. പ്ലാസ്റ്റിക് കൂടുകളിൽ നിരവധി പലഹാരങ്ങൾ നിറച്ച് ലൂസിൽ വിൽക്കുന്ന ആ പലഹാര കടയുടെ മുകളിൽ തൂക്കിയ ബാനറിന് വരെ തീ പിടിച്ചു. അണക്കാനുള്ള ശ്രമങ്ങൾ നാട്ടുകാർ തുടങ്ങിയപ്പോഴേക്കും ഞാൻ അവിടെ നിന്ന് തടി തപ്പിയിരുന്നു.

വീട്ടിലെത്തിയപ്പോൾ എന്റെ വെപ്രാളം കണ്ടിട്ടാകണം എന്തുപറ്റിയെന്ന് ഭാര്യ ചോദിച്ചത്. പറ്റാൻ ഇനിയൊന്നും ബാക്കിയില്ലെന്നും പറഞ്ഞ് ഞാൻ കുളിക്കാൻ കയറി. കുളിച്ച് വന്നൊരു ചായ കുടിക്കുമ്പോഴേക്കും എന്നെ കൊണ്ടു പോകാനുള്ള ജീപ്പും, നാല് കാക്കി തലകളും വന്നിരുന്നു.

നിഷേധിക്കാനോ രക്ഷപ്പെടാനോ ശ്രമിക്കാതെ ഞാൻ നീരുപാധികം കീഴടങ്ങി. കാര്യമെന്താണെന്ന് മനസ്സിലാകാതെ ഭാര്യയെന്നെ അപ്പോഴും വാ പൊളിച്ച് നോക്കുകയായിരുന്നു.

അന്ന് തന്നെ ഞാൻ റിമാൻറ് ചെയ്യപ്പെട്ടു. മുൻ‌ വൈരാഗ്യത്തിൽ ഒരു പാവപ്പെട്ടവന്റെ പലഹാരക്കട ക ത്തിച്ചുവെന്നതായിരുന്നു എന്നിൽ ചുമത്തപ്പെട്ട കുറ്റം. കടയിലേക്ക് ആളി കയറിയ തീ അപ്പോഴും എന്റെ നെഞ്ചിൽ കെടാതിരുന്നത് കൊണ്ട് കോടതിയിൽ കുറ്റം നിഷേധിക്കാൻ എന്റെ നാക്ക് പൊങ്ങിയില്ല.

മൂന്നാം നാൾ എന്നെ കാണാൻ ഭാര്യയും അളിയനും വന്നു. എന്തൊക്കെയാണ് ഞാനിത് കേൾക്കുന്നതെന്ന് പറഞ്ഞ് അവൾ ആ സന്ദർശന മുറിയുടെ അഴികളിൽ മുഖമർത്തി കരഞ്ഞു. വക്കീലെന്ത് പറഞ്ഞുവെന്ന് അളിയനോട് ചോദിച്ചപ്പോൾ സെക്ഷൻ ത്രീ നോട്ട് സെവൻ ആയത് കൊണ്ട് ജാമ്യം എളുപ്പമല്ലെന്ന് എന്റെ മുഖത്ത് നോക്കാതെ അവൻ പറഞ്ഞു.

പാടവരമ്പിലെ വേപ്പിൻ മരത്തിന് താഴെയൊരു കുരുവിയുടെ മുട്ട പൊട്ടിക്കിടക്കുന്നത് കണ്ടാൽ പോലും വിങ്ങുന്ന എനിക്കത് സഹിക്കാനായില്ല. പോകുമ്പോൾ നീയിനി ഇങ്ങോട്ട് വരണ്ടായെന്ന് മാത്രം ഞാനെന്റെ ഭാര്യയോട് പറഞ്ഞു.

എന്റെ സെല്ലിൽ ഞാനടക്കം നാലുപേരായിരുന്നു. ചാരായ കേസും ചില്ലറ അടിപിടിയുമായി അകത്തായ മൂന്ന് പേർക്കും തുടക്കം തൊട്ടേ എന്നോടുള്ള ഭയം ഞാൻ ശ്രദ്ധിച്ചിരുന്നു. എതിരാളിയെ പെ ട്രോളോഴിച്ച് ക ത്തിക്കാൻ ശ്രമിച്ച എന്റെ മനോധൈര്യത്തിനെ വാഴ്ത്താൻ ജയിലിൽ എനിക്ക് പിന്നേയും ആൾക്കാരെ കിട്ടി.

പുറത്തിറങ്ങിയാൽ കാണണമെന്നും, കാശ് തടയുന്ന ജോലിയേറെ ഉണ്ടെന്നും, നിങ്ങളൊന്ന് നിന്ന് തന്നാൽ മതിയെന്നും, പലരും എന്നോട് പറഞ്ഞു. ഞാൻ ആരേയും മുഷിപ്പിച്ചില്ല. എല്ലാവരുടെ മുമ്പിലും ഞാനൊരു തലവനെ പോലെ തലയാട്ടി.

മാസങ്ങൾക്ക് ശേഷം ഉപാധികളോടെ എനിക്ക് ജാമ്യം ലഭിച്ചു. നാട്ടിലെത്തി യപ്പോൾ പരിചയക്കാരെല്ലാം വളരേ ബഹുമാനത്തോടെ സംസാരിക്കുന്നു. ഒരാഴ്ച്ചക്കുള്ളിൽ തിരിച്ച് തരുമെന്ന് പറഞ്ഞ് പതിനായിരം രൂപയുമായി രണ്ട് വർഷത്തോളമായി മുങ്ങി നടന്ന സുകുമാരനേയും ഞാൻ കണ്ടു. പണം തിരിച്ച് തരാൻ അവൻ എന്റെ വീടിന് മുന്നിലുള്ള നിരത്തിൽ കാത്തുനിൽക്കുക യായിരുന്നു. അതേതായാലും നന്നായി. തുടർന്നുള്ള കോടതി ചിലവിന് അത്രയ്ക്കും കുറച്ച് കണ്ടാൽ മതിയല്ലോ…

എത്ര പെട്ടെന്നാണ് ഒരാളുടെ ജീവിതത്തിന്റെ മുഖം മാറുന്നതെന്ന് എല്ലാം കൊണ്ടും എനിക്ക് ബോധ്യമായി. കൈയ്യൂക്കുള്ളവൻ കാര്യക്കാരാനെന്ന വസ്തുത ഇപ്പോഴും മനുഷ്യരിൽ നിലനിൽക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഞാനെന്ന് അന്നെനിക്ക് തോന്നി. സത്യം അതെല്ലെങ്കിൽ പോലും കുറ്റവാളികളെ ബഹുമാനിക്കുകയും ഭയക്കുകയും ചെയ്യുന്നയൊരു ജനതയാണ് ഇവിടെ നിലകൊള്ളുന്നതെന്ന് വായിക്കാൻ പിന്നെ എനിക്ക് പ്രയാസം തോന്നിയില്ല.

എല്ലാത്തിനുമപ്പുറം, ഒരുറുമ്പ് കരുതിയാൽ ഗതിമാറി പോകുന്ന എത്രയോ നിസ്സാരമായ ജീവിതങ്ങളാണ് മനുഷ്യരെന്ന പാഠവും ഞാനെന്റെ അനുഭവത്തിൽ എഴുതി ചേർത്തൂ..

രാത്രിയിൽ എന്നേയും പൊത്തിപ്പിടിച്ച് കിടക്കുമ്പോൾ ശരിക്കും അന്ന് എന്താണ് ഉണ്ടായതെന്ന് ഭാര്യയെന്നോട് ചോദിച്ചു. അതൊരു ഉറുമ്പ് കടിച്ചതാണെന്നും പറഞ്ഞ് ഞാൻ അവളിലേക്ക് തിരിഞ്ഞ് നെറ്റിയിലൊരു ഉമ്മ കൊടുത്തു. അപ്പോഴും ഒന്നും മനസ്സിലാകാതെ അവളെന്നെ വാ പൊളിച്ച് നോക്കുക യായിരുന്നു. അന്ന് പോലീസുകാർ എന്നെ കൊണ്ടുപോകുമ്പോഴുള്ള അതേ നോട്ടം…!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *