പവിയ്ക്ക് എന്നെ കണ്ടിട്ട് മനസിലായില്ലേ ? എനിക്ക് മനസിലായിട്ടോ, അവിടുന്ന് വരുന്നത് കണ്ടപ്പൊള്‍ തന്നെ… ഒരു മാറ്റവും ഇല്ല… ഫോട്ടോയിൽ…..

ദൂരങ്ങളില്ലാതെ

Story written by Sabitha Aavani

നീളൻ ഒറ്റവരിപ്പാത മുറിച്ച് കടന്നു മെയിൻ റോഡിലേക്ക് കയറുമ്പോൾ സൈഡ് ഒതുക്കി നിർത്തിയ ഒരു കാറിൽ നിന്നും ആരോ അവൾക്കു നേരെ കൈ വീശി കാണിക്കുന്നു.

വെളുത്ത് മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ കാറിൽ നിന്നും പുറത്തേയ്ക്കിറങ്ങി.

അവള്‍ അടുത്ത് വരുമ്പോൾ അയാൾ ഹൃദയം തുറന്നു ചിരിക്കുന്നുണ്ടായിരുന്നു.

” പവിയ്ക്ക് എന്നെ കണ്ടിട്ട് മനസിലായില്ലേ ? എനിക്ക് മനസിലായിട്ടോ, അവിടുന്ന് വരുന്നത് കണ്ടപ്പൊള്‍ തന്നെ… ഒരു മാറ്റവും ഇല്ല… ഫോട്ടോയിൽ കാണും പോലെ തന്നെ.”

” ആഷി …കുറേ നേരമായോ വന്നിട്ട് ?”

അവളുടെ കണ്ണുകൾ അവന്റെ കണ്ണുകളിൽ ഉടക്കാത്ത വിധം ശ്രദ്ധിച്ചു കൊണ്ടാണ് അവളാ ചോദ്യം ചോദിച്ചത്.

” ഇല്ല ഇപ്പൊ വന്നേ ഉള്ളൂ… കാണാമെന്ന് പറഞ്ഞ സ്ഥലം ഇവിടുന്ന് ഒരു കാൽ കിലോമീറ്റർ തികച്ചില്ല. എന്നിട്ടും കണ്ടുമുട്ടൽ ഇവിടെ ആയി അല്ലെ… എത്ര നാളായി പ്ലാൻ ചെയ്യുന്നതാണ്.”

അവളുടെ കണ്ണുകൾ അവനിൽ തന്നെ നോട്ടം തറയ്ക്കുന്നു.

അവര്‍ പരസ്പരം ആലിംഗനം ചെയ്യുന്നു.

” വരൂ നമുക്ക് അവിടെക്ക് പോകാം… ഇവിടെ ഇങ്ങനെ നിന്ന് വെയില് കൊള്ളണ്ടല്ലോ.” അവന്‍ ചിരിയ്ക്കുന്നു.

അവർ നടന്നു.

” പവിയ്ക്ക് എന്താ ഒരു മൗനം…”

ആഷിയുടെ വാക്കുകൾ അവൾ കേട്ടില്ലെന്ന് നടിച്ചു.

“ഇതുവഴിയാണ്…” പവിത്ര വേഗം നടന്നു.

പബ്ലിക് ലൈബ്രറിയുടെ സൈഡ് ഗേറ്റിലൂടെ അവർ അകത്തേയ്ക്ക് നടന്നു.

വീതിയാർന്ന മുറ്റത്ത് അവിടെവിടെയായി ആളുകൾ നില്കുന്നു.

പവിത്രയാണ് മുന്നിൽ നടന്നത്.

പിന്നാലെ അവനും.

നീളൻ വരാന്തയുടെ അകത്തളത്തിലേക്ക് അവൾ ആഷിയെ കൂട്ടികൊണ്ടു പോയി.

പുസ്തകങ്ങൾ തിങ്ങിനിറഞ്ഞിരിക്കുന്ന റാക്കുകളും അലമാരകളും നിരന്നിരിയ്ക്കുന്ന നീളൻ ഹാളിന്റെ ഒരറ്റത്ത് നിരന്നു കിടന്ന കസേരയിൽ അവര്‍ മുഖാമുഖം ഇരുന്നു.

ഹാളിൽ ഉണ്ടായിരുന്ന ഒരു മനുഷ്യൻ വളരെ സന്തോഷത്തോടെ അവളെടുത്ത് വരുകയും സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്‌തു പോയി.

” താനിവിടെ സ്ഥിരം സന്ദർശക ആണല്ലേ. നിറയെ പുസ്തകങ്ങൾ…”

ആഷി പവിത്രയുടെ കണ്ണുകളിലേക്ക് നോക്കി.

” ഇവിടെ മാത്രമാണ് ആകെ ഞാൻ വരാറ്. ആഷിയ്ക്ക് ലീവ് ഒരുപാടുണ്ടോ?”

” അതുശരി ഇന്നലെ നാട്ടിൽ വന്ന എന്നോടെങ്കിലും താൻ ഈ പതിവ് ചോദ്യം ചോദിക്കരുതായിരുന്നു.”

ആഷി ഉറക്കെ ചിരിയ്ക്കുന്നു.

പവിത്രയുടെ കണ്ണുകൾ തിളങ്ങുന്നു.

അവള്‍ തന്റെ കൈകള്‍ അവന്റെ കൈക്കുള്ളില്‍ ഒളിപ്പിക്കുന്നു.

” ആഷി ഇത്രയും സംസാരിക്കുന്ന ആളാണെന്നു എനിക്ക് അറിയില്ലായിരുന്നു.”

പവിത്ര ആഷിയുടെ മുഖത്തേയ്ക്ക് നോക്കി.

” താനിത്ര ലിമിറ്റഡ് ആയി സംസാരിക്കുന്ന ആളാണെന്ന് എനിക്കും.”

ആഷി ചിരിച്ചു ഒപ്പം പവിത്രയും.

തമ്മിലുണ്ടായിരുന്ന ഒരകലം സംസാരിച്ച് സംസാരിച്ച് നേർമയായി പൊട്ടി പോയിരുന്നു.

” പ്രണയിച്ച് പോകുമോന്ന ഭയം ഇപ്പോഴും ഉണ്ടോ ഉള്ളിൽ ?”

ആഷിയുടെ കണ്ണുകൾ പവിത്രയുടെ കണ്ണുകളിൽ തന്നെ കുടുങ്ങി കിടന്നു.

” ഇല്ല.”

ഒറ്റവാക്കിൽ നൽകിയ മറുപടിയ്ക്ക് അപ്പുറവും മറ്റെന്തോ പ്രതീക്ഷിച്ച് ആഷി പവിത്രയെ തന്നെ നോക്കി.

അവൾ വല്ലാതെ ശാന്തമായി ഇരിക്കുന്നു.

യാതൊന്നും സംഭവിക്കാത്ത പോലെ…

” ശരിയാണ് നമ്മളൊരിക്കലും പരസ്പ്പരം പ്രണയിച്ചിട്ടില്ലെന്ന് നമ്മള്‍ തന്നെ എത്ര തവണ തെളിയിച്ചിരിയ്ക്കുന്നു.”

ഓൺലൈൻ മീഡിയകളിലെവിടെയോ എവിടെയോ കണ്ടു സംസാരിക്കാൻ തുടങ്ങിയത് ആദ്യം അവളായിരുന്നു.

പതിയെ പതിയെ അവളിലേക്ക് അടുപ്പിക്കുന്ന എന്തോ ഒന്ന് തങ്ങൾക്കിടയി ലുണ്ടെന്ന് ഇടയ്ക്കെപ്പോഴോ രണ്ടുപേർക്കും തോന്നി.

അത് പ്രണയമെന്നു അവർ തെറ്റിദ്ധരിച്ചു.

അതെ അത് വെറും തോന്നലായിരുന്നെന്ന് പിന്നീട് ബോധ്യമായിരുന്നു.

പ്രണയത്തിന്റെ സാധ്യതകളെ ഒന്നും തന്നെ സാധൂകരിയ്ക്കുന്ന യാതൊന്നും തങ്ങൾക്കടയിലുണ്ടായിട്ടില്ല.

പൈങ്കിളിയായി പോയേക്കാവുന്ന ഒരു സംസാരം പോലും…

എന്നിട്ടും തങ്ങള്‍ പ്രണയത്തിലെന്ന് അവർ വിശ്വസിച്ചു.

പരസ്പരം കാണാതെ അവർ അകന്നിരുന്നു സ്നേഹിക്കും വിധം പെരുമാറിയിരുന്നു.

എന്താണെന്നു പോലും അറിയാതെ…

പതിയെ പതിയെ രണ്ടുപേർക്കും തോന്നി തുടങ്ങിയിരുന്നു ഇതൊരു പ്രണയമാണോ ?

സ്നേഹത്തെ പ്രകടമാക്കുന്ന യാതൊരു വികാരങ്ങളുമില്ലതെ പ്രണയം എങ്ങനെ രണ്ടു മനുഷ്യരിൽ നിലനിൽക്കുമെന്ന് അവർ അത്ഭുതത്തോടെയെങ്കിലും തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.

രണ്ടു വ്യക്തികൾ രണ്ടുതലങ്ങളിൽ നിന്നും കൈവീശുന്നു.

പ്രണയമെന്ന ചിന്ത അവിടെ മരിക്കുന്നു.

ദിവസങ്ങളുടെ ,മാസങ്ങളുടെ ഇടവേളകളിൽ അവർ വിശേഷങ്ങൾ പങ്കുവെച്ചു.

ഒരിക്കലും കണ്ടിട്ടില്ലാത്ത രണ്ടാത്മാക്കൾ പരസ്പരം കാണുന്നു.

പ്രണയത്തിന്റെ സാധ്യതകളെ മുഴുവൻ പുച്ഛിച്ചു കൊണ്ട് അവർ പരസപരം സംസാരിക്കുന്നു.

ഉറക്കെ ഉറക്കെ ചിരിയ്ക്കുന്നു.

രണ്ടു ഹൃദയങ്ങൾ തമ്മിൽ ആലിംഗനം ചെയ്യുന്നു.

ആഷി നീട്ടിയ കൈ പിടിച്ച് പവിത്ര പുസ്തകങ്ങൾക്കിടയിൽ നടക്കുന്നു.

താളുകൾ മറിച്ച് ആഷിയുടെ മുഖത്ത് നേരെ നീട്ടുന്നു.

പുസ്തകങ്ങളുടെ ഗന്ധം അവന്റെ നാസികയിലേക്ക് തുളച്ച് കയറുന്നു.

പ്രണയമില്ലാതെയും രണ്ടു മനുഷ്യർ അത്യധികം സ്നേഹത്തോടെ ചേർന്നിരിക്കുമെന്ന് അവർ നമ്മെ ബോധ്യപ്പെടുത്തുന്നു.

” ഹൃദയം കൊണ്ട് ചും ബിക്കുകയും മൗനം കൊണ്ടാലിംഗനം ചെയ്യുകയും ചെയ്യുന്ന ബന്ധങ്ങൾക്കൊക്കെ വല്ലാത്തോരു ഭംഗിയെന്ന് തോന്നുന്നു.”

❤️

Related Posts

Leave a Reply

Your email address will not be published. Required fields are marked *