അമ്മിണിച്ചേച്ചി അങ്ങനെയാണ് എപ്പോഴും ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കും. നീതുവിന് അവരെ തീരെ ഇഷ്ടമില്ല. അമ്മിണി ചേച്ചിക്ക് ആകെ ഒരു മകനെ ഉള്ളൂ……

വിധവ

Story written by Suja Anup

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

” ഈ പെണ്ണിൻ്റെ ഒരു കാര്യം ഏതു നേരവും ഒരു ഫോൺ വിളിയാണ്. അവനു ഇത്തിരി സ്വസ്ത്ഥത കൊടുത്തു കൂടെ, കമ്പനിയിൽ അവനു ജോലിത്തിരക്കുണ്ടാവില്ലേ.?

രാവിലെ തന്നെ അമ്മായിഅമ്മ കലാപരിപാടി തുടങ്ങി. ഇനി ഈ ദിവസ്സം മുഴുവൻ ഓരോന്ന് കുത്തിപറഞ്ഞു കൊണ്ടിരിക്കും.

നീതു വേഗം കുളിക്കുവാൻ പോയി, തയ്യാറായി അപ്പോൾ തന്നെ അവൾ ഓഫീസിലേയ്ക്ക് പോയി.

അമ്മിണിച്ചേച്ചി അങ്ങനെയാണ് എപ്പോഴും ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കും. നീതുവിന് അവരെ തീരെ ഇഷ്ടമില്ല. അമ്മിണി ചേച്ചിക്ക് ആകെ ഒരു മകനെ ഉള്ളൂ.

വിവാഹം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോൾ അവരുടെ ഭർത്താവു മരിച്ചു പോയി. പിന്നീട് അങ്ങോട്ടു സുഖം എന്തെന്ന് അവർ അറിഞ്ഞിട്ടില്ല. പ്രസവം മുതൽ ആ കുഞ്ഞു വളർന്നു വലുതാകുന്നത് വരെ അവർ അനുഭവിച്ച കഷ്ടപ്പാടും ദുരിതവും നാട്ടുകാർക്കെല്ലാം അറിയാം.

വിധവയായ പെങ്ങളെ അവരുടെ ആങ്ങള പോലും തിരിഞ്ഞു നോക്കിയില്ല. അല്ലെങ്കിൽ തന്നെ അയാൾക്കും കഷ്ടപ്പാട് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

രാഹുലിൻ്റെ വിവാഹം അടുത്തപ്പോൾ മുതൽ അവർ നല്ല സന്തോഷത്തി ലായിരുന്നൂ. പാവപെട്ട വീട്ടിലെ പെൺകുട്ടി തന്നെ സ്നേഹിക്കും എന്നവർ വിചാരിച്ചിരുന്നൂ..

രാഹുലിനു ജോലി കുറച്ചകലെയാണ്. ഒരു കൺസ്ട്രക്ക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ ആണ്. ആഴ്ചയിൽ ഒരിക്കലേ അവൻ വരൂ. നീതുവാണെങ്കിൽ വീട്ടിൽ ഒരില അനങ്ങിയാൽ അവനെ വിളിച്ചു പറയും.

പക്ഷേ.. രാഹുൽ ഒരിക്കലും അമ്മയെ ഒന്നും പറയില്ല. അവനു അവരെ അത്രയ്ക്ക് ഇഷ്ടമാണ്.

രാതിയിൽ പുറത്തിറങ്ങിയപ്പോഴാണ് അമ്മിണി ചേച്ചി വഴിയിൽ നിൽക്കുന്നത് കണ്ടത്. ഞാൻ കാര്യം തിരക്കി. നീതു വന്നിട്ടില്ലത്രെ. അവർക്കാണെങ്കിൽ ഫോണില്ല. ഞാൻ വേഗം നീതുവിനെ വിളിച്ചൂ.

“അവൾ ഇനി രാഹുൽ വന്നിട്ടേ വരൂ, അമ്മിണിച്ചേച്ചിയുടെ കൂടെ നിൽക്കുവാൻ താല്പര്യം ഇല്ലത്രെ..”

വിഷമിച്ചു നിൽക്കുന്ന അവരെ ഞാൻ തിരിച്ചു വീട്ടിലേക്കയച്ചൂ..

പാതിരാത്രിയിൽ നീതുവിൻ്റെ ഫോൺ വന്നപ്പോഴാണ് ഞാൻ എഴുന്നേറ്റത്.

അവളുടെ ആങ്ങളയാണ് വിളിച്ചത്. അവൻ ഒറ്റശ്വാസത്തിൽ എല്ലാം പറഞ്ഞു.

” അവളുമായി സംസാരിച്ചുകൊണ്ട് കെട്ടിടത്തിന് മുകളിലൂടെ നടക്കുകയായിരുന്ന രാഹുൽ കാല് തെറ്റി താഴെ വീണു. അവനെ ഉടനെ ആശുപത്രിയിൽ ആരൊക്കെയോ ചേർന്ന് കൊണ്ട് പോയെങ്കിലും രക്ഷിക്കുവാൻ ആയില്ല.”

പിറ്റേന്ന് രാഹുലിൻ്റെ വീട്ടിൽ അവൻ്റെ ചടങ്ങുകൾ നടന്നൂ. മകനെ അത്രമാത്രം സ്നേഹിച്ച ആ അമ്മയ്ക്ക് അത് താങ്ങുവാൻ ആവുമായിരുന്നില്ല. മകനെ അവരിൽ നിന്നും കൊത്തിപറിച്ചു മാറ്റുവാൻ നോക്കിയ മരുമകൾക്കും അവനെ കിട്ടിയില്ല.

ദിവസ്സങ്ങൾ കടന്നു പോയി. ഒരു ദിവസ്സം അമ്മിണി ചേച്ചി നീതുവിനെ സ്വന്തം വീട്ടിലേയ്ക്കു കൂട്ടികൊണ്ട് വന്നൂ.

അപ്പോഴാണ് ഞാൻ നീതുവിനെ ശ്രദ്ധിച്ചത് “ആകെ കോലം കേട്ടിരിക്കുന്നൂ”

അമ്മിണി ചേച്ചി പറഞ്ഞു

” ആങ്ങളയുടെ ഭാര്യക്ക് അവൾ അവിടെ നിൽക്കുന്നത് ഇഷ്ടമല്ല. അവർ അവളെ എപ്പോഴും കുറ്റം പറയുന്നൂ. ഒരു അനിയത്തിയെ കൂടി വിവാഹം കഴിപ്പിക്കുവാൻ ഉള്ളത്കൊണ്ട് അച്ഛനും അവൾ ബാധ്യതയാണ്. ഇതു പോലെ ഒരവസ്ഥയിൽ കഴിഞ്ഞ എനിക്ക് എൻ്റെ മോളെ മനസ്സിലാവും”

ഇപ്പോൾ നീതുവും അമ്മിണി ചേച്ചിയും തമ്മിലുള്ള സ്നേഹം കാണുമ്പോൾ ഞാൻ ഓർക്കും. അവർ നേരത്തെ ഇങ്ങനെ ആയിരുന്നെങ്കിൽ ഒരു പക്ഷേ രാഹുൽ ഇന്ന് ജീവനോടെ ഉണ്ടായിരുന്നേനെ. അമ്മിണി ചേച്ചിയെ മനസ്സിലാക്കുവാൻ നീതുവിന് രാഹുലിനെ നഷ്ടപെടേണ്ടി വന്നൂ.

പിന്നീട് ഞാൻ നീതുവിൻ്റെ രണ്ടാം വിവാഹവും കണ്ടു. താൻ ജീവിതത്തിൽ ഒറ്റപെട്ടു പോയത് പോലെ നീതു ഒറ്റപെടരുത് എന്നവർ ആഗ്രഹിച്ചിരുന്നൂ. ചെറുപ്പത്തിലേ വിധവയാവാൻ വിധിക്കപ്പെട്ട അവർക്കു മാത്രമേ നീതുവിൻ്റെ ദുഃഖം മനസ്സിലാകൂ.

അവളെ നിർബന്ധിച്ചു അമ്മിണി ചേച്ചി വിവാഹം കഴിപ്പിക്കുകയായിരുന്നൂ. ഒരു വിധവ കൂടെ തന്നെ പോലെ കഷ്ടപെടരുത് എന്നവർ ചിന്തിച്ചൂ.

പക്ഷേ, അമ്മിണി ചേച്ചിയെ വിട്ടു അവൾ പോയില്ല. ഇന്നിപ്പോൾ നീതുവിൻ്റെ ഭർത്താവിനോടും മക്കളോടും ഒപ്പം അവർ സുഖമായി ജീവിക്കുന്നൂ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *