ആദ്യമാദ്യം അമ്മ അതിനെക്കുറിച്ചു സൂചിപ്പിക്കുമ്പോഴെല്ലാം എന്റെ തുടർപഠനവും നവിയേട്ടന്റെ ജോലിതിരക്കും എല്ലാം തടസ്സങ്ങളായി ഞങ്ങൾ രണ്ടാളും അമ്മയ്ക്ക് മുൻപിൽ നിരത്തി…….

എഴുത്ത് :-ലച്ചൂട്ടി ലച്ചു

“കുത്തിവച്ചുണ്ടായതല്ലേ…!! അവന്റെ തന്നെയാണ് ചികിത്സയ്ക്കെടുത്തതെന്നൊക്കെ ആർക്കാ അറിയുക…!!”

കുടിച്ച പ്രഥമനു പോലും കയ്പേറിയത് പോലെ തോന്നിയത് ആ വാക്കുകൾ കാതിൽ വന്നടിച്ചപ്പോൾ ആയിരുന്നു..

വിവാഹം കഴിഞ്ഞിട്ടു പതിനഞ്ചു കൊല്ലമായിരിക്കുന്നു…

ആദ്യമാദ്യം അമ്മ അതിനെക്കുറിച്ചു സൂചിപ്പിക്കുമ്പോഴെല്ലാം എന്റെ തുടർപഠനവും നവിയേട്ടന്റെ ജോലിതിരക്കും എല്ലാം തടസ്സങ്ങളായി ഞങ്ങൾ രണ്ടാളും അമ്മയ്ക്ക് മുൻപിൽ നിരത്തി ….

വർഷങ്ങൾ ഓരോന്നായി കഴിഞ്ഞപ്പോൾ പതിയെ ഞങ്ങളും ഒരു കുഞ്ഞിനായി കൊതിച്ചു തുടങ്ങിയിരുന്നു …

പ്രതീക്ഷകൾ എല്ലാം കൈവിട്ടപ്പോഴും സ്ഥിരപരിശോധന നടത്തിയ ഗൈനക്കോളജിസ്റ്റ് കയ്യൊഴിഞ്ഞപ്പോഴും അമ്മയാണ് കൂടെ നിന്നത്…

ഏട്ടനെ കൊണ്ടു നിർബന്ധിച്ചു ലീവെടുപ്പിച്ചും മറ്റർണിറ്റി ലീവിനായി എന്നോട് അപേക്ഷിയ്ക്കാൻ പറയുമ്പോഴും എന്റെ ആശകൾ അസ്ഥാനത്ത് തന്നെയായിരുന്നു….

” ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ ഇക്കാലത്ത് പുതുമയുള്ള ഒന്നല്ല …. നാചുറലായുള്ള ഗർഭധാരണം പ്രാപ്തമാക്കാത്തവർക്ക് ഇതു മെഡിക്കൽ സയൻസിന്റെ ഒരനുഗ്രഹം തന്നെയാണ്…

രണ്ടു പേർക്കും ഒരുപക്ഷേ ഒരിയ്ക്കൽ പിറക്കേണ്ടിയിരുന്ന നിങ്ങളുടെ കുഞ്ഞുങ്ങൾ ലോകം കാണുവാനായി ആഗ്രഹിച്ചപ്പോൾ രണ്ടാളും അതിനെ തടഞ്ഞിരിയ്ക്കാം ….

അതിനു ചെറിയൊരു മധുരപ്രതികരമായി വിധി നൽകുന്നൊരു സ്‌ട്രഗിൾ…

അത്രയും കണക്കാക്കിയാൽ മതിയാകും…”

ആശ്വസിപ്പിയ്ക്കാനെന്ന വ്യാജനെ ഡോക്ടർ പുഞ്ചിരിയ്ക്കുമ്പോൾ അതിലെവിടെയൊക്കെയോ ചില കുറ്റപ്പെടുത്തലുകളും പതിയിരുന്നിരുന്നു …

വൈകിയെത്തിയെങ്കിലും ഫലത്തിനിരട്ടിമധുരമായത് ഒരേസമയം ഒന്നല്ല രണ്ടു ജീവനുകൾ എന്റെ ഗർഭപാത്രത്തിൽ ഇടം നേടുവാനായി പരസ്പരം മത്സരിയ്ക്കുന്നുവെന്നറിഞ്ഞപ്പോഴായിരുന്നു….

നാടും വീടും വിട്ടകന്നു ഗർഭിണിയാകുമ്പോഴും ഒരമ്മയായി നാട്ടിലേയ്ക്ക് തിരിച്ചുവരുമ്പോഴും പുതുമയുള്ള കണ്ണുകളിൽ ആനന്ദവും പഴമയുടെ കണ്ണുകളിൽ സംശയങ്ങളും നിറഞ്ഞു നിന്നിരുന്നു….

പേരിടൽ ചടങ്ങിനിടെ അമ്മയുടെ അകന്ന ബന്ധത്തിലുള്ള ചില പ്രായമായ സ്ത്രീകൾ കണ്ണും കയ്യും കാട്ടി എന്റെ ഗർഭധാരണത്തെ വിചിത്രമായ എന്തോ ഒന്നാക്കി ചിത്രീകരിയ്ക്കുമ്പോഴും അമ്മയുടെ അതുവരെയുള്ള മുഖവും ഭാവവും മാറുന്നത് ഉൾഭയത്തോടെ ഞാൻ നോക്കിക്കണ്ടു….

വാത്സല്യത്തോടെ എന്നെ ഊട്ടിയിരുന്ന കൈകൾ മെല്ലെ പിൻവലിയാൻ തുടങ്ങിയപ്പോൾ ചുറ്റും നിന്ന ചില കണ്ണുകളിൽ അപഹാസ്യം ഉണർന്നപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഞാൻ മുറിയിലേക്കോടി….

ഇരുമരത്തൊട്ടിലിൽ പരസ്പരം നോക്കിയുറങ്ങുന്ന എന്റെ കുഞ്ഞുങ്ങളെ മാ റോടണച്ചുകൊണ്ടു ഞാൻ വിങ്ങിയപ്പോൾ ഉറക്കം പകുതിയിൽ മുറിഞ്ഞ പരിഭവത്തോടെ ഇരുവരും കരയുന്നുണ്ടായിരുന്നു…

ഇടതു തോളിൽ ചാരിയുറങ്ങിയിരുന്ന കുഞ്ഞിനെ നവിയെട്ടൻ വലിച്ചെടുത്ത പ്പോഴായിരുന്നു ഞാൻ പകുതി ബോധം വീണ്ടെടുത്തത്…

” മോളെ എടുത്തുകൊണ്ടു വാ എല്ലാവരും തിരക്കുന്നുണ്ട് … “

നവിയേട്ടൻ വാതിൽ കടന്നിട്ടും ഒരടി അനങ്ങാതെ ഇരുന്നപ്പോൾ ചുമലിലൊരു തട്ടായിരുന്നു കിട്ടിയത് …

മുഖം അമർത്തിതുടച്ചുകൊണ്ടു ഞാൻ അവളെയുമെടുത്ത് പൂമുഖത്തെ ത്തിയപ്പോഴേയ്ക്കും അവളെ കയ്യിൽ നിന്നും വാങ്ങി ഏട്ടൻ രണ്ടു കുഞ്ഞുങ്ങളെയും നെഞ്ചോടു ചേർത്തു ഇരുന്നുകഴിഞ്ഞിരുന്നു …

“എന്റെയും ലക്ഷ്മിയുടെയും വിവാഹം കഴിഞ്ഞു പതിനഞ്ചു വർഷത്തേക്കാൾ കൂടുതൽ പിന്നിട്ടിരിക്കുന്നു ….. അമ്മയാവുക എന്നത് അവളുടെ ആഗ്രഹമായിരുന്നെങ്കിൽ അച്ഛനാവുക എന്നത് എന്റെ സ്വപ്നമായിരുന്നു ….

എല്ലാവർക്കും പകരുന്ന വീഞ്ഞ്‌ ഒരേ അളവായിരിയ്ക്കണം എന്നുണ്ടാകില്ല എന്നിരുന്നാലും ഒരേ മധുര മായിരിക്കും….

വിധി നൽകിയ ആ അളവ് ഞങ്ങൾക്ക് അച്ഛനമ്മമാരാകാനുള്ള കാലയളവായിരുന്നു ….

എന്നാൽ ഞങ്ങളുടെ രണ്ടു മക്കളും മറ്റേതൊരു സന്താനങ്ങളെയും പോലെ എന്റെയും അവളുടെയും ചോരയും വീര്യവും തന്നെയാണ് ..

ഞങ്ങളുടെ ഇരട്ടിമധുരം…!!

അതിൽ ആർക്ക് സംശയം വരുന്നുവോ ആ ദൃഷ്ടിയിലൂടെ ആരെന്റെ കുഞ്ഞുങ്ങളുടെ അമ്മയെ നോക്കുന്നുവോ അവർക്ക് ഈ വീട്ടിൽ അതിഥിയെന്നൊരു സ്ഥാനമില്ല …

ഇറങ്ങിപ്പോകാം…”

പരിഹസിച്ചവർക്ക് നേരെ കടുപ്പിച്ചൊരു നോട്ടം നൽകി ഏട്ടൻ എന്റെ കൈകൾ ചേർത്തു പിടിയ്ക്കുമ്പോൾ മറുകയ്യിൽ അമ്മയും കൈകൾ ചേർത്തിരുന്നു ….

“എന്റെ മകന്റെ കുറുമ്പും എന്റെ മകളുടെ പുഞ്ചിരിയും ഈ രണ്ടു കുരുന്നു കളുടെയും മിഴികളിൽ കണ്ടവളാണ് ഞാൻ…

അവയുള്ളിടത്തോളം എന്റെ പേരക്കുട്ടികൾ ആണ് ഇവരെന്നു തെളിയിക്കാൻ ഒരു ഡോക്ടറിന്റെയും വാക്കുകൾ എനിക്കവിശ്യമില്ല ….

ഒരു ഹോസ്പിറ്റൽ രേഖകളും എനിയ്ക്കു കാണേണ്ടതുമില്ല….”

പിറകിലൂടെ എന്നെ അമർത്തിനുള്ളിക്കൊണ്ടു അമ്മ ശകാരിയ്ക്കു ന്നുണ്ടായിരുന്നു…

” നീ കൊടുക്കേണ്ട മറുപടിയായിരുന്നു അതിനായൊരവസരം തന്നപ്പോൾ കരഞ്ഞുവിളിച്ചുകൊണ്ടു ഓടുകയല്ലായിരുന്നു വേണ്ടത് … “

“അമ്മയ്ക്കെന്നിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന് തോന്നിയപ്പോൾ…”

വാക്കുകൾ പൂർത്തിയാക്കാൻ സമ്മതിയ്ക്കാതെ അമ്മ എന്റെ കൈകളിലെ പിടി മുറുക്കി …

“അമ്മ നിന്നെ വിശ്വസിയ്ക്കുന്നില്ലെന്നു എപ്പോൾ നിനക്ക് തോന്നുന്നുവോ അവിടെയാണ് മോൾക്ക് അമ്മയിലുള്ള വിശ്വാസം ഇല്ലാതാകുന്നത് …!!”

മഞ്ഞുതിർന്ന ശീതളിമയിൽ ഞാൻ ആശ്വാസത്തോടെ പുഞ്ചിരിയ്ക്കവേ എനിയ്ക്കു പോലും വിട്ടുതരില്ലെന്ന ഭാവേന എന്റെ കുഞ്ഞുങ്ങളെ വാനോളം കൊഞ്ചിയ്ക്കുന്നുണ്ടായിരുന്നു അമ്മയും മകനും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *