അവിടെയും ഒരുപാട് വേദനകൾ അവനെ വേട്ടയാടികൊണ്ടിരുന്നു. പതിനെട്ട് വയസ്സുവരെയുള്ള അതിനകത്തെ ജീവിതം വളരെ ദുസ്സഹമായിരുന്നു…..

Story written by Sumi

ജയിൽ കമ്പികളിൽ മുഖം ചേർത്ത് വിദൂരതയിലേയ്ക്ക് നോക്കി ഗോപു നിന്നു. അവന്റെ മനസ്സിലൂടെ അവ്യക്തമായി എന്തൊക്കെയോ മിന്നിമഞ്ഞു കൊണ്ടിരുന്നു. ദൂരെ എവിടെയോ കുന്നിൻചരിവിലെ ഒരു…. കൊച്ചു വീടും…… അതിനുള്ളിൽ സന്തോഷത്തോടെ കഴിയുന്ന അച്ഛനും അമ്മയും രണ്ടു മക്കളും. മൂത്ത കുട്ടി നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ….. ഉണ്ടായ ഒരു വലിയ ദുരന്തം. ഉരുൾപൊട്ടലിന്റെ രൂപത്തിലെത്തി അവന്റെ അച്ഛനെയും അമ്മയെയും കുഞ്ഞനുജത്തിയെയും വീടും എല്ലാം മണ്ണിനടിയിൽ ഒളിപ്പിച്ചുവച്ചു…. സ്കൂളിലായിരുന്നതുകൊണ്ട് അവൻ മാത്രം രക്ഷപ്പെട്ടു. ആ രക്ഷപ്പെടൽ വേണ്ടിയിരുന്നില്ല എന്നു തോന്നിയ ദിവസങ്ങളും വർഷങ്ങളുമാണ് അവന്റെ ജീവിതത്തിലൂടെ പിന്നീട്‌ കടന്നുപോയത്……..

ആ ഒറ്റപ്പെടലിൽ നിന്നു തുടങ്ങിയ യാത്ര…..എല്ലാം നഷ്ടപ്പെട്ട ഗോപുവിനെ ഏറ്റെടുക്കാൻ ആരും ഉണ്ടായിരുന്നില്ല. എവിടെയൊക്കെയോ അലഞ്ഞു നടന്നു. വിശക്കുമ്പോൾ ആരുടെയെങ്കിലും മുന്നിൽ കൈനീട്ടും. എന്തെങ്കിലും കിട്ടുന്നതു കൊണ്ട് വിശപ്പടക്കും. രാത്രി ഏതെങ്കിലും കടത്തിണ്ണയിലോ ബസ് സ്റ്റാൻഡിലോ കിടന്നുറങ്ങും. രാവിലെ വീണ്ടും അലഞ്ഞു നടക്കും. പല ദിവസങ്ങളിലും പട്ടിണി ആയിരുന്നു. എങ്കിലും ആരിൽ നിന്നും ഒന്നും മോഷ്ടിച്ചിരുന്നില്ല.

പക്ഷെ ഒരിക്കൽ വിശപ്പ് സഹിക്കാൻ കഴിയാതെ പലരുടെ മുന്നിലും കൈനീട്ടി ……ആരും ഒന്നും കൊടുത്തില്ല. വിശപ്പിന്റെ കാഠിന്യം കൂടിക്കൂടി വന്നു. ഒരടിപോലും നടക്കാൻ കഴിയാതെ അവന്റെ കുഞ്ഞിക്കാലുകൾ തളർന്നു. അടുത്തുകണ്ട പൈപ്പിൻ ചുവട്ടിലേയ്ക്ക് വേച്ചു വേച്ചു നടന്നു. വെള്ളം കുടിച്ചപ്പോൾ ചെറിയൊരു ആശ്വാസം തോന്നിയെങ്കിലും….. മുന്നോട്ട് നടക്കാൻ വിശപ്പ് അവനെ സമ്മതിച്ചില്ല. അവിടെക്കണ്ട ഒരു ബേക്കറിയുടെ മുന്നിൽ ചെന്ന് കൈനീട്ടി ……പക്ഷെ അവർ അവനെ ആട്ടിയോടിച്ചു. അവൻ കുറേനേരം അതിന്റെ മുൻപിൽ തന്നെ നിന്നു. വിശപ്പ് അവനെ തളർത്തികൊണ്ടിരുന്നു….. സഹിക്കാൻ കഴിയാതെ അവൻ ആ ബേക്കറിയിലേയ്ക്ക് കയറി ഒരു പാക്കറ്റ് ബിസ്‌ക്കറ്റ് എടുത്ത്…. പുറത്തേയ്ക്ക് ഓടാൻ ശ്രമിച്ചു. പക്ഷെ വിശപ്പ് അവന്റെ കാലുകളെ തളർത്തിയിരുന്നു. അവൻ അവിടെ വീണുപോയി. ആന്ന് കിട്ടിയ തല്ലിന്റെ വേദന ഇന്നും അവന്റെ മനസ്സിൽ മായാതെ കിടപ്പുണ്ട്. പത്തുവയസ്സുകാരന്റെ വിശപ്പിന്റെ കാഠിന്യം മനസ്സിലാക്കാൻ കഴിയാത്ത …..പാ പികളായ ആ മനുഷ്യര് അവനെ കുറ്റവാളിയാക്കി…… മോഷണ ക്കുറ്റത്തിന് ദുർഗുണപരിഹാര പാഠശാലയിൽ അടയ്ക്കപ്പെട്ടു.

അവിടെയും ഒരുപാട് വേദനകൾ അവനെ വേട്ടയാടികൊണ്ടിരുന്നു. പതിനെട്ട് വയസ്സുവരെയുള്ള അതിനകത്തെ ജീവിതം വളരെ ദുസ്സഹമായിരുന്നു…… ആ ജീവിതം ഗോപുവിനെ മറ്റാരോ ആക്കി മാറ്റുകയായിരുന്നു. പുറത്തിറങ്ങിയ അവനു് എല്ലാത്തിനോടും വെറുപ്പായി….. വീണ്ടും കു റ്റകൃത്യങ്ങളിലേയ്ക്ക് അവൻ എത്തിപ്പെട്ടു. അറിഞ്ഞുകൊണ്ടു തന്നെ അവൻ ഒരു ക്രൂ രനായി മാറുകയായിരുന്നു. കൊള്ളയും കൊ ലപാതകവും നിത്യതൊഴിലാക്കി കൊണ്ടുനടന്നൂ.

പല തവണ അവൻ പിടിക്കപ്പെട്ടു….. ജയിലഴിക്കുള്ളിലായി. ഒരുപാട് പീ ഡനങ്ങൾ സഹിക്കേണ്ടി വന്നു. എങ്കിലും സ്വയം തിരുത്താൻ അവൻ ഒരിക്കലും തയ്യാറായില്ല. വിശപ്പ് സഹിക്കാൻ കഴിയാതെ താൻ ചെയ്തുപോയൊരു ചെറിയ തെറ്റ് പൊറുക്കാൻ കഴിയാത്തവരോട് തോന്നിയ വെറുപ്പ്…..ഈ ലോകത്തോട് തന്നെയുള്ള വെറുപ്പാക്കി മാറ്റി.

അവന്റെ ജീവിതത്തിലെ നല്ല കാലങ്ങളത്രയും ഇരുമ്പഴിക്കുള്ളിലായിരുന്നു. വിശപ്പ് അവനെ വലിയൊരു കുറ്റവാളിയാക്കി മാറ്റുകയായിരുന്നു. ഒരു മോഷണ ശ്രമത്തിനിടെ ചെയ്ത രണ്ടു കൊ ലപാതകങ്ങൾ…….. തെളിവോടെ പിടിക്കപ്പെട്ടു…. അങ്ങനെ തന്റെ മുപ്പതാമത്തെ വയസ്സിൽ ഗോപു പുറത്തിറങ്ങാൻ കഴിയാത്ത വിധം ജയിലഴിക്കുള്ളിലായി. ഇരുമ്പഴികളിൽ തലചേർത്തു പുറത്തേയ്ക്ക് നോക്കി നിൽക്കുമ്പോഴും അവന്റെ മനസ്സിൽ ഇന്നലെയുടെ സ്വപ്നങ്ങളോ…… നാളെയുടെ പ്രതീക്ഷകളോ ഉണ്ടായിരുന്നില്ല…… അതിനുള്ളിൽ അവൻ സുരക്ഷിതനായിരിക്കും എന്നവന് അറിയാം…….. ലോകത്തിലെ ഏറ്റവും വലിയ വികാരമായ വിശപ്പിനെ അതിജീവിക്കാനുള്ള ഭക്ഷണം അവിടെ നിന്നു അവന് കിട്ടും……… അതാണ് അവന്റെ ആശ്വാസവും……..

വിശപ്പിനെക്കാൾ വലിയൊരു ശത്രു മനുഷ്യന് വേറെ ഇല്ല.ഒരു നേരത്തെ ആഹാരം മോഷ്ടിക്കുന്നവരോട് ക്ഷമിക്കാൻ കഴിയുക……. വിശക്കുന്ന വയറിനു ഒരു നേരത്തെ ആഹാരം നൽകാൻ കഴിയുക ……. അതാണ് നമ്മുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നന്മ……..🙏

Related Posts

Leave a Reply

Your email address will not be published. Required fields are marked *