അവൾ ഏറെ സന്തോഷവതിയാണിപ്പോൾ. കുറച്ചു കാലങ്ങളായി പേരിനോടൊപ്പം അവൾ വെറുപ്പോടെ ചുമക്കുന്ന ഒരു വാലുണ്ട്. അത് വേരോടെ……..

മുറിച്ചു മാറ്റിയ പാഴ് വേര്

Story written by Shafia Shamsudeen

അവൾ ഏറെ സന്തോഷവതിയാണിപ്പോൾ. കുറച്ചു കാലങ്ങളായി പേരിനോടൊപ്പം അവൾ വെറുപ്പോടെ ചുമക്കുന്ന ഒരു വാലുണ്ട്. അത് വേരോടെ പിഴുതു കളയാനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്.

അയാൾക്കവളെ അടിച്ചും ഇടിച്ചും തൊഴിച്ചും മതിയായില്ല എന്ന് തോന്നുന്നു. സ്നേഹം നടിച്ച് വശത്താക്കാൻ ശ്രമിച്ച് അവളെ പിന്തുടരുന്നുണ്ട് ഇപ്പോഴും.

ആ സ്നേഹം കണ്ടു അയാൾക്കരികിലേക്ക് ചെന്നാൽ കഴുത്തിൽ ക ത്തിയോ മുഖത്തു ആ സിഡോ ഞൊടിയിടയിൽ വന്നു പതിക്കും എന്ന് അവൾക്ക് കൃത്യമായി അറിയാം. അതുകൊണ്ട് തന്നെ സംസാരിക്കാൻ അടുത്തുകൂടി വരുമ്പോഴൊക്കെ അകലം പാലിക്കാൻ അവൾ മറക്കാറില്ല.

ഒന്നും രണ്ടും അല്ല പതിനെട്ടു വർഷങ്ങൾ ആണ് അയാളെ പ്രണയിച്ചു അയാൾ ക്കൊപ്പം ജീവിച്ചത്. അപ്പോഴൊന്നും അയാളുടെ ക്രൂ രതകളോ തന്നിഷ്ടങ്ങളോ ഒന്നും അവൾക്ക് അരോചകമായി തോന്നിയില്ല. അത്രമേൽ പ്രണയമായിരുന്നു അന്നൊക്കെ അയാളോട്. അതാണ് തനിക്ക് പറ്റിപ്പോയ തെറ്റെന്നു അവൾ പരിതപിക്കാത്ത ദിവസങ്ങളില്ല ഇപ്പോൾ.

പണവും ആരോഗ്യവും വേണ്ടുവോളം ഉള്ള സമയത്ത് അയാളുടെ ക്രൂ രതകൾ അനുഭവിക്കുമ്പോൾ കരഞ്ഞു കാല് പിടിച്ചു പറഞ്ഞതാണ്, “ദയവുചെയ്ത് മറ്റുള്ളവർക്ക് വേണ്ടി നമ്മുടെ ജീവിതവും സന്തോഷവും നിങ്ങൾ ഇല്ലാതാക്കരുത്. എന്നെ കൊണ്ട് നിങ്ങളെ നിങ്ങൾ തന്നെ വെറുപ്പിക്കരുത്. ഞാൻ ഇപ്പോഴും നിങ്ങളെ സ്നേഹിച്ചു കൊണ്ടിരിക്കയാണ്. പക്ഷേ, വെറുത്തു തുടങ്ങിയാൽ പിന്നെ ഒരിക്കലും എനിക്ക് നിങ്ങളെ ഇത്പോലെ സ്നേഹിക്കാൻ ആവില്ല..”

അന്നൊക്കെ അയാൾ അതിനെ പുച്ഛിച്ചു തള്ളി. അഹങ്കാരചിരിയോടെ പറഞ്ഞു, “നീ പോടീ.. ആർക്ക് വേണടീ നിന്റെ സ്നേഹം! അവൾടെ ഒരു സ്നേഹം.. എന്നെ സ്നേഹിക്കാൻ എന്റെ ആൾക്കാരുണ്ട്. എനിക്കത് മതി”

ജോലി നഷ്ടപ്പെട്ട് ആരോഗ്യവും പണവും നശിച്ചപ്പോൾ ഇപ്പൊ അയാൾക്ക് ആരുണ്ട്? അതോർത്തപ്പോൾ പകരം പുച്ഛചിരി വിരിഞ്ഞത് അവളുടെ ചുണ്ടിലായിരുന്നു.

ഓരോ തവണ കുടുംബകോടതിയിൽ വെച്ച് കാണുമ്പോഴും യാചന ആയിരുന്നു. “എന്നെ നീ വേണ്ടാന്ന് പറയല്ലേ പ്ലീസ്, എനിക്കിപ്പോ ആരും ഇല്ല. നീ എന്നെ ഇട്ടു പോവല്ലേ.. കേസ്‌ പിൻവലിക്കണം പ്ലീസ്”

അത് കേൾക്കുമ്പോൾ അവൾക്കു തോന്നും, “എല്ലാം അയാളുടെ അഭിനയം ആണ്. എന്റെ ശമ്പളം കൊണ്ട് എന്നെ ഉപദ്രവിച്ച് കൂടെ ജീവിക്കാനുള്ള സൂത്രം അല്ലാതെന്ത്. ഹൃദയം കൊണ്ട് അയാളെന്നെ ഇതുവരെ സ്നേഹിച്ചിട്ടില്ല. അതു കൊണ്ട് തന്നെ അയാൾക്ക് ഒരിക്കലും എന്നോട് ആത്മാർത്ഥത ഉണ്ടാവാൻ പോണില്ല”

അതറിയാമായിരുന്നത് കൊണ്ട് തന്നെയാണ് അയാൾക്ക് വിവാഹലോചനകൾ നടക്കുന്നുണ്ടെന്നത് കേട്ടിട്ടും അവൾ ഞെട്ടാതിരുന്നത്.

മക്കൾ മൂന്നു പേർക്കും അത് തമാശയായാണ് തോന്നിയത്. കിട്ടിക്കൂട്ടിയ അടിയുടെയും ചവിട്ടിന്റെയും വേദന ഉള്ളിൽ നിന്നും മായാത്തതിനാലാവും മക്കൾക്ക് ഇന്നും അയാളോട് വെറുപ്പ് തന്നെയാണ്.

അവൾ ഓർത്തു, താനായിട്ട് മക്കൾക്ക് അയാളോട് വെറുപ്പ് ഉണ്ടാക്കിയിട്ടും ഇല്ല.. അയാളോടുള്ള അവരുടെ വെറുപ്പ് ഇല്ലാതാക്കാൻ ശ്രമിച്ചിട്ടും ഇല്ല. അതൊക്കെ അവരുടെ സ്വന്തം തീരുമാനങ്ങൾക്ക് വിട്ടുകൊടുത്തിരുന്നു.

എന്തായാലും അത്രമേൽ അയാളെ പ്രണയിച്ചു സ്നേഹിച്ച്, ആ സ്നേഹം ഒന്ന് കൊണ്ട് മാത്രം അയാൾക്ക് അടിമയായി അടിയറവ് പറഞ്ഞ് ഇത്രകാലവും ജീവിച്ച താൻ ഇപ്പൊ ഇത്രമേൽ അയാളെ വെറുത്തില്ലേ..

സ്നേഹവും പ്രണയവും വെറുപ്പുമെല്ലാം ഹൃദയത്തിൽ നിന്നും വരുന്നതാണ്. അത് ആത്മനിർമ്മിതിയാണ്. ആർക്കും ഉണ്ടാക്കി കൊടുക്കാൻ കഴിയുന്ന ഒന്നല്ല.

ഓരോന്നും ആലോചിച്ചിരുന്നു സമയം പോയി. ഇന്ന് പത്തു മണിക്കാണ് കോടതിയിൽ എത്തേണ്ടത്.

നിയമപ്രകാരം അവൾ സ്വതന്ത്ര്യയാകുന്ന ദിവസം. പെട്ടെന്ന് കുളിച്ച് കോടതിയിലേക്ക് ആവശ്യമായ രേഖകളെടുത്ത് ഇറങ്ങി, വണ്ടി സ്റ്റാർട്ട്‌ ചെയ്തു.

ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ട് അവൾ അതിലേക്ക് നോക്കി. അയാളാണ്. അവസാനഘട്ട അപേക്ഷ ക്കായിരിക്കും. അവൾക്ക് ചിരി വന്നു. ഒരിക്കലും മനസലിയാത്ത രീതിയിൽ തന്നെ ഇത്രത്തോളം കഠിനഹൃദയയാക്കിയത് അയാൾ തന്നെയല്ലേ.

പ്രയോജനം ഇല്ലെന്നറിയുന്ന ഒരു കാര്യത്തിന് വേണ്ടി അയാളിങ്ങനെ യാചിച്ച് സ്വയം ചെറുതാവുന്നത് എന്തിനായിരിക്കും?

തന്നെ ചവിട്ടിപ്പുറത്താക്കി, വലിച്ചു താഴെക്കിട്ട് വാതിൽ പൂട്ടി പോവുമ്പോൾ അയാൾ എന്ത്‌ കരുതിക്കാണും? വീണ്ടും അയാളുടെ തോന്ന്യാസത്തിനു അയാൾ എന്നെങ്കിലും വാതിൽ തുറക്കുമ്പോൾ ഞാൻ അതിനുള്ളിലേക്ക് വലിഞ്ഞു കേറുമെന്നോ? അവിടെയാണ് അയാൾക്ക് തെറ്റു പറ്റിയത്.

വണ്ടി കോടതി വളപ്പിലേക്കെത്തി. ഇടയ്ക്കു അയാൾ അടുത്തേക്ക് വന്നപ്പോൾ തമാശ മട്ടിൽ ചോദിച്ചു, “നിങ്ങൾടെ കല്യാണം എന്നെ വിളിക്കുവോ?”

വഷളൻ ചിരിയോടെ അയാളുടെ മറുപടി, “അതെങ്ങനെയാ നിന്നെ വിളിക്കാ?”

“അതിനെന്താ? ഇങ്ങളെ കല്യാണച്ചോറ് ഞാനും മക്കളും വന്നു തിന്നാലിപ്പോ എന്താ?”

കളിയാക്കുന്നതാണെന്ന് അയാൾക്ക് മനസിലായിക്കാണണം. തല കുനിച്ചു നിന്നു അയാൾ തിരികെ നടക്കുമ്പോൾ തന്റെ ചുണ്ടിൽ ചിരിയായിരുന്നു.

വർഷങ്ങളുടെ പ്രയത്നങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ കോടതിയിൽ നിന്നും വിവാഹമോചനം അനുവദിച്ചു കൊണ്ടുള്ള അനുമതി കൈപ്പറ്റുമ്പോൾ എന്തെന്നില്ലാത്ത ആനന്ദം ആയിരുന്നു.

തിരിച്ചു പോരാനായി വണ്ടി സ്റ്റാർട്ട്‌ ചെയ്യുമ്പോൾ തന്റെ വണ്ടിക്കടുത്തേക്ക് ഓടിവരുന്നുണ്ട് അയാൾ. കണ്ടിട്ടും കാണാത്തതു പോലെ വണ്ടിയെടുക്കുമ്പോൾ ഉള്ളിൽ അതുവരെ അനുഭവിക്കാത്ത ഒരു ആത്മസംതൃപ്തി!

“എടോ മനുഷ്യാ.. വെറുമൊരു പേടിത്തൊണ്ടിയായിരുന്ന എന്നെ ഇത്രക്കും ബോൾഡ് ആക്കിയതിന്, ഒറ്റക്ക് ജീവിക്കാൻ എന്നെ പ്രാപ്തയാക്കിയതിന് തന്നോട് എനിക്ക് തീർത്താൽ തീരാത്ത നന്ദിയുണ്ട്ടോ”

അവൾ വോളിയം കൂട്ടി തന്റെ പ്രിയഗാനങ്ങളിൽ മനം പൂഴ്ത്തി സ്റ്റിയറിങ്ങിൽ താളം പിടിച്ചു നിവർന്നിരുന്നു..

ആ കാർ അവൾ ഡ്രൈവ് ചെയ്തത് നേരെ ബീച്ചിലേക്ക് ആയിരുന്നു.

അത് ശരിക്കും, ശിഷ്ടജീവിതം ഒറ്റക്ക് ആസ്വദിച്ചു ജീവിക്കാനൊരുങ്ങിയ ഒരു പെണ്ണിന്റെ സന്തോഷങ്ങളിലേക്കുള്ള ആദ്യത്തെ കാൽവെപ്പ് തന്നെ ആയിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *