ഈ ടോപ്പിനു എന്താ കുഴപ്പം ഈ ലൈറ്റ് യെല്ലോ കളർ എനിക്ക് നന്നായി ചേരുന്നുണ്ട് എന്ന് കണ്ടവരെല്ലാം പറഞ്ഞല്ലോ നിങ്ങൾക്ക് അല്ലേലും ഒന്നും….

Story written by Sumayya Beegum T A

ചേട്ടാ ഞാൻ റെഡി എങ്ങനുണ്ട് കൊള്ളാമോ?

കൊള്ളാം ഈ ചുരിദാറാണോ ഇടുന്നത്?

തൂങ്ങിപറിഞ്ഞു കിടക്കുന്ന ഈ കോ പ്പ് കാണുന്നതേ എനിക്ക് കലിയാണ്‌. പുറത്തിറങ്ങുമ്പോ ഇത്തിരി വൃത്തിക്കും മെനയ്ക്കും നടന്നുകൂടെ?

ഈ ടോപ്പിനു എന്താ കുഴപ്പം ഈ ലൈറ്റ് യെല്ലോ കളർ എനിക്ക് നന്നായി ചേരുന്നുണ്ട് എന്ന് കണ്ടവരെല്ലാം പറഞ്ഞല്ലോ നിങ്ങൾക്ക് അല്ലേലും ഒന്നും ഇഷ്ടപ്പെടില്ല.

ഇതാണ് കുഴപ്പം. നിനക്ക് തോന്നിയപോലെ ഒരുങ്ങി ഇറങ്ങാൻ ആണെങ്കിൽ എന്തിനാണ് എന്നോട് അഭിപ്രായം ചോദിക്കുന്നത്?

ഞാൻ ഇപ്പോൾ ഈ ചുരിദാർ മാറണോ വേണ്ടയോ അതുപറ.

പറയാനുള്ളത് പറഞ്ഞു എനിക്ക് ഇനി ഒരു അഭിപ്രായവുമില്ല എങ്ങനെ വേണമെങ്കിലും വന്നോ?

കണ്ടോ കണ്ടോ ഇങ്ങനെയുള്ള കെട്യോന്മാരുണ്ടോ? എപ്പോഴും ദേഷ്യമാണ്. ഒന്നും അങ്ങോട്ട് പറയാൻ വയ്യ.

നീ വരുന്നുണ്ടോ? സമയം പോകുന്നു.

ചേട്ടൻ പറ ഞാൻ ഇത് മാറ്റണോ?

നിന്നോടല്ലേ പറഞ്ഞത് ഇഷ്ടം പോലെ ചെയ്യാൻ.

എന്നാലും നിങ്ങൾ ഒരു തീരുമാനം പറയില്ല അല്ലേ?

എനിക്ക് സൗകര്യമില്ല.

എന്നെ കാണാൻ കൊള്ളത്തില്ല അതുകൊണ്ടല്ലേ ഞാൻ ഏത് ഡ്രസ്സ്‌ ഇട്ടാലും ചേട്ടൻ കളിയാക്കുന്നത്. എനിക്ക് ഉറപ്പാണ് ഇപ്പോൾ ചേട്ടന് എന്നെ ഇഷ്ടമല്ല മനസ്സിൽ വേറെ ആരോ ഉണ്ട്.

കാറിന്റെ കീ വലിച്ചെറിഞ്ഞു ആകാശ് ചേട്ടൻ ദേഷ്യത്തോടെ ഇറങ്ങിവന്നപ്പോൾ ഒരടി പ്രതീക്ഷിച്ചതാണ്. ഒന്നും മിണ്ടാതെ ഡ്രസ്സ്‌ മാറി കടയിലേക്ക് പോയി. ഇന്ന് ഷോപ്പ് ഉച്ചകഴിഞ്ഞു തുറക്കുന്നില്ല എന്നുപറഞ്ഞു കറങ്ങാൻ ഇറങ്ങിയ ആളാണ്. എല്ലാം കുളമായി.

ഒരുപാട് സന്തോഷം നിമിഷം കൊണ്ടു കണ്ണീരായി.

വർഷങ്ങൾ കഴിയുന്തോറും പരസ്പരം അകലം കൂടി വരികയാണോ അടുക്കുകയായിരുന്നോ ? ഒരു ഉത്തരത്തിൽ എത്താൻ പറ്റുന്നില്ല.

എല്ലാം നഷ്ടപെട്ടവളെപോലെ കരഞ്ഞു തോരാത്ത കണ്ണുകളും പാറിപ്പറന്ന മുടിയുമായി ഓട്ടോയിൽ ഇരിക്കുമ്പോൾ മിനി വെറുതെ ജീവിതത്തിന്റെ കഴിഞ്ഞ നാളുകളിലേക്ക് പൊയ്ക്കൊണ്ടിരുന്നു.

അന്നൊക്കെ വെറുതെ സംശയിച്ചു വഴക്കുണ്ടാക്കി പക്ഷേ ഒരിക്കൽ പോലും ആകാശ് ചേട്ടൻ എന്നെയും മക്കളെയും മറന്നു ജീവിക്കുമെന്ന് കരുതിയിട്ടില്ല. വെറുതെ പ്രകോപിപ്പിക്കാൻ ഓരോന്ന് പറയുമ്പോഴും ചേട്ടന് ഞങ്ങൾ അല്ലാതെ വേറൊരു ബന്ധവുമില്ല എന്ന് മനസ്സ് ഉറപ്പിച്ചു.

എന്നിട്ട്, എന്നിട്ട് എന്താണ് ഇന്ന് സംഭവിച്ചത്?

എവിടെ പോകുന്നു എങ്കിലും ആകാശ് ചേട്ടനോട് ചോദിച്ചിട്ടേ പോകാറുള്ളൂ ഇന്ന് പതിവില്ലാതെ ഒരു ആവശ്യത്തിന് പുറത്തു പോകേണ്ടി വന്നപ്പോൾ സമ്മതം ചോദിക്കാൻ സമയം കിട്ടിയില്ല.

പോകേണ്ട കാര്യം സാധിച്ചു കഴിഞ്ഞു വെറുതെ ടൗണിലുള്ള ഞങ്ങളുടെ കടയിൽ കയറിയപ്പോൾ ചേട്ടൻ അവിടില്ല.

സഹായത്തിനു നിൽക്കുന്ന പയ്യനോട് ചോദിച്ചപ്പോൾ പുറത്തോട്ട് പോയി എന്നുപറഞ്ഞു. ഒരു രസത്തിനാണ് അവിടെ നിന്ന് ചേട്ടനെ ഫോണിൽ വിളിച്ചത്. ഒരു സർപ്രൈസ് കൊടുക്കാൻ.

ചേട്ടൻ എവിടാ? എന്ന് ഞാൻ ചോദിച്ചപ്പോൾ ഒട്ടും കൂസാതെ ആണ് അങ്ങേര് പറഞ്ഞത് കടയിലുണ്ടല്ലോ എന്ന്.

എന്താ വിളിച്ചതെന്ന് ചോദിച്ചപ്പോൾ ഒന്നുമില്ല എന്ന് പറഞ്ഞു ഫോൺ വെച്ചു.

കള്ളം പറഞ്ഞതിലുള്ള ദേഷ്യവും എങ്ങോട്ടാണ് പോയത് എന്ന സംശയവും കാരണം വല്ലാത്തൊരു ടെൻഷൻ ആയിപ്പോയി.

ആ സമയത്താണ് ഞങ്ങളുടെ വണ്ടി കടയുടെ മുമ്പിൽ വന്നു നിൽക്കുന്നതു. വണ്ടിയിൽ ആകാശ് ചേട്ടനെ കൂടാതെ ഒരു പെണ്ണ് കൂടിയുണ്ട്.

ഞാൻ ഇതിനുമുമ്പ് കണ്ടിട്ടുള്ള പെൺകുട്ടിയല്ല. കാറിന്റെ മുൻവശത്തെ സീറ്റിൽ ചേട്ടനൊപ്പം ഏതോ ഒരു പെണ്ണ് ഇരിക്കുന്ന കണ്ടപ്പോൾ തലകറങ്ങി താഴെ വീണില്ല എന്നേയുള്ളു.

കടയുടെ അകത്തു നിൽക്കുന്ന എന്നെ ശ്രദ്ധിക്കാതെ അവൾക്കൊപ്പം ചേട്ടൻ വേറെന്തോ കാര്യത്തിനായി പോകുന്ന കണ്ടപ്പോൾ ഞാനും ചിലത് മനസ്സിലുറപ്പിച്ചു.

ഞാൻ പോകുന്നു എന്ന് കടയിലെ ചെക്കനോട് പറഞ്ഞിട്ട് വീട്ടിലേക്ക് പോകുമ്പോൾ അതുവരെ ചേർത്തുപിടിച്ചതൊക്കെ കൈകുമ്പിളിൽ നിന്നും ചോർന്നുപോകുകയായിരുന്നു.

കൂടുതൽ ഒന്നും ആലോചിക്കാൻ ഇല്ലായിരുന്നു. താലിമാല ഊരി മേശയിൽ വെച്ചു കല്യാണത്തിന് അച്ഛൻ തന്ന ആഭരങ്ങളെടുത്തു അയാൾക്ക് ഇഷ്ടമില്ലാത്ത മഞ്ഞ ചുരിദാർ ഇട്ടു വീട്ടിൽ നിന്നിറങ്ങുമ്പോൾ സ്കൂൾ വിട്ടുവരുന്ന മക്കളോട് കുടുംബ വീട്ടിൽ ഇരിക്കാൻ പറയാൻ അയലോക്കത്തെ സുധ ചേച്ചിയെ ഏർപ്പാടാക്കി.

പണ്ടേ ഉറപ്പിച്ചതാണ് എന്നെങ്കിലും ചേട്ടൻ ചതിച്ചു എന്ന് ഉറപ്പായാൽ പിന്നെ ഒരു നിമിഷം പോലും അയാളുടെ ഭാര്യയായി ജീവിക്കരുതെന്നു. . ഇനി ഒരിക്കലും അയാൾ എന്നെ കാണരുത്.

മിനി എന്താണ് ഇപ്പോൾ വീട്ടിൽ പോകുന്നത്? മക്കൾ ഇപ്പോൾ സ്കൂൾ വിട്ടു വരികില്ലേ?സീറ്റിൽ ചാരികിടന്നു കരഞ്ഞുകൊണ്ടിരുന്ന മിനി ഓട്ടോ ചേട്ടന്റെ ചോദ്യം കേട്ടപ്പോൾ കണ്ണ് തുടച്ചു നേരെയിരുന്നു.

ഓട്ടോ ഓടിക്കുന്ന ചേട്ടൻവര്ഷങ്ങളായി പരിചയമുള്ള ആളാണ്.

ഒരു അത്യാവശ്യകാര്യമുണ്ട് അതാണ്.

മോള് ഇപ്പോൾ എത്രയിലാ?

ഏഴിൽ.

അത്രയൊക്കെ ആയി അല്ലേ മക്കൾ എത്ര പെട്ടന്നാണ് വളരുന്നത്.

അത് കേട്ടപ്പോൾ നെഞ്ചിലൊരു തീയാളി മോൾ ഇപ്പോൾ സ്കൂൾ വിട്ടുവന്നിരിക്കും. കുടുംബത്തിൽ അനിയനൊപ്പം താമസിക്കുന്ന ആകാശ് ചേട്ടന്റെ അമ്മയ്ക്ക് പ്രായമായി. അനിയന്റെ മൂത്തമോൻ മോളുടെ അതേ പ്രായമാണ് അവനും അവിടെ കാണും. ചിലപ്പോൾ അവന്റെ കൂട്ടുകാരും.

അനിയനും ഭാര്യയും ജോലിക്ക് പോയിട്ട് വൈകിട്ടെ വരൂ.

ഈശ്വര മോൾ !ഞാൻ എന്ത്‌ സാഹസമാണ് കാണിച്ചത്.

നെഞ്ചിലൊരു പരവേശം. ഒരു വെപ്രാളം പോലെ.

ചേട്ടാ നമുക്ക് തിരിച്ചു പോകാം.

അതെന്താ മിനി പെട്ടന്ന് അങ്ങനെ?

ഒന്നുമില്ല ചേട്ടൻ വണ്ടിതിരിക്കു.

കുടുംബത്തു ചെന്നപ്പോൾ അനിയന്റെ മോനും കൂട്ടുകാർക്കുമൊപ്പം മോളും മോനും എന്തോ പറഞ്ഞു പൊട്ടിച്ചിരിക്കുകയാണ്.

ഓട്ടോ നിർത്തി അവരെ കേറ്റി വീട്ടിൽ എത്തുമ്പോൾ പോലും ശരീരത്തിൽ ഒരു വിറ. ഈ പെങ്കൊച്ചിനെ എന്ത് വിശ്വസിച്ചാണ് ഞാൻ അവിടിരുത്തി പോയത്?

ഒരു ഗ്ലാസ് നാരങ്ങ വെള്ളം ഉണ്ടാക്കി കുടിച്ചു കുളിച്ചു കട്ടിലിൽ പോയി കിടന്നപ്പോൾ കണ്ണ് നിറഞ്ഞു ഒഴുകി കൊണ്ടിരുന്നു.

വീട്ടിലേക്കു പോകാൻ ഇറങ്ങിയപ്പോൾ മക്കളെ കൂടെ കൊണ്ടുപോകാഞ്ഞത് അവരുടെ അച്ഛൻ കൊടുക്കുന്ന യാതൊരു വിധത്തിലുള്ള സൗകര്യങ്ങളും എന്നെകൊണ്ട് സാധിക്കില്ല എന്നുറപ്പുള്ള കൊണ്ടായിരുന്നു. പിന്നെ ആഭരണങ്ങൾ എടുത്തത് സ്വന്തം വീട്ടുകാർക്ക് ഒരു ബുദ്ധിമുട്ടും ആകാതെ എവിടെ എങ്കിലും ഹോസ്ററലിൽ വല്ലോം താമസിച്ചു ഒരു ജോലി കണ്ടെത്താം എന്നോർത്താണ്.

എല്ലാം വെറുതെ ആണ് ഒന്നും നടക്കില്ല. ഒരുപാട് ചങ്ങലകളിൽ ബന്ധിതമാണ് ഓരോ പെണ്ണുടലും. മനസ്സിന് മാത്രേ കടിഞ്ഞാൺ ഇല്ലാതെയുള്ളു. മനസ്സ് പായുമ്പോൾ ശ രീരം അനങ്ങാൻ പോലും പറ്റാത്തവണ്ണം ബന്ധങ്ങളിൽ ബന്ധിതമാണ്.

മോനോട് പറഞ്ഞു ചപ്പാത്തിയും മുട്ടക്കറിയും അടുത്തുള്ള ഹോട്ടലിൽ നിന്നും വാങ്ങിപ്പിച്ചു. ഒന്നും ഉണ്ടാക്കാൻ വയ്യ. ശരീരം തളർന്നുപോകുന്ന പോലെ.

പതിവുപോലെ ആകാശ് ചേട്ടൻ താമസിച്ചെത്തി.

കടയിലെ ചെക്കൻ ഞാൻ ചെന്ന കാര്യം പറഞ്ഞോ ഇല്ലയോ ഒരു തവണ പോലും എന്റെ ഫോണിലേക്ക് ചേട്ടൻ വിളിച്ചിട്ടില്ലായിരുന്നു.

ചെന്നതും വേറൊരു പെണ്ണിനൊപ്പം കണ്ടതുമൊക്കെ ചിലപ്പോൾ അറിഞ്ഞു കാണും. എന്ത് വിശദീകരണം തരണം എന്നറിയാത്തതു കൊണ്ടു മനഃപൂർവം അറിഞ്ഞഭാവം നടിക്കില്ല.

അമ്മ എവിടെ എന്ന് മോളോട് ചോദിച്ചപ്പോൾ മോൾ അമ്മയ്ക്ക് തലവേദന ആണെന്ന് പറഞ്ഞു ഭക്ഷണം വിളമ്പിക്കൊടുത്തു.

റൂമിൽ വന്നു കിടന്നപ്പോഴും ഞങ്ങൾ പരസ്പരം ഒന്നും സംസാരിച്ചില്ല. അല്ലെങ്കിൽ തന്നെ എല്ലാം നേരിട്ട് കണ്ടു ഇതിൽ കൂടുതൽ ഇനി എന്ത് ചോദിക്കാൻ?

ഞായർ ആയതുകൊണ്ട് രാവിലെ താമസിച്ചാണ് എഴുന്നേറ്റത്? ഒരുപാട് താമസിച്ചു പോയിരുന്നു.

അടുക്കളയിൽ മക്കളുടെയും ചേട്ടന്റെയും വർത്തമാനം കേൾക്കാം.

മുഖം കഴുകി ഹാളിൽ വന്നിരുന്നു. ആരോടും ഒന്നും മിണ്ടാനില്ല എത്ര പെട്ടന്നാണ് ജീവിതത്തിൽ ഒറ്റപ്പെട്ടു പോയത്.

മോൾ ചായ കൊണ്ടുവന്നുതന്നു.

അതിനൊപ്പം ചപ്പാത്തിയും സ്റ്റൂവും. ചേട്ടന്റെ കുക്കിംഗ്‌ ആണ്.

പശ്ചാത്താപം ആവും, എന്തിനു? അവൾ കൊണ്ട് വന്ന ഭക്ഷണം ദേഷ്യത്തോടെ വേണ്ടെന്ന് പറഞ്ഞു തട്ടിമാറ്റി എഴുനേറ്റു പോയി വീണ്ടും കിടന്നു.

ചേട്ടൻ എന്നോട് ഒന്നും ചോദിക്കുന്നില്ല. ഞാൻ അവിടെ ഉള്ളതായി പോലും നടിക്കുന്നില്ല. ഞാനും മൈൻഡ് ചെയ്യാൻ പോയില്ല.

ഉച്ചയ്ക്ക് അച്ഛനും മക്കളും കൂടി ഊണ് റെഡിയാക്കി. മോൻ വന്നു കഴിക്കാൻ വിളിച്ചപ്പോഴും ഞാൻ എഴുനേറ്റ് ചെന്നില്ല. അമ്മയ്ക്ക് വയ്യെന്ന് പറഞ്ഞു ഹോസ്പിറ്റലിൽ കൊണ്ടുപ്പോകാൻ അവൻ അച്ഛനെ നിർബന്ധിക്കുന്നത് കേട്ടു.

ഇടയ്ക്ക് മക്കൾ നിർബന്ധിച്ചു ഒരു ഗ്ലാസ്‌ പാലും റസ്കും കഴിപ്പിച്ചു അപ്പോഴൊക്കെ ചേട്ടൻ ചേട്ടന്റെ കാര്യങ്ങൾ ചെയ്തും ടിവി കണ്ടും സമയം ചിലവിട്ടു.

ഇന്നലത്തെ കാര്യം പറഞ്ഞു പരസ്പരം വഴക്കുണ്ടാക്കിയിരുന്നെങ്കിൽ ഇത്രയും ബുദ്ധിമുട്ട് നെഞ്ചിനകത്തു ഉണ്ടാകുമായിരുന്നില്ല. ഇതിപ്പോ എന്താണ് ചേട്ടന്റെ ഉദ്ദേശം എന്നറിയില്ല. എന്നെ ഉപേക്ഷിക്കാൻ തന്നെ ആവും ഞാനായിട്ട് ഒഴിഞ്ഞു പോകണോ? ചോദ്യങ്ങൾ ഉത്തരമില്ലാതെ അലട്ടുമ്പോൾ റൂമിലെ ലൈറ്റ് ഓൺ ആയി.

ആഹാ സന്ധ്യക്ക്‌ കിടക്കുക ആണോ?

പ്രായമുള്ള ഒരു അമ്മ കയ്യിൽ ഒരു കുഞ്ഞുമുണ്ട്.

മോളുടെ കേട്യോൻ ആകാശിന്റെ കൂട്ടുകാരൻ ഇല്ലേ പ്രവീൺ.ഞാൻ പ്രവീണിന്റെ അമ്മയാണ്.

പ്രവീണിനെ എനിക്കറിയാം. വർഷങ്ങൾക്ക് മുമ്പ് കടയിൽ നിന്നിട്ടുണ്ട് അങ്ങനൊരു പരിചയം ഉണ്ട്.

അപ്പോഴേക്കും അവൾ കയറിവന്നു എന്റെ ജീവിതത്തിലെ വില്ലത്തി.

ഇനി ഈ തള്ളയുടെ കയ്യിലിരിക്കുന്ന കുഞ്ഞ് എന്റെ കെട്യോന്റെ ആണോ?

അവകാശം ഉറപ്പിക്കാൻ ആളെ കൂട്ടി ഇറങ്ങിയതാണോ?

മോളെ ഇത് സുജ എന്റെ മരുമകൾ ആണ്. പ്രവീണിന്റെ ഭാര്യ.

ചേച്ചിയെ എന്നുവിളിച്ചു പ്രവീൺ അകത്തേക്ക് വന്നപ്പോൾ ഞാൻ കട്ടിലിൽ നിന്നും എഴുനേറ്റു.

അവരെ വിളിച്ചു ഹാളിൽ കൊണ്ടുപോയി ഇരുത്തി വെള്ളം എടുക്കുമ്പോൾ പോലും എനിക്ക് എന്താണ് ഇവിടെ സംഭവിക്കുന്നതെന്നുപോലും മനസ്സിലാവുന്നുണ്ടായിരുന്നില്ല.

ആകാശ് ചേട്ടൻ പുറത്തു പോയി എന്ന് തോന്നുന്നു കാണുന്നില്ല മക്കൾ ടിവിയുടെ മുമ്പിലുണ്ട്.

മോളെ ഒന്നും പറയണ്ട കുഞ്ഞിന്റെ കാർഡ് ഇവിടെ ആയിപ്പോയി.അതാണ് ഇങ്ങോട്ട് ഇപ്പോൾ വന്നത് നാളെ ഒന്നും കൂടി കാണിക്കണമല്ലോ?

എന്നെ കണ്ടിട്ട് ഒന്നും മനസിലായില്ല എന്ന് ബോധ്യപ്പെട്ടിട്ടു ആവണം പ്രവീൺ വിശദീകരിച്ചത്.

ചേച്ചി ഞാൻ വന്നിട്ട് ക്വാറന്റൈനിൽ ആയിരുന്നു. ഇന്നലെ വരയെ ഉണ്ടായിരുന്നുള്ളു. ഞാൻ മുകളിലത്തെ നിലയിലും ഇവർ താഴത്തുമായിരുന്നു. ഇന്നലെ പെട്ടന്ന് മോന് ഒരു ഛർദിൽ വന്നു.

ഇന്നലെ ഒരു ദിവസം കൂടി കഴിയാതെ പുറത്തിറങ്ങാൻ പറ്റാത്തത് കൊണ്ടു ആകാശ് ചേട്ടനാണ് ഓടിവന്നു ആശുപത്രിയിൽ കൊണ്ടുപോയത്. കവലയിലുള്ള ക്ലിനിക്കിൽ ആണ് കൊണ്ടുപോയത്.

ഒരു സിറപ്പ് പുറത്തേക്ക് കുറിച്ച് കൊടുത്തിരുന്നു സുജയും ചേട്ടനും കൂടി അമ്മയെ മോന്റെ അടുത്തിരുത്തിയിട്ട് നമ്മുടെ ജംഗ്ഷനിലുള്ള മെഡിക്കൽ സ്റ്റോറിൽ വന്നു വാങ്ങിച്ചു കൊടുക്കുക ആയിരുന്നു.

ചേച്ചി, ചേട്ടൻ ഇന്നലെ ഇട്ട ഷർട്ടിന്റെ പോക്കറ്റിൽ മോന്റെ കാർഡ് ഉണ്ട് ഒന്നെടുത്തു തരുമോ? ഞാനിപ്പോ ചേട്ടനെ വിളിച്ചിരുന്നു മൂപ്പര് വരാൻ അരമണിക്കൂർ എടുക്കും.

ഷർട്ടിൽ നിന്നും കാർഡ് എടുത്തു കൊടുക്കുമ്പോൾ സന്തോഷം കൊണ്ടു തുള്ളിച്ചാടാൻ തോന്നി.

എല്ലാം എല്ലാം തന്റെ തോന്നലായിരുന്നു. എന്റെ ചേട്ടൻ എന്നെ ചതിച്ചിട്ടില്ല.

അവര് പോയിക്കഴിഞ്ഞു മക്കളുടെ അടുത്ത് ചെന്നിരുന്നു അവരെ ഉമ്മ വെച്ചു ചിരിച്ചപ്പോൾ പിള്ളേർ ചോദിച്ചു അമ്മയുടെ തലവേദന മാറി ഓക്കേ ആയല്ലോ എന്ന്.

പിന്നെയൊരു ഉത്സാഹമായിരുന്നു. കുളിച്ചു വൃത്തിയായി ഒരുങ്ങി ചേട്ടൻ വരുന്നതും കാത്തു ആഹാരം തയ്യാറാക്കി ഇരുന്നു.

വണ്ടി നിർത്തി മൈൻഡ് ചെയ്യാതെ അകത്തേക്ക് പോയ ചേട്ടന്റെ പുറകെ ചെന്നു കെട്ടി പിടിക്കുമ്പോൾ കരഞ്ഞുപോയി.

കൈ ബലമായി വിടുവിച്ചു ചേട്ടൻ ആദ്യം കുറെ ചീ ത്ത വിളിച്ചു. കടയിൽ ചെന്നതും ഓട്ടോ പിടിച്ചു പോയതും തിരിച്ചു വന്നതുമെല്ലാം അങ്ങേര് അറിഞ്ഞിരുന്നു.

നീ എത്രത്തോളം പോകും എന്ന് എനിക്ക് അറിയണമായിരുന്നു അതാണ് ഞാൻ മിണ്ടാതിരുന്നത് പിന്നെ പട്ടിണി കിടന്നു മോങ്ങുന്നത് കണ്ടപ്പോൾ സഹിച്ചില്ല പ്രവീണിനോട് കാര്യങ്ങൾ പറഞ്ഞു അതാണ് അവൻ എല്ലാരേയും കൂട്ടി ഇങ്ങോട്ട് വന്നത് അല്ലാതെ കാർഡ് അത്യാവശ്യമുണ്ടായിട്ടല്ല.

നിന്നെപോലുള്ള സംശയരോഗികൾ നേരിട്ട് കാണുന്നതല്ലേ വിശ്വസിക്കു. നാലു നല്ല പെട തരാനാണ് തോന്നുന്നത്.

നിങ്ങൾ ഞാൻ വിളിച്ചപ്പോൾ കള്ളം പറഞ്ഞതുകൊണ്ടല്ലേ ഇത്രേം ഒക്കെ ഉണ്ടായത് ആദ്യമേ സത്യം പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാവില്ലായിരുന്നു.

അന്നേരത്തെ തിരക്കിന് ഫോൺ വെക്കാൻ വേണ്ടിയാണു ഞാൻ കള്ളം പറഞ്ഞത് ഇല്ലെങ്കിൽ പിന്നെ നിന്റെ വക നൂറു ചോദ്യങ്ങൾ പുറകെ വരും. വീട്ടിൽ വന്നിട്ട് സമാധാനമായിട്ട് പറയാല്ലോ എന്നോർത്തു അപ്പോഴേക്കും ഇവിടെ ഇറങ്ങിപ്പോക്ക് വരെ കഴിഞ്ഞില്ലേ? ആദ്യം നീ സംശയത്തിന്റെ വിത്ത് നിന്റെ മനസ്സിൽ നിന്നും കള. ഭർത്താക്കന്മാരൊക്കെ അവസരം നോക്കി അവിഹിതത്തിന് പോകുകയാണെന്ന ചിന്തയെ എന്റെ കാര്യത്തിൽ ഇനി ആലോചിച്ചു കൂട്ടരുത്.

സോറി ചേട്ടാ ഇനി ഒരിക്കലും അങ്ങനെ ഒന്നും ഉണ്ടാവില്ല സത്യം.

നിൻറെ താലി എവിടെ?

അയ്യോ ഞാൻ അത് മേശപ്പുറത്തു ഊരിവെച്ചിരുന്നു.

മ്മ് ഇങ്ങു വാ മേശയിൽ നിന്നു താലിമാല എടുത്ത് കഴുത്തിൽ കെട്ടി തരുമ്പോൾ അങ്ങേര് പറഞ്ഞു.

ഡി താലി രണ്ടുമനസ്സുകളുടെ പരസ്പരവിശ്വാസമാണ്. ഇനി അതിൽ എങ്ങാനും നീ തൊട്ടാൽ….

ഇല്ലല്ലോ ഇനി വിശ്വാസക്കുറവ് ഒരിക്കലും ഉണ്ടാവില്ല എന്നുപറഞ്ഞു ആകാശിന്റെ കവിളിലൊരു മുത്തമായി അവന്റെ പെണ്ണിന്റെ മാപ്പുപറച്ചിൽ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *