ആ പുഞ്ചിരിയുടെ ഹൃദ്യതയും, ഒപ്പം, പൂച്ചക്കണ്ണുകളുടെ തീഷ്ണതയും; എത്ര തഴുതിട്ടാലും, മനസ്സിന്റെ വാതിലുകൾ തുറന്നുവന്ന് ഇന്നലെകളേ ഓർമ്മിപ്പിച്ചു……..

ഉദയം

എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട്

പ്രഭാതം; കോളേജ് ജംഗ്ഷൻ.

മുന്നിലേ ഓട്ടോ പോയിട്ടും, ഊഴമെത്തിയിട്ടും നേരമേറെയായി. മൊബൈൽ ഫോണെടുത്ത്, അനുജത്തിക്കു വേണ്ടി നിർമ്മിച്ച മാട്രിമോണിയൽ പ്രൊഫൈലിലെ പ്രതികരണങ്ങൾ തിരഞ്ഞത് വിരസതയകറ്റാൻ കൂടിയാണ്.

അപ്രതീക്ഷിതമായാണ്, ആ മുഖം വിവാഹപ്പരസ്യങ്ങൾക്കിടയിൽ തെളിഞ്ഞു വന്നത്.

ആ പുഞ്ചിരിയുടെ ഹൃദ്യതയും, ഒപ്പം, പൂച്ചക്കണ്ണുകളുടെ തീഷ്ണതയും; എത്ര തഴുതിട്ടാലും, മനസ്സിന്റെ വാതിലുകൾ തുറന്നുവന്ന് ഇന്നലെകളേ ഓർമ്മിപ്പിച്ചു മടങ്ങിപ്പോകുന്ന അതേ മുഖം.

ഓട്ടോ, മൂന്നു ചക്രമുള്ള രഥമായി മാറിയ രണ്ടു വർഷങ്ങൾ. പിൻസീറ്റിൽ നിന്നുയർന്ന പൊട്ടിച്ചിരികൾ. പ്രണയമധുരം പൊതിഞ്ഞ ഭാഷണങ്ങൾ. കടൽക്കരയിലെ സായന്തനങ്ങൾ. അമ്പലനടയും, അരയാൽത്തറയും സംഗമങ്ങൾക്കു സാക്ഷികളായ പ്രഭാതങ്ങൾ.

ആ പരസ്യത്തിലേക്ക്, ഒരാവർത്തി കൂടി മിഴികൾ നിരങ്ങി നീങ്ങി.

പുരാതന തറവാട്ടിലെ മാതാപിതാക്കളുടെ ഏക മകൾ, ഉയർന്ന സാമ്പത്തികം. അനുയോജ്യരായവരിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഡോക്ടർമാർ, എഞ്ചിനീയർമാർ, വൻകിട ബിസിനസ്സുകാർ, ഉയർന്ന ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർക്കു മുൻഗണന.

അതിൽ, ബിരുദധാരിയായ ഓട്ടോ ഡ്രൈവറുടെ തസ്തികയില്ല. അവളുടെ ആ തിരിച്ചറിവാണല്ലോ ‘വീട്ടുകാരെ ധിക്കരിക്കാൻ വയ്യ’ എന്ന ഒറ്റവാചകത്തിൽ, രണ്ടുവർഷം നീണ്ട പ്രണയം ‘ബ്ലോക്ക് ഓപ്ഷനുകളിൽ’ അവസാനിച്ചത്. മാംസനിബദ്ധമല്ലാത്ത സ്നേഹത്തേക്കുറിച്ചോർത്ത് വ്യഥിതനായത്. ‘അർഹിക്കുന്നില്ല’ എന്ന ഒറ്റവാക്കിൽ സമാധാനം തേടാൻ ശ്രമിച്ചത്.

“ചേട്ടാ, ഒരു റെയിൽവേ സ്റ്റേഷൻ”

ചിന്തകളെ ഭഞ്ജിച്ച്, ഒരു യുവതി ഓട്ടോയിൽ കയറി.

ദീർഘദൂരമാണ്; ഇന്നത്തെ ആരംഭം കൊള്ളാം.

നഗരവീഥിയിലൂടെ ഓട്ടോ പതിയേ നീങ്ങി. നേരം നന്നായി വെളുത്തിരുന്നു.

തിരിച്ചറിവുകൾ തന്ന വെളിച്ചത്തിൽ, മനസ്സും, ഇരുൾ മറഞ്ഞു തെളിഞ്ഞു നിന്നു. ഒരു പുതുദിനം ആരംഭിക്കുകയായി…

***************

Related Posts

Leave a Reply

Your email address will not be published. Required fields are marked *