അവൻ പുച്ഛത്തോടെ പുറത്തേക്ക് നടക്കുമ്പോൾ ഒന്ന് കൊടുക്കാൻ കൈ തരിച്ചതാണ്, പക്ഷേ, കേശവേട്ടന്റ കണ്ണുകൾ അരുതെന്ന് പറയുന്നുണ്ടായിരുന്നു……..

എഴുത്ത് :- മഹാ ദേവൻ

” കേശവേട്ടാ… പതിവ് ചായ. കൂടെ ചൂടോടെ രണ്ട് ദോശയും ആയിക്കോട്ടേ.”

കേശവേട്ടൻ ചിരിയോടെ ചായ എടുക്കാൻ പോകുമ്പോൾ ജാനകിയേടത്തി പ്ളേറ്റിൽ രണ്ട് ദോശയും ചട്ണിയും കൊണ്ടുവെച്ചിരുന്നു. ആ കവലയിലെ വലിയ പ്രസ്ഥാനം തന്നെ ആണ് കേശവേട്ടന്റെ ചായക്കട. വര്ഷങ്ങളുടെ സേവന പാരമ്പര്യം. ഇന്നോളം വേറെ ഒരാളെയും ജോലിക്കായി അവിടെ കണ്ടിട്ടില്ല. എല്ലാം ജാനകിയേടത്തിയും കേശവേട്ടനും തന്നെയാണ് ചെയ്യാറുള്ളത്. ഗ്രൈന്ററും മിക്സിയുമെല്ലാം അരങ്ങുവാഴുന്ന ഈ കാലത്ത് അമ്മിയിൽ അരച്ചെടുത്താലേ ജാനകിയേടത്തിക്ക് തൃപ്തി ആകൂ. മാവ് ആട്ടുകല്ലിലും.

” വയ്യാത്ത കാലത്ത് ങ്ങനെ ആട്ടേം അരക്കേം ചെയ്യാതെ ങ്ങൾക്ക് ഒരു മിക്സിയും ഗ്രൈന്ററും വാങ്ങിക്കൂടെ കേശവേട്ടാ ” എന്ന് ചോദിച്ചാൽ അദ്ദേഹം ഒന്ന് ചിരിക്കും.

” നമ്മളൊരു തുള്ളി വെള്ളം കൊടുത്താൽപോലും അത് കുടിക്കുന്നവന് തൃപ്തി ആയെങ്കിലേ ആ കൊടുക്കുന്നതിൽ ഞങ്ങടെ മനസ്സിന് ഒരു സംതൃപ്തി ഉളളൂ. പിന്നെ പഴയ ശീലങ്ങളൊന്നും ഒഴിവാക്കാൻ തോന്നുന്നില്ല. ആവുന്ന കാലം ഇങ്ങനെ അങ്ങോട്ട് പോട്ടെ. രുചി നഷ്ടമാകുന്നത് സ്നേഹം നഷ്ടമാകുന്നത് പോലെ ആണ്. അതുകൊണ്ട് കഴിക്കുന്നവന്റെ മുഖം തെളിയണം. അവർ എഴുനേറ്റ് പോകുമ്പോൾ തരുന്ന ആ കാശിൽ കുറെ സ്നേഹം കൂടി ഉണ്ടാകും. “

അതാണ്‌ കേശവേട്ടൻ. ആളെങ്ങനെ പറയൂ. ഇങ്ങനെ പ്രവർത്തിക്കൂ.

ആള് പറഞ്ഞതും ശരിയാട്ടോ. ഈ കടയിലെ ഭക്ഷണം കഴിച്ച് പോകുന്നവന്റെ മുഖത്ത്‌ നിറഞ്ഞ പുഞ്ചിരി ഉണ്ടാകും. ഒരിക്കൽ കഴിച്ചവൻ തേടി വരികയും ചെയ്യും. എല്ലാവരും പറയും ” ഒക്കെ ജാനകിയേടത്തീടെ കൈപ്പുണ്യം ” എന്ന്.

കണ്ണൂരുള്ള ഞാൻ ലോറിയിൽ ലോഡുമായി പാലക്കാട്ടേയ്ക്ക് പോകുമ്പോൾ എല്ലാം ഇവിടെ കേറും.

ആദ്യമൊക്കെ അപരിചിതനായ ഒരു കസ്റ്റമർ മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെ അല്ല, അവർക്ക് ഞാൻ പരിചിതനാണ്.

ഒരിക്കൽ ചോദിച്ചിരുന്നു നിങ്ങൾക്ക് മക്കളൊന്നും ഇല്ലേ എന്ന്. ഒരു മോനുണ്ടെന്ന് പറഞ്ഞു. പക്ഷേ, എന്തോ അത് പറയുമ്പോൾ മുഖം മ്ലാനമായിരുന്നു. അതു കൊണ്ട് തന്നെ പിന്നെ കൂടുതലൊന്നും ചോദിച്ചിട്ടില്ല. എന്നും ലോഡിറക്കി വരുന്ന വഴി കടയിൽ കേറി ദോശയും ചായയും കഴിക്കുമ്പോൾ ആണ് ഇടയ്ക് കേറി വന്ന ഒരുവൻ കേശവേട്ടന് നെരെ കയർത്തത്. “ദേ, നിങ്ങൾ കാശ് തരുന്നുണ്ടോ. ഇല്ലേൽ ഈ ആമാടപെട്ടി ഞാൻ തല്ലിപൊട്ടിക്കും “

ആ വയസ്സന് നെരെ വിരൽചൂണ്ടുന്ന.അവനെ ഒന്ന് പൊട്ടിക്കാൻ ആണ് തോന്നിയത്. അപ്പൊ ഒരു നിമിഷം നിശ്ചലമായത് അവന്റെ പിന്നീടുള്ള വാക്കുകൾ കേട്ടായിരുന്നു.

” ദേ, തന്തയാണെന്നൊന്നും ഞാൻ നോക്കില്ല. ഇപ്പോൾ കിടന്ന് മോങ്ങിയിട്ട് കാര്യമില്ല. മക്കളെ ഉണ്ടാക്കുമ്പോൾ ആലോചിക്കണം. അതുമല്ലെങ്കിൽ ജനിച്ചപ്പോൾ ഈ കഴുത്ത് ഞെ രിച്ചു കൊ ല്ലാമായിരുന്നില്ലേ. എന്റെ ജീവിതം നശിപ്പിച്ചത് നിങ്ങൾ ഒറ്റ ഒരുത്തനാ. അനുഭവിക്ക് ഇനി. നിങ്ങൾ കാശ് തരുന്നുണ്ടോ അതോ എല്ലാം കൂടി വലിച്ചു പുറത്തേക്ക് ഇടണോ. “

അവന്റെ വാക്കുകൾ എന്നെ സ്തബ്ധനാക്കി. ഒരു മകനുണ്ടെന്ന് പറഞ്ഞപ്പോൾ ആ വൃദ്ധന്റെ മുഖം മങ്ങിയതിന്റെ കാരണം ശരിക്കും മനസ്സിലായത് അപ്പോഴായിരുന്നു.

ഒന്നും മിണ്ടാതെ അയാൾ കാശെടുത്തു കൊടുക്കുമ്പോൾ ” അഞ്ഞൂറ് ഉലുവ, തു ഫ് ” എന്ന് പുച്ഛത്തോടെ അയാൾക്ക് നെരെ തുപ്പിക്കൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങുമ്പോൾ അതുവരെ മിണ്ടാതിരുന്ന ഞാൻ അവന് നെരെ നോക്കി

” താനീ ചെയ്യുന്നത് ശരിയാണോ, ഒന്നല്ലെങ്കിൽ തന്റെ അച്ഛനും അമ്മയുമല്ലേ? നല്ല ആരോഗ്യം ഉണ്ടല്ലോടോ, ഇനിയും ഈ പാവങ്ങളെ ഇങ്ങനെ ഊറ്റാതെ വല്ല പണിയും എടുത്ത് ജീവിച്ചൂടെ തനിക്ക് ” എന്ന് പരുഷമായി തന്നെ ചോദിക്കുമ്പോൾ അവൻ ഒന്ന് പുച്ഛത്തോടെ ചിരിച്ചു.

” ന ക്കാൻ വന്നവൻ ന ക്കിയിട്ട് കാശും കൊടുത്തു പോകാൻ നോക്ക്. അല്ലേ, താനിത്രയ്ക്ക് ഊറ്റം കൊള്ളാൻ ഇവര് നിന്റ ത ന്തയൊന്നും അല്ലലോ, ആണോ. ന്നാ പിന്നെ ചേട്ടൻ ആ പ്ളേറ്റിലുള്ള ബാക്കി കൂടി വടിച്ചു ന ക്കി സ്ഥലം വിട് “

അവൻ പുച്ഛത്തോടെ പുറത്തേക്ക് നടക്കുമ്പോൾ ഒന്ന് കൊടുക്കാൻ കൈ തരിച്ചതാണ്, പക്ഷേ, കേശവേട്ടന്റ കണ്ണുകൾ അരുതെന്ന് പറയുന്നുണ്ടായിരുന്നു.

അവൻ പോയപ്പോഴാണ് അവരോട് കാര്യം തിരക്കിയത്. മറുപടി വിഷാദം കലർന്ന ഒരു ചിരി ആയിരുന്നു.

” ജീവിതത്തിൽ സന്തോഷിക്കാൻ ദൈവം തന്ന ആകെയുള്ള സമ്പാദ്യമാണ് ഇപ്പോൾ പോയത്. അവനൊരു പ്രേമം ഉണ്ടായിരുന്നു. ഞങ്ങൾക്കും ഇഷ്ട്ടമായിരുന്നു ആ പെൺകുട്ടിയെ. അന്നേ ഇവൻ ക ള്ളിനും ക ഞ്ചാവിനും അ ടിമയായിമാറിയിരുന്നു. മാറുമെന്ന് കരുതി കല്യാണം വരെ നിശ്ചയിച്ചതാ. പക്ഷേ, അന്ന് ഇവൻ പോലീസ്കേ സിൽ കുടുങ്ങി മൂന്ന് മാസം ജയിലിൽ ആയി. ആ പെൺകുട്ടിയുടെ അച്ഛനും അമ്മയും ഞങ്ങളോട് കരഞ്ഞുപറഞ്ഞു ഈ കല്യാണം വേണ്ടെന്ന് വെയ്ക്കാൻ. അവൻ ഇങ്ങനെ ഒക്കെ ആണെന്ന് അറിഞ്ഞിട്ടും ആ പെൺകുട്ടി വേറെ കല്യാണത്തിന് സമ്മതിക്കുന്നില്ലെന്നും പറഞ്ഞ്. അവളെ ഒന്ന് പറഞ്ഞ് മനസ്സിലാക്കി വേറെ വിവാഹത്തിന് സമ്മതിപ്പിക്കണമെന്ന് ആ അച്ഛനും അമ്മയും പറയുമ്പോൾ അതാണ് ശരിയെന്നു തോന്നി.

നിങ്ങളും ഞങ്ങളെ പോലെ ഒരു അച്ഛനും അമ്മയും അല്ലേ, ഞങ്ങടെ സ്ഥാനത് നിങ്ങളാണെങ്കിൽ ഒന്ന് ചിന്തിച്ച്നോക്കൂ എന്നൊക്കെ അവർ പറഞ്ഞപ്പോൾ അവരുടെ ഭാഗത്തു നിന്ന് ഞങ്ങൾ ചിന്തിച്ചുപോയി. ആ പെൺകുട്ടിയെ മറ്റൊരു വിവാഹത്തിന് സമ്മതിപ്പിക്കുമ്പോൾ ഒരു മകളുടെ ജീവിതം സുരക്ഷിതമായ സന്തോഷം ഞങ്ങളിലും ഉണ്ടായിരുന്നു. അന്ന് മുതൽ ഇവനു ഞങ്ങൾ കൂടുതൽ ശത്രുക്കളായി. ഇവൻ സ്വയം എറിഞ്ഞുടച്ച ജീവിതത്തിലേക്ക് ഒരു പെൺകുട്ടി വന്നുകേറി അവളുടെ ജീവിതം കൂടി നശിക്കേണ്ടെന്ന് തോന്നിയത് ഇവനു ഞങ്ങൾ ചെയ്ത വലിയ അപരാധമായി. ഇന്നും അങ്ങനെ തന്നെ. “

കേശവേട്ടൻ പറഞ്ഞ് നിർത്തുമ്പോൾ എന്തോ മനസ്സിൽ ഒരു വിഷമം. അവിടെ നിന്ന് ഇറങ്ങുമ്പോൾ ” ഒക്കെ ശരിയാകും ” എന്ന് പറയാനേ കഴിഞ്ഞുള്ളു.

രണ്ട് മാസങ്ങൾക്കു ശേഷമായിരുന്നു വീണ്ടും പാലക്കാട്ടേയ്ക്ക് ലോഡുമായി പോയത്. ലോഡിറക്കി തിരിക്കുമ്പോൾ പതിവ് ചായയ്‌ക്കായി കേശവേട്ടന്റെ കടയ്ക്ക് മുന്നിൽ ലോറി നിർത്തി. പക്ഷേ, കട അടഞ്ഞുകിടക്കുകയായിരുന്നു. ഇങ്ങനെ ഒരു പതിവ് ഇല്ലല്ലോ എന്ന് മനസ്സിൽ കരുതി അടുത്തുള്ള കടയിൽ കാര്യം തിരക്കുമ്പോൾ ആ കടക്കാരൻ എന്നെ ഒന്ന് ഉഴിഞ്ഞുനോക്കി.

” ഇയാൾ ഇവടത്തുകാരൻ അല്ലല്ലേ. അതാണ് ഒന്നും അറിയാഞ്ഞത്. മോൻ പേപ്പറൊന്നും വായിക്കാറില്ലേ? കേശവേട്ടൻ ഇപ്പോൾ ജയിലിൽ ആണ്. ആ തെമ്മാടിചെക്കൻ ഇല്ലേ, അവരുടെ തലതെറിച്ച ആ മോൻ. അവനെ അയാൾ കു ത്തിക്കൊ ന്നു. ഗതികെട്ട് ചെയ്തതാ പാവം. അവൻ ചാവേണ്ടവനാ. കാശ് കൊടുത്തില്ലെന്നും പറഞ്ഞ് ഈ കടയിൽ വന്ന് ഒക്കെ എടുത്തെറിഞ്ഞുനശിപ്പിച്ചു. അതൊക്കെ അയാൾ സഹിച്ചു. പക്ഷേ, ആ ജാനകിയേടത്തീടെ ക ഴുത്തിൽ കു ത്തിപ്പിടിച്ചു സ്വന്തം അമ്മേടെ താലിമാല പൊട്ടിക്കാൻ നോക്കിയപ്പോൾ ആണ് അയാൾ. ആ.. അയാളുടെ യോഗം. അവൻ ഉള്ളപ്പോഴും പോയപ്പോഴും അവർക്ക് കഷ്ടകാലം തന്നെ. “

അയാൾ പറഞ്ഞ് നിർത്തുമ്പോൾ എന്നിൽ ആകെ ഒരു മരവിപ്പ് ആയിരുന്നു. ഞാൻ പതിയെ ലോറിയിലേക്ക് കയറി മുന്നോട്ട് നീങ്ങുമ്പോൾ മനസ്സിൽ ചിന്തിച്ചത് ” എന്നിട്ട് ജാനകിയേടത്തി ഇപ്പോൾ എവിടെ ആകും” എന്നായിരുന്നു.

പിന്നെ ഒരിക്കൽ ഞാൻ കേശവേട്ടനെ കണ്ടു. എന്റെ നാട്ടിൽ, കണ്ണൂരിലെ ജ യിലിൽ വെച്ച്. അപ്പോഴും ആ ചിരി ഉണ്ടായിരുന്നു. ജാനകിയെ കാണാറുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞു ഞാൻ. കാണണോ എന്ന് ചോദിച്ചപ്പോൾ വേണ്ടെന്ന് ആയിരുന്നു മറുപടി. കണ്ടാൽ പിന്നെ രണ്ട് പേർക്കും പിടിച്ച് നിൽക്കാൻ പറ്റില്ല. ശിക്ഷ കുറച്ച് കിട്ടിയത് കൊണ്ട് ഇനി അതികം കിടക്കണ്ടല്ലോ ഇവിടെ. ഇവിടെ നിന്ന് ഇറങ്ങിയിട്ട് കണ്ടാൽ മതി അവളെ എന്നും പറഞ്ഞ് അയാൾ പിന്തിരിഞ്ഞു നടക്കുന്നത് നോവോടെ നോക്കി നിന്നു.

വർഷം കൊഴിഞ്ഞുവീണു. ഇന്ന് കേശവേട്ടൻ റിലീസ് ആകുകയാണ്. ആള് പുറത്തേക്ക് വരുമ്പോൾ ഞാൻ ഉണ്ടായിരുന്നു. എന്റെ വീട്ടിൽ കേറിയിട്ട് പോകാ മെന്നു പറഞ്ഞപ്പോൾ സ്നേഹത്തോടെ നിരസിച്ചു.

” ജാനകിയെ കാണണം “

അത്രേ പറഞ്ഞുള്ളൂ. കുറെ നിർബന്ധിച്ചു വീട്ടിലേക്ക് വരാൻ. അവസാനം മനസ്സില്ലാമനസ്സോടെ സമ്മതിക്കുമ്പോൾ ആ കണ്ണുകളിൽ ജാനകിയമ്മയെ കാണാനുള്ള വ്യഗ്രതയായിരുന്നു.

വീട്ടിലെത്തുമ്പോഴും ആ മുഖത്ത്‌ ഒട്ടും താല്പര്യം ഇല്ലെന്ന് തോന്നി.

“ഇതാണ് എന്റെ വീട് “

കേശവേട്ടൻ ഒന്ന് മൂളുകമാത്രം ചെയ്തു.

” അമ്മേ ” ഞാൻ അകത്തേക്ക് നോക്കി നീട്ടിവിളിക്കുമ്പോൾ കേശവേട്ടനിൽ പോകാനുള്ള തിടുക്കം ആയിരുന്നു. എന്നാൽ ഞാൻ പൊക്കോട്ടെ എന്ന് ചോദിച്ചുകൊണ്ട് തല ഉയർത്തിയ ആ മുഖം ആശ്ചര്യത്താൽ വിടരുന്നത് ഞാൻ കണ്ടു.

വാതിൽക്കൽ നിൽക്കുന്ന ആളെ കണ്ട് ആ ചുണ്ടുകൾ മന്ത്രിക്കുന്നത് ഞാൻ സന്തോഷത്തോടെ നോക്കിനിന്നു.

” ജാനകി… !! “

രണ്ട് പേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുമ്പോൾ കേശവേട്ടനെ ചേർത്തു പിടിച്ച് ഞാൻ അകത്തേക്ക് നടന്നു.

” ഇനി രണ്ട് പേരും എങ്ങോട്ടും പോകണ്ട. ഇത്‌ നിങ്ങടെ കൂടി വീടാണ്. “

അത് കേട്ട് കേശവേട്ടൻ പുഞ്ചിരിച്ചു. പിന്നെ എന്റെ കൈയിലൊന്ന് മുറുക്കെ പിടിച്ചു.

” പോണം മോനെ.. ഞങ്ങളെ പോറ്റിവളർത്തിയ ഒരു കടയുണ്ട്. അവസാനവും അവിടെ ആവണം. പിന്നെ അകന്നുനിൽക്കുമ്പോൾ ഉള്ള ബന്ധങ്ങൾ അടുത്ത് നിൽക്കുമ്പോൾ അകൽച്ച കൂടും. അത് വേണ്ട. സ്നേഹം നിലനിൽക്കണമെങ്കിൽ അകലങ്ങൾ നല്ലതാ. ഞങ്ങൾ ഉണ്ടാകും അവിടെ. സ്നേഹം വിളമ്പി സ്നേഹത്തെ വാങ്ങിച്ചുകൊണ്ട് “

ഇപ്പഴും ഞാൻ അവിടെ പോകാറുണ്ട് ലോഡുമായി. ആ സ്പെഷ്യൽ ചായയും ദോശയും കഴിക്കാറുണ്ട്. ഞാൻ ചെല്ലുമ്പോൾ എല്ലാം ഇപ്പഴും ആളുകൾക്ക് പറയാൻ ഒന്നുണ്ടായിരുന്നു,

” ജാനകിയേടത്തീടെ കൈപ്പുണ്യം. “

Related Posts

Leave a Reply

Your email address will not be published. Required fields are marked *