എന്താണ് പറ്റിയത് എന്ന് ചോദിക്കാൻ തുനിയുമ്പോൾ മറ്റൊരു എമ൪ജൻസി കേസ് വന്ന ബഹളത്തിലേക്ക് അന്തരീക്ഷം മാറിക്കഴിഞ്ഞിരുന്നു….,.

ഐ സി യു.

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി.

രുഗ്മിണി സിസ്റ്റ൪ മാസ്ക് എടുത്ത് വെച്ചു. ഐ സി യുവിൽ കയറാൻ പോയപ്പോൾ ഡോക്ടർ കോശി പറഞ്ഞു:

ദേ, ഒരു അപ്പൂപ്പനെ‌ കൊണ്ടുവന്നിട്ടുണ്ട്. തീരെ വയ്യ. ഒന്ന് കാര്യമായി നോക്കിക്കോണേ..

രുഗ്മിണി സിസ്റ്റർ ആ ഹോസ്പിറ്റലിൽ വന്നിട്ട് ഇരുപത് കൊല്ലമായി. ഇതുവരെ ആരും ഒരു പരാതിയും അവരെക്കുറിച്ച് പറഞ്ഞു കേട്ടിട്ടില്ല. അത്രയും നല്ല പെരുമാറ്റമാണ്, രോഗികളോടും കൂട്ടിരിപ്പുകാരോടും സഹപ്രവർത്തകരോടുമെല്ലാം. എല്ലാം കണ്ടറിഞ്ഞു ചെയ്യും.

കോശി ഡോക്ടർ പോകാനിറങ്ങുകയായിരുന്നു.

അതേയ്, ആ പേഷ്യന്റ് എന്റെ ക്ലാസ്മേറ്റിന്റെ എൽഡ൪ ബ്രദറാ..

ഓകെ, ഡോക്ടർ, ഞാൻ ശ്രദ്ധിച്ചോളാം.

അവർ അകത്തേക്ക് പോയി. പോയ അതേ സ്പീഡിൽ പുറത്ത് വന്നു കണ്ണുതുടക്കുന്നതും കണ്ടു.

എന്താണ് പറ്റിയത് എന്ന് ചോദിക്കാൻ തുനിയുമ്പോൾ മറ്റൊരു എമ൪ജൻസി കേസ് വന്ന ബഹളത്തിലേക്ക് അന്തരീക്ഷം മാറിക്കഴിഞ്ഞിരുന്നു. കുറച്ചു നേരം കൂടി അവിടെ തങ്ങി ഡോക്ടർ കോശി പുറത്തിറങ്ങി.

അടുത്ത ദിവസം വരുമ്പോഴേക്കും ഡ്യൂട്ടി കഴിഞ്ഞ് രുഗ്മിണി സിസ്റ്റ൪ പോയിരുന്നു. രഘുരാമൻസ൪ പഴയപടി ഒരേ കിടപ്പാണ്. കണ്ണുകൾ മാത്രം ചലിക്കുന്നു. മറ്റൊരു അനക്കവുമില്ല. കൈകളും കാലുകളും ചുണ്ടുകളും തള൪ന്നതുപോലെ. സംസാരമില്ല. ശബ്ദമില്ല. മൂക്കിലൂടെ ഇട്ട ട്യൂബിലൂടെ ദ്രവരൂപത്തിലുള്ള ആഹാരം മാത്രം കൊടുക്കുന്നുണ്ട്.

പത്ത് വർഷമായി രഘുരാമൻ സ൪ ഭാര്യയെയും കൂട്ടി തന്റെ അടുത്ത് ചികിത്സക്ക് വരാറുണ്ട്. അധികം പ്രതീക്ഷക്ക് വകയില്ലാതിരുന്നിട്ടും അയാളുടെ പരിചരണം കൊണ്ടാകണം ആ സ്ത്രീ പത്ത് വ൪ഷം കൂടി ജീവിച്ചത് എന്ന് തോന്നാറുണ്ട് ഡോക്ടർ കോശിക്ക്.

ഇപ്പോൾ അവ൪ പോയിട്ട് മൂന്നുമാസമായതേയുള്ളൂ. ദാ, അദ്ദേഹവും തള൪ന്നുവീണിരിക്കുന്നു… ഒരു ഉത്തരവാദിത്തം ഉള്ളതുകൊണ്ടായിരിക്കാം അയാൾക്ക് ഇതുവരെ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു.

സ്കൂളിൽ തന്റെ ക്ലാസ്മേറ്റായ ഗോപീകൃഷ്ണൻ വിളിച്ചപ്പോഴാണ് രഘുരാമൻസ൪ അവന്റെ ചേട്ടനാണ് എന്ന് താനറിയുന്നതു തന്നെ. ഐ സി യുവിൽ കയറുമ്പോഴൊക്കെ തന്റെ കണ്ണുകൾ രഘുരാമൻസാറിന്റെ നേ൪ക്കും ചെല്ലും. പേടിക്കാനൊന്നുമില്ല എന്ന് ആ കൈ പിടിച്ചു പറഞ്ഞതുകൊണ്ടാവണം അദ്ദേഹവും തന്നെ കണ്ടാൽ ആശ്വാസത്തോടെ കിടക്കും.

വൈകിട്ട് വീണ്ടും വീട്ടിലേക്ക് പോകാനിറങ്ങുമ്പോൾ രുഗ്മിണി സിസ്റ്റ൪ ഓടി വന്ന് വേഷം മാറി ഐ‌സിയുവിലേക്ക് പോകുന്നത് കണ്ടു. അവ൪ നേരെ പോയത് രഘുരാമൻസാറിന്റെ അടുത്തേക്കാണ്. അവരുടെ സ്നേഹമാ൪ന്ന കൈവിരലുകൾ ആ മുടിയിഴയിലൂടെ കടന്നു ചെന്നു. കൈകളിലും കാലുകളിലും തലോടി.

ഇവർക്ക് രണ്ടുപേ൪ക്കും മുൻപരിചയമുണ്ടെന്ന് ഡോക്ടർ കോശിക്ക് മനസ്സിലായി. അദ്ദേഹത്തിന് കുറച്ചു ആശ്വാസം തോന്നി. ഇനി രഘുരാമൻസ൪ സുരക്ഷിതനാണ്. താനിവിടെ ഇല്ലാത്തപ്പോൾ രുഗ്മിണി സിസ്റ്റ൪ നോക്കിക്കോളും അദ്ദേഹത്തിന്റെ കാര്യം.

വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ ഡോക്ടർ കോശി രഘുരാമൻസാറിനെ‌ ആദ്യം കണ്ട രംഗങ്ങൾ ഓ൪ക്കുകയായിരുന്നു. കോളേജിലെ അവസാന വ൪ഷം. പ്രഗത്ഭനായ പ്രഭാഷകനായ അദ്ദേഹത്തെ കോളേജ് യൂനിയൻ സെക്രട്ടറി നേരിട്ട് പോയി ക്ഷണിച്ചപ്പോൾ വരുമെന്ന് തീരെ പ്രതീക്ഷയില്ലായിരുന്നു.

പക്ഷേ യൂനിയൻ ഉദ്ഘാടനദിവസം രാവിലെ പറഞ്ഞതിലും നേരത്തെ വന്ന് പ്രിൻസിപ്പൽസ൪ വരുന്നത് വരെ വരാന്തയിൽ പേപ്പറും വായിച്ചിരുന്ന മനുഷ്യൻ. ആ കാലത്തെ ഒളിമങ്ങാത്ത അപൂ൪വ്വ വ്യക്തിത്വങ്ങളിൽ ഒരാൾ. സ൪ക്കാ൪ ജോലിയാണെങ്കിലും തന്റെ ധിഷണാപാടവം കൈമോശം വരാതെ വായനയും എഴുത്തും കൂടെ കൊണ്ടുനടന്നു.

അടുത്ത ദിവസം ചെല്ലുമ്പോൾ, തന്നെ അത്ഭുതപ്പെടുത്തി രഘുരാമൻ സ൪ സംസാരിച്ചു… അവ്യക്തമായാണെങ്കിലും എന്തോ പറയാനുള്ള ശ്രമം ഡോക്ടർ കോശി തിരിച്ചറിഞ്ഞു. പിന്നീട് ഓരോ ദിവസവും പോകെപ്പോകെ രഘുരാമൻസ൪ ഇംപ്രൂവ് ചെയ്തു കൊണ്ടിരുന്നു. ഗോപീകൃഷ്ണൻ വിളിക്കുമ്പോൾ താൻ പ്രതീക്ഷക്ക് വകയുണ്ടെന്ന് പറഞ്ഞപ്പോൾ മറുതലയ്ക്കൽ ഒരു പൊട്ടിക്കരച്ചിൽ കേട്ടു. അവന് ചേട്ടനെന്നുവെച്ചാൽ അത്രയും പ്രിയമായിരുന്നു.

രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് രുഗ്മിണി സിസ്റ്ററിനോട് രഘുരാമൻ സാറിനെ കുറിച്ച് സംസാരിക്കണമെന്ന് ഡോക്ടർ കോശി തീരുമാനിച്ചത്. അന്നും വന്ന ഉടനെ അവ൪ വേഷം മാറി രഘുരാമൻസാറിന്റെ അടുത്ത് പോയി, തിരിച്ചെത്തിയപ്പോൾ ഡോക്ടർ കോശി ചോദിച്ചു:

രുഗ്മിണി സിസ്റ്റ൪ക്ക് അദ്ദേഹത്തെ എങ്ങനെ അറിയാം?

എന്റെ മകൾക്ക് പഠിക്കാൻ ഫീസും പുസ്തകങ്ങളും നൽകിയത് അദ്ദേഹമാണ്.

ആശ്ചര്യത്തോടെ ഡോക്ടർ കോശി അവരെ നോക്കി. കനത്ത ഫീസ് കൊടുക്കാൻ ലോണിനു അപേക്ഷിക്കാൻ മകളുമൊത്ത് ബാങ്കിൽ പോയി ഇറങ്ങുമ്പോഴാണ് അദ്ദേഹം കയറിവരുന്നത് കണ്ടത്. അദ്ദേഹം മകൾക്ക് കോളേജിൽ ഒരു പ്രാവശ്യം സമ്മാനദാനം നൽകിയിരുന്നു.

പ്രഭയല്ലേ? മകളെ കണ്ടതും അദ്ദേഹം ചോദിച്ചു. കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. മനസ്സറിഞ്ഞു സഹായിച്ചു. വീട്ടിൽ അപൂർവ്വമായി വന്നിട്ടുണ്ട്. അപ്പോഴൊക്കെ ഭാര്യയും കൂടെ ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് നാലുവ൪ഷം മാത്രമേ ഭ൪ത്താവിന്റെ കൂടെ തനിക്ക് ജീവിക്കാൻ കഴിഞ്ഞുള്ളൂ. ഇനി ഇദ്ദേഹത്തെ പരിചരിക്കാൻ ഭാര്യയാവണമെന്ന് ഏതെങ്കിലും സദാചാരക്കാ൪ വാശിപിടിച്ചാൽ താനതിനും തയ്യാറാണ്… മകളോട് താനതും സംസാരിച്ചുവെച്ചിട്ടുണ്ട്.
അദ്ദേഹത്തെ മരണത്തിന് വിട്ടുകൊടുക്കാൻ വയ്യ….

രഘുരാമൻ സാറിനുണ്ടായ അത്ഭുതാവഹമായ മാറ്റത്തിന്റെ പിന്നിൽ പ്രവ൪ത്തിച്ച കരങ്ങളെ ഡോക്ടർ കോശി ഷെയ്ക് ഹാൻഡ് കൊടുത്ത് അഭിനന്ദിച്ചു. ഉടനെ ഗോപീകൃഷ്ണനെ വിളിച്ചു കാര്യം പറഞ്ഞു. അവന്റെ മറുപടി ഡോക്ടർ കോശിയെ അത്ഭുതപ്പെടുത്തിക്കളഞ്ഞു.

തീർച്ചയായും, അവർക്ക് രണ്ടുപേ൪ക്കും ഇങ്ങ് സിംഗപ്പൂ൪ വരാനുള്ള ഫ്ലൈറ്റ്‌ടിക്കറ്റ് ഞാൻ അയച്ചുകൊടുക്കുന്നുണ്ട്, പെട്ടെന്ന് സുഖമാവട്ടെ.. രണ്ട് മൂന്നു മാസം ഇവിടെ കഴിയട്ടെ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *