ഇവിടെ ഇല്ലാത്ത മാല എങ്ങനെ എടുത്തിടാൻ ആണ് അല്ലെ…? കുറച്ചൊക്കെ കെട്ടിയോന്റെ വാക്കിനെ വിലകൽപ്പിക്കണം പെണ്ണുങ്ങൾ……,

പൊന്ന്

Story written by Navas Amandoor

ടീവിയുടെ റിമോട്ട് എടുത്ത് കൈ കഴുകി അമീർ രാത്രി ഭക്ഷണം കഴിക്കാനിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ ചാനലിലെ അന്തിച്ചർച്ച കാണുന്നത് പതിവാണ്. ഫസി ഉമ്മാക്കും അമീറിനും ചോറ് വിളമ്പിയ നേരത്താണ് ഫസിയുടെ കഴുത്തിൽ മാല ഇല്ലെന്ന് അവൻ കണ്ടത്.

“ഫസി മാല എന്തെ….?”

“ഞാൻ കുളിച്ചപ്പോൾ ഊരി വെച്ചത് .”

നല്ല പുളിയുള്ള പച്ചമാങ്ങ ഇട്ട് വെച്ച ചെമ്മീൻ കറി ഫസി അമീറിന്റെ ചോറിലേക്ക് ഒഴിച്ചുകൊടുത്ത് വെള്ളം എടുക്കാനായി അടുക്കളയിലേക്ക് പോയി.
പച്ച മാങ്ങയിട്ട മീൻ കറി അവന് ഇഷ്ടമാണ്.

“അമി… കുറച്ചു ദിവസമായിട്ട് അവളുടെ കഴുത്തിൽ മാല കാണുന്നില്ല. നീ എന്ത് പൊട്ടനാണ് അവൾ എന്ത് പറഞ്ഞാലും വിശ്വാസിക്കും.”

ഉമ്മ പറഞ്ഞപ്പോൾ അതുവരെ ശാന്തമായിരുന്ന അവന്റെ മുഖത്ത് ദേഷ്യം വന്നു. ഫസി വെള്ളം കൊണ്ട് വന്നു മേശയിൽ വെച്ചു.

“നീ ഇപ്പോൾ തന്നെ ആ മാല എടുത്തു കഴുത്തിൽ ഇട് ഫസി..”

“ഇപ്പൊ എന്തിനാ ഇക്കാ.. നാളെ ഇട്ടാൽ പോരെ.”

അതിനുള്ള മറുപടി കൊടുത്തത് ഉമ്മയാണ്.

“ഇവിടെ ഇല്ലാത്ത മാല എങ്ങനെ എടുത്തിടാൻ ആണ് അല്ലെ…? കുറച്ചൊക്കെ കെട്ടിയോന്റെ വാക്കിനെ വിലകൽപ്പിക്കണം പെണ്ണുങ്ങൾ.”

“ഉമ്മാ… ഇക്കയുടെ മാത്രമല്ല ഈ വീട്ടിലെ എല്ലാവരുടെയും വാക്കിനും സ്‌നേഹത്തിനും വിലയുണ്ട് എനിക്ക്.”

ദേഷ്യത്തോടെ അമീർ കഴിക്കുന്നിടത്ത് നിന്ന് എണീറ്റ് അവളുടെ അരികിലേക്ക് ചെന്നു.

“മാല എവിടെ ഫസി…?”

“കാണുന്നില്ല.രണ്ടീസം മുൻപ് മേശയിൽ ഊരി വെച്ചതായിരുന്നു.

അമീർ ആ സമയം അവളുടെ മുഖത്തടിക്കാൻ കൈ വീശി. ചോറ് കുഴച്ച കഴുകാത്ത കൈ അവളുടെ കവിളിൽ പതിഞ്ഞു.

“ഇല്ലാത്ത ക്യാഷ് ഉണ്ടാക്കിയാണ് ഒരു മാല വാങ്ങി കഴുത്തിൽ ഇട്ട് തന്നത് നാട്ടുകാരെ സഹായിക്കാൻ അല്ല. ഇപ്പൊ ഈ രാത്രി നീ ഇവിടെന്ന് ഇറങ്ങിക്കോ.. മാലയുമായി വന്നാൽ മതി.”

അവളെ തള്ളി പുറത്താക്കി അമീർ വാതിൽ അടച്ചപ്പോൾ ഉമ്മാക്ക് സന്തോഷമായി.

അമീറിന്റെ ആഗ്രഹമായിരുന്നു ആരും ഇല്ലാത്ത യത്തീമായ ഒരു പെണ്ണിനെ നിക്കാഹ് കഴിക്കണമെന്ന്. അങ്ങനെ കണ്ടെത്തി നിക്കാഹ് ചെയ്തതാണ് ഫസിയെ. ഒന്നും കിട്ടാത്ത കല്യാണം ആയതു കൊണ്ട് അവളെ എന്തെങ്കിലും കുത്തുവാക്കുകൾ പറഞ്ഞു വേദനിപ്പിക്കുന്നത് ഉമ്മയുടെ പതിവാണ്.

കൈ കഴുകി ഹാളിലെ ദിവാൻ കോട്ടിൽ അമീർ കിടന്ന് ടീവിയുടെ റിമോട്ട് എടുത്തു. ആ സമയവും അവന്റെ നോട്ടം ഫസി പുറത്ത് ഉണ്ടോയെന്നാണ്. അവൾ പുറത്തുണ്ട്. ഈ രാത്രി അവൾ എവിടെ പോകാൻ..? ഉണ്ടായിരുന്ന സ്വർണ്ണമൊക്കെ സങ്കടം പറഞ്ഞു വന്നവർക്കൊക്കെ ഊരിക്കൊടുത്തു. ഈ മാല ആർക്കും കൊടുക്കരുതെന്ന് പറഞ്ഞു വാങ്ങിക്കൊടുത്തതാണ്.എന്നിട്ടും അവൾ അനുസരണക്കേട് കാണിച്ചു.

പലവട്ടം നോക്കിയ നേരത്തൊക്കെ അവൾ പുറത്തുണ്ടായിരുന്നു. അങ്ങനെ കിടന്ന് അറിയാതെ അവൻ ഉറങ്ങിപ്പോയി.

ഉമ്മ അമീറിനെ വിളിച്ചുണർത്തിയപ്പോൾ നേരം പുലർന്നിരുന്നു. കണ്ണ് തുറന്ന് ആദ്യം നോക്കിയത് പുറത്തേക്കാണ്. അവൾ അവിടെ ഇല്ല. അവൻ പെട്ടെന്ന് ചാടിയെണീറ്റ് പുറത്തേക്കിറങ്ങി.

“ഉമ്മാ അവൾ എവിടെ…?”

“എനിക്കറിയില്ല. എവിടെയെങ്കിലും പോട്ടേ.”

“ഉമ്മാ… എന്റെ പെണ്ണാണ് അവൾ.. ആ നേരത്തെ ദേഷ്യം കൊണ്ട്.. ഞാൻ. “

“ഞാൻ ഒന്നും പറയുന്നില്ല. സക്കാത്ത് കല്യാണം നടത്തി കിട്ടിയ മുതലല്ലേ .”

അമീർ ടു വീലറിന്റെ താക്കോലെടുത്ത് വണ്ടിയെടുത്തു പുറത്തേക്ക് പോയി. പലയിടത്തും നോക്കി. കണ്ടവരോടൊക്കെ ചോദിച്ചു. അവളെ കണ്ടില്ല. തിരിച്ചു വീട്ടിൽ വന്നപ്പോൾ ഉച്ചയായി. വീട്ടിലേക്ക് കയറിയപ്പോൾ ഉമ്മ ഹാളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നു.

“നിനക്ക് വിശക്കുന്നെങ്കിൽ കൈ കഴുകി വാ.” ഒന്നും സംഭവിക്കാത്ത മട്ടിലുള്ള ഉമ്മയുടെ സംസാരം അമീറിനെ വേദനിപ്പിച്ചു.

“ഉമ്മയും ഒരു പെണ്ണല്ലേ… ഒന്ന് ചോദിക്കുന്നതു പോലും ഇല്ല അവളെ കണ്ടോന്ന്. ഇത്രയും നേരം ഞാൻ അവളെ അന്വേഷിച്ചു നടക്കുകയായിരുന്നു എവിടെയും കണ്ടില്ല.”

ഉമ്മ അവൻ പറഞ്ഞത് ശ്രദ്ധിക്കാതെ ഇരുന്നു. അമീർ ഉമ്മയെ നോക്കി ഹാളിലേക്ക് പോയി. ഫസിയുടെ മണം നിറഞ്ഞു നിൽക്കുന്ന മുറി. ഇവിടെ എവിടെയോ അവൾ ഉള്ളത് പോലെ അവനു തോന്നി.

“ഇവിടെ ആരും ഇല്ലേ….?”

പുറത്ത് ഒരു സ്ത്രീ ശബ്ദം. ഉമ്മ ചെന്ന് വാതിൽ തുറന്നു.

“ഒരിക്കലും ഈ പടി കടന്ന് ഇങ്ങോട്ട് വരരുതെന്ന് ഉറപ്പിച്ചതാണ്… ഇപ്പൊ വന്നത് ഒരു കാര്യം പറയാനാ.. എവിടെ നിങ്ങളെ മോൻ.”

“അല്ലെങ്കിലും നിന്നെ ഇവിടെ ആർക്കും കാണണ്ട ഷാഹി. നിന്നെ പണ്ടേ വേണ്ടെന്ന് വെച്ചതാണ് ഞാനും എന്റെ മോനും.”

പുറത്തെ സംസാരം കേട്ട് ഫസിയാണെന്ന് കരുതി അമീർ മുറിയിൽ നിന്നും ഇറങ്ങി വന്നു.

“നീയൊരു ആണാണോ.. കെട്ടിയപെണ്ണിനെ രാത്രി വീട്ടിൽ നിന്ന് ഇറക്കി വിട്ടിട്ട് മുറിയിൽ കിടന്ന് ഉറങ്ങുന്നോ…”

“ഇത്താത്ത ഞാൻ…”

“അങ്ങനെ വിളിക്കരുത് നീ. എനിക്ക് ഇഷ്ടം ഉള്ള ആളുടെ ഒപ്പം ജീവിക്കാൻ വേണ്ടി ഈ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. ഉമ്മയും മോനും ആ ഒരു കാരണം കൊണ്ട് എന്നെ വേണ്ടെന്ന് വെച്ച്.. പക്ഷെ അവൾ ഇത്താത്ത ആണെന്നും പറഞ്ഞു എന്നെ തേടി വന്നു… എന്റെയും മക്കളുടെയും കാര്യങ്ങൾ അന്വേഷിക്കും…. എനിക്ക് അവൾ അനിയത്തിയല്ല . എന്റെ മോളായിട്ടാണ് തോന്നിയിട്ടുള്ളത്.. എന്റെ കൊച്ചിന് ഓപ്പറേഷന് വേണ്ടിയാണു അവളുടെ കഴുത്തിലെ മാല ഊരിയത്. അത് ഞാൻ എങ്ങനെയെങ്കിലും തരാം…”

“എന്നിട്ട് അവൾ ഇതൊന്നും ഇവിടെ പറഞ്ഞില്ലല്ലോ..”

“എങ്ങനെ പറയും… പടിയടച്ചു പറഞ്ഞു വിട്ടവളെ സഹായിച്ചെന്ന് പറഞ്ഞാൽ നിങ്ങൾ രണ്ടാളും അവളെ വെറുതെ വിടോ…?”

ഷാഹി പറയുന്നത് കേട്ടപ്പോൾ ഉമ്മയുടെ കണ്ണ് മാത്രമല്ല അമീറിന്റെ കണ്ണും നിറഞ്ഞു. മറുപടി ഇല്ലാത്ത നോവ്. ഇങ്ങനെയൊക്കെ സഹായിക്കാനും സങ്കടം കാണാനും ഫസിക്ക് മാത്രമേ കഴിയൂ.

‘എല്ലാവരെയും സ്‌നേഹിക്കാൻ മാത്രം അറിയുന്ന മോളാണ് അവൾ. അവളെ വേദനിപ്പിച്ചാൽ പടച്ചോൻ പൊറുക്കില്ല.”

“ശരിയാണ് …. മോളെ പലതും പറഞ്ഞു കുത്തി നോവിച്ചിട്ടും ഇതുവരെ അവൾ ഒരു വാക്ക് കൊണ്ട് പോലും എന്നെ വേദനിപ്പിച്ചിട്ടില്ല..ഇവനോട് ഒരു പരാതി പോലും ന്റെ മോള് പറഞ്ഞിട്ടില്ല.. വെറുപ്പ് കാണിക്കുന്നേയുള്ളു.. ഉള്ളിൽ അവളോട് എനിക്കും ഉണ്ട് സ്‌നേഹം..അമി മോനെ ന്റെ മോളെ ഇപ്പൊ കാണണം എനിക്ക്.”

ഷാഹി പറഞ്ഞത് കേട്ട് ഉമ്മയിൽ ഉണ്ടായ മാറ്റം കണ്ട് അതിശയത്തോട് അമീർ ഉമ്മയെ നോക്കി.ഉമ്മയെ ഇത്രയും സങ്കടത്തിൽ ആദ്യമായിട്ടാണ് കാണുന്നത്.

“നീ നോക്കണ്ട… ഞാൻ പ്രസവിച്ച എന്റെ മോളെ ഞാൻ മറന്നു പോയിട്ടും അവൾ മറന്നില്ല… ഇത്താത്ത എന്ന് വിളിച്ചു തേടിച്ചെന്ന്.. അവളെപ്പോലൊരു പെണ്ണിനെ ഇനിയും വിഷമിപ്പിക്കാൻ പാടില്ല മോനെ..”

“ഞാൻ എല്ലായിടത്തും നോക്കി അവളെ.. കണ്ടില്ല. ഇനി എവിടെ പോയി നോക്കും ഉമ്മാ..”

“ഫസി അവൾ ജീവിച്ച ഓർഫനേജിൽ ഉണ്ട്. അവൾ എന്നെ വിളിച്ചിരുന്നു.എനിക്ക് ഈ കാര്യം കേട്ടപ്പോൾ വല്ലാത്ത സങ്കടം..എന്റെ സങ്കടം കണ്ടപ്പോഴും” ഇത്താത്ത വിഷമിക്കണ്ട… ദേഷ്യം മാറുമ്പോൾ ഇക്ക വരും” എന്നാ അവൾ പറയുന്നത്.”

അത് കേട്ടപ്പോൾ അമീറിന്റെ മുഖം തെളിഞ്ഞു. ഒന്നും പറയാൻ നിൽക്കാതെ അവൻ പോകാൻ ഇറങ്ങി.

“അമി… പോവല്ലേ ഞാനും ഉണ്ട്. ന്റെ മോളെ കൊണ്ടുവരാൻ ഞാനും വരാം. നീ കാർ എടുക്ക് .”

തൊട്ടടുത്ത വീട്ടിൽ നിന്നും കൂട്ടുകാരന്റെ കാറുമായി അമീർ വന്നപ്പോൾ വർഷങ്ങളായി പിണക്കത്തിലായിരുന്ന ഉമ്മയും മോളും കൈ പിടിച്ചു സംസാരിക്കുന്നു. ഒന്ന് മിണ്ടിയാൽ ബന്ധങ്ങൾക്കിടയിൽ ഉടലെടുക്കുന്ന കുറേ പ്രശ്നങ്ങൾ ഒരുപക്ഷെ തീർന്ന് പോകും.

“ഇത്താത്തയും വാ.. എല്ലാവരെയും ഒരുമിച്ച് കാണുമ്പോൾ അവൾക്ക് സന്തോഷമാവും… അവളുടെ സന്തോഷങ്ങൾ എന്നുപറയുന്നത് ഇതൊക്കെയാണ്. “

“ഡാ… പോകുന്ന വഴി ഏതെങ്കിലും ഒരു സ്വർണ്ണക്കടയിൽ നിർത്തണം. ഷാഹിടെ കല്യാണത്തിന് വേണ്ടി മുൻപ് മാറ്റി വെച്ച കുറച്ചു സ്വർണ്ണം എന്റെ കൈയിൽ ഉണ്ട്. അതുകൊണ്ട് ഫസിക്ക് നല്ലൊരു മാല വാങ്ങണം…”

“നല്ലതാ ഉമ്മ. ചെറുപ്പം മുതൽ കൂടെ ആരുമില്ലാതെയാ ഫസി വളർന്നത്. അതുകൊണ്ട് തന്നെ നമ്മളോടൊക്കെ വല്ലാത്ത സ്‌നേഹമാണവൾക്ക് . സ്നേഹത്തിന് വേണ്ടി അവൾ എന്തും ത്യജിക്കാൻ തയ്യാറാണ്.”

അത് പറഞ്ഞപ്പോൾ ഇത്താത്തയുടെ കണ്ണു നിറയുന്നതും വാക്കുകൾ ഇടറുന്നതും അമീർ അറിയുന്നുണ്ട്. ഉമ്മയും ഇത്തയും സംസാരിക്കുമ്പോഴും അമീർ മിണ്ടാതിരുന്നു. അവന്റെ ഹൃദയം നീറുകയാണ്. ആ സമയത്ത് സങ്കടം കൊണ്ടും ദേഷ്യം കൊണ്ടും അവളെ തല്ലിപ്പോയി. ഒരിക്കലും ഒരു സങ്കടവും അവൾക്കുണ്ടാകരുതെന്ന് കരുതിയാണ് കൂടെ കൂട്ടിയത്. എന്നിട്ടും അവളെ തല്ലി… പുറത്താക്കി വാതിലടച്ചു.. മാപ്പ് പറയാൻ മനസ്സിൽ ഉറപ്പിച്ചു കൊണ്ട് അവൻ ഉമ്മയെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു.

“മോനെ…. അവൾ ഊരിക്കൊടുത്ത പൊന്നിനെക്കാൾ വിലയുണ്ട് അവളുടെ നന്മക്ക്… നമ്മളാണ് അത് കാണേണ്ടത്.. സക്കാത്ത് കല്യാണം കഴിച്ചിട്ട് എന്റെ മോന് പടച്ചോൻ വലിയൊരു നിധി തന്നെയാ കൊടുത്തത്.”

നന്മയുള്ള മനസ് ഉണ്ടെങ്കിൽ സങ്കടങ്ങൾ എത്രയൊക്കെ വേട്ടയാടിയാലും ചുറ്റുമുള്ളവർ തിരിച്ചറിയുന്ന ഒരു ദിവസം വരും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *