ആ ചെക്കന്റെ ചിതയുടെ ചൂട് പോലും ആറിയിട്ടില്ല, അതിന് മുന്നേ ബാധ്യത ഒഴിവാക്കാനാ ആ തള്ളയ്ക്ക് തിടുക്കം. ങ്ങനേം ഉണ്ടോ പെണ്ണുങ്ങൾ…….

എഴുത്ത് :- മഹാ ദേവൻ

” മകൻ മരിച്ചു മൂന്ന് മാസം തികയും മുന്നേ മരുമകളെ വീട്ടിൽ കൊണ്ടാക്കീലോ ആ വത്സല. ഇങ്ങനേം ഉണ്ടോ അമ്മായമ്മമാർ. ഒന്നല്ലെങ്കിൽ മകൻ കെട്ടിയ പെണ്ണല്ലേ.. ആ ചെക്കന്റെ ചിതയുടെ ചൂട് പോലും ആറിയിട്ടില്ല, അതിന് മുന്നേ ബാധ്യത ഒഴിവാക്കാനാ ആ തള്ളയ്ക്ക് തിടുക്കം. ങ്ങനേം ഉണ്ടോ പെണ്ണുങ്ങൾ. ഹോ… കൊല്ലം തികയുംവരെ എങ്കിലും കാത്തിരുന്നൂടെ ഇങ്ങനെ മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാതെ… “

അടുത്തുള്ളവർ വാ തോരാതെ കുറ്റം പറയുന്നത് തന്നെ ആണെന്ന് അറിഞ്ഞിട്ടും അതൊന്നും കേട്ടതായി ഭാവിക്കാതെ അവഗണിക്കുകയായിരുന്നു. അല്ലെങ്കിൽ തന്നെ നാട്ടുകാർക്ക് പറയാൻ നൂറ് കാര്യങ്ങൾ ഉണ്ടാകും. അതിനൊക്കെ ചെവി കൊടുക്കാൻ നിന്നാൽ അതിനെ സമയം ഉണ്ടാകൂ എന്നുള്ള ന ഗ്നസത്യം മുറുക്കെ പിടിച്ച് ആർക്കും ചെവികൊടുക്കാതെ വത്സല തന്റെതായ ലോകത്തേക്ക് ഒതുങ്ങുമ്പോൾ മകനും മരുമകളും ഉളിൽ വല്ലാത്തൊരു നോവായിരുന്നു.

ഗൾഫിൽ കിടന്ന് അധ്വാനിച്ചു വീടും വെച്ച് കല്യാണം കഴിക്കുമ്പോൾ ഒത്തിരി സന്തോഷം ആയിരുന്നു. സ്വന്തമായൊരു വീടെന്ന സ്വപ്നം എത്തിപിടിച്ചിട്ടേ വിവാഹം കഴിക്കൂ എന്നുള്ള വാശി. പക്ഷേ, അപ്പോഴേക്കും വയസ്സ് മുപ്പത്തിരണ്ട് ആയിരുന്നു. എന്നെക്കാൾ ഒന്നോ രണ്ടോ വയസ്സ്, അല്ലെങ്കിൽ എന്റെ വയസ്സുള്ള പയ്യനെ നോക്കിയാൽ മതി എന്ന് പറയുന്ന പെണ്ണുങ്ങളുള്ള ഈ കാലത്ത്, ഗൾഫുകാരാണെന്ന് കെട്ടാൽ പെണ്ണില്ലെന്ന് പറയാതെ പറയുന്ന ഈ കാലത്ത് മുപ്പത്തിരണ്ട്കാരന് ഒരു പെണ്ണിനെ കിട്ടാൻ പ്രയാസം തന്നെ ആയിരുന്നു. സ്വന്തമായി സ്ഥലമുണ്ട് വീടുണ്ട് എന്നൊക്കെ പറഞ്ഞാലും പ്രശ്നം പലർക്കും ജോലിയായിരുന്നു.

അങ്ങനെ എല്ലാം ആയി പെണ്ണ് കെട്ടാൻ നിന്നിട്ട് അവസാനം ഈ വരവിനും പെണ്ണ് കെട്ടാതെ പോവേണ്ടിവരുമല്ലോ എന്ന് കരുതി ഇരിക്കുമ്പോൾ അമ്മാവൻ കൊണ്ടുവന്ന ഒരു ആലോചന എല്ലാം കൊണ്ടും ഒത്തത്. വയസ്സ് ഇരുപത്തിയെട്ട് ഉണ്ടെന്ന് പറഞ്ഞപ്പോൾ വത്സലയ്ക്ക് എന്തോ സംശയം. ഇത്രേം കാലമായിട്ടും എന്താ പെണ്ണ് നിന്ന് പോയതെന്ന്.

” ആ കുട്ടിക്ക് ജാതകദോഷം ഉണ്ടായിരുന്നു. ഇരുപത്തിയേഴ് വയസ്സ് കഴിഞ്ഞേ വിവാഹം നടത്താൻ പാടുള്ളൂ എന്ന്. ജീവിതമല്ലേ.. പരീക്ഷിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് ഇത്രേം കാലം അവര് കാത്തിരുന്നു. വയസ്സ് ഇരുപത്തിയേഴ് കഴിഞ്ഞപ്പോൾ ഇവന്റെ അവസ്ഥ തന്നെ ആ കൊച്ചിനും. വരുന്ന ആലോചന അധികവും ആ കൊച്ചിനേക്കാൾ വയസ്സ് കുറവായവരുടെ. അല്ലെങ്കിൽ അവർക്ക് ഒത്തുപോകാൻ പറ്റാത്തവ. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഞാൻ അറിയുന്നത്. അപ്പൊ തോന്നി നമ്മുടെ മോന് ഇത് ചിലപ്പോൾ ചേരുമെന്ന്. നാല് വയസ്സിന്റെ വത്യാസവും ഉണ്ടല്ലോ.

പിന്നെ ഒരു കാര്യം വത്സലേ.. ഇനി ജാതകം നോക്കണം, പൊരുത്തം വേണം എന്നൊന്നും പറയരുത്. ശരിയായാൽ പെട്ടന്ന് നടത്താൻ നോക്കാ ചെക്കൻ പോകുന്നതിനു മുന്നേ. പെണ്ണിനെ കുറിച്ച് ഞാൻ നന്നായി അന്വോഷിച്ചു, ആർക്കും ഒരു കുറ്റോം പറയാനില്ല.. “

അമ്മാവൻ പറഞ്ഞതിലും കാര്യമുണ്ടെന്ന് തോന്നിയത് കൊണ്ട് മറുത്തൊന്നും പറയാതെ കാര്യങ്ങളെല്ലാം പെട്ടന്ന് തന്നെ തീരുമാനിച്ചു. പെണ്ണ് കാണലും വീട് കാണലും കല്യാണവുമെല്ലാം ദ്രുതഗതിയിൽ ആയിരുന്നു. വന്ന് കേറിയ മരുമോൾ സ്നേഹമുള്ളവൾ കൂടിയാണെന്ന് അറിഞ്ഞപ്പോൾ വത്സല ഒരുപാട് സന്തോഷിച്ചു.
ഒന്നര മാസം കഴിഞ്ഞ് മോൻ തിരികെ പോകുമ്പോൾ വത്സലയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

” എടാ മോനെ… ഇനി വന്നാൽ പിന്നെ നീ അങ്ങോട്ടൊന്നും പോണ്ട.. നാട്ടിൽ എന്തേലും ജോലി നോക്കാം.. ഈ പെണ്ണിനെ ഒറ്റയ്ക്കാക്കി നീ അവിടെ പോയിട്ട് എന്ത് ജീവിതം. ഇവൾക്കും ഉണ്ടാകില്ലേ ഓരോ ആഗ്രഹങ്ങൾ. അതുകൊണ്ട് വേം ഇങ്ങു പോന്നേക്കണം, ഇനി അമ്മ മാത്രമല്ല, ഒരു ഭാര്യ കൂടിയുണ്ട് നിന്നെ കാത്തിരിക്കാൻ. “

അമ്മയുടെ ആ വാക്കുകൾ കേട്ട് ചിരിച്ചുകൊണ്ട് ഭാര്യയോടും അമ്മയോടും ” പോയിവരാം” എന്ന് പറഞ്ഞുപോകുമ്പോൾ പ്രതീക്ഷിച്ചില്ല ആരും ഒരു മാസത്തി നുള്ളിൽ തന്നെ അവൻ തിരികെ വരുമെന്ന്, അടച്ചിട്ട പെട്ടിയിൽ അനക്ക മില്ലാതെ……

എല്ലാവർക്കും അതൊരു ഷോക്ക് ആയിരുന്നു.

അതിനേക്കാൾ സങ്കടം ആയിരുന്നു അവന്റ താലിയും പിടിച്ച് കരയുന്ന ഭാര്യ.

“കല്യാണം കഴിഞ്ഞു മാസം ഒന്നേ കൂടെ കഴിഞ്ഞുള്ളു…ആ പെണ്ണിന്റ ഒരു വിധി “

” പറഞ്ഞിട്ട് കാര്യമില്ല.. ചില പെണ്ണുങ്ങൾ കാലെടുത്തു വെച്ചാൽ അങ്ങനാ…പിന്നെ ചിലര് പറയുന്നത് കേട്ടു, ആ പെണ്ണിന് ജാതകത്തിൽ ദോഷം ഉണ്ട് , ഭർത്താവ് വാഴില്ല എന്നൊക്കെ. ആർക്കറിയാം.. എന്തായാലും പോകേണ്ടവര് പോയി.. “

പലരും പല കഥകൾ മെനയുന്നതും പൊലിപ്പിക്കുന്നതും വത്സലയുടെ ചെവിയിൽ എത്തിയെങ്കിലും ആ ആകാശവാണിപെണ്ണുൾ ചമച്ചുണ്ടാക്കിയ വാർത്തകൾ അപ്പാടെ അവഗണിച്ചു അവർ.

മാസം മൂന്നാകുന്നു അവൻ പോയിട്ട്. അതുവരെ സ്നേഹത്തോടെ മാത്രം പെരുമാറിയിരുന്ന വത്സല അന്ന് വല്ലതെ ദേഷ്യപ്പെട്ടത് അവളെ ഞെട്ടിച്ചു കൊണ്ടായിരുന്നു.

” അവനോ പോയി.. ഉള്ള വരുമാനവും നിലച്ചു. ഇനി പറമ്പിലുള്ള വരുമാനം വെച്ച് നിന്നെ കൂടി പോറ്റാനൊന്നും എന്നെകൊണ്ട് പറ്റില്ല. അതുകൊണ്ട് ഞാൻ നിന്നെ നിന്റ വീട്ടിൽ കൊണ്ടാകാം.. എനിക്ക് വയ്യ നിന്റ ബാധ്യത കൂടി ഏറ്റെടുക്കാൻ. “

വത്സലയുടെ കണിശമായ വാക്കുകൾ കേട്ട് അവൾ അമ്പരന്നു. ഇതുവരെ സ്നേഹത്തോടെ മാത്രം കണ്ട അമ്മയുടെ മറ്റൊരു മുഖമായിരുന്നു അവൾക്ക് മുന്നിൽ.

” അമ്മേ, ഞാൻ അമ്മേടെ കൂടെ ഉള്ളത് കൊണ്ട് കഴിഞ്ഞോളാം… ഏട്ടനുറങ്ങുന്ന ഈ മണ്ണ് വിട്ട് എന്നോട്….. “

അവൾ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു. ഒരു അപേക്ഷ പോലെ അമ്മയ്ക്ക് മുന്നിൽ കൈ കൂപ്പുമ്പോൾ അതിനെ തട്ടിതെറിപ്പിക്കുംപോലെ ആയിരുന്നു അമ്മയുടെ കടുത്ത വാക്കുകൾ.

” ദേ, കൊച്ചേ…ഞാൻ പറയാനുള്ളത് പറഞ്ഞു. നിന്നെ കൂടി ചുമക്കാൻ എനിക്ക് പറ്റില്ല. എന്റെ മോനായിട്ടല്ലേ നിന്റ ഏട്ടൻ ആയത്. അപ്പൊ എനിക്കില്ലാത്ത സെന്റിമെന്റ്സ് ഒന്നും നിനക്കും വേണ്ട. അതല്ല, ഇംനീം ഇവിടെ കടിച്ച് തൂങ്ങി നിൽക്കാനാണ് ഭാവമെങ്കിൽ വത്സലയെ ന്റെ മോള് ശരിക്ക് അറിയും, അതുകൊണ്ട് നാളെ നിന്റ വീട്ടുകാരോട് വന്ന് കൊണ്ടോയ്ക്കോളാൻ ഞാൻ വിളിച്ച് പറയാം.. വെറുതെ കരഞ്ഞും പിഴിഞ്ഞും എന്റെ BP.കൂട്ടാതെ പെട്ടീം കിടക്കേം എടുത്ത് നാളെ ഇറങ്ങിക്കോണം. കേട്ടല്ലോ “

അതൊരു താക്കീത് ആയിരുന്നു. പിറ്റേ ദിവസം ഒരുക്കിവെച്ച പെട്ടികളുമായി അച്ഛനൊപ്പം പോകാനിറങ്ങുമ്പോൾ ഹാളിൽ തൂക്കിയ കല്യാണഫോട്ടോ അവൾ കയ്യിലെടുത്തു..പിന്നെ ” പോട്ടെ അമ്മേ ” എന്നും പറഞ്ഞ് അച്ഛനൊപ്പം ഇറങ്ങാൻ തുടങ്ങുമ്പോൾ വത്സല പറയുന്നുണ്ടായിരുന്നു ” പോകുന്നതൊക്കെ കൊള്ളാം, ആ ഫോട്ടോ അവിടെ വെച്ചിട്ട് പൊ… നിനക്കിനി അതിന്റ ആവശ്യം ഇല്ല. ” എന്ന്.

മനസ്സ് പിടയ്ക്കുന്ന ക്രൂ രമായ വാക്കുകൾക്ക് മുന്നിൽ കരഞ്ഞുകൊണ്ട് അവൾ ആ ഫോട്ടോ തിരികെ വെച്ച് അമ്മയെ ഒന്നുകൂടി നോക്കികൊണ്ട് ആ പടിയിറങ്ങി എന്നന്നേക്കുമായി.

നാട്ടുകാർക്ക് പറയാൻ അതൊരു വലിയ വാർത്തയായിരുന്നു. മൂന്ന് മാസം തികയും മുന്നേ മരുമകളെ പടിയിറക്കിയ അമ്മായമ്മ.

പലരും ചിരിച്ചു, കുറ്റം പറഞ്ഞു. പക്ഷേ, ഒന്നും കേട്ടതായി ഭാവിച്ചില്ല വത്സല.. അല്ലെങ്കിൽ തന്നെ ഇവരെ ഒക്കെ എന്തിന് ന്യായം പറഞ്ഞു ബോധിപ്പിക്കണം.. തനിക്ക് ശരിയെന്നു തോന്നതാണ് ചെയ്തത്.

അന്ന് ആ പടിയിറങ്ങിയ മരുമകളെ കാണാൻ അമ്മാവൻ ചെന്നിരുന്നു.

അവൾ ഒരുപാട് കരഞ്ഞു. അമ്മയിൽ നിന്ന് ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല എന്ന് പരാതി പറഞ്ഞു. അവൻ മരിച്ചിട്ട് ഇത്രയല്ലേ ആയുള്ളൂ, മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാതെ ഇരിക്കാർന്നൂ വത്സലയ്ക്ക് എന്ന അവളുടെ അച്ഛനും അനിഷ്ടത്തോടെ പറഞ്ഞു.

എല്ലാം മൗനമായി കേട്ടിരുന്ന അമ്മാവൻ എഴുനേറ്റ് അവളുടെ അരികിലെത്തി ആ കയ്യിൽ പിടിച്ചുകൊണ്ട് ഒന്ന് മാത്രം പറഞ്ഞു ” അവളെ വെറുക്കരുത് മോളെ.. മൂന്ന് മാസം ആണെങ്കിലും അവളെ പോലെ ഒരു അമ്മയെ നിനക്ക് കിട്ടിയല്ലോ എന്ന് കരുതിയാൽ മതി “

” അവൻ പോയതിനു ശേഷം ഞാൻ മോളോട് സംസാരിച്ചത് ഓർക്കുന്നുണ്ടോ അത് അവൾ പറഞ്ഞിട്ടാ…… ! “

പിന്നെ അമ്മാവൻ പറഞ്ഞതെല്ലാം അവൾ കേട്ടത് അവിശ്വസനീയതയോടെ ആയിരുന്നു !!

” അമ്മാവാ… പോയവർ പോയി ഇനിപ്പോ അവര് തിരിച്ചുവരില്ലല്ലോ. അവന് ദൈവം ആയുസ്സ് അത്രേ കൊടുത്തുള്ളൂ എന്ന് കരുതി ഞാൻ സഹിച്ചോളാം.. പക്ഷേ, അവൻ താലി കെട്ടിയ ഒരു പെണ്ണുണ്ട് ഇവിടെ. സ്വപ്നം കണ്ട് വന്ന ജീവിതം എവിടേം എത്താതെ പൊലിഞ്ഞുപോയവൾ… അവളെ ഇനീം എവിടെ നിർത്തി ഉള്ള ജീവിതം കൂടി ഇല്ലാതാക്കനോ? കല്യാണം കഴിഞ്ഞിട്ട് ഇത്രയല്ലേ ആയുള്ളൂ.. ഗർഭിണിയും അല്ല.. അപ്പൊ പിന്നെ പോയവരെ ഓർത്ത് ഇവിടെ ഒരു വിധവയായി ഉള്ള കാലം വെറുതെ കളയാതെ അവളെ പറഞ്ഞുമനസ്സിലാക്കിയാൽ അവൾക്ക് വേറെ നല്ല ഒരു ജീവിതം കിട്ടും.

ഇനിയും ഒരു വിവാഹം അവൾക്ക് സാധ്യമാണ്. നല്ല ഒരു ജീവിതവും.. അവളെ പോലെ സ്നേഹിക്കാൻ മാത്രം അറിയുന്ന ന്റെ മോളോട് ഞാൻ ഇത് പറഞ്ഞാൽ അവൾ സമ്മതിക്കില്ല, എനിക്ക് ഉറപ്പാണ്. അല്ലെങ്കിൽ പിന്നെ ഞാൻ മുഖം കറുപ്പിച്ചു വല്ലതും പറയേണ്ടി വരും അവളുടെ നല്ല ഭാവിക്ക് വേണ്ടി. പക്ഷേ, അവളോട് മുഖം കറുപ്പിക്കാൻ എനിക്ക് പറ്റില്ല.. അങ്ങനെ ആണ് അവള് ന്നേ സ്നേഹിക്കുന്നത്…. അതുകൊണ്ട് അമ്മാവൻ അവളോട് സംസാരിക്കണം.. കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം.. പോയവരെ ഓർത്ത് ഇനിയുള്ള ജീവിതം വെറുതെ ഹോമിക്കരുത് എന്ന് പറയണം. അവൾക്ക് ഒരു ജീവിതം ഉണ്ടായി കണ്ടാലേ ഇപ്പോൾ എനിക്കും സമാധാനമുള്ളൂ.അതുകൊണ്ട് അമ്മാവൻ അവളോട് ഒന്ന് സംസാരിക്ക് “

അമ്മാവന്റെ വാക്കുകൾ കേട്ട് വിശ്വസിക്കാൻ കഴിയാതെ നിൽക്കുകയായിരുന്നു അവൾ. ഒന്നും പറയാൻ കഴിയാത്ത അവസ്ഥ.

” അങ്ങനെ അന്ന് അവൾ പറഞ്ഞിട്ടാണ് ഞാൻ മോളോട് സംസാരിച്ചത്. മകനോ പോയി നിന്റ ജീവിതം കൂടി അവിടെ കിടന്ന് ഇല്ലാതാകാൻ അവൾക്ക് സാധിക്കില്ലായിരുന്നു. കാരണം അത്രയേറെ മോളെ അവൾക് ഇഷ്ട്ടായിരുന്നു.

പക്ഷേ, മോള് സമ്മതിച്ചില്ല.. അവനുള്ള ആ മണ്ണ് വിട്ട് എവിടേം പോകില്ലെന്ന് വാശി പിടിച്ചു. പക്ഷേ, അതൊക്ക വരുംകാലം മോൾക്ക് പോലും ആ ഓർമ്മകൾ ബാധ്യത ആകും എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ പറഞ്ഞട്ടും കേൾക്കാത്ത മോൾക്ക് മുന്നിൽ അവള് അങ്ങനെ ഒക്കെ കാട്ടിക്കൂട്ടിയത്. മനസ്സിൽ ഒത്തിരി കരഞ്ഞുകൊണ്ട്. മോളെ അത്രയ്ക്ക് ഇഷ്ടായിരുന്നു അവൾക്ക്. പക്ഷേ, ആ സ്നേഹത്തിനു മുന്നിൽ മോൾടെ ജീവിതം അവിടെ നശിപ്പിച്ചുകളയാൻ അവളുടെ മനസ്സ് അനുവദിച്ചില്ല.. അതുകൊണ്ട് അമ്മാവന് ഒന്നേ പറയാനുള്ളൂ… മോള് വേറെ ഒരു കല്യാണത്തിന് സമ്മതിക്കണം.. ജീവിതത്തിൽ .ദൈവം പല പരീക്ഷണങ്ങളും .നടത്തും, അതിലൊന്നായി കണ്ടാൽ മതി ഇതിനെയും. മോളുടെ പുതിയ ജീവിതം ആഗ്രഹിക്കുന്ന ആ അമ്മയെ ഓർത്തെങ്കിലും….”

ഇടയ്ക്ക് ഒന്ന് ഇടറിയ വാക്കിൽ ഗാദ്ഗദം അണപൊട്ടിയപ്പോൾ അമ്മാവൻ അവർ കാണാതിരിക്കാൻ യാത്ര പറഞ്ഞ് പതിയെ പുറത്തേക്ക് ഇറങ്ങി നടന്നു.

*****************

” വത്സല ഇതെവിടെ പോയതാ “

ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ ആയിരുന്നു വഴിയിൽ പശുവിനെ പുല്ല് തെറ്റിക്കുന്ന ദേവകി വായിലെ മുറുക്കാൻ തുപ്പികൊണ്ട് ചോദിച്ചത്.

” ഓഹ്… മോളുടെകല്യാണത്തിന് പോയതാ ദേവക്യേ. ” എന്നും പറഞ്ഞ് ഒന്ന് ചിരിച്ചെന്ന് വരുത്തി വലിഞ്ഞു നടക്കുമ്പോൾ ദേവകി ചിന്തിച്ചത് ” അവർക്കിത് ഏത് മോള് , ഉള്ളത് ഒറ്റ മോനായിരുന്നില്ലേ ” എന്നായിരുന്നു.

അവരോട് മറുപടി നൽകി വീട്ടിലേക്ക് നടക്കുമ്പോൾ വത്സലയും സന്തോഷ ത്തോടെ മനസ്സിൽ പറയുന്നുണ്ടായിരുന്നു ” അവളെനിക്ക് മരുമോൾ അല്ലല്ലോ.. ന്റെ മോള് തന്നെ അല്ലെ ” എന്ന്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *