അവളോട് യാത്ര പറഞ്ഞു വീട്ടിലേക്കു നടക്കുമ്പോൾ നിർമലയുടെ വാക്കുകൾ എന്നെ തേടി വന്നു… ആ വാക്കുകളിൽ പരിഹാസമാണെങ്കിലും ആ മനുഷ്യനെയും അയാൾ നൽകിയ……..

തേൻമിഠായി

എഴുത്ത് :- ആഷാ പ്രജീഷ്

ആ പ്രദക്ഷിണ വഴികളിൽ അയാളുടെ കാൽപാദങ്ങളെ പിൻ തുടർന്ന് നീങ്ങവേ എന്റെ മനസിന്റെ കോണിൽ പലതരത്തിലുള്ള ചിന്തകൾ ഉരുത്തിരിയുക യായിരുന്നു…

നൂറു നൂറു സംശയങ്ങൾ… “ഈ മനുഷ്യൻ!!!ഇയാൾ ആരാണ്??? പെട്ടന്നൊരു നാൾ എന്റെ സമീപത്തേക്ക് നടന്നടുത്ത ഇയാളെ എനിക്ക് മനസിലാക്കാനേ കഴിയുന്നുണ്ടറിയുന്നില്ല… പക്ഷെ ഒന്ന് മാത്രം അറിയാം…

“ഏത് വരൾച്ചക്കും അപ്പുറം ഒരു വർഷമുണ്ടാകുമെന്ന്… വരണ്ടുണങ്ങിയ ഭൂമിയിലേക്ക് വർഷം മെല്ലെ പെയ്തിറങ്ങുമെന്ന്…” മനോനില തെറ്റിയ ആളെപ്പോലെയല്ല അയാൾ അത് പറഞ്ഞത്… വിദൂരതയിലേക്ക് നോക്കിയാണ് അങ്ങനെ പറഞ്ഞതെങ്കിലും അത് എന്നോട് പറയുന്നത് പോലെയാണ് എനിക്ക് തോന്നിയത്…

അയാൾ നടന്നു നീങ്ങിയപ്പോൾ ഞാൻ ഞെട്ടി തിരിഞ്ഞു നോക്കിയ തെന്തിനാണ്??? ഇപ്പോഴത്തെ എന്റെ അവസ്ഥ അതായതു കൊണ്ടാകും…

“”കാഴ്ച്ചക്ക് സുന്ദരനായ ഒരു മനുഷ്യൻ അല്ലെ..ചെറിയ നൊസ് ഉണ്ടെന്ന് തോന്നുന്നു…” നിർമല എന്റെ മുഖത്തേക്ക് നോക്കി.. പക്ഷെ എനിക്ക് ആ ആളെ പിന്തുടരാനാണ് തോന്നിയത്… ആ മുഖം.. ആ കണ്ണുകളിലെ തീക്ഷണ ഭാവം എന്റെ സങ്കടങ്ങളെ കെട്ടടക്കി കളയാനുള്ള ഒരു മന്ത്രികത… അതയാളിൽ ഉള്ള പോലെ തോന്നി..

പുഴയുടെ സമീപത്തെ കല്പടവിൽ ഒന്നിൽ മൗനമായി കുറെ സമയം അയാൾ ഇരുന്നു.. അയാളുടെ ചിന്തകൾ അകലങ്ങളിലെവിടേയോ അപ്പൂപ്പൻതാടി പോലെ പറന്നു നടക്കയാണെന്ന് എനിക്ക് തോന്നി. നിർമലക്ക് നന്നേ കലി കയറി കാണും.. ഞാൻ കുറച്ചു സമയം കൂടി അയാളെ നോക്കിയിട്ട് തിരിഞ്ഞു നടന്നു. അയാളാ ണെങ്കിൽ ഈ ലോകത്തിനും അപ്പുറം മറ്റെവിടയോ അലഞ്ഞു നടക്കുന്ന പോലെ.. ആ ഇരുപ്പിൽ ഒരു യോഗിവര്യനെ പോലെ തോന്നി…

ചെറിയ വഴുക്കലുള്ള ആ കൽപടവുകൾ നടന്നു കയറുമ്പോൾ ആൽത്തറയുടെ സമീപം ദേഷ്യഭാവത്തോട് എന്നെ നോക്കി അവൾ..

സോറി ഡാ….

ഞാൻ ഓർത്ത് ആ വട്ടന്റെ പിറകെ പുഴയിൽ ചാടാൻ പോയതാണെന്ന്…

അവളുടെ വാക്കുകൾ എന്നെ അലോസരപ്പെടുത്തിയെങ്കിലും ഞാൻ മറുതൊന്നും പറഞ്ഞില്ല..

അയാൾ എവിടെ??

അവൾ പുഴക്കരയിലേക്ക് കണ്ണുകൾ പായിചിട്ട് എന്നെ ചോദ്യഭാവത്തിൽ നോക്കി…

മൗനമാണ് ഉചിതം.. വെറുതെ എന്തിനു അവളുടെ വായിൽ നിന്നും വല്ലതും കേൾക്കണം… സങ്കടങ്ങളും സന്തോഷവും പങ്കുവയ്ക്കാൻ തനിക്കായി മാത്രം ഉഴിഞ്ഞു വച്ച തന്റെ പ്രിയ കൂട്ടുകാരി.. അവളോട് മാത്രം ഒരിക്കലും വഴക്കിടാൻ വയ്യ..

എന്നെ ഒന്നുകൂടി തുറിച്ചു നോക്കിയിട്ട് വണ്ടി എടുക്കാനായി തിരിഞ്ഞു നടന്നു കഴിഞ്ഞിരുന്നു അവൾ… പെട്ടന്നാണ്…. ആ ശബ്ദം വീണ്ടും…

“ഒരു പത്തു റുപിയ കൊണ്ട് ഒരു മാജിക്‌ കാണണോ കൊച്ചിന്…!!

തിരിഞ്ഞു നോക്കിയതും തൊട്ടു പിറകിൽ അയാൾ.. ഞാൻ ഒരു നിമിഷം ഞെട്ടി പുറകോട്ട് മാറി..

“ഞാൻ പോലുമറിയാതെ എന്റെ കൈകൾ പേഴ്സിലെ നോട്ടുകൾക്കു ഇടയിൽ പരതി കൊണ്ടിരുന്നു.. അവസാനം കൈയിൽ തടഞ്ഞത് അയാൾക്ക് നേരെ നീട്ടി..

!”ഡീ… എന്നൊരു വിളിയും വണ്ടിയുടെ ഹോണും ഒന്നിച്ചാണ് കേട്ടത്… ഞാൻ ഞെട്ടിയ ഒപ്പം അയാളും ചെറുതായി ഞെട്ടി എന്നെനിക്കു തോന്നി…

നിർമല വല്ലാത്ത കലിപ്പിൽ ആണ്.. ഒന്നാമത് ഇത്തരം വട്ടുകൾ ഒന്നും സമ്മതിച്ചു കൊടുക്കുന്ന ടൈപ് അല്ല ആളു.. പിന്നെ സമയം വൈകിയാൽ ഉണ്ടാവുന്ന പ്രശ്നങ്ങളും…

അയാൾ ആ ചെറിയ പെട്ടിക്കടയിലേക്കാണ് പോയത്.. കാണാൻ പോകുന്ന അത്ഭുതം എന്തെന്നറിയാതെ മടങ്ങി പോകുന്നതെങ്ങനെ… വെയിറ്റ് എന്ന് കൈ കൊണ്ട് കാണിച്ചിട്ടാണ് പെട്ടിക്കട ലക്ഷ്യമാക്കി അയാൾ പോയത്.. നിർമല കൊ ന്നാലും വേണ്ടില്ല അയാൾ എന്തിനാണ് നില്കാൻ പറഞ്ഞത്.. അറിഞ്ഞിട്ട് തന്നെ കാര്യം…

അയാൾ തന്ന ആ ചെറിയ കടലാസുപൊതി കൈയിൽ ചുരുട്ടി പിടിച്ചു വണ്ടിയിൽ കയറുമ്പോൾ നിർമല ഉറക്കെ ചിരിക്കുന്നത് കേൾക്കാമായിരുന്നു.. ചിരിക്കട്ടെ…

“എടി ആ സാധനം ആ കാട്ടിലേക്ക് എറിഞ്ഞു കളയുന്നുണ്ടോ?? അതോ ഞാൻ നിന്നെ ഇവിടെ ഇറക്കി വിടണോ??

നിർത്തു… വണ്ടി നിർത്താൻ…

ഇവൾ ഇത്രക്ക് പറയാനുള്ള തെറ്റൊന്നും ഞാൻ ചെയ്തില്ല. പിന്നെ എന്തിനു ഞാൻ ഇവളുടെ പരിഹാസം കേൾക്കണം..

“നീ എങ്ങോട്ടാ ഇറങ്ങി പോകുന്നെ?? കേറടി വണ്ടിയിൽ.. പിണങ്ങി മുന്നോട്ടു നടന്നു നീങ്ങിയ എനിക്ക് പിന്നൊന്നും ആലോചിക്കേണ്ടി വന്നില്ല… ഓളെ പിണക്കി വാശി കാണിച്ചാൽ ഒന്നര കിലോമീറ്റർ നടക്കണം…

അതുകൊണ്ട് തന്നെ ഒന്നും മിണ്ടാതെ വണ്ടിയുടെ പുറകിൽ അള്ളിപിടിച്ചിരുന്നു..
അപ്പോഴും വലത്തേ കൈയിൽ ആ പൊതി ഭദ്രമായിരുന്നു..

നാളെ രാവിലെ ഭഗവതിയുടെ സന്നിധിയിലേക്ക് എന്റെ കൈയും പിടിച്ചു കൊണ്ട് പോയിട്ട്….ഞാനെ കണ്ടോള്ളൂ.. ഞാൻ മാത്രമേ കണ്ടോള്ളൂ എന്നൊന്നും പറഞ്ഞു കളയേക്കല്ലേ മോളെ…

അവളോട് യാത്ര പറഞ്ഞു വീട്ടിലേക്കു നടക്കുമ്പോൾ നിർമലയുടെ വാക്കുകൾ എന്നെ തേടി വന്നു… ആ വാക്കുകളിൽ പരിഹാസമാണെങ്കിലും ആ മനുഷ്യനെയും അയാൾ നൽകിയ ആ കടലാസുപൊതിയെയും കുറിച്ചു തന്നെയാണ് ഞാൻ ആലോചിച്ചു കൊണ്ടിരുന്നത്….വീണ്ടും അടുക്കളയിലെ തിരക്ക് ജോലികളിൽ മുഴുകി ഇരുന്നപ്പോഴാണ് ആ ശബ്ദം!!!

“എനിക്ക് ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റാണു…

സ്ഥിരം പല്ലവി… കേട്ട് കേട്ട് പഴകിയതുകൊണ്ട് ഇപ്പോൾ പ്രതേകിച്ചു കണ്ണീർ പൊയ്കയിൽ നിന്ന് ജലകണങ്ങൾ അടർന്നു വീഴാറൊന്നുമില്ല…

പകരം ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി വന്നങ്ങനെ നില്കും… ആ പുഞ്ചിരിയോടെ തന്നെയാണ് ചായകപ്പുമായി ഉമ്മറത്തേക്ക് നടന്നത്…

“എടാ ചെക്കാ ഒരെണ്ണം കൂടെ താടാ…..

ആ വാക്കുകൾക്ക് ഒപ്പം മുന്നിൽ കണ്ട കാഴ്ച്ച!!!

ഇപ്പോഴാണ് നിർമലയുടെ വാക്കുകൾ ഓർത്തത്…

“ഞാനെ കണ്ടോള്ളൂ.. ഞാൻ മാത്രമേ കണ്ടോളൂ…..

അങ്ങനെ പറഞ്ഞു കൊണ്ട് അന്തം വിട്ട കുന്തം പോലെ ബാലമണിയുടെ അവസ്ഥയിൽ ചായകപ്പും പിടിച്ചു ഞാൻ അങ്ങനെ നിന്നു…

“അമ്മക്ക് വേണോ ഈ മിഠായി??? സൂപ്പർ ടേസ്റ്റ് ആണ്….

“അതിന്നു ഈ ചെറുക്കൻ ഇത് വല്ലോം കണ്ടിട്ടുണ്ടോ..തേൻനിലാവ് ആണിത്.. തേൻ പോലെ മധുരമുള്ള മിഠായി… മകനെ നോക്കി ചിരിച്ചു കൊണ്ട് ഒരു മിഠായി പകുതി കടിച്ചിട്ട് ബാക്കി എന്റെ നേരെ നീട്ടി…

ഇതിപ്പോ നന്ദനത്തിലെ ബലമാണിയോ സ്വപ്നലോകത്തെ ബാലഭാസ്കരോ അല്ല… വേറെ ഏതോ അവസ്ഥയിൽ തലകറങ്ങി ബോധം പോകുമെന്ന് തോന്നുന്ന നിമിഷങ്ങൾ…

ഭീകരനായി കടിച്ചു കീറാൻ വരുന്നപോലെ പെരുമാറുന്ന ആളാണ്… ഇങ്ങേർക്ക് ഇതെന്ത് പറ്റി… ഫ്രിഡ്ജിന്റെ മുകളിൽ കടലാസ് പൊതിയിൽ ഇടരുന്നതാണ് ആ മിഠായി.. ആ ചെക്കൻ അതെടുത്തു കൊണ്ട് പോയ്ത് കണ്ടില്ല…ഇതിപ്പോ എന്താ ഇവിടെ സംഭവിച്ചത്..??

ഇങ്ങേരുടെ സ്ഥായിയായ ഈ ദേഷ്യഭാവം ഒന്ന് മാറാൻ ദിനവും അമ്പലത്തിൽ ധാരാ കഴിക്കുന്നത് മാത്രം ബാക്കി .. ദേഷ്യം നാൾക്ക് നാൾ വർധിച്ചു വരുന്നു എന്നല്ലാതെ ഫലമൊന്നുമില്ല… തൊട്ടതിനും പിടിച്ചതിനും എല്ലാം ദേഷ്യം.. എന്നെ കാണുന്നതേ കലിപ്പാണ്… കാരണം വേറൊന്നുമല്ല സ്നേഹിച്ച പെണ്ണിനെ കെട്ടാൻ പറ്റിയില്ല.. കിട്ടിയ എന്നിൽ പൊരുത്തപെടാനും പറ്റുന്നില്ല.. അതാണ് ഈ പത്തു വർഷമായി ഈ കലിപ്പ് ഭാവം!!

എന്തായാലും ആ മിഠായിയുടെ പകുതി വായിലേക്കിടുമ്പോൾ അതിനു ഒരു പ്രതേക മധുരമുള്ള പോലെ…

പെട്ടന്ന് ആ മനുഷ്യനെ ഓർത്തു.. പത്തു രൂപയുമായി പെട്ടികടയിലേക്ക് പോയ അയാൾ മേടിച്ചു തന്നതാണ് ആ മിഡായികൾ.. അത് തരുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. “ലച്ചുവിനു ഈ മിഠായി അത്രക്കിഷ്ടമായിരുന്നു എന്ന് ഞാനറിഞ്ഞത് അവൾ മരിച്ചതിനു ശേഷമാണു… എന്റെ ലച്ചുവിന്റെ മുഖമാണ് കുട്ടിക്ക്….”

അയാൾ നടന്നകന്നപ്പോൾ പറഞ്ഞ വാക്കുകൾ ആണത്.

അയാളും എന്റെ ഏട്ടനെ പോലെ ലച്ചുവിൽ ത്രിപ്തനായിരുന്നില്ലേ??

മരണശേഷം മാത്രമാണോ അയാൾ ലച്ചുവിനെ മനസിലാക്കിയുള്ളൂ..??

എന്തായാലും ഇനി അമ്പലത്തിൽ പോകുമ്പോൾ അയാളെ കാണണം. പറയുമെങ്കിൽ ലച്ചുവിനെ കുറിച്ച് അറിയണം.

“മതി നിന്റെ ഒരു അടുക്കള പണി!!എപ്പോഴും അടുക്കളയിൽ ഇങ്ങനെ പാത്രങ്ങളോടെ കലപില പറയണ്ട.. ഇന്നൊരു ദിവസം ഇതിനു അവധി കൊടുക്ക്..
വേഗം റെഡി ആകു..ഹോളിഡേ അല്ലെ.. ഒന്ന് പുറത്ത് പോകാം..

പിന്നെ രാവിലെ അമ്പലത്തിൽ പോയപ്പോൾ ഉടുത്ത സാരി മതി.. അതിൽ നിന്നെ കാണാൻ കുറച്ചു ചന്തമൊക്കെ ഉണ്ട് പെണ്ണെ…

കാതോരം ആ വാക്കുകൾ…

ഇത്…. അത് തന്നെ.. സംശയമില്ല.. അല്ലെങ്കിൽ ഈ പത്തുവർഷമായി കരഞ്ഞു കാല് പിടിച്ചിട്ട് കൂടെ മാറാത്ത ആളാണ്.. ഒരൊറ്റ മിഠായി പൊതിയിൽ ഇത്ര മാറ്റമോ??

എന്റെ കണ്ണാ…. ഇതിപ്പോ നന്ദനം സിനിമ re-loaded ആണോ… ബാലാമണി.. ഇയ്യ് ഒന്ന് പറ.. ശരിക്കും സംഭവം അതാണോ??? ഭഗവാൻ ഈ ദാസിയുടെ മുൻപിൽ ആ ആളുടെ രൂപത്തിൽ വന്നതാണോ???

ഇതിങ്ങനെ ആലോചിച്ചു ചിന്തിച്ചു നില്കാൻ സമയമില്ല… വേഗം അദ്ദേഹതെ പിണക്കാതെ പോകാൻ നോക്കട്ടെ… പോയിട്ട് വന്നിട്ട് ബാക്കി….

ആഷ്

Related Posts

Leave a Reply

Your email address will not be published. Required fields are marked *