അടുക്കളയിൽ ഓരോ ജോലി ചെയ്യുമ്പോഴും രാധ ഭർത്താവിനെ കുറിച്ചുള്ള കുറ്റങ്ങൾ…….

ആണൊരുത്തൻ

എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ

പതിവുപോലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ മക്കൾക്ക് ഉള്ള പലഹാരപ്പൊതിക്കൊപ്പം വീട്ടിലേക്കുള്ള സാധനങ്ങളും വാങ്ങാൻ മധു മറന്നിരുന്നില്ല. മധു വീട്ടിലേക്ക് എത്തുമ്പോൾ തന്നെ മക്കൾ വായിച്ച് പഠിക്കുന്നത് കേട്ട് തുടങ്ങിയിരുന്നു. വീട്ടിലേക്ക് കയറുമ്പോൾ ഭാര്യ രാധവന്ന് അയാളുടെ കയ്യിൽ ഇരുന്ന കവർ വാങ്ങി അടുക്കളയിലേക്ക് നടന്നു…

” അതേ കുളിക്കാനുള്ള വെള്ളം ബക്കറ്റിൽ കോരി വച്ചിട്ടുണ്ടേ….”

രാധ അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ മധുവിനോട് പറഞ്ഞു. കുളി കഴിഞ്ഞ് വന്ന് മധുവും ഭാര്യയും മക്കളും ഒരിമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്…

” ഇന്ന് കോൺക്രീറ്റ് ആയിരുന്നു ആ ബംഗാളികൾ എല്ലാം വരാത്തത് കൊണ്ട് നടുവൊടിഞ്ഞു നീയൊന്ന് തൈലം ഇട്ടു തന്നെ….”

കിടക്കനായി രാധ മുറിയിലേക്ക് വന്നപ്പോൾ ആണ് മധു നടുവും തടവി പറഞ്ഞത്. കമഴ്ന്ന് കിടന്ന മധുവിന്റെ നടുവിന് തൈലവും ഇട്ടു കൊടുത്ത ശേഷമാണ് രാധ കിടന്നത്….

” നിങ്ങളിന്ന് ജോലിക്ക് പോകുന്നില്ലേ മനുഷ്യാ ….”

പതിവ് സമയം ആയിട്ടും എഴുന്നേൽക്കാതെ കിടക്കുന്ന മധുവിനോട് രാധ അടുക്കളയിൽ നിന്ന് വിളിച്ചു ചോദിച്ചു. മുറിയിൽ നിന്ന് മധുവിന്റെ മറുപടി ഒന്നും കേൾക്കാതെ ഇരുന്നപ്പോൾ ദോശ മറിച്ചിട്ട് ചട്ടുകം പിടിച്ചുരുന്ന കൈ നടവിന് താങ്ങിക്കൊണ്ടവർ മുറിയിലേക്ക് നടന്നു. മുറിയുടെ ചാരിയ വാതിൽ തള്ളി തുറന്ന് നോക്കുമ്പോൾ മധു അപ്പോഴും ഉറക്കത്തിൽ ആണ്..

” നിങ്ങളിന്ന് ജോലിക്ക് പോകുന്നില്ലേ…”

ചട്ടുകം ഇരുന്ന കൈ നടുവിൽ തന്നെ കുത്തിക്കൊണ്ടു മറ്റേ കൈ കൊണ്ട് രാധ മധുവിനെ കുലുക്കി വിളിച്ചു ചോദിച്ചു. ഉറക്കം നഷ്ടമായ ദേഷ്യത്തിൽ അയാൾ തല ചരിച്ച് അവളെയൊന്ന് നോക്കിയിട്ട് വീണ്ടും ഭിത്തിയിലേക്ക് ചേർന്ന് കിടന്നു…

” രണ്ട് ദിവസം ജോലിക് പോയാൽ പിന്നെ രണ്ടാഴ്ച്ച പണിക്ക് പോകില്ല, ഇനി വീട്ടിൽ വെറുതെ കിടക്കും. ഈ ചിട്ടിയും ലോണും എല്ലാം ഞാൻ ഇനി എങ്ങനെ അടയ്ക്കോമോ ആവൊ….. എന്റെയും പിള്ളേരുടെയും വിധി അല്ലാതെന്താ…”

രാധ പിറുപിറുത്തുകൊണ്ട് വീണ്ടും അടുക്കളയിലേക്ക് പോയി. പിന്നെയും ദോശ ചുടുമ്പോൾ അവർ അയ്യാളുടെ കുറ്റങ്ങൾ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു, ഉറക്കം നഷ്ടമായി തിരുഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ അടുക്കളയിൽ നിന്നുള്ള രാധയയുടെ പിറുപിറുപ്പ് ആയാൾ അവ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു

പിന്നെയും അടുക്കളയിൽ ഓരോ ജോലി ചെയ്യുമ്പോഴും രാധ ഭർത്താവിനെ കുറിച്ചുള്ള കുറ്റങ്ങൾ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ടേയിരുന്നു. അൽപ്പം കൂടി കഴിഞ്ഞാണ് മധു എഴുന്നേറ്റത്, എഴുന്നേറ്റയാൾ കട്ടിലിൽ ഇരിക്കുമ്പോൾ കഴിഞ്ഞ ദിവസം കോൺക്രീറ്റ് ചെയ്തതിന്റെ ക്ഷീണമെന്നോണം കൈകൾക്കും കാലിനും നല്ല വേദന ഉണ്ടായിരുന്നു, കൈ വെള്ളയിലെ പൊട്ടിയ തൊലികളിൽ ഒന്ന് നോക്കിയിട്ട് അയാൾ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു…

അടുകളയിൽ അടച്ച് വച്ചിരുന്ന തണുത്ത കട്ടൻ കാപ്പി ഗ്ലാസ്സിലേക്ക് ഒഴിക്കുമ്പോൾ അയാൾ ഇടങ്കണ്ണിട്ട് ഭാര്യയെ നോക്കി, അവർ അയാളെ നോക്കാതെ തിരിഞ്ഞ് നിന്ന് ദോശ ചുടുന്നത് കണ്ടപ്പോൾ മധു ഒന്നും മിണ്ടാതെ ഗ്ലാസ്സുമായി അടുക്കളയുടെ പുറത്തെ ചായ്പ്പിൽ കിടന്ന പഴയ ബഞ്ചിൽ പോയി ഇരുന്നു…

” ഇന്നലത്തെ വർപ്പിന്റെ ക്ഷീണമാകും ല്ലേ…”

വേലിക്കപ്പുറത്ത് നിന്ന് മോഹന്റെ ശബ്ദം കേട്ടപ്പോൾ ഒന്ന് ചിരിച്ച് തല കുലിക്കി കൊണ്ട് മധു വേലിക്കരികിലേക്ക് ചെന്നു. രണ്ടാളും വേലിക്കാരികിൽ നിന്ന് സംസാരിക്കുന്നത് കണ്ടപ്പോൾ രാധ വീണ്ടും മുറുമുറുപ്പ് തുടങ്ങി…

” മോളെ മായെ….”

മധു തിരികെ വന്ന് കട്ടൻ കാപ്പി കുടിച്ച ഗ്ലാസ് തിരികെ അടുക്കളയിൽ കൊണ്ട് വയ്ക്കുന്ന കൂട്ടത്തിൽ മോളെ വിളിച്ചു. ആദ്യ വിളിക്ക് മറുപടി കിട്ടാത്തത് കൊണ്ട് അയാൾ ഒന്ന് കൂടി മോളെ വിളിച്ചു…

” എന്താ അച്ഛാ….”

മുറിയിൽ നിന്ന് മായയുടെ മറുപടി വന്നു…

” നി രണ്ട് തൊട്ടി വെള്ളം കോരി തന്നെ അച്ഛന് കുളിക്കാൻ…”

അടുക്കളയിൽ ഇരുന്ന വെളിച്ചെണ്ണ കുപ്പിയിൽ നിന്ന് കുറച്ച് കയ്യിൽ ഒഴിച്ച് അത് തലയിൽ തേച്ച് കൊണ്ട് മധു പറഞ്ഞു…

” എനിക്ക് കുറെ എഴുതാൻ ഉണ്ട്, അച്ഛൻ അമ്മയോട് എങ്ങാനും പറ…”

അയാൾ ചോദിച്ചു തീരും മുൻപ് തന്നെ മായയുടെ മറുപടി വന്നു…

” മനു….”

ബ്രഷിൽ പേസ്റ്റ് തേച്ചു കൊണ്ടാണ് മധു മോനെ വിളിച്ചത്…

” അവനും പഠിക്കാനും എഴുതാനും ഉണ്ട്…”

അത് പറഞ്ഞത് രാധയാണ്, ഭാര്യയുടെ വാക്കുകളിലെ നീരസം മധുവിന് മനസ്സിലായത് കൊണ്ട് കൂടുതൽ ഒന്നും പറയാതെ മധു പല്ലും തേച്ച് കിണറ്റിൻ ചോട്ടിലേക്ക് നടന്നു. തലേ ദിവസത്തെ ജോലിയിൽ തൊലികൾ പൊട്ടിയ കൈ കൊണ്ട് കിണറ്റിൽ നിന്ന് വെള്ളം കോരുമ്പോൾ മധുവിന് വല്ലാത്ത വേദന അനുഭവപ്പെട്ടത് കൊണ്ട് അന്ന് രണ്ട് തൊട്ടി വെള്ളം കൊണ്ട് കുളിച്ചെന്ന് വരുത്തി തീർത്തു…

കുളി കഴിഞ്ഞ് വന്ന് കാപ്പി കുടിക്കാൻ ഇരിക്കുമ്പോൾ മേശപ്പുറത്ത് ദോശയും ചമ്മന്തി കറിയും കൊണ്ട് വച്ച് മിണ്ടാതെ തിരിഞ്ഞു നടന്ന രാധയെ കണ്ടപ്പോൾ മധുവിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ഇന്നിനി വീട്ടിൽ ഇരുന്നാൽ ഭാര്യയുടെ വീർപ്പിച്ച മുഖവും കുത്തി കുത്തിയുള്ള വാക്കുകളും കേൾക്കേണ്ടി വരും എന്നറിയാവുന്നത് കൊണ്ട് കാപ്പി കുടി കഴിഞ്ഞ് മധു കവലയിലേക്ക് പോകാൻ ഇറങ്ങി. പോകും മുൻപേ പതിവ്പോലെ തലേദിവസം കിട്ടിയ ജോലി കാശിൽ നിന്ന് അൻപത് രൂപ പോക്കറ്റിൽ ഇട്ട് ബാക്കി പൈസ മേശപ്പുറത്തെ പഴയ ഡയറിക്കടിയിൽ വയ്ക്കാൻ മറന്നില്ല…

കവലയിലേക്ക് നടക്കുമ്പോൾ ആണ് ശിവൻ പിക്കപ്പ് കൊണ്ട് നിർത്തിയത്…

” മധുവെട്ടാ, ഇന്നും ചെറിയ ഒരു കോൺക്രീറ്റ് ഉണ്ട് വരുന്നോ…”

” ന്റെ പൊന്ന് ശിവാ നി ഇതും പറഞ്ഞാ ഇന്നലെ വിളിച്ചോണ്ട് പോയത് ദേ കൈ മൊത്തവും പൊട്ടി….”

രണ്ട് കയ്യും ശിവന് നേർക്ക് നീട്ടിക്കൊണ്ട് മധു പറഞ്ഞു….

” മടുവേട്ട ഇന്ന് കുറെ ബംഗാളികൾ ഉണ്ട് കണ്ടില്ലേ ഇതൊക്കെ അങ്ങോട്ടാ.. നിങ്ങള് പൊന്നോളീൻ വല്യ പണി ഒന്നും എടുക്കേണ്ട….”

ശിവൻ അത് പറയുമ്പോൾ ആണ് പിക്കപ്പിന്റെ പിറകിൽ നിൽക്കുന്ന ബംഗാളികളെ മധു ശ്രദ്ധിച്ചത്, അതിൽ ഒന്ന് രണ്ടുപേർ ഇന്നലെയും ഉണ്ടായിരുന്നു…

” മധുവേട്ട ഇങ്ങള് കേറീൻ, ഫുഡും കിട്ടും പൈസയും കിട്ടും പിന്നെ രണ്ടു ചെറുതും അടിക്കാം…”

ശിവൻ അത് പറഞ്ഞപ്പോൾ മധുവും വണ്ടിയിൽ കയറി…

ഏതാണ്ട് രണ്ട് മണിയോടെയാണ് അവിടത്തെ ജോലി കഴിഞ്ഞത്. ജോലി കഴിഞ്ഞ് കയ്യും കാലും കഴുകി വന്നപ്പോഴേക്കും എല്ലാവർക്കും ജോലി കൂലിയ്ക്ക് ഒപ്പം ഓരോ പൊതി ബിരിയാണിയും കിട്ടി, അത് വാങ്ങി എല്ലാവരും ഒഴിഞ്ഞ ഓരോയിടത്ത് ഇരുന്ന് കഴിച്ചു തുടങ്ങിയപ്പോൾ മധു കിട്ടിയ പൈസ പോക്കറ്റിലിട്ട് അവിടുന്ന് കിട്ടിയ ഒഴിഞ്ഞ കവറിൽ ബിരിയാണിയിട്ട് അത് മടക്കി കയ്യിൽ പിടിച്ചു…

” എന്താ മധുവേട്ട നിങ്ങള് കഴിക്കുന്നില്ലേ….”

ബിരിയാണിയിലെ കോഴിയുടെ കക്ഷണം കടിച്ചു വലിക്കുന്നതിനിടയിൽ ശിവൻ ചോദിച്ചു…

” ആ ഇനിയിപ്പോ വീട്ടിലേക്ക് അല്ലെ ഇത് പിള്ളേർക്ക് കൊടുക്കാം….”

മധു ചിരിച്ചുകൊണ്ട് അതും പറഞ്ഞ് വണ്ടിയിലേക്ക് കയറി ഇരുന്നു. അവിടെയാകെ എല്ലാവരും കഴിക്കുന്ന ബിരിയാണിയുടെ മണം മധുവിന്റെയും മൂക്കിൽ അടിച്ചപ്പോൾ വയറ്റിൽ നിന്ന് വിശപ്പിന്റെ വിളി കൂടി….

” അതേ ഇങ്ങക്ക് സാധനം വേണോ..”

ബിരിയാണി കഴിച്ച് കഴിഞ്ഞ് വന്ന ശിവൻ മെല്ലെ മധുവിനോട് ചോദിച്ചു…

” അതിന് കുപ്പിയുണ്ടോ ഇവിടെ…”

മധു ആകാംക്ഷയോടെ ചോദിച്ചു…

” എല്ലാം ബംഗാളികൾ അയോണ്ടാണ് പുള്ളി കുപ്പി എടുക്കാതേ എല്ലാവരും കൂടി അലമ്പ് ആകും… എനിക്ക് ഒന്ന് പുള്ളി തന്നിട്ടുണ്ട് വേണേൽ അതിൽ നിന്ന് കുറച്ച് ഊറ്റാം…”

ശിവൻ അത് പറഞ്ഞു കഴിയും മുൻപേ തന്നെ മധു വണ്ടിയിൽ നിന്ന് ഇറങ്ങി പുറത്ത് ഒഴിഞ്ഞ കുപ്പി തപ്പി നടന്നു. ആരോ കുടിച്ചിട്ട ഒഴിഞ്ഞ ഒരു കുപ്പി കണ്ടപ്പോൾ വേഗം അതെടുത്ത് കഴുകി ശിവന്റെ അരികിലേക്ക് നടന്നു. വണ്ടിയിൽ ഒളിച്ചു വച്ചിരുന്ന മദ്യ കുപ്പിയിൽ നിന്ന് കുറച്ചൊഴിച്ച് മധുവിന് നൽകി. മധു ചുറ്റും ഒന്ന് നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തി ആ കുപ്പി തന്റെ അരയിൽ തിരുകി വണ്ടിയിൽ ഇരുന്നു…

ശിവൻ മധുവിനെ കവലയിൽ ഇറക്കി വിട്ട് ബംഗാളികളെയും കൊണ്ട് പോയി. കവലയിലെ ഹോട്ടലിൽ നിന്ന് ഒരു ബിരിയാണി കൂടി പാഴ്‌സൽ വാങ്ങിയാണ് മധു വീട്ടിലേക്ക് നടന്നത്. വീട്ടിൽ ചെന്ന് മക്കളുടെ കയ്യിൽ ആ പൊതികൾ ഏല്പിക്കുമ്പോൾ സന്തോഷം കൊണ്ടവർ ബിരിയാണി പൊതി മൂക്കിനോട് ചേർത്ത് പിടിച്ച് മണപ്പിച്ചു കൊണ്ട് അതുമായി അടുക്കളയിലേക്ക് ഓടി..

മധു മുറിയിൽ കയറി അരയിൽ ഉണ്ടായിരുന്ന കുപ്പി അലമാരയുടെ പുറകിൽ ഒളിച്ച് വച്ച് നേരെ കുളിക്കാൻ പോയി. കഴിഞ്ഞ ദിവസം കയ്യിലെ പൊട്ടി അടർന്ന തൊലി കുറച്ച് കൂടി അടർന്നത് കൊണ്ട് വെള്ളം വീണപ്പോൾ നല്ല നീറ്റലിണ്ടയിരുന്നു മധുവിന്…

കുളി കഴിഞ്ഞ് വന്നപ്പോഴേക്കും കൊണ്ട് വന്ന ബിരിയാണി മക്കൾ രണ്ടും കൂടി കഴിച്ചു തുടങ്ങി അതിൽ നിന്ന് ഇടയ്ക്ക് രാധ കയ്യിട്ട് വാരി കഴിക്കുന്നത് കണ്ടപ്പോൾ മധു ചിരിച്ചികൊണ്ട് അടുക്കളയിൽ നിന്ന് ഒരു ഗ്ലാസ്സിൽ പകുതി വെള്ളവുമായി രാധ കാണാതെ മുറിയിലേക്ക് നടന്നു…

കൊണ്ട് വന്ന ഗ്ലാസ്സിലേക്ക് അലമാരയുടെ പുറകിൽ ഒളിപ്പിച്ച മദ്യ കുപ്പിയിൽ നിന്ന് മദ്യം പകർന്നു, അത് ഒറ്റ വലിക്ക് അകത്താക്കി മുണ്ടിന്റെ അറ്റം കൊണ്ട് ചിറിയും തുടച്ച് കുപ്പിയും ഗ്ലാസ്സും പഴയത് പോലെ ഒളിപ്പിച്ചു വച്ചു…

” രാധേ എനിക്കും കുറച്ച് ചോറെടുക്ക്…”

മുടി ചീകുമ്പോൾ മധു ഭാര്യയോട് വിളിച്ചുപറഞ്ഞു. മധു മുറിയിൽ നിന്ന് പുറത്ത് വരുമ്പോഴാണ് രാധ ഭക്ഷണം എടുക്കാൻ തുടങ്ങിയത്…

” ഇന്നെന്താ മീൻ വാങ്ങിയില്ലേ…”

തന്റെ മുന്നിൽ ഇരിക്കുന്ന ചോറും, മോര് കറിയും, തേങ്ങാ ചമ്മന്തിയും, പാവയ്ക്ക തോരനും കണ്ടപ്പോൾ മധു രാധയോട് ചോദിച്ചു…

” ആ ഇന്ന് മീൻകാരൻ വന്നില്ല…”

രാവിലത്തെ പോലെ തന്നെ ഭാര്യയുടെ മുഖത്ത് വെളിച്ചമൊന്നും കാണാതെ ഇരുന്നപ്പോൾ അവൾ മനപൂർവം വാങ്ങാതെ ഇരുന്നത് ആണെന്ന് മധുവിന് മനസ്സിലായി. പിന്നെ കൂടുതൽ ഒന്നും സംസാരിക്കാതെ മധു കഴിച്ച് എഴുന്നേറ്റു….

രാധ കാണാതെ തന്നെയാണ് ഒരു മഗ്ഗിൽ വെള്ളവും കൊണ്ട് മുറിയിൽ കയറിയത്, ഒളിപ്പിച്ചുവച്ച മദ്യം അൽപ്പം ഗ്ലാസ്സിൽ പകർന്ന് അതിലേക്ക് വെള്ളം ഒഴിച്ച് ഒറ്റ വലിക്ക് അകത്താക്കി. മദ്യവും ഗ്ലാസ്സും വീണ്ടും പഴയ സ്ഥലത്ത് വച്ച് മധു കട്ടിലിൽ കയറി കിടന്നു. ജോലി ക്ഷീണം കൊണ്ടും മദ്യത്തിന്റെ ലഹരി കൊണ്ടും കിടന്നയുടനെ തന്നെ മധു ഉറക്കത്തിലേക്ക് വഴുതി വീണു…

മധു കണ്ണ് തുറക്കുമ്പോൾ നേരം ഇരട്ടിയിരുന്നു, പുറത്ത് നിന്ന് ടിവി യിൽ സീരിയലിന്റെ ഉച്ചത്തിൽ ഉള്ള ശബ്ദം കേൾക്കുന്നുണ്ട്. അൽപ്പനേരം എഴുന്നേറ്റ് കട്ടിലിൽ ഇരുന്ന ശേഷമാണ് മുറിയിലെ ലൈറ്റ് ഓൺ ചെയ്തത്, നേരത്തെ മേശപ്പുറത്ത് വച്ചിരുന്ന മഗ്ഗ് കാണാതെ ഇരുന്നപ്പോൾ മധു അലമാരയുടെ പുറകിൽ നോക്കി അവിടെ ഉണ്ടായിരുന്ന മദ്യകുപ്പിയും ഗ്ലാസ്സും കാണാതായപ്പോൾ എല്ലാം ഭാര്യ എടുത്ത് കളഞ്ഞേന്ന് അയാൾ ഉറപ്പിച്ചു. അൽപ്പ നേരം കൂടി മുറിയിൽ ഇരുന്ന ശേഷമാണ് മധു പുറത്തേക്ക് ഇറങ്ങിയത്…

” നി അതിന്റെ ശബ്ദം ഒന്ന് കുറച്ച് വയ്ക്ക് പിള്ളേർ പഠിക്കുന്നത് കണ്ടില്ലേ..”

സീരിയലിന്റെ മുന്നിൽ ലയിച്ചിരിക്കുന്ന രാധയോട് അത് പറയുമ്പോൾ ടീവിയുടെ ശബ്ദം അൽപം കുറച്ചു രാധ…

” എന്തിനാ കുറെ പഠിച്ചിട്ട്, ഇവിടെ ഒരാൾ കിട്ടുന്ന പൈസയ്ക്ക് മൊത്തം കുടിച്ച് തീർക്കുക അല്ലെ, ഒരു പെൺ കുട്ടിയാണ് വളർന്ന് വരുന്നതെന്ന ചിന്തയില്ല, നാളെ അവളെ ഒരുത്തന്റെ കൂടെ പറഞ്ഞ് വിടേണ്ടത് അല്ലെ, എന്തെടുത്ത് കൊടുത്ത് വിടും….”

രാധയുടെ പതിവ് കുറ്റപ്പെടുത്തലുകൾ തുടങ്ങിയപ്പോൾ മധു ഒന്നും മിണ്ടതെ ഉമ്മറപ്പടിയിൽ പോയി ഇരുന്നു…

” ഞാൻ എന്തേലും പറഞ്ഞാൽ വായിൽ നാക്ക് ഉണ്ടെന്ന് അറിയില്ല…”

രാധ വീണ്ടും തുടർന്നപ്പോൾ മധു തിരിഞ്ഞൊന്ന് രാധയെ നോക്കി…

” അവളെ ഞാൻ പഠിപ്പിക്കും, ജോലിയും വാങ്ങി കൊടുക്കും എന്നിട്ട് സ്വർണ്ണം, പണ്ഡവും ഒന്നും കൊടുക്കാതെ തന്നെ ഒരുത്തന്റെ കയ്യിൽ ഏൽപ്പിക്കും…”

” ഉം ഇപ്പോൾ വരും സ്വർണ്ണവും പണ്ഡവും ഇല്ലാതെ കെട്ടിക്കൊണ്ടു പോകാൻ…. നിങ്ങളെ പോലെ ഏതേലും കൂലി പണിക്കാരൻ ചിലപ്പോൾ വരുമായിരിക്കും… ഈശ്വര എന്നെപ്പോലെ കഷ്ട പ്പെടാൻ തന്നെയാണല്ലോ എന്റെ മോളുടെയും വിധി…”

പരിഹാസത്തോടെ രാധ അത് പറയുമ്പോൾ മധുവിന് ദേഷ്യം കയറി…

” അതെന്താ കൂലിപ്പണിക്കാരന് കുഴപ്പം, നിന്നെ കെട്ടുമ്പോൾ നിന്റെ അച്ഛന്റെ കയ്യിൽ നിന്ന് അഞ്ചിന്റെ പൈസ ഞാൻ വാങ്ങിയില്ലലോ,എന്നാലും നിന്നെയും മക്കളെയും ഞാൻ ഇതുവരെ പട്ടിണിക്ക് ഇട്ടിട്ടുണ്ടോ, നിങ്ങളുടെ എന്തേലും കാര്യത്തിന് മുടക്കം വന്നിട്ടുണ്ടോ ഇല്ലല്ലോ…”

മധുവും വിട്ട് കൊടുക്കാൻ തയ്യാറായില്ല…

” അച്ഛൻ കടത്തിൽ മുങ്ങി നിൽക്കുമ്പോൾ ഓരോന്ന് പറഞ്ഞ് അച്ഛനെ മയക്കി എടുത്തല്ലേ നിങ്ങൾ എന്നെ കെട്ടിയത്, എന്റെ വിധി അല്ലാതെന്താ….”

രാധ അത് പറയുമ്പോൾ മധു അവളെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് അവളിൽ നിന്ന് നോട്ടം മാറ്റി പുറത്തേക്ക് നോക്കിയിരുന്നു…

” ആ സുശീലയുടെ കെട്ടിയൊൻ എത്ര തവണ പറഞ്ഞതാ ഗൾഫിൽ കൊണ്ടുപോകാം ന്ന് അപ്പോ പോകില്ല, അവരൊക്കെ അടിപൊളി വീടും വച്ച് സുഖമായി ജീവിക്കുന്നു, ഇവിടെ ഒരാൾ…..”

രാധ മുഴുവിപ്പിക്കാതെ അതും പറഞ്ഞ് എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി. മധു കുറച്ച് നേരം കൂടി അവിടെ ഇരുന്നിട്ട് വീണ്ടും പോയി കിടന്നു, കുറച്ച് ദിവസമായി ഉള്ള നടുവേദന വീണ്ടും കൂടിയത് പോലെ കട്ടിലിൽ കമഴ്ന്ന് കിടന്ന് കൈകൊണ്ട് നടുവിൽ തടവി തടവി അയാൾ കിടന്നു…

” അച്ഛാ ചോറ് കഴിക്കാൻ അമ്മ വിളിക്കുന്നു…”

ഇടയ്ക്ക് മോൾ വന്ന് വിളിച്ചപ്പോൾ വിശപ്പില്ല എന്നും പറഞ്ഞ് മധു വീണ്ടും കിടന്നു… പിന്നെയും ഏറെ വൈകിയാണ് രാധ മുറിയിലേക്ക് വന്നത്…

” നീ ആ തൈലം എടുത്തൊന്ന് നടുവിന് ഇട്ടു തന്നെ….”

അത് പറയുമ്പോഴും മധു നടുവും തടവി കമഴ്ന്ന് കിടക്കുക ആയിരുന്നു…

” നിങ്ങൾക്ക് നേരത്തെ പറഞ്ഞൂടായിരുന്നോ, ഞാൻ ജോലിയൊക്കെ കഴിഞ്ഞ് മേല് കഴുകി ഇനി നാറ്റം പിടിച്ച തൈലം കയ്യിൽ ഒന്നും ആക്കാൻ വയ്യ…”

രാധ കണ്ണാടിക്ക് മുന്നിൽ നിന്ന് അത് പറയുമ്പോൾ മധു ഒന്നും മിണ്ടാതെ എഴുന്നേറ്റ് പോയി തൈലം എടുത്തു…

” അതും തേച്ച് കട്ടിലിൽ കിടന്നിട്ട് ദിവസവും ബെഡ് ഷീറ്റ് അലക്കാനൊന്നും എനിക്ക് പറ്റില്ല, ഉള്ള ജോലിയെടുത്ത് തന്നെ മനുഷ്യന്റെ നടുവൊടിഞ്ഞു…”

അതും പറഞ്ഞ് മധുവിനെ നോക്കാതെ നടുവിന് കയ്യും താങ്ങി രാധ കട്ടിലിൽ കിടന്നു. മധു ഒന്നും മിണ്ടാതെ അലമാരയുടെ മുകളിൽ മടക്കി വച്ചിരുന്ന പായ തറയിൽ വിരിച്ച് നടുവിന് തൈലവും തേച്ച് മധു പായയിൽ കിടന്നു…

” നിങ്ങളിന്ന് ജോലിക്ക് പോകുന്നില്ലേ…”

പതിവുപോലെയുള്ള രാധയുടെ ശബ്ദം കേട്ടാണ് മധു ഉണർന്നത്…

” ഇന്ന് പോകുന്നില്ല…”

അത് പറഞ്ഞ് മധു ഒന്ന് കൂടി ചുരുണ്ട് കൂടി കിടക്കും മുമ്പ് തന്നെ അടുക്കളയിൽ നിന്ന് രാധയുടെ മുറുമുറുപ്പ് കേട്ട് തുടങ്ങി…

അന്ന് ഏറെ വൈകിയാണ് മധു എഴുന്നേറ്റത് അടുക്കളയിൽ ചെല്ലുമ്പോൾ രാധ എന്തോ ജോലിയിൽ ആണ്. മധു പല്ലുംതേച്ച് വരുമ്പോഴും രാധ മധുവിനെ കണ്ട ഭാവം നടിച്ചില്ല…

” നീ കഴിക്കാൻ എന്തേലും എടുത്തെ..”

മധു രാധയോട് പറഞ്ഞുകൊണ്ട് മുറിയിലേക്ക് നടന്നു…

” വേറെ പണിയൊന്നും ഇല്ലാലോ എടുത്ത് കഴിക്ക് ഞാൻ ഒരു ജോലി ചെയ്യുന്നത്‌ കണ്ടില്ലേ…”

രാധ അത് പറയുമ്പോൾ മധു ഒന്നും മിണ്ടിയില്ല, അടുക്കളയിൽ വന്ന് തണുത്ത കട്ടൻ കാപ്പി ചൂടാക്കി പുട്ടിന്റെ കക്ഷണം കൈ കൊണ്ട് അടർത്തിയെടുത്ത് അതും കടിച്ച് കട്ടനും കുടിച്ച് അടുക്കള വാതിൽ ചാരി പുറത്തേക്ക് നോക്കി നിൽക്കുമ്പോൾ പണ്ട് അച്ഛൻ പറഞ്ഞ വാക്കുകൾ ആണ് അയാൾ ഓർത്തത്…

” ആണൊരുത്താൻ കുടുംബത്തിൽ നിന്ന് ജോലിക്ക് ഇറങ്ങി തുടങ്ങിയാൽ അവന്റെ ജീവിതാവസാനം വരെ കുടുംബത്തിന് വേണ്ടി ജോലി ചെയ്തു കൊണ്ടിരിക്കാൻ ആണ് വിധി, ഇനിയിപ്പോ ഒന്നോ രണ്ടോ ദിവസം തീരെ വയ്യാതെ വീട്ടിൽ കിടന്നാൽ കാണാം വീട്ടുകാരുടെ സ്നേഹം…”

അന്ന് അത് പറയുമ്പോൾ അച്ഛനിൽ ഉണ്ടായിരുന്ന അതേ ചിരി ഇന്ന് അറിയാതെ മധുവിന്റെ ചുണ്ടിലും വരിഞ്ഞു, അപ്പോഴും രാധ അടുക്കളയിൽ എന്തൊക്കെയോ പിറുപിറുത്ത് കൊണ്ടിരിപ്പുണ്ടായിരുന്നു…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *