നിധിൻ, ഈ വഴിയിലൂടെ എങ്ങനെയാണ് ഇത്രയും വിലയുള്ള വാഹനങ്ങൾ കൊണ്ടു പോകുന്നത്? കാറുകളും, ബൈക്കുകളുമെല്ലാം എവിടെയാണ്……..

പൊരുൾ

എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട്

വെയിലാറാൻ തുടങ്ങിയിരുന്നു. നരച്ച നിറമുള്ള സൂര്യവെളിച്ചം പതിച്ച; ചെമ്മൺ വഴിയവസാനിക്കുന്നിടത്ത് ഹോണ്ടാ ആക്റ്റീവാ നിർത്തി അഞ്ജലി, കുണ്ടനിടവഴിയിലൂടെ നടന്നു.

ഒറ്റയടിപ്പാത; കരിയിലകൾ നിറഞ്ഞു വീണ ചെറുവഴിയിലൂടെ ഒരു മരയോന്ത് വിലങ്ങനേ കടന്ന്, ഓരത്തേ ഉണക്കവേലിയിൽ കയറിപ്പറ്റി അവളെ തുറിച്ചു നോക്കി. ഇരുട്ടുറഞ്ഞ തുരങ്കം കണക്കേ വീഥി നീളുന്നു. ഏതോ കരിയില പ്പക്ഷിയുടെ ചില വ്യക്തമാകുന്നു..ഓരത്തേ തൊട്ടാവാടിക്കൂട്ടത്തിൽ പാദങ്ങൾ ഉരഞ്ഞ് നീറ്റമുണരുന്നു. അതിൻ്റെ അസഹ്യതയിൽ, കനകക്കൊലുസുകൾ ലയമറ്റ കിലുക്കങ്ങൾ തീർത്തു.

നിധിൻ, ഈ വഴിയിലൂടെ എങ്ങനെയാണ് ഇത്രയും വിലയുള്ള വാഹനങ്ങൾ കൊണ്ടു പോകുന്നത്? കാറുകളും, ബൈക്കുകളുമെല്ലാം എവിടെയാണ് സൂക്ഷിക്കുന്നത്? ഇനിയിത് അവൻ പറയാറുള്ള ഫാം ഹൗസ് ആയിരിക്കുമോ?
പക്ഷേ, അവൻ്റെ വിലാസം പറഞ്ഞപ്പോൾ, എത്ര കൃത്യമായാണ് ആ കാരണവർ ഈ വഴി പറഞ്ഞു തന്നത്.

ഒരു തണുത്ത കാറ്റു വീശി; നാൽപ്പതു കിലോമീറ്ററിലധികം യാത്ര ചെയ്തിൻ്റെ ഉലച്ചിലിൽ നിന്ന അവളുടെ മെഴുക്കില്ലാത്ത മുടിയിഴകൾ കാറ്റിൽ ഇളകിയാടി. ഇരുൾവഴിയവസാനിക്കുന്നിടത്ത്, ചെത്തിത്തേയ്ക്കാത്ത ഒരു വീട് നിലകൊണ്ടു. പണി തീരാത്ത വീട്, പരിവട്ടങ്ങളുടെ മുഖമുദ്ര പേറുന്ന വീട്..വീടിനോടു ചേർന്നു തൊഴുത്ത്. അന്തേവാസികളുടെ ജനുസ്സുകൊണ്ടു മാത്രം വ്യതിയാനമുള്ള ഇടങ്ങൾ. തൊഴുത്തിൽ, വാരിയെല്ലുകൾ തെളിഞ്ഞ രണ്ടു പശുക്കൾ.

മുറ്റത്തേ അയയിൽ അനേകം ആൺ വസ്ത്രങ്ങൾ തോരയിട്ടിരിക്കുന്നു. മിക്കതിലും പെയിൻ്റു ചിതറിത്തെറിച്ച വർണ്ണപ്പുളളികൾ. ചിരട്ടയിൽ മണ്ണെണ്ണയൊഴിച്ച് വച്ച്, അതിൽ മുക്കിവച്ച ബ്രഷുകൾ.

അഞ്ജലി, കുഞ്ഞു വീടിൻ്റെ ഉമ്മറത്തേക്കു വന്നു. ചുവരിൽ, ആണിയിൽ നിധിൻ്റെ ചിത്രം തൂക്കിയിരിക്കുന്നു. ഫേസ്ബുക്കിലെ മുഖച്ചിത്രം. വില കൂടിയ കാറിൻ്റെ ബോണറ്റിൽ ചരിഞ്ഞു കിടക്കുന്ന നിധിൻ..കൂളിംഗ് ഗ്ലാസ്,.ആഢംബര വേഷം. ഫേസ്ബുക്കിലെ വാക്കുകൾ മാത്രമില്ല.

‘ജീവിതം ക്രിസ്തുമസ് രാത്രിയാക്കൂ’

തന്നെ മോഹിപ്പിച്ച വാക്കുകൾ.

ഉമ്മറത്തേ കാൽപ്പെരുമാറ്റം കേട്ടിട്ടാകാം,.അകത്തുനിന്ന് ഒരു പെൺകുട്ടി പുറത്തുവന്നു..ഒപ്പം, അമ്മയും..നിധിൻ്റെ പെങ്ങളും അമ്മയുമെന്ന് ആ മുഖഛായ പറയാതെ പറഞ്ഞു. അകത്തു നിന്നും, കഫം കിലുങ്ങുന്ന ഒരു ചുമയൊച്ച കേട്ടു.

“നിധിൻ്റെ വീടല്ലേ? നിധിൻ എവിടെയാണ്?”

അഞ്ജലി ചോദിച്ചു.

“ഏട്ടൻ, ടൗണിലാണ് ജോലിക്കു പോയേക്കണത്, ആ വീട്ടുകാർക്ക് അടുത്തയാഴ്ച്ച ‘കേറിപ്പാർപ്പ്’ ആണ്.. അതുകൊണ്ട്, ഇന്ന് പണി പൂർത്തിയാക്കിട്ടേ വരൂന്നാണ് പറഞ്ഞത്. ചേച്ചി ആരാണ്?”

അഞ്ജലി, തെല്ലിട മൗനമായി നിന്നു. പതിയേ പറഞ്ഞു.

“ഞാൻ നിധിൻ്റെ കൂട്ടുകാരിയാണ്. നിധിൻ വരുമ്പോൾ പറയണം, ഞാൻ വന്നിരുന്നൂന്ന്, ‘അഞ്ജലി’ ഫാം ഹൗസും എസ്റ്റേറ്റും കണ്ടെന്ന്; ഒത്തിരി സന്തോഷ മായീന്ന്. പോവ്വാ ട്ടോ. ഒത്തിരി ദൂരം, തിരികേ സഞ്ചരിക്കണം. ഒത്തിരിയധികം ദൂരം.”

അഞ്ജലി പതിയേ തിരിഞ്ഞു നടന്നു. മാർക്കറ്റിംഗ് ബിരുദവും, ബിസിനസ്സുകളും, കൃഷിയും, വിവിധ വാഹനങ്ങളുമുള്ള നിധിൻ, അവളുടെ ഹൃദയത്തിലിരുന്നു, അവളോട് കൊഞ്ഞനം കുത്തി. ഏതു കയത്തിൽ താഴ്ത്തിവച്ചാലും പുറത്തെത്തുന്ന നേരിൻ്റെ വെളിച്ചത്തേക്കുറിച്ച് അവൾക്കിപ്പോൾ തീർത്തും ബോധ്യം വന്നു. കാലിത്തൊഴുത്തും ക്രിസ്തുമസ് രാവും. തീർച്ച, നിധിനെന്നും ക്രിസ്തുമസ് രാത്രിയാണ്.

കാലിലെന്തോ തട്ടിത്തടഞ്ഞു തെറിച്ചു. കാലിയായൊരു പെയിൻ്റ് ടിന്ന്; തകരപ്പാത്രം ഒന്നു കീഴ്മേൽ മറിഞ്ഞുരുണ്ട് നിശ്ചലമായി. ഇത്തിരി ശേഷിച്ച കറുത്ത ചായം, വഴിയിൽ പടർന്നു.

അഞ്ജലി തിരിഞ്ഞു നോക്കി. ഇരുളു വീണ പുരയുടെ ഉമ്മറത്തേ നിഴലുകൾ ചലനമറ്റു നിൽപ്പുണ്ട്. അവൾ നടത്തം തുടർന്നു. കരിയിലകൾ ഞെരിഞ്ഞു. അവൾ, ഇരുളിൽ നിന്നും വെട്ടത്തിലേക്കു പതിയേ ചുവടുകൾ വച്ചു.
നേരിൻ്റെ വെള്ളിവെളിച്ചത്തിലേക്ക്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *