അല്ലേലും സ്നേഹമുള്ള ആണുങ്ങളാകുമ്പോ അങ്ങനാ ഭാര്യമാരെ ഇടയ്ക്ക് ഇടയ്ക്ക്…..

കലിപ്പനും കാന്താരിയും

Story written by Bindhya Balan

ഇടാൻ ഏറ്റവും ഇഷ്ട്ടമുള്ള ജീൻസും ടീഷർട്ടും അലമാരേടെ ഏറ്റവും തായത്തെ തട്ടേലോട്ടെടുത്തെറിഞ്ഞ്, ഇഷ്ട്ടമല്ലെന്നും പറഞ്ഞ് മാറ്റി വച്ച മധുരനാരങ്ങേടെ നിറമുള്ള ചുരിദാർ എടുത്തിട്ട് കണ്ണാടീല് നോക്കിയങ്ങനെ നിക്കുമ്പം പുളകത്തോടെ ഞാനോർത്തു,ഒക്കെ എന്റെ കലിപ്പന് വേണ്ടിയല്ലേ എന്ന്. എട്ടന്റെ ഇഷ്ടനിറം ആണ് കണ്ണിൽ കുത്തിയാ കണ്ണടിച്ചു പോണ ഈ ഓറഞ്ചു നിറം… എനിക്ക് ഈ നിറം നല്ല ചേർച്ചയാണ് പോലും… ഓരോരോ കണ്ടുപിടുത്തങ്ങൾ…

ഞാൻ ഓർക്കുവായിരുന്നു ന്റെ ഏട്ടന് ന്നോട് ന്തോരം ഇഷ്ട്ടാണ്…. നാണത്തോടെ കണ്ണാടിയിലേക്ക് നോക്കി എന്നെ ഞാൻ തന്നെ ഒരു നിമിഷം സ്വയമൊന്നു ചുഴിഞ്ഞു നോക്കി.. ഇട്ടിരിക്കുന്ന ചുരിദാറിന് കുഴപ്പമൊന്നുമില്ല… ഒരു ആശ്വാസത്തോടെ ഷാൾ എടുത്ത് പത്തു സേഫ്റ്റി പിന്നിന്റെ പിൻബലത്തിൽ ചുരിദാറിലേക്ക് കുത്തിയുറപ്പിക്കുമ്പോൾ, കഴിഞ്ഞയാഴ്ച പുറത്ത് പോയപ്പോ കാറ്റടിച്ചു അറിയാതെ ഷാൾ പറന്നതിനു കവിളിൽ നടന്ന വെടിക്കെട്ടാണ് ഓർമ്മ വന്നത്…

അല്ലേലും സ്നേഹമുള്ള ആണുങ്ങളാകുമ്പോ അങ്ങനാ …ഭാര്യമാരെ ഇടയ്ക്ക് ഇടയ്ക്ക് തകരപ്പാട്ട ചളുക്കുന്നത് പോലെ എടുത്തിട്ട് ചളുക്കും. ഇല്ലേ പിന്നെ ന്തൂട്ട് സ്നേഹം..ല്ലേ?

അല്ലെ തന്നെ രണ്ടു കൊല്ലത്തെ പ്രണയകാലം ഇങ്ങനെ തന്നെ ആയിരുന്നല്ലോ… അടി ഇടി കു ത്ത് വെ ട്ട്… കല്യാണം കഴിഞ്ഞപ്പൊ അതങ്ങ് കൂടി.. ഒട്ടും കുറഞ്ഞില്ല. എല്ലാം എന്റെ ഭാഗ്യമെന്നല്ലാതെ എന്ത് പറയാൻ..

പാവമെന്റെ പൊന്നേട്ടന് ആ ഇത്തിപ്പോന്ന മൂക്കിന്റെ തുമ്പത് ന്തോരം കലിപ്പാന്നോ ഉള്ളത്.. ഇടയ്ക്ക് ഇടയ്ക്ക് അത് കൂടുമ്പം ഏട്ടന്റെ കയ്യും എന്റെ കവിളും അങ്ങ് കട്ടപ്രേമത്തിൽ ആവും.. പ്രേമം കൂടി എത്ര തവണ ബോധം പോയിരിക്കുന്നു..

അടികൊണ്ടു ബോധം പോയി ദൈവവിളീം കാത്തങ്ങനെ കിടക്കുമ്പോൾ ആയിരിക്കും പെട്ടെന്ന് ഏട്ടന്റെ കലിപ്പ് മാറുന്നത്….. അന്യനിൽ നിന്ന് റെമോയിലേക്കൊരു പരകായം…

വേഗമെന്നെ പൊക്കിക്കൊണ്ട് പോയി കട്ടിലിൽ കിടത്തി മുഖത്ത് കുറച്ചു വെള്ളമൊക്ക തളിച്ച്, എണീപ്പിച്ചിട്ട് ഒറ്റ ഡയലോഗ് ആണ്,

“നിന്നോടുള്ള ഇഷ്ടകൂടുതൽ കൊണ്ടല്ലെടി,തല്ലുന്നത് നിന്നെ ആണേലും, നോവുന്നത് എനിക്കല്ലേ “

അതങ്ങ് കേൾക്കുമ്പോ അടികൊണ്ട വേദനയൊക്കെ പമ്പ കടക്കും..

അങ്ങനെ എത്രയെത്ര ബോധംകെടലുകൾ…

കറിയിൽ ഉപ്പ് കൂടിയാൽ ബോധം കെടൽ..

ചോറിൽ അറിയാതൊരു മുടി വീണാൽ ബോധംകെടൽ..

അയൺ ചെയ്ത ഷർട്ടിൽ എവെടെലുമൊരു ചുളിവ് ഉണ്ടായാൽ ബോധം കെടൽ…

ആദ്യത്തേ റിങ്ങിൽ തന്നെ ഫോൺ എടുത്തില്ലേൽ ബോധംകെടൽ

ഫോണിൽ കാൾ വെയ്റ്റിങ് വന്നാൽ ബോധംകെടൽ…

അവസാനത്തേ രണ്ടെണ്ണം മാത്രം വൈകുന്നേരം ആണ് ട്ടോ ബോധംപോകൽ.. ഏട്ടൻ ജോലി കഴിഞ്ഞു വരണമല്ലോ.. ബാക്കിയെല്ലാം ഓൺ ദി സ്പോട്ടിൽ….

ബോധംകെടലോട് ബോധംകെടൽ തന്നെ…

ഒക്കെ ഏട്ടന്റെ സ്നേഹക്കൂടുതൽ കൊണ്ടുള്ളതാട്ടോ… അല്ലാതെ നിങ്ങൾ കരുതുന്നത് പോലെ എന്റെ പൊന്നേട്ടൻ ഒരു ദുഷ്ടനൊന്നുമല്ല.. ഹും.. ഞങ്ങൾ കലിപ്പനും കാന്താരിയുമല്ലേ…

എന്തായാലും ഇങ്ങനെ ബോധംകെട്ടു വീണ് വീണ് സത്യത്തിൽ എനിക്കിപ്പോ വലിയ ബോധം ഒന്നുമില്ല എന്നതാണ് നേര്..

ഇതിൽ തന്നെ റീസെന്റ് ആയിട്ടുള്ള ബോധംകെടൽ രണ്ടു ദിവസം മുൻപായിരുന്നു..

ബിരിയാണിക്കിത്തിരി എരിവ് കൂടിപ്പോയീന്നും പറഞ്ഞ് ചെവി കൂട്ടി ഒരെണ്ണം കിട്ടി ബോധിച്ചപ്പോ , തലയ്‌ക്കകത്തേ കിളികളെല്ലാം കൂടി ഒന്നിച്ച് കൂടും വിട്ട് പറന്ന് പോയത് കൊണ്ട് ഞാൻ നേരെ അടുക്കളേന്റെ മൂലയ്ക്കിരുന്ന ആട്ടുകല്ലിന്റെ മോളിലേക്ക് ഒരൊറ്റ ഡൈവിങ് ആയിരുന്നു..

വീഴുന്നതിനിടയ്ക്ക് ലേ ആട്ടു കല്ലിനോട് ഞാൻ : വീണതല്ല.. സാഷ്ട്ടാംഗം പ്രണമിച്ചതാണ്..

ശേഷം ക്ണിങ്… ബോധം പോയി..

പിന്നെ കണ്ണ് തുറക്കുമ്പോ കാണുന്നത് വിഷമിച്ചിരിക്കുന്ന എന്റെ പൊന്നേട്ടനെ ആണ്..

ചിരിച്ചു കാണിച്ചപ്പോ, തലേൽ പതുക്കെ തലോടി ഏട്ടൻ പറഞ്ഞു

“സ്നേഹകൂടുതല് കൊണ്ടല്ലേ വാവേ പെട്ടെന്ന് ദേഷ്യം വരണത്… നിന്നെ തല്ലിയാലും നോവുന്നത് ആർക്കാ.. ഈ എനിക്ക്..സാരമില്ല പേടിക്കാനൊന്നുമില്ലെടാ പൊന്നേ തലയ്ക്കു മൂന്ന്‌ സ്റ്റിച്ചേ ഉള്ളൂ…..ഈ ഡ്രിപ് തീർന്നാൽ വീട്ടിൽ പോകാട്ടോ.. പോകുന്ന വഴിക്ക് വാവയ്ക്ക് ഇഷ്ട്ടമുള്ള അവിലോസുണ്ട വാങ്ങി തരാട്ടോ ഏട്ടൻ “

സഭാഷ്… തലയ്ക്ക് സ്റ്റിച്ചുള്ളപ്പോ തിന്നാൻ അവിലോസുണ്ട തന്നാ ബെസ്റ്റ്..

അല്ലേലും ന്റെ ഏട്ടൻ സ്നേഹം ഉള്ളവനാ എന്റെ കണ്ണുകൾ നിറഞ്ഞു.. ഏട്ടന്റെ സ്നേഹത്തിനു മുന്നിൽ ഞാൻ വീണ്ടും വീണ്ടും തോറ്റു… തെറ്റ് എന്റെ ഭാഗത്തും ഉണ്ട്.. ഞാൻ ഏട്ടനെ ദേഷ്യം പിടിപ്പിച്ചത് കൊണ്ടല്ലേ. ഞാനൊരു നെടുവീർപ്പോടെ ഓർത്തു

ഡ്രിപ് ഒക്കെ തീർന്ന് പേരും വെട്ടി, ഏട്ടന്റെ കൂടെ ബുള്ളറ്റിൽ പോകുമ്പോ എന്റെ മനസ്സിൽ മുഴുവൻ, വാങ്ങി തരാമെന്ന് പറഞ്ഞ അവിലോസുണ്ട ആയിരുന്നു… വാങ്ങി തന്നിട്ട് തിന്നാൻ പറ്റിയില്ലേൽ, സ്നേഹം കൊണ്ട് എന്നെ ഇടിച്ചു തീറ്റിച്ചാൽ തിന്നാതെ നിവൃത്തിയില്ലല്ലോ.. ഓർക്കുമ്പോൾ തന്നെ ഒരു വിറയൽ വരുന്നു.. ഭാഗ്യം എന്തായാലും അന്നൊരു കടയിലും അവിലോസുണ്ട ഉണ്ടായില്ല….

ഈശ്വരാ ഓരോന്നോർത് സമയം പോയല്ലോ.. ആ തൽക്കാലം അവിലോസുണ്ട അവിടെ നിൽക്കട്ടെ… ഇനീം റെഡി ആയി ചെന്നില്ലെങ്കിൽ ഈ കാന്താരിയോട് ന്റെ കലിപ്പൻ ഒലക്ക കൊണ്ടായിരിക്കും സ്നേഹം കാണിക്കുന്നത്…

അപ്പൊ നിങ്ങൾ ഓർക്കും ഞങ്ങൾ എവിടെപ്പോകുവാന്ന്… എന്റെ തല കണ്ടില്ലേ നിങ്ങളൊന്നും… സ്റ്റിച് എടുക്കാൻ ആശൂത്രീല് പോകുവാ….

അല്ലേലും എന്റെ ഏട്ടൻ സ്നേഹം ഉള്ളവനാ.. ഇടിച്ചൊരു മൂലക്കിട്ടാലും ആശൂത്രിലോക്കെ എന്നെ കൊണ്ട് പോകുന്നില്ലേ…

കാര്യം, ഇവിടുത്തെ എന്റെ ജീവിതം ഒരു ആടുജീവിതം സ്റ്റൈൽ ആണെങ്കിലും എന്റെ പൊന്നേട്ടനെന്നെ ജീവനാണ്..

ഇടയ്ക്ക് ഇടയ്ക്ക് ഉള്ള ഈ അടീം തൊഴീം അതോണ്ട് തന്നെ എനിക്ക് തലോടൽ പോലെയാണ്.. സത്യത്തിൽ ഇപ്പൊ ഏട്ടന്റെ കയ്യീന്നു ഒരെണ്ണം കിട്ടിയില്ലേൽ അണ്ണാക്കിൽ നിന്ന് ആഹാരമിറങ്ങാത്ത ദെണ്ണമാണ്.. ഒക്കെ സ്നേഹകൂടുതല് കൊണ്ടാട്ടോ…

അല്ലേലും സ്നേഹമുള്ള ആണുങ്ങളായാൽ ഇങ്ങനെ വേണം … ഇടയ്ക്ക് ഇടയ്ക്ക് അടീം തൊഴീം തരണം.. ന്നിട്ട് കരഞ്ഞു മെഴുകി നിക്കണ കെട്ട്യോളോട് പറയണം, ഇഷ്ട്ടക്കൂടുതലൊണ്ടല്ലേ ന്ന്…സഹിച്ചോളാൻ ന്ന്..

അല്ലാതെ, അടിയും ഇടിയും ഒന്നുമില്ലാതെ സ്നേഹത്തിൽ മാത്രം ജീവിക്കുന്നതൊക്കെ ഒരു ജീവിതം ആണോ…. .അയ്യേ…

അപ്പൊ ശരി.. പറഞ്ഞു പറഞ്ഞു സമയം പോയി… ഞങ്ങൾ പോയേച്ചും വരാം.. ബാക്കി സ്റ്റിച് എടുത്ത് വന്നിട്ട്…..

വാൽകഷ്ണം : കഥയ്ക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്ന ആരേലുമായി വെല്ല സാമ്യവുമുണ്ടേൽ… ഉണ്ടേൽ ഇപ്പൊ ഞാനെന്നാ പറയാനാ…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *