റിനിയുടെ മനസ്സിൽ ഗിരീഷിന് ട്രാൻസ്ഫർ കിട്ടിയ ദിവസം മുതലുള്ള സംഭവങ്ങൾ ഓരോന്നായി മിന്നിമറഞ്ഞു. തൃശ്ശൂ൪ക്ക് ട്രാൻസ്ഫറാണെന്നറിഞ്ഞതുമുതൽ…….

ട്രാൻസ്ഫർ

എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി.

ഗിരീഷിന് ട്രാൻസ്ഫർ കിട്ടി തൃശ്ശൂർ പോയപ്പോൾ ഒപ്പം പോയതാണ് തന്റെ അമ്മയും. രണ്ട് മക്കളെയും അവിടെ സ്കൂളിൽ ചേർത്തതോടെ താനിവിടെ‌ തനിച്ചായി.

റിനിക്ക് ഓരോന്നാലോചിച്ച് സങ്കടം പെരുത്തു. തന്റെ ജോലി ഇവിടെയായതു കൊണ്ട് നാല്ദിവസം ലീവ് കിട്ടിയപ്പോൾ ഒന്ന് പോയിവന്നു എന്നല്ലാതെ മാസം ഏഴ് കഴിഞ്ഞിട്ടും ആ സങ്കടം അങ്ങ് മാറുന്നില്ല. അവരവിടെ അടിച്ചുപൊളിക്കുന്ന വിശേഷങ്ങൾ വീഡിയോകാൾ ചെയ്യുമ്പോൾ എല്ലാവരും പറയുന്നത് കേൾക്കുകയും കൂടിയാവുമ്പോൾ മിക്കപ്പോഴും മനസ്സ് കൈവിട്ടുപോകും.

ഫോൺ ഓഫാക്കിയശേഷം കുറേനേരം കിടന്ന് കരയും. തൊട്ടടുത്ത വീട്ടിൽ അമ്മാവനും അമ്മായിയുമുണ്ട്. അവരുടെ മകൾ രാത്രി തനിക്ക് കൂട്ട് കിടക്കാൻ വരികയും ചെയ്യും. പക്ഷേ എന്തോ ഒരു വിഷമം അങ്ങനെ തോരാതെ കിടക്കുന്നു.

ഓ൪മ്മവെച്ചനാൾ മുതൽ അമ്മയുടെ ടീച്ചറായുള്ള സ്കൂളിൽ പോക്കും വരവും നോക്കിനിൽക്കാറുണ്ട്. വളരെ സ്മാ൪ട്ടായിരുന്നു അമ്മ എന്നും. നല്ല രുചികരമായി ആഹാരം ഉണ്ടാക്കും. നന്നായി പഠിപ്പിക്കും. അതുകൊണ്ടുതന്നെ മാലതിടീച്ച൪ എന്ന് പറഞ്ഞാൽ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിത്വമാണ്. ഗിരീഷിന് താനുണ്ടാക്കുന്ന ഫുഡിനെക്കാൾ ഇഷ്ടം അമ്മയുണ്ടാക്കുന്നതാണ്.

റിനിയുടെ മനസ്സിൽ ഗിരീഷിന് ട്രാൻസ്ഫർ കിട്ടിയ ദിവസം മുതലുള്ള സംഭവങ്ങൾ ഓരോന്നായി മിന്നിമറഞ്ഞു. തൃശ്ശൂ൪ക്ക് ട്രാൻസ്ഫറാണെന്നറിഞ്ഞതുമുതൽ അമ്മക്കായിരുന്നു പരവേശം.

അവന് കുക്കിങ്ങൊന്നുമറിയില്ലല്ലോ…

ഇനിയെങ്ങനെയാ ഭക്ഷണം കഴിക്കുക..

പുറത്തെ ഫുഡൊന്നും അവന് പിടിക്കില്ല..

ഇങ്ങനെ ഓരോ അഭിപ്രായങ്ങളും നെടുവീ൪പ്പുകളും ഉയരുന്നതുകണ്ട് താനാണ് ഒടുവിൽ അമ്മക്ക് സമാധാനമാവട്ടെ എന്നുകരുതി നല്ലൊരു ഐഡിയ സജസ്റ്റ് ചെയ്തത്.

അമ്മയും ഗിരീഷേട്ടന്റെ കൂടെ പോയ്ക്കോളൂ.

കേട്ടപാതി കേൾക്കാത്ത പാതി അമ്മയും ആവശ്യമുള്ള വസ്ത്രങ്ങളും മറ്റുമടുക്കിവെച്ചു.

മക്കളുടെ ടിസിയും വാങ്ങി അവിടെ ചേ൪ത്താൽ റിനിക്കും അങ്ങോട്ട് ട്രാൻസ്ഫറിന് ശ്രമിക്കാം അല്ലേ..?

ഗിരീഷിന്റെ ചോദ്യം കേട്ടപ്പോൾ ആരും പിന്നെ എതിര് പറഞ്ഞില്ല. എല്ലാം പെട്ടെന്ന് നടന്നു. അവരങ്ങ് പോയി തനിച്ചായപ്പോഴാണ് വിഡ്ഢിത്തമാണ് ചെയ്തതെന്ന് റിനിക്ക് മനസ്സിലായത്. തനിക്ക് ട്രാൻസ്ഫറൊട്ട് പെട്ടെന്ന് ശരിയായതുമില്ല, വൈകുന്നേരം ക്ഷീണിച്ചുവരുമ്പോൾ അമ്മ ഉണ്ടാക്കിത്തരുമായിരുന്ന ചായയും പലഹാരവും രാത്രിഭക്ഷണവും രാവിലെ ധൃതിപിടിച്ചോടുന്നതിനിടയിൽ തയ്യാറാക്കിത്തരുമായിരുന്ന ബ്രേക്ക്ഫാസ്ററ്, ലഞ്ച് എല്ലാം മിസ് ചെയ്യാനും തുടങ്ങി.

താൻ സ്കൂളിൽ ചേ൪ന്നപ്പോൾ മുതൽ കാണുന്ന കാഴ്ചയാണ് ഉച്ചയ്ക്ക് സ്കൂളിലെതന്നെ മറ്റൊരു ‌ടീച്ചറായ ശ്രീമയിടീച്ചറുടെ മകനായ ഗിരീഷിനെ അമ്മ ചോറ് വാരി വായിൽവെച്ചുകൊടുത്ത് ഊട്ടുന്നത്. എന്തുപറഞ്ഞാലും ഗിരീഷ് എന്ന് പറയാൻ അമ്മക്കൊരു പ്രത്യേക വാത്സല്യമാണ്. ഗിരീഷിന്റെ പഠനം,‌ ഗിരീഷിന്റെ കൈയെഴുത്ത്,‌ ഗിരീഷിന്റെ മാ൪ക്ക്, ഒടുവിൽ ജോലി എല്ലാം അമ്മയ്ക്ക് തന്നെയും സഹോദരൻ റിനോഷിനെയും പ്രചോദിപ്പിക്കാൻ നിരന്തരം എടുത്തു പയോഗിക്കുന്ന ഉദാഹരണങ്ങളായിരുന്നു.

ഒടുവിൽ തനിക്ക് ഗിരീഷിന്റെ കല്യാണാലോചന കൂടി വന്നപ്പോൾ അമ്മയ്ക്ക് തൃപ്തിയായി. തന്നെ കാണാനും കല്യാണം ഉറപ്പിക്കാനുമായി ശ്രീമയിടീച്ച൪ വന്നപ്പോൾ പറഞ്ഞത്,

‘എന്റെ മോന് മാലതിടീച്ചറുടെ കൈപ്പുണ്യം നിറഞ്ഞ ആഹാരം കഴിക്കാലോ ഇനിയെന്നും’

എന്നായിരുന്നു. രണ്ട് മക്കൾ പിറന്നതും, അവരുടെ മകൾ അമേരിക്കയിൽനിന്നും വിളിച്ചപ്പോൾ ശ്രീമയിഅമ്മ അങ്ങോട്ട് പോയതും, ഗിരീഷും താനും മക്കളും ഇങ്ങോട്ട് മാറിയതുമെല്ലാം മൂന്നു നാല് കൊല്ലം കൊണ്ട് കഴിഞ്ഞു. അതിൽപ്പിന്നെ എട്ടുവർഷത്തോളമായി ഇവിടെത്തന്നെയായിരുന്നു. ഓരോന്നോ൪ത്ത് റിനി ഉറങ്ങിപ്പോയി.

അടുത്ത ദിവസം ഉണ൪ന്നപ്പോൾ അമ്മാവന്റെ മകൾ പുറത്തിറങ്ങി വിളിച്ചു പറയുന്നതുകേട്ട് ഇറയത്തേക്കുവന്ന റിനി കണികാണുന്നത് ഗിരീഷിനെയും അമ്മയെയും കുട്ടികളെയുമാണ്.

എന്തേ… രാവിലെ..? എപ്പോൾ പുറപ്പെട്ടു..?

റിനി അവിശ്വസനീയതയോടെ ചോദിച്ചു.

ഇന്നലെ രാത്രി വിളിച്ചപ്പോൾ നീയധികം സംസാരിക്കാതെ ഫോൺ വെച്ചപ്പോൾ എല്ലാവർക്കും വലിയ വിഷമമായി. അതാ അപ്പോൾത്തന്നെ ഒരുങ്ങി കാറും പിടിച്ച് പുറപ്പെട്ടത്.

ഗിരീഷ് ചിരിയോടെ പറഞ്ഞു.

കുറച്ചുനേരമായി എത്തിയിട്ട്, നീയുണരാൻ കാത്തുനിൽക്കുകയായിരുന്നു.

അമ്മ കൈയിലെ ബാഗും മറ്റും അകത്ത് കൊണ്ടുപോയി വെച്ചു.

അമ്മയെന്താ പറഞ്ഞുതീരുന്നതിനുമുമ്പേ ഇന്നലെ ഫോൺ കട്ടാക്കിയത്..?

മോൾ കൊഞ്ചിക്കൊണ്ട് ചോദിച്ചു. അവളെ എടുത്ത് മടിയിലിരുത്തിക്കൊണ്ട് മുടിയിൽ തലോടി റിനി ഒന്നുമില്ല എന്ന് തലയാട്ടി.

അമ്മ ഇന്നലെ കരഞ്ഞോ..?

മോന്റെ വക ക്രോസ് വിസ്താരം തുട൪ന്നു.

അവനോട് ഒന്നും പറയാതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. വേഗം അടുക്കളയിൽ കയറുമ്പോഴേക്കും അമ്മയും കുളിച്ചുവന്നു. രാവിലെ പുട്ടും ചെറുപയറും ഉച്ചയ്ക്ക് ഒരു ചെറിയ സദ്യയും എത്ര വേഗമാണ് അമ്മ ഉണ്ടാക്കിയത്. ഏറെ ദിവസങ്ങൾക്കുശേഷം രസിച്ച് കഴിച്ചു. എന്നിട്ടും കനത്തുനിന്ന തന്റെ മുഖത്തുനോക്കി അമ്മ ചോദിച്ചു:

എന്താ റിനീ, നിനക്ക് ഈയ്യിടെയായി ഒരു സന്തോഷമില്ലാത്തത്..?

അമ്മയ്ക്ക് ഇവിടെ എന്റൊപ്പം നിന്നൂടെ..?

റിനി മുഖവരുയൊന്നുമില്ലാതെ ചോദിച്ചു.

അപ്പോൾ ഗിരീഷോ..? അവനും മക്കൾക്കും ആഹാരം ആരുണ്ടാക്കി ക്കൊടുക്കും..?

അമ്മയുടെ ചോദ്യത്തിന് റിനി കടുത്ത ഭാഷയിലാണ് ഉത്തരം കൊടുത്തത്. തന്റെ ശബ്ദവും ആദ്യമായാണ് ഇത്രയും ഉയരുന്നത് എന്ന് റിനിക്കുപോലും തോന്നി.

അമ്മയങ്ങ് മരിച്ചുപോയാൽ ഗിരീഷ് ആഹാരം കഴിക്കില്ലേ..?.ഒറ്റയ്ക്ക് നിൽക്കേണ്ടിവന്നാൽ സ്വയം പാചകം ചെയ്യണം… അല്ലെങ്കിൽ പുറത്തുനിന്നും വാങ്ങിക്കഴിക്കണം…

റിനി കിതച്ചുകൊണ്ട് നി൪ത്തി. എല്ലാവരും ഞെട്ടിത്തരിച്ച് റിനിയെത്തന്നെ നോക്കിനിൽക്കുകയാണ്. ആദ്യം മൌനം വെടിഞ്ഞത് മാലതിടീച്ചറാണ്.

മോളേ… ഗിരീഷിനോട് പണ്ടുമുതലേ എനിക്കൊരു വാത്സല്യം കൂടുതലുണ്ട് എന്ന നിങ്ങളുടെ സംശയം ശരിയാണ്. അതെന്തുകൊണ്ടാണെന്നോ…

ടീച്ചർ സാരിത്തുമ്പുകൊണ്ട് കണ്ണുകൾ തുടച്ച് സോഫയിൽ വന്നിരുന്നു. എന്നിട്ട് പഴയ ചില ഓർമ്മകൾ പൊടിതട്ടിയെടുത്തു. ഗിരീഷ് സ്കൂളിൽ ചേ൪ന്ന കൊല്ലം. റിനിയും റിനോഷും സ്കൂളിൽ പോയിത്തുടങ്ങിയിട്ടില്ല. മാലതിടീച്ചറും കൂട്ടുകാരിയായ ശ്രീമയിടീച്ചറും ഒന്നിച്ചാണ് വരുന്നതും പോകുന്നതും ഊണ് കഴിക്കുന്നതും എല്ലാം. ഉച്ചയ്ക്ക് ലഞ്ച്ടൈമിൽ ഊണും കഴിഞ്ഞ് കൈ കഴുകാനായി കിണറിനടുത്ത് എത്തിയതാണ് രണ്ടുപേരും. പിറകിൽ ശ്രീമയിടീച്ചറുടെ മകൻ ഗിരീഷ് വന്നുനിന്നത് രണ്ടുപേരും കണ്ടില്ല. ജൂൺ മാസത്തിലെ മഴ തുടങ്ങിയിരുന്നു. മാലതിടീച്ച൪ കാലെടുത്തുവെച്ച വെള്ളത്തിൽ ചളിയായിരുന്നു. വഴുക്കിവീഴാൻപോയ അവ൪ കൈനീട്ടി അടുത്തുള്ള കിണറ്റിൻ കരയെ പിടിക്കാൻ ശ്രമിച്ചതും ഗിരീഷിന്റെ മേലേക്ക് ചാഞ്ഞതും ഒരുമിച്ച് കഴിഞ്ഞു. അവനും ആ ഭാരത്തിൽ നിലതെറ്റിക്കിടന്ന കല്ലുകളും ഒരുമിച്ച് വീണത് കിണറിനകത്തേക്കായിരുന്നു.

എല്ലാവരുടെയും ആ൪ത്തനാദം കേട്ട് ഓടിക്കൂടിയവ൪ ഗിരീഷിനെ പുറത്തെടുത്ത് ഹോസ്പിറ്റലിൽ കൊണ്ടുപോയി. കാര്യമായ പരിക്കുകളൊന്നുമുണ്ടായിരുന്നില്ല. കുറേവെള്ളം കുടിച്ചുപോയതിന്റെ പ്രയാസങ്ങൾ തരണം ചെയ്തതോടെ അവൻ ഓകെയായി. പക്ഷേ ശ്രീമയിടീച്ചറുടെ മനസ്സിന് വലിയ വിഷമം വന്നുഭവിച്ചു. എപ്പോഴും മകന്റെ കാര്യത്തിൽ ഒരു ശ്രദ്ധക്കൂടുതൽ. അതോടെ മാലതിടീച്ചറും ഗിരീഷിനെ കൂടുതലായി കെയ൪ ചെയ്യാൻ തുടങ്ങി. ആത്മമിത്രമായതുകൊണ്ട് മാലതിടീച്ചറെ ശ്രീമയിടീച്ച൪ കുറ്റപ്പെടുത്തുയില്ലെങ്കിലും താൻ കാരണമാണല്ലോ അങ്ങനെയൊരപകടം വന്നത് എന്ന കുറ്റബോധം മാലതിടീച്ച൪ തീ൪ത്തത് ഗിരീഷിന് തന്റെ മക്കളോളം വാത്സല്യവും സ്നേഹവും കൊടുത്തായിരുന്നു.

എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ ടീച്ച൪ക്ക് വലിയ ആശ്വാസമായി. കാറ്റുപോയ ബലൂൺപോലെ തലകുനിച്ചിരുന്ന് കണ്ണുതുടക്കുന്ന റിനിയുടെ മുന്നിൽ ഗിരീഷ് ഒരു കവ൪ നീട്ടിക്കാണിച്ചു. അവളത് വാങ്ങി തുറന്നുനോക്കി. അവളുടെ മിഴികൾ വിട൪ന്നു. തനിക്കും തൃശ്ശൂ൪ക്ക് ട്രാൻസ്ഫർ..!

ഇന്നലെ ഇത് പറയാനൊരുങ്ങുമ്പോഴാണ് നീ ഫോൺ കട്ട് ചെയ്തത്.. എന്നാൽപ്പിന്നെ നേരിട്ട് പറഞ്ഞിട്ടുതന്നെ കാര്യം എന്ന് തീരുമാനിച്ചു ഞങ്ങൾ..

എല്ലാവരും ചിരിയോടെ റിനിയെ നോക്കി. റിനി സന്തോഷമൊതുക്കി വേഗം കൊണ്ടുപോകാനുള്ള വസ്ത്രങ്ങളും മറ്റും അടുക്കാൻ തുടങ്ങി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *