ഇന്ന് ശരിയാവും, നാളെ ശരിയാകും എന്ന് കരുതി അവളുടെ ഒരു പുഞ്ചിരിക്ക് വേണ്ടി കാത്തിരിക്കുവാ……

എഴുത്ത്:- മഹാ ദേവൻ

” അമ്മ ഒന്ന്പോയി തരോ ന്റെ പിന്നാലെ ങ്ങനെ നടക്കാതെ. മനുഷ്യന് ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും തിരിയാൻ പാടില്ല. അപ്പൊ തുടങ്ങും എങ്ങോട്ടാ എന്തിനാ , ആരെ കാണാനാ… മടുത്തു. “

ഗായത്രിയുടെ സംസാരം സാവിത്രിയെ വല്ലാതെ വിഷമിപ്പിച്ചെന്ന് ഉമ്മറത്തിരുന്ന് എല്ലാം കേട്ടിരുന്ന പ്രകാശന് മനസിലായി. ഗായത്രിയുടെ റൂമിൽ നിന്നും മൗനം പാലിച്ചിറങ്ങി വന്ന അവളുടെ മുഖം പറയുന്നുണ്ടായിരുന്നു ഒരു അമ്മയുടെ വിഷമവും വേവലാതിയും.

അന്ന് ഗായത്രി പുറത്തേക്കിറങ്ങുമ്പോൾ കൂടെ അച്ഛനും ഉണ്ടായിരുന്നു കവല വരെ.

” മോളെ, അച്ഛനും ഉണ്ട് കവല വരെ, കുറേ ആയിട്ട് എല്ലാടുത്തോട്ടും ഒന്ന് ഇറങ്ങിയിട്ട്. “

അയാൾ പുഞ്ചിരിച്ചുകൊണ്ട് മുന്നിൽ നടക്കുമ്പോൾ അച്ഛനൊപ്പം അവളും നടന്നു.

പക്ഷേ, പെട്ടന്ന് അച്ഛൻ കൂടെ ഇറങ്ങിയതോടെ എന്തോ അവളിലൊരു സന്തോഷം എല്ലായിരുന്നു.

” ന്ത് പറ്റി മോളെ.. “

പിന്നിൽ മൗനം തളംകെട്ടിയ മകളുടെ മുഖത്തേക്ക് നോക്കുമ്പോൾ ” ഒന്നൂല്ല അച്ഛാ ” എന്നും പറഞ്ഞവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.

” അമ്മ മോളോട് അങ്ങനെ ഒക്കെ പറയുമ്പോൾ മോൾക്ക് വല്ലാതെ ഇറിറ്റേഷൻ ആകുന്നുണ്ട് അല്ലെ. സാരമില്ല മോളെ…. അമ്മയല്ലേ… പെൺകുട്ടികളെ കുറിച്ചുള്ള വേവലാതിയാ… അതിപ്പോ ഈ അച്ഛനും ഉണ്ട്.. മോളോട് പറയുന്നില്ല എന്നെ ഉളളൂ. കാലം അതല്ലേ മോളെ.. അതുകൊണ്ടാ, മോളൊരു അബദ്ധത്തിലും ചെന്ന് ചാടില്ലെന്ന് അച്ഛനറിയാം. എന്നാലും അച്ഛനമ്മമാരുടെ ഒരു കരുതൽ ഏതൊരു മക്കളുടെയും മേലുണ്ടാകും, അങ്ങനെ കണ്ടാൽ മതിട്ടോ. ഇനി അതിന്റ പേരിൽ അമ്മയോട് മുഖം വീർപ്പിക്കണ്ട…. “

അച്ഛന്റെ വാക്കുകൾക്ക് അവൾ പതിയെ തലയാട്ടുമ്പോൾ അമ്മയോട് അത്രയേറെ വഴക്കിട്ടതിൽ അവൾക്കും വിഷമം തോന്നി.

” മോളെ പോകുമ്പോൾ നമുക്ക് ആ സേതുന്റെ വീട്ടിലൊന്ന് കേറാം.. എന്നിട്ട് വേഗം തിരിക്കാം “

അച്ഛന്റെ പുഞ്ചിരിക്ക് മുന്നിൽ മറുത്തൊന്നും പറയാതെ തലയാട്ടി സമ്മതിച്ചുകൊണ്ട് പിന്നാലെ നടന്നു ഗായത്രി.

സേതുവിന്റെ വീട്ടിലെത്തുമ്പോൾ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു അയാൾ.

“അല്ല, ആരിത് പ്രകാശേട്ടനോ.. വാ വാ.. മോളെ കേറി വാ !!”

അയാൾ സന്തോഷത്തോടെ രണ്ട് പേരെയും അകത്തേക്ക് ഇരുത്തുമ്പോൾ സൗദാമിനിയും സാരിത്തലപ്പിൽ കൈ തുടച്ചുകൊണ്ട് ഉമ്മറത്തു എത്തിയിരുന്നു.

” ടി, നീ ഇവർക്ക് കുടിക്കാൻ എന്തേലും എടുത്തേ “

സേതു പറയുന്നത് കേട്ട് പ്രകാശൻ സൗദാമിനിയേ തടഞ്ഞു, ” ഒന്നും എടുക്കണ്ടാട്ടൊ.. ഞങ്ങളിപ്പോ കഴിച്ചിറങ്ങിയതേ ഉളളൂ. കുറെ ആയില്ലേ മോളെ ഒന്ന് കണ്ടിട്ട്, അപ്പൊ ഒന്ന് കണ്ടേച്ചു പോകാമെന്നു കരുതി,. എന്നിട്ട് അവളെവിടെ

പ്രകാശൻ ആകാംഷയോടെ അകത്തേക്ക് നോക്കുമ്പോൾ സേതുവിന്റെയും സൗദാമിനിയുടെയും മുഖത് ഒരു വിഷാദം പടരുന്നത് ശ്രദ്ധിച്ചിരുന്നു ഗായത്രി.

” അവൾ അകത്തുണ്ട് പ്രകാശേട്ടാ.. എപ്പഴും മുറിയിൽ ഒരേ ഇരിപ്പാ… പുറത്തേക്ക് പോലും ന്റെ മോളിപ്പോ ഇറങ്ങുന്നില്ല… “

സൗദാമിനി ഏങ്ങലടിച്ചുകൊണ്ട് കണ്ണുകളോപ്പി. സേതുവും അതെ അവസ്ഥയിൽ ആയിരുന്നു.

” ന്നാ ഞാൻ ഒന്ന് അവളെ കണ്ടിട്ട് വരാ സേതു.. “

പ്രകാശൻ പതിയെ എഴുനേറ്റ് ” വാ മോളെ ” എന്നും പറഞ്ഞ് ഗായത്രിയെയും കൂട്ടി അകത്തേക്ക് നടന്നു. ഇടനാഴി കടന്ന് അടുത്ത റൂമിലേക്ക് കയറുമ്പോൾ കട്ടിലിൽ ഒരു ബുക്ക്‌ വായിച്ചുകൊണ്ടിരുന്ന രാഖി പ്രകാശനെ കണ്ട് മുഖത് തിളക്കമില്ലാത്ത ഒരു ചിരി വരുത്തി..

തിരികെ പ്രകാശനും അവൾക്കൊരു ചിരി സമ്മാനിച്ചുകൊണ്ട് അകത്തേക്ക് നടന്നു.

” ബുക്ക്‌ വായന ആണോ മോളെ ” എന്ന് ചോദിച്ചുകൊണ്ട് അയാൾ പതിയെ അവളിൽ നിന്നും ആ ബുക്ക്‌ വാങ്ങി വെറുതെ ഒന്ന് മറിച്ചുനോക്കി, ഒരു സംസാരത്തിലേക്ക് തുടക്കമെന്നോണം.

ആ സമയമെല്ലാം രാഖിയെ വീക്ഷിക്കുകയായിരുന്നു ഗായത്രി. എണ്ണമയം വറ്റിയ മുടിയും തെളിച്ചമില്ലാത്ത മുഖവും. കണ്ണുകൾക്ക് പോലും തിളക്കം നഷ്ടപ്പെട്ടിരിക്കുന്നു.

” മോളെ, നീ ഇങ്ങനെ ഇതിനുള്ളിൽ തന്നെ ഇരിക്കാതെ പുറത്തേക്ക് ഒക്കെ ഒന്ന് ഇറങ്ങൂ. ഈ നാല് മുറിക്കുള്ളിൽ നിന്റ മനസ്സിനെയും ശരീരത്തെയും തളച്ചിടുമ്പോൾ നിന്നെഓർത്ത് വിഷമിക്കുന്ന രണ്ട് മുഖങ്ങൾ കൂടി ഉണ്ടെന്ന് ഒന്ന് ഓർത്തൂടെ. നിനക്ക് വേണ്ടി മാത്രം ജീവിക്കുന്ന അവരെ വിഷമിപ്പിക്കാതെ മോള് അവർക്കൊപ്പം വീണ്ടും നടന്ന് പഠിക്കണം. പാസ്ററ് എന്തെന്ന് അല്ല, ഇനി എന്തെന്ന് ചിന്തിക്കാൻ നമ്മൾ പഠിച്ചാലേ ധൈര്യത്തോടെ മുന്നോട്ട് പോകാൻ കഴിയൂ…

അങ്കിളിന് അറിയാം മോളുടെ മനസ്സിലെ വിഷമങ്ങൾ. പക്ഷേ, മോള് ഒന്നോർത്തു നോക്കിക്കേ… നമുക്ക് നഷ്ട്ടങ്ങൾ മാത്രം തന്ന കുറെ ഓർമ്മകൾക്ക് പിന്നാലെ പിന്നെയും മനസ്സിനെ സഞ്ചരിക്കാൻ വിട്ട് സ്വയം ഒതുങ്ങുമ്പോൾ തോറ്റു പോകുന്നത് മോളെ തന്നെ അല്ലെ… കൂടെ മോളുടെ അച്ഛനും അമ്മയും. നമുക്ക് വേണ്ടാത്ത കുറെ സങ്കടങ്ങളെ വലിച്ചെറിയാൻ മനസ്സിനെ പ്രാപ്തയാക്കി നിന്നെ ഓർത്ത് കരയുന്നവർക്ക് കുറച്ചു സന്തോഷം നൽകാൻ കഴിഞ്ഞാൽ അതിലും വലിയതായി എന്താടോ ഉള്ളത്. നമുക്ക് അത് കഴിയില്ല എന്ന് തോന്നുന്നിടത് ആണ് നമ്മൾ തോൽക്കുന്നത്.. മോൾക്ക് ഒരു അബദ്ധം പറ്റി… അതൊരു തോരിച്ചറിവായി കണ്ട് ഇനിയുള്ള കാലം അതിനെ ഒക്കെ തരണം ചെയ്ത് മുന്നേറാൻ കഴിയുന്നിടത്താണ് നമ്മുടെ വിജയം. ആ വിജയം നിന്റ അച്ഛന്റെയും അമ്മയുടെയും കൂടിയാണ്. “

രാഖി എല്ലാം കേട്ട് തലയാട്ടിയതല്ലാതെ മറുത്തൊന്നും പറഞ്ഞില്ല. മനസ്സിന്റെ ഷോക്ക് അവളെ അത്രയേറെ പിടിമുറുക്കിയിട്ടുണ്ടെന്ന് പ്രകാശനും തോന്നിയിരുന്നു

” എന്നാ മോളെ ഞങ്ങളിറങ്ങുവാ.. പിന്നെ ഞാൻ പറഞ്ഞത് മോള് മറക്കരുത്.. ജീവിതത്തോട് പൊരുതിനിൽക്കണം. പിന്നിറക്കങ്ങൾ കണ്ട് തോറ്റെന്നു തോന്നിയാൽ അവിടെ നമ്മുടെ ജീവിതത്തിലെ സന്തോഷമാണ് ഇല്ലാതാകുന്നത്. അതു പോലെ പെണ്മക്കളെ ഓർത്ത് ഓരോ നിമിഷവും തീ തിന്നുന്ന മാതാപിതാക്കളുടെയും.”

പ്രകാശൻ അവളുടെ മുടിയിലൂടെ ഒന്ന് കൈ ഓടിച്ചുകൊണ്ട് പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ രാഖിയോട് വെറുതെ ഒന്ന് തലയാട്ടി അച്ഛന് പിന്നാലെ ഗായത്രിയും പുറത്തേക്ക് നടന്നു.

എല്ലാവരോടും യാത്ര പറഞ്ഞ് റോഡിലേക്ക് ഇറങ്ങുമ്പോൾ അച്ഛന്റെ മുഖത്തെ വിഷാദം കണ്ട് ഗായത്രി ആ കയ്യിലൊന്ന് മുറുക്കെ പിടിച്ചു.

അയാൾ അവളുടെ ആ പ്രതികരണം കണ്ടു പുഞ്ചിരിക്കുമ്പോൾ ഗായത്രിയുടെ ഫോൺ വൈബ്രെറ്റ് ചെയ്യുന്നുണ്ടായിരുന്നു.

അവൾ അച്ഛൻ കാണാത്ത പോലെ ഫോൺ വേഗം ഓഫ്‌ ചെയ്തു.

” മോളെ…. നീ കണ്ടില്ലേ ആ കൊച്ചിനെ. നിന്റ പ്രായത്തിൽ വീണ്പോയതാ… പിന്നെ…. “

” ആ ചേച്ചിക്ക് ന്തോ ആക്സിഡന്റ് പറ്റിയതല്ലേ ! “

അവൾ ജിത്ന്യാസയോടെ ചോദിക്കുമ്പോൾ അയാൾ ഒന്ന് മൂളി നെടുവീർപ്പിട്ടു.

” അങ്ങനെ എല്ലാവർക്കും അറിയൂ.. അല്ലെങ്കിൽ ജീവിതക്കാലം മുഴുവൻ പഴിക്കപ്പെടും അവൾ. ഒരു പെണ്ണല്ലേ…. “

അച്ഛൻ പറയുന്നതൊന്നും മനസ്സിലാകാതെ നിൽക്കുകയായിരുന്നു ഗായത്രി.

” മോളെ.. അത് വെറുമൊരു ആക്സിഡന്റ് അല്ല. അവൾക്ക് പറ്റിയ ഒരു അബദ്ധം.. ഒരുത്തനെ വിശ്വസിച്ചു. ആ പേരിൽ വീട്ടിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കി. ഒറ്റ മോളല്ലേ എന്ന് കരുതി സേതുവും അവളെ കൂടുതൽ പ്രഷർ ചെയ്തില്ല. ഒരിക്കൽ വീട്ടിൽ പറയാതെ അവൾ ഇഷ്ട്ടപ്പെട്ടവന്റെ കൂടെ കറങ്ങാൻ പോയതാ… അവിടെ എത്തിയപ്പോൾ അവന്റെ സ്വഭാവം മാറി. പൊരുത്തക്കേട് തോന്നിയപ്പോൾ രക്ഷപ്പെടാൻ നോക്കിയതാ.. പക്ഷേ, കിട്ടിയത് പിന്നെ ഇങ്ങനെ ആണ്. കേസിനു പോകാമെന്നു പറഞ്ഞതാ.. പക്ഷേ, അവർ സമ്മതിച്ചില്ല. മകളെ ഇങ്ങനെ എങ്കിലും കിട്ടിയല്ലോ എന്ന് പറഞ്ഞായിരുന്നു അവർ കരഞ്ഞത്. ഇനിയും അവളെ മാധ്യമങ്ങൾക്കും ജനങ്ങൾക്കുമിടയിലേക്ക് ഇട്ട് കീറിമുറികാൻ താല്പര്യം ഇല്ലെന്ന് പറഞ്ഞ് കുറെ കരഞ്ഞു സേതു.

ഇന്ന് ശരിയാവും, നാളെ ശരിയാകും എന്ന് കരുതി അവളുടെ ഒരു പുഞ്ചിരിക്ക് വേണ്ടി കാത്തിരിക്കുവാ അവർ രണ്ട് പേരും. മക്കളുടെ മനസ്സ് വായിക്കാൻ കഴിയില്ലല്ലോ… അവരെ ശകാരിച്ചത് കൊണ്ടും കാര്യമില്ല. സ്വയം തോന്നേണ്ട ചില കാര്യങ്ങൾ ഉണ്ട് നമ്മുടെ ലൈഫിൽ. മോൾക്ക് അച്ഛൻ പറഞ്ഞത് മനസ്സിലായോ?

ഒരു മാതാപിതാക്കളും ആഗ്രഹിക്കില്ല സ്വന്തം മകൾക്ക്…… “

അയാൾ ആ വാക്കുകൾ മുഴുവനാക്കാതെ മൗനം പാലിക്കുമ്പോൾ അവൾ ഊഹിച്ചിരുന്നു അച്ഛൻ പാതിക്ക് നിർത്തിയതിന്റെ ബാക്കി.

കവലയിൽ എത്തുമ്പോൾ അവളെ കാത്ത് ഒരു ബൈക്ക് നിൽപ്പുണ്ടായിരുന്നു. ക്ലാസ്സിനെന്നും പറഞ്ഞ് നെല്ലിയാമ്പതി വരെ പോകാമെന്നു കരുതി അമ്മയോട് വഴക്കിട്ടു രാവിലെ ഇറങ്ങുമ്പോൾ കരുതിയില്ല പെട്ടന്ന് ചില തീരുമാനങ്ങൾക്ക് ചില ജീവിതങ്ങൾ ഉദാഹരണമാകേണ്ടിവരുമെന്ന്.

അവൾ പതിയെ ഫോൺ എടുത്ത് തന്നെ കാത്ത് അക്ഷമയോടെ കാത്ത് നിൽക്കുന്നവന് ഒരു മെസ്സേജ് അയച്ചു.

” ട്രിപ്പ് ക്യാൻസൽഡ്… “

പിന്നെ അച്ഛന്റെ കയ്യിൽ ഒന്നുകൂടി മുറുക്കെ പിടിച്ചു അവൾ.

” ഞാൻ കോളേജിൽ പോകുന്നില്ല ഇന്ന്. പാവം അമ്മ.. വഴക്കിട്ട് പോന്നതല്ലേ.. മ്മക്ക് നല്ല ബിരിയാണി വാങ്ങി അമ്മയെ പോയി സോപ്പിടാം… ഞാൻ നല്ലൂട്ടി ആയെന്ന് അമ്മ അറിയട്ടെ “

അവൾ അച്ഛന്റെ കയ്യിൽ തൂങ്ങി ചിരിക്കുമ്പോൾ തലയാട്ടികൊണ്ട് അയാളും ചിരിച്ചു പെണ്മക്കളുള്ള അച്ഛന്റെ വേവലാതി നിറഞ്ഞ ചിരി.

എത്രയായാലും ആ വേവലാതി എന്നും ഉണ്ടാകുമല്ലോ അവരുടെ നെഞ്ചിൽ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *